Thursday, January 8, 2026
Homeസ്പെഷ്യൽശുഭചിന്ത - (123) പ്രകാശഗോപുരങ്ങൾ - (99) സമയനിഷ്ഠ (ഭാഗം-1) ✍ പി.എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (123) പ്രകാശഗോപുരങ്ങൾ – (99) സമയനിഷ്ഠ (ഭാഗം-1) ✍ പി.എം.എൻ.നമ്പൂതിരി.

ദൈവം നമുക്ക് നൽകിയിരിക്കുന്ന ഏറ്റവും അമൂല്യമായ ഒന്നാണ് സമയം. നമ്മുടെയും മറ്റുള്ളവരുടേയും നന്മക്കായി ഉപയോഗപ്പെടുത്താൻ നൽകപ്പെട്ടിരിക്കുന്ന സമയം ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുവാൻ നാം തികച്ചും ബാദ്ധ്യസ്ഥരാണ്. ജീവിതത്തിൽ വിജയം വരിക്കുവാൻ സമയത്തിൻ്റെ ശരിയായ വിനിയോഗമില്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല. നമുക്ക് ലഭിച്ചിരിക്കുന്ന സമയത്തെ നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു പരിധിവരെ നമ്മുടെ ജീവിതവിജയം നിർണ്ണയിക്കപ്പെടുന്നത്. നമ്മുടെ ജീവിതത്തിൽ സമയം ഏറ്റവും വിലപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുവാൻ സാദ്ധ്യതയില്ല. ക്രിയാത്മകവും സൃഷ്ടിപരവുമായ കാര്യങ്ങൾക്ക് ചിലവഴിക്കേണ്ട സമയത്തെ ദുരുപയോഗപ്പെടുത്തുവാൻ പലരും ശ്രമിച്ചെന്നു വരാം.ഒരു കാര്യം ഓർക്കുക! നമുക്കൊരിക്കലും വിലയ്ക്ക് വാങ്ങാവുന്ന ഒന്നല്ല സമയം. നഷ്ടപ്പെട്ട നിമിഷങ്ങൾ ഒരിക്കലും നമുക്ക് വീണ്ടെടുക്കുവാൻ കഴിയുകയില്ല. ഇന്ത്യയുടെ സുവർണ്ണ താരമായിരുന്ന പി.ടി ഉഷയ്ക്ക് ഒരു തലമുടിനാരിഴയുടെ സമയവിത്യാസത്തിനാണ് ലോസ് ആഞ്ചലസ് ഒളിമ്പിക്സിൻ സ്വർണ്ണ മെഡൽ നഷ്ടപ്പെട്ടത് എന്ന് ഓർക്കുമ്പോൾ, വിജയത്തിൽ സമയം ചെലുത്തുന്ന അനിർവചനീയമായ സ്വാധീനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സമയം സ്വർണ്ണമാണ് എന്ന ഇംഗ്ലീഷ് ചൊല്ലിൻ്റെ അർത്ഥവും മറ്റൊന്നുമല്ല. ഒന്നു മനസ്സിലാക്കുക ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. വ്യക്തിപരവും സാമൂഹികവുമായ പുരോഗതിയ്ക്കും രാജ്യത്തിൻ്റെ വളർച്ചയ്ക്കും സമയനിഷ്ഠ പാലിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. സ്വന്തം ജീവിതത്തിൽ പരമാവധി പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം സമയത്തോടുള്ള നമ്മുടെ സമീപനം. ആകർഷകമായ രീതിയിൽ സമയം ചെലവഴിക്കുകയെന്നത് ഒരു ജീവിതശൈലിയക്കാമാറ്റുവാൻ നാം പ്രത്യേകം പരിശ്രമിക്കണം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബെഞ്ചമിൻ ഡിസ്റേലി പറഞ്ഞിട്ടുള്ളതുപോലെ ‘ സമയത്തിൽനിന്നും നേട്ടമുണ്ടാക്കുന്നവൻ എല്ലാം നേടുന്നു. ഒരു കാര്യം എപ്പോഴും നാം ഓർക്കണം” ഇന്നല്ലെങ്കിൽ നാളെ നാം ഈ ഭൂമിയിൽ നിന്ന് കടന്നു പോകേണ്ടവരാണ്.” എത്രമാത്രം നിമിഷങ്ങളാണ് നമുക്കായി ഈശ്വരൻ നീക്കിവെച്ചിട്ടുള്ളതെന്ന് നമുക്ക് അറിയുകയില്ല. സമയം അർക്കുവേണ്ടിയും കാത്തു നിൽക്കുകയില്ല. ലഭിക്കുന്ന സമയം ശരിയായി ഉപയോഗപ്പെടുത്തുവാനുള്ള കഴിവും, പരിശ്രമശീലവും, മനസ്സിൽ ഉറച്ച തീരുമാനമുമുണ്ടെങ്കിൽ അസാധ്യമെന്ന് നാം കരുതുന്ന പലതും നേടിയെടുക്കാൻ നമുക്ക് കഴിയും. ദൈവം നമുക്ക് നൽകിയിരിക്കുന്ന സമയവും, അനവധി കഴിവുകളും വ്യക്തമായി മനസ്സിലാക്കാതെ, ഭാഗ്യത്തേയും വിധിയേയും പഴിച്ച്, നിരാശയിലാണ്ട് കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യജീവിതം വളരെ ഹ്രസ്വമാണ്. അതുകൊണ്ട് തന്നെ സമയവും മറ്റു അവസരങ്ങളും, നമ്മുടെ കഴിവിന് അനുസൃതമായി ഏറ്റവും നല്ല രീതിയിൽ വിനിയോഗിക്കുകയാണെങ്കിൽ എണ്ണമറ്റ നേട്ടങ്ങൾ നമുക്ക് വെട്ടിപ്പിടിക്കാൻ സാധിക്കും.

ചരിത്രത്തിൻ്റെ താളുകളിലൂടെ കടന്നു പോകുകയാണെങ്കിൽ സമയത്തിൻ്റെ ഏറ്റവും ഫലപ്രദമായ വിനിയോഗം കൊണ്ട് നിരവധി ഉന്നതമായ നേട്ടങ്ങൾ കൈവരിച്ച അനേകം പ്രതിഭാസമ്പന്നരായ വ്യക്തികളെ നമുക്ക് കണ്ടെത്താൻ കഴിയും. ഇന്ത്യയിലെ ഉരുക്ക് നിർമ്മാണ രംഗത്തെ അതികായനായിരുന്നു റൂസി മോഡി. ടാറ്റാ വ്യവസായ സാമ്രാജ്യത്തിൻ്റെ ശക്തികേന്ദ്രമായിരുന്ന, അന്തരിച്ച ജെ. ആർ.ഡി. ടാറ്റയുടെ കൂടെ ഏതാണ്ട് അരനൂറ്റാണ്ടുകാലം മോഡി ടിസ്കോയിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉന്നതമായ സ്റ്റീൽ കമ്പനിയായ ടിസ്കോയിൽ, അതിൻ്റെ ചെയർമാനായി മോഡി നിരവധി വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് എയർ ഇന്ത്യയുടെയും ചെയർമാനായി പ്രവർത്തിച്ച മോഡി സമയത്തെ നിയന്ത്രിക്കുന്നതിലും, കൈകാര്യം ചെയ്യന്നതിലും അങ്ങേയറ്റം ശ്രദ്ധാലുവും കണിശക്കാരനുമായിരുന്നു. സമയത്തെ നിരന്തരമായ ശ്രദ്ധയോടും ജാഗ്രതയോടും കൂടെ വിനിയോഗിക്കുകയാണെങ്കിൽ എണ്ണമറ്റ കാര്യങ്ങൾ വിജയകരമായി ചെയ്തു തീർക്കുവാൻ നമുക്ക് സാധിക്കുമെന്നാണ് തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഇന്ത്യയുടെ സാമൂഹിക സംസ്ക്കാരിക മണ്ഡലങ്ങളിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന ബഹുമുഖ പ്രതിഭാശാലിയായിരുന്നു കെ.പി.കേശവമേനോൻ. കേശവമേനോൻ നിയമപരീക്ഷക്കു പഠിച്ചത് ഇംഗ്ലണ്ടിലായിരുന്നു. അതുകഴിഞ്ഞ് 1915 ലാണ് അവിടെ നിന്ന് തിരിച്ചെത്തിയത്. അന്നു മുതൽ 1978-ൽ മരിക്കുംവരെ എവിടെയെങ്കിലും എന്തെങ്കിലും കാര്യത്തിന് സമയം തെറ്റിച്ചതായി കേട്ടുകേൾവിയുമില്ല. അതുല്യനായ കേശവമേനോനെ പോലെയുള്ളവരുടെ ജീവിതത്തിൽ നിന്ന്, ഇന്നത്തെ തലമുറയ്ക്ക് വളരെയധികം ഉൾക്കൊള്ളാനുണ്ട്.

അതുപോലെ തന്നെ രാഷ്ട്രപിതാവായ ഗാന്ധിജിയും നവഭാരത ശില്പിയായ പണ്ഡിറ്റ് നെഹ്രുവും സമയനിഷ്ഠയുടെ കാര്യത്തിൽ അങ്ങേയറ്റം നിർബന്ധമുള്ളവരായിരുന്നു. സമയത്തെ ഏറ്റവും അമൂല്യമായ സമ്പത്തായിട്ടാണ് ഇവർ കരുതിയിരുന്നത്. ഗാന്ധിയുടെയും നെഹ്രുവിൻ്റെയും ജീവിതം പരിശോധിക്കുകയാണെങ്കിൽ, അലസമായ ഒരു നിമിഷംപോലും അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഗാന്ധിജിയും നെഹ്രുവും സമയനിഷ്ഠക്കാണ് അവരുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകിയിരുന്നത്. അവർ സമയത്തോട് കാണിച്ചിരുന്ന ക്രിയാത്മകമായ സമീപനം, സമയത്തെ നിരന്തരം ഒരു മടിയുമില്ലാതെ പാഴാക്കി കൊണ്ടിരിക്കുന്ന നമ്മെ പുനർവിചിന്തനത്തിലേയ്ക്ക് നയിക്കേണ്ടിയിരിക്കുന്നു.

ലോകമെമ്പാടും അറിയപ്പെടുന്ന വ്യവസായ പ്രമുഖനും, പ്രതിഭാശാലിയുമാണ് ലീ. അയക്കോക്ക. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധ കാർ നിർമ്മാണ കമ്പനിയായ ക്രൈസ്‌ലർ കോർപ്പറേഷനിലും അതിനു മുമ്പ് അവിടുത്തെ ഒന്നാം നമ്പർ കാർ നിർമ്മാണ ഫാക്ട്രിയായ ഫോർഡിലും അനേകം വർഷങ്ങൾ പ്രസിഡൻഡായി സേവനമനുഷ്ഠിച്ചിട്ടുള്ള അത്യുജ്ജ്വല വ്യക്തിത്വമാണ് ലീ. അയക്കോക്കയുടേത്. ഫോർഡിൽ പ്രസിഡൻ ഡായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ശബളം പ്രതിവർഷം മൂന്ന് കോടി രൂപയായിരുന്നു. നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുവാനും, സമയത്തെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാനുമുള്ള കഴിവ് നമുക്കുണ്ടെങ്കിൽ, ജീവിതത്തിൻ്റെ ഏതു മേഖലയിലും വിജയം നേടാൻ നമുക്ക് കഴിയുമെന്നാണ് ലീ. അയക്കോക്ക പറയുന്നത്. പ്രാഥമിക വിദ്യാഭ്യാസം പലവിധത്തിലുള്ള അറിവ് നേടാൻ നമ്മെ സഹായിക്കുമെങ്കിലും, ജീവിതവിജയത്തിനു വേണ്ട പ്രധാനപ്പെട്ട ഗുണങ്ങൾ നാം സ്വയം വളർത്തിയെടുക്കണമെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. സമയം സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണെന്നും, വിവരണാതീതമായ സ്വാധീനമാണ് ഇത് നമ്മുടെ ജീവിതവിജയത്തിൽ ചെലുത്തുന്നത് എന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

നമുക്ക് ലഭിച്ചിരിക്കുന്ന സമയം ധന്യമാക്കുവാനാണ് നാം നിരന്തരം ശ്രമിക്കേണ്ടത്. ഒന്നിനും സമയം തികയുന്നില്ലായെന്ന് നമ്മളിൽ പലരും സ്ഥിരം പറയാറുള്ള കാര്യമാണ്. അത് തീർത്തും തെറ്റാണ്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്കും തെരുവിലെ ഭിക്ഷക്കാരനും ഒരേ അളവിൽ തന്നെയാണ് സമയം ലഭിക്കുന്നത്. പക്ഷെ ഓരോരുത്തരും സമയത്തെ ഉപയോഗപ്പെടുത്തുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് എന്നതാണ് വിജയത്തിൻ്റെയും പരാജയത്തിൻ്റെയും പിന്നിലുള്ള പ്രധാന കാരണം.ഓരോ ദിവസവും കഴിയുന്നത്ര നേട്ടങ്ങൾ ഉണ്ടാക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. കാരണം മറ്റൊന്നുമല്ല. മരണം നമ്മെ എപ്പോൾ വേണമെങ്കിലും പിടികൂടാം. അതു കൊണ്ട് ഒരു ദിവസം പോലും പാഴാക്കാതെ ജീവിതലക്ഷ്യം നേടുവാൻ അക്ഷീണം യത്നിക്കുക.

(തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

2 COMMENTS

  1. നല്ല അറിവ് ഗുരുജി. സൗജന്യമായി ലഭിക്കുന്ന സമയം വിലമതിക്കാനാവാത്തതാവാൻ അത് വേണ്ടപോലെ ഉപയോഗിച്ചേ തീരൂ. നന്ദി ഗുരുജി. നമസ്ക്കാരം ‘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com