ഈ റമദാൻ മാസത്തിൽ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരോർമ്മ പങ്കുവയ്ക്കുന്നു
റഹിം വരാത്ത ഒരു റമദാൻ കൂടി ..
റഹിമിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് അവന്റെ വീട്ടുമുറ്റത്തെ ആ വലിയ ബദാം മരമാണ് . ഞാൻ കഴിഞ്ഞാൽ അവന്റെ ഏറ്റവുമടുത്ത ചങ്ങാതിയായിരുന്നു ആ ബദാം മരം . പുസ്തകങ്ങളായിരുന്നു അവന്റെ മറ്റൊരു ദൗർബ്ബല്യം .സ്‌കൂളിലെയും പബ്ലിക് ലൈബ്രറിയിലെയും കഴിയുന്നത്ര പുസ്തകങ്ങൾ തെരഞ്ഞെടുത്തു വീട്ടിൽ വന്ന് ആ ബദാം മരത്തിന്റെ പടർന്നുപന്തലിച്ച കൊമ്പുകൾക്കു താഴെയുള്ള തണലിൽ തഴപ്പായ വിരിച്ചു അതിൽക്കിടന്നങ്ങനെ അവൻ വായിക്കുന്നത് കാണുമ്പോൾ എനിക്ക് പലപ്പോഴും അവനോട് അസൂയ തോന്നിയിട്ടുണ്ട് ..എന്റെ വീട്ടിൽ നിന്നും കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ അവന്റെ വീട്ടിലേക്ക്, എന്റെ അച്ഛനും അവന്റെ വാപ്പയും ഉറ്റ ചങ്ങാതിമാരായിരുന്നു .പാവപ്പെട്ട കുടുംബമായിരുന്നു റഹീമിന്റേത് .. ഒരു കൊച്ചു പെട്ടിക്കടയിൽനിന്നുള്ള വരുമാനം എത്രവരാനാണ് .ഓണവും പെരുന്നാളുമൊക്കെ ഞങ്ങളുടെ കുടുംബങ്ങൾ ഒന്നിച്ചാണാഘോഷിച്ചിരുന്നത് .അച്ഛൻ ജോലിചെയ്തിരുന്ന സഹകരണബാങ്കിലെ കലണ്ടർ ഓരോ വർഷവും കൊണ്ടുവരുമ്പോൾ ചെറിയപെരുന്നാൾ എന്നാണെന്നായിരുന്നു ഞാനാദ്യം നോക്കിയിരുന്നത് . അവൻ തിരുവോണവും..! . പെരുന്നാളിന് അവന്റെ ഉമ്മ പച്ചനിറത്തിൽ മട്ടൻ കറിയും നെയ്ച്ചോറും ഉണ്ടാക്കുന്നത് എനിക്കെന്തിഷ്ടമായിരുന്നെന്നോ …
പഠിക്കുന്നകാലത്ത് അവന് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ വലിയ ആവേശമായിരുന്നു .ഒരു മൈക്ക് മുന്നിൽ കിട്ടിയാൽ നാടുവിനൊരു കയ്യും കൊടുത്ത് വില്ലുപോലെ വളഞ്ഞുനിന്നു വാക്ചാതുരി കൊണ്ട് കാണികൾക്കു മുമ്പിൽ അവനൊരു മായാപ്രപഞ്ചം തീർക്കുമായിരുന്നു .. പത്താംക്‌ളാസിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ . ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാർഥിപ്രസ്ഥാനത്തിന്റെ സ്റ്റേറ്റ് കമ്മറ്റി അവനെ റഷ്യയിലെ മോസ്‌കോയിൽ വച്ച് നടന്ന ഒരു യങ് പയനിയേർസ് ക്യാമ്പിലേക്ക് ഡെലിഗേറ്റായി അയച്ചു . മടങ്ങിവന്നിട്ട് മോസ്കോയിലെ ഒരുപിടി മിട്ടായികൾ എന്റെ കയ്യിലേക്ക് വച്ചുതന്നിട്ടു അവൻ പറഞ്ഞ ഒരു തമാശയുണ്ട് പല രാജ്യങ്ങളിൽ നിന്നും പ്രതിനിധികളായി വന്ന ആ കുട്ടികളോട് അതിന്റെ സംഘാടകർ അവരവരുടെ ഭാഷയിലെ ഓരോ വിപ്ലവഗാനങ്ങൾ പാടാൻ പറഞ്ഞു . ആ ക്യാമ്പിൽ പങ്കെടുത്ത ഓരോരുത്തരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിക്കൊണ്ട് അവൻ പാടിയ വിപ്ലവഗാനം ഏതെന്നല്ലേ .. ” .. കിളിയേ കിളി കിളിയേ ..നീലാഞ്ജന പൈങ്കിളിയെ …”
എന്തുകൊണ്ടോ പത്തിലെ പരീക്ഷയ്ക്കവൻ തോറ്റു. എഴുതിയെടുക്കാൻ ഞാനെത്ര നിർബ്ബന്ധിച്ചിട്ടും അവൻ കേട്ടില്ല . ട്യൂട്ടോറിയലിൽ കൊടുക്കാനുള്ള ഫീസായിരുന്നു പ്രധാന കാരണം . അത് അച്ഛൻ പരിഹരിക്കാമെന്നേറ്റെങ്കിലും അവൻ നിരസിച്ചു . ആയിടെ ആന്ധ്രയിലെ കഡപ്പയിലുള്ള അവന്റെ ഒരു ബന്ധുവിന്റെ കത്തുകിട്ടി .. ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ ആന്ധ്രയിലേക്കു വണ്ടി കയറി . ജയന്തിജനതയുടെ ജനറൽ കമ്പാർട്മെന്റിലെ ജനാലയോട് ചേർന്നിരുന്നു വണ്ടി നീങ്ങുന്നതിനിടെ എന്റെ കയ്യിൽ പിടിച്ചുകൊണ്ടവൻ പറഞ്ഞു ‘ റഹ്മത്തി ‘ ന്റെ ( അവന്റെ മൂത്ത സഹോദരി ) നിക്കാഹ് വന്നാൽപോലും ആ ബദാം മരം മുറിക്കാതെ നീ നോക്കിക്കോണം .” ഏറെക്കാലത്തേക്കു പിന്നെ അവന്റെ വിവരങ്ങളൊന്നുമില്ലായിരുന്നു .കഡപ്പയിലെ ബന്ധുവീട്ടിൽ അവനെത്തിയിരുന്നില്ല അന്വേഷണങ്ങൾ പലവഴിക്കും നീണ്ടു ..പക്ഷേ നിരാശയായിരുന്നു ഫലം ..
ഞാൻ പ്രീഡിഗ്രി കഴിഞ്ഞപ്പോഴായിരുന്നു റഹ്മത്തിന്റെ നിക്കാഹ് . അപ്പോഴും റഹീമിനെക്കുറിച്ചു ഒരറിവുമില്ലായിരുന്നു .അത് കഴിഞ്ഞു അവർ എല്ലാം വിറ്റുപെറുക്കി തമിഴ്‌നാട് അതൃത്തിയിലുള്ള ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റി . ഇത്തിരി കുരുമുളക് കൃഷിയും മറ്റുമായി ആ കുടുമ്പം അങ്ങനെ മുന്നോട്ട് പോയി . .പഠിത്തമൊക്കെ കഴിഞ്ഞു ഞാൻ ട്യൂട്ടോറിയൽ മാഷായി കഴിയുന്ന കാലം . പൂനെയിലെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഒരു ഇന്റർവ്യൂവിനു കാർഡ് വന്നു . അന്ന് മുംബൈയിലെ ദാദറിലുള്ള ഡോ. അംബേദ്‌കർ ലോ കോളേജ് പ്രിൻസിപ്പലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഒരു വിജയൻ മാത്രമാണ് മറുനാട്ടിൽ ആകെയുള്ള സുഹൃത്ത് . അവൻ പൂനെയിൽ വന്നു കാത്തുനിന്നു . ഇന്റർവ്യൂ കഴിഞ്ഞു അവനോടൊപ്പം ദാദറിലെത്തി രണ്ടുദിവസം തങ്ങി. തിരികെപ്പോകാൻ ടിക്കറ്റ് റിസേർവ് ചെയ്ത് V T യിൽ നിന്നും വിജയൻറെ റൂമിലേക്ക് തിരിക്കുമ്പോഴായിരുന്നു ഞാനാ ബഹളം ശ്രദ്ധിച്ചത് .പ്ലാറ്റഫോമിലൂടെ ഹിന്ദിയിലും മറാഠിയിലും ഉച്ചത്തിൽ തെറിവിളിച്ചുകൊണ്ട് തലയിലൊരു ചുവന്ന തോർത്തും കെട്ടി മുഷിഞ്ഞ വേഷത്തിൽ നടന്നുവന്ന വെളുത്തുമെലിഞ്ഞ ആ ആളിനെ ഞാനല്പനേരം നോക്കിനിന്നു . എനിക്കേറെ ബുദ്ധിമുട്ടേണ്ടിവന്നില്ല . റഹീമായിരുന്നു അത് . പുറത്തെ ടാക്സിസ്റ്റാൻഡിലേക്ക് പിന്തുടർന്ന് ഞാനും അവനറിയാതെ ഒപ്പം ചെന്നു പിന്നിൽ നിന്നും വിളിച്ചു ” .. ഡാ .. കോന്ത്രപ്പല്ലാ …” ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞുനോക്കി . അവന്റെ മുഖത്തുമിന്നിമറഞ്ഞ ഭാവങ്ങൾ അപ്പോളെന്തായിരുന്നു എന്ന് ഒരിക്കലും ഇവിടെ അടയാളപ്പെടുത്തുവാനാകില്ല . പെട്ടെന്നോടിവന്നു എന്റെ കയ്യിലവൻ മുറുകെപ്പിടിച്ചു .. എന്നിട്ടറിയാതെ അവന്റെ വായിൽ നിന്നും എങ്ങനെയോ വിക്കി വിക്കി രണ്ടുവാക്കുകൾ അടർന്നുവീണു . ” … ഡാ പക്കിയെ തിന്നീ..”
ആന്റോപ് ഹില്ലിലേക്കുള്ള ബസ് യാത്രയിൽ ഞാനെത്ര ചോദിച്ചിട്ടും അവന്റെ കഴിഞ്ഞകാലകഥകൾ പറയാനാവൻ കൂട്ടാക്കിയില്ല ..CGS ക്വർട്ടേഴ്‌സിന് സമീപമുള്ള ഒരു വൃത്തികെട്ട ചേരിയിലെ പഴയൊരു മുറിയിലേക്കവൻ എന്നെയും കൂട്ടി കയറിച്ചെന്നു . ആ മുറ്റത്ത് ഒരു വിസ്മയം പോലെ ഒരു ചെറിയ ബദാം മരം വളർന്നുനിന്നിരുന്നു . അതിനുതാഴെ മൂന്നുവയസ് തോന്നിക്കുന്ന ഒരാൺകുട്ടി ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു .റഹീമിന്റെ മകൻ നിയാസ് . രണ്ടുവർഷം മുമ്പ് ഭാര്യ മലേറിയ വന്നു മരിച്ചുപോയി എന്ന് പറഞ്ഞു .നാട്ടിലേക്കൊന്നുവന്നു ഉമ്മായേയും വാപ്പയെയും ഒന്ന് കണ്ടുകൂടെ എന്ന് ഞാനവനോട് എത്ര. നിർബ്ബന്ധിച്ചിട്ടും അവൻ അടുത്ത റമദാന് ഉറപ്പായും എത്തുമെന്ന് വാക്ക് തന്നൊഴിഞ്ഞുമാറി . നിയാസ് കുറച്ചുനേരം എന്റെ മടിയിലിരുന്നിട്ട് തൊട്ടടുത്ത താമസക്കാരനായ കരുനാഗപ്പള്ളിക്കാരൻ മജീദിന്റെ വീട്ടിലേക്കോടിപ്പോയി . മടങ്ങാൻ നേരം അവൻ എന്റെ കയ്യിലൊരു നൂറു രൂപാ വച്ചുതന്നിട്ട് അത് അവന്റെ ഉമ്മായുടെ കയ്യിൽ കൊടുക്കണമെന്നും ചെന്നുകണ്ടുപോരാൻ നേരം ഞാൻ കൊടുക്കുന്നതായി മാത്രമേ ഉമ്മയ്ക്ക് തോന്നാവു എന്നും അവൻ തന്നുവിട്ടതാണെന്നു പറയരുതെന്നും എന്നോട് പറഞ്ഞു, എന്തൊകൊണ്ടോ ആ പൈസ വാങ്ങുവാൻ എന്റെ മനസ്സനുവദിച്ചില്ല .
നാട്ടിലെത്തി പിറ്റേ ദിവസം തന്നെ ഞാനവന്റെ വീട്ടിലേക്ക് പോയി .എന്റെ വിരലിലൊരു ചെറിയ മോതിരമുണ്ടായിരുന്നത് വിറ്റുകിട്ടിയ അഞ്ഞൂറ് രൂപാ റഹിം തന്നതാണെന്നുപറഞ്ഞു വിതുമ്പിക്കരയുന്ന അവന്റെ ഉമ്മായുടെ വിറയ്ക്കുന്ന കൈകളിലേക്ക് വച്ചുകൊടുത്തു .. പടിയിറങ്ങുമ്പോൾ വരുന്ന റമദാന് തീർച്ചയായും റഹിം വരുമെന്ന് ഞാനവർക്ക് ഉറപ്പ് കൊടുത്തു . പിന്നെയും രണ്ടുവർഷം കഴിഞ്ഞിട്ടുണ്ടാകും .എന്റെ വിവാഹം കഴിഞ്ഞ സമയം .കരുനാഗപ്പള്ളിയിൽ നിന്നും പോസ്റ്റ് ചെയ്ത ഒരു മജീദിന്റെ കത്ത് എന്നെത്തേടി ട്യൂട്ടോറിയലിൽ എത്തി . റഹീമിന്റെ മകൻ അയാളോടൊപ്പം നാട്ടിലുണ്ടെന്നും അവിടെച്ചെന്നു കൂട്ടിക്കൊണ്ടുപോയി റഹീമിന്റെ കുടുംബത്തെ ഏൽപ്പിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം . പിറ്റേദിവസം മജീദിൽനിന്നും വിവരങ്ങളറിഞ്ഞു ഞാൻ സ്തബ്ധനായിരുന്നുപോയി . വർഷങ്ങളായി റഹീമിന്റേത് മദ്യവും മയക്കുമരുന്നും താളം തെറ്റിച്ച ഒരു ജീവിതമായിരുന്നു . പ്ലാസ്റ്റിക്കും പഴയ കുപ്പികളും പെറുക്കിനടന്ന ഒരു മറാഠിപെൺകുട്ടിയെയായിരുന്നു റഹിം വിവാഹം കഴിച്ചിരുന്നത് . മലേറിയ വന്ന് അവൾ മരിച്ചതിനുശേഷമായിരുന്നു റഹിം പൂർണ്ണമായും മയക്കുമരുന്നിനടിമയായത് . റഹീമിന്റെ പഴ്സിൽ ആകെയുണ്ടായിരുന്ന ഒരു അഡ്രസ് ഞാൻ അന്ന് പോരാൻ നേരം കൊടുത്ത ട്യൂട്ടോറിയലിന്റേതായിരുന്നു .. കോളിവാഡ പൊലീസാണ് അത് മജീദിന് കൈമാറിയത് .
പിറ്റേന്നത്തെ ഉച്ചവെയിലിൽ തമിഴ്മണമുള്ള ചൂടുകാറ്റുമേറ്റ് ഭഗവതീപുരത്തിനടുത്തുള്ള ആ കൊച്ചുവീട്ടിൽ ചെന്നുകയറുമ്പോൾ എന്റെ കയ്യിൽ തൂങ്ങി നടന്നുവരുന്ന നിയാസിനെക്കണ്ടു റഹീമിന്റെ ഉമ്മാ അമ്പരപ്പോടെ മുറ്റത്തേക്കിറങ്ങിവന്നു . . മോനെ ഒരു സുഹൃത്തുവശം നാട്ടിലയച്ചതാണെന്നും നാട്ടിൽ നിർത്തി പഠിപ്പിക്കണമെന്നും വരുന്ന പെരുന്നാളിന് റഹിം നാട്ടിലെത്തുമെന്നും ഞാനെങ്ങനെയോ പറഞ്ഞുഫലിപ്പിക്കുമ്പോൾ കരളിലെ നെരിപ്പോടിൽ കനലുകൾ പുകയുകയായിരുന്നു .. മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ടുപോകാതെ ഞാൻ വല്ലാതെ പാട്പെടുന്നുണ്ടായിരുന്നു . നെഞ്ചോട് ചേർത്തുപിടിച്ച നിയാസിന്റെ നെറുകയിലൂടെ ഉമ്മായുടെ കണ്ണുനീർ ഒഴുകുന്നത് കണ്ടുകൊണ്ട് ഞാനാ പടിയിറങ്ങുമ്പോൾ മുറ്റത്തു തടം വെട്ടി നട്ടുപിടിപ്പിച്ച ഒരു കൊച്ചുബദാം മരത്തിനുചുവട്ടിൽ ഒരു പ്ലാസ്റ്റിക് കുടത്തിൽ വെള്ളം കൊണ്ടുവന്നു നനയ്ക്കുന്ന റഹീമിന്റെ വാപ്പയെ കണ്ടു . ” ..ഓന് ബദാം മരമെന്നു വച്ചാൽ ബല്യ ജീവനാർന്നു… എപ്പളേലും ബരുമ്പോ..ഇതിന്റെ തണലിൽ കെടന്ന് പഴേപോലെ അവന് പുത്തകം പടിച്ചു മയങ്ങാലോ ..” അവന്റെ ബാപ്പയുടെ വാക്കുകൾ കേട്ടപ്പോൾ ‘ വേണ്ടാ ബാപ്പാ ..വഡാലയിലെ ഒരു റെയിൽപ്പാളത്തിൽ ഒരിക്കലും ഉണരാത്തൊരു മയക്കത്തിനായി അവൻ തല വച്ചുകൊടുത്തു ‘ എന്ന് ഞാനെങ്ങനെയാണ് ആ പിതൃഹൃദയത്തെ ധരിപ്പിക്കുക …
വീണ്ടുമൊരു റമദാൻ കൂടി . ആ ബദാം മരം വളർന്നു ഒരുപാടിപ്പോൾ പന്തലിച്ചിട്ടുണ്ടാകും . അതിന്റെ തണലിൽ കിടന്നു നിയാസ് ഇപ്പോൾ മയങ്ങുകയായിരിക്കുമോ …?
ഓർമ്മകുറിപ്പ് നന്നായിട്ടുണ്ട്
നന്ദി .. സ്നേഹം.
നല്ലെഴുത്ത്
നന്ദി. സ്നേഹം
നന്ദി , സ്നേഹം