പഠിക്കുന്ന കാലം. പതിനഞ്ചിൻ്റെ ബാല്യം കടന്ന് പതിനാറിൻ്റെ ചില്ലുജാലക വാതിലും തുറന്ന് അകത്ത് കടന്നപ്പോൾ വിശാലമായ ക്ലാസ് മുറി. നിറയെ കുട്ടികൾ. രണ്ടാമത്തെ ബഞ്ചിൽ എനിക്ക് ഒരു സീറ്റ് കിട്ടി. മറ്റ് കുട്ടികളെ ആരെയും ഞാൻ ശ്രദ്ധിച്ചില്ല. അദ്ധ്യാപകരെത്തി. പരിചയപ്പെടലുകൾ നടന്നു. ക്ലാസ്സുകൾ തുടങ്ങി. ദിവസങ്ങൾ കടന്നുപോകവേ ഞാനും ആ ക്ലാസ്സിലെ കുട്ടികളിൽ ഒരാളായി എന്നെനിക്ക് തോന്നി. സൗഹൃദങ്ങൾ ഉണ്ടായി. കളിയായി, ചിരിയായി, കളിയാക്കലായി. ഒരു ദിവസം ഉച്ച ഊണിന് ബെല്ലടിച്ച് ടിഫിൻ ബോക്സുമെടുത്ത് പുറത്തോട്ട് പോകുമ്പോൾ അറിയാതെ എന്നെ പിറകിൽ നിന്ന് തള്ളിയിട്ട് ഒരു പെൺകുട്ടി പുറത്തേക്ക് ഓടി. കൈയ്യിലെ ടിഫിൻ ബോക്സ് താഴെ വിണ് ഭക്ഷണമെല്ലാം നിലത്ത് വിണ് ചിതറി. എന്നിട്ടും അവൾ തിരിഞ്ഞു പോലും നോക്കാതെ ഓടിപ്പോയി. സങ്കടവും ദേഷ്യവും കൊണ്ട് എനിക്ക് ഒരു വിറയൽ വന്നു. എന്നാലും ഒന്നും പറയാൻ എനിക്ക് തോന്നിയില്ല. നിലത്തു വീണ ഭക്ഷണമെല്ലാം പെറുക്കിയെടുത്ത് കളഞ്ഞ് പാത്രം കഴുകി ഞാൻ തിരിച്ച് ക്ലാസിൽ പോയിരുന്നു.
വീണ്ടും ക്ലാസുതുടങ്ങി. എനിക്ക് ക്ലാസിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല. ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. അടുത്ത പിരിയഡ് ടീച്ചറർ വന്നില്ല. എല്ലാവരും കളി പറഞ്ഞിരിക്കുകയാണ്. എന്നാൽ ഞാൻ മൂകനായിരിക്കുകയായിരുന്നു. അപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി. ആദ്യം ഞാൻ കരുതി അവൾ വേറെ വല്ലതും നോക്കിയതാണെന്ന്. എന്നാൽ പിന്നെ ഒന്നുകൂടെ നോക്കി. അതെ അവൾ എന്നെത്തന്നെയാണ് നോക്കുന്നത്. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൾ കരയുകയായിരുന്നു. എൻ്റെ ദേഷ്യവും വിശപ്പും എല്ലാം ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി. എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി. ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.
അപ്പോഴൊക്കെ അവൾ വല്യ നാണക്കാരി ആയിരുന്നു.പെൺകുട്ടികളോട് മാത്രമേ കൂടുതൽ സംസാരിക്കാറുള്ളു. കാണാൻ അത്രയ്ക്ക് സുന്ദരിയൊന്നും അല്ലെങ്കിലും ഒരുപാട് മുടിയുള്ള ഒരു പെൺകുട്ടി ആയിരുന്നു അവൾ. ക്ലാസ്സിൽ രണ്ട് ബെഞ്ചിൽ മാത്രമേ പെൺകുട്ടികൾ ഉണ്ടായിരുന്നുള്ളു. ബാക്കിയൊക്കെ ആൺകുട്ടികളായിരുന്നു. അടുത്ത ദിവസവും പതിവുപോലെ ക്ലാസ്സിലേക്ക് വന്നു. എന്നാൽ ആരോ എൻ്റെ മനസ്സിനെ പിടിച്ചു വലിക്കുന്നതുപോലൊരു തോന്നൽ. ഇന്നലെ എന്നെ പട്ടിണിക്കിട്ടവൾ ഒടുവിൽ എന്നെ നോക്കി കരഞ്ഞവൾ അവിടെത്തന്നെ ഉണ്ടോ, അവൾ ഇന്നും എന്നെ പട്ടിണിക്കിടുമോ എന്നൊക്കെയുള്ള വേണ്ടാത്ത ഓരോ തോന്നലുകൾ. വേണ്ട. അത്തരം ചിന്തകൾ വേണ്ട എന്ന് ഞാൻ എൻ്റെ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു . എന്നിട്ടും ഞാൻ അറിയാതെ ക്ലാസ്സിൽ കയറുമ്പോൾ അവൾ ഇരിക്കുന്ന ബെഞ്ചിലേക്ക് നോക്കിപ്പോയി. അപ്പോൾ, അതെ അവൾ അതേ സ്ഥലത്ത് അതേപോലെ എന്നെത്തന്നെ നോക്കിയിരിക്കുന്നു.
എന്തോ എനിക്കറിയില്ല. പിന്നീട് ഞാൻ ഇടയ്ക്കിടയ്ക്ക് അവളെ ശ്രദ്ധിച്ചു തുടങ്ങി. അവൾ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. പക്ഷേ അവൾ നോക്കുമ്പോഴും അടുത്ത് വരുമ്പോഴും എൻ്റെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. പിന്നീട് ഒരു ദിവസം എന്നോട് അവൾ പറഞ്ഞു അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്ന്. ഞാൻ കുറേ ആലോചിച്ചു. എന്ത് പറയണമെന്ന് അറിയുന്നില്ല. സത്യത്തിൽ എനിക്കും അവളോട് എന്തോ ഒരു ഇത് ഉണ്ടായിരുന്നപോലെ തോന്നിയിരുന്നു. അതെന്താണെന്ന് മനസ്സിലാകുന്നില്ല. എന്നാലും അവളെ കാണാനും അവളുടെ സംസാരം കേൾക്കാനും ഞാനും ഇഷ്ട്ടപ്പെടുന്നു. അതുകൊണ്ട് എനിക്കും ഇഷ്ടമാണെന്ന് ഞാനും പറഞ്ഞു.
അങ്ങനെ ഞങ്ങളുടെ പ്രണയം അവിടെ മൊട്ടിട്ടു. പിന്നീട് എന്നും ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് കുറച്ച് സമയം അവളുമായി സംസാരിക്കുന്നത് പതിവാക്കി. എന്നാൽ എപ്പോഴും സംസാരിക്കുന്നത് അവൾ മാത്രമായിരിക്കും. കാരണം എനിക്ക് അപ്പോഴും പേടിയിരുന്നു. ഞാൻ അവളുടെ കണ്ണിൽ നോക്കിയിരിക്കും. സംസാരം കേട്ടിരിക്കും, ബുക്കുകൾ കൈമാറിയും പരസ്പ്പരം എഴുതിയും ഞങ്ങൾ പഠിപ്പ് തുടർന്നു. ദിവസങ്ങൾ കഴിയുന്തോറും അവളെ കാണാതിരിക്കാൻ കഴിയാത്തതായി വന്നു. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിൽ ജീവിക്കുന്ന എനിക്ക് അവളു സ്നേഹത്തിൽ എല്ലാം മറക്കാൻ കഴിയുമായിരുന്നു. ഓലമേഞ്ഞ വീടും കഷ്ടപ്പാടുകളും, മണ്ണെണ്ണ വിളക്കിൻ്റെ ഇരുണ്ട പ്രകാശത്തിലെ കരിപുരണ്ട രാത്രികളും. എല്ലാം എല്ലാം ഞാൻ അവളിലൂടെ മറക്കാൻ ശ്രമിച്ചു.
പലപ്പോഴായി ക്ലാസ്സിൽ ടീച്ചറും ഫ്രണ്ട്സും എന്നെ കഥ പറയാൻ നിർബന്ധിക്കുമായിരുന്നു. കാരണം ഞാൻ അത്യാവശ്യം തമാശരൂപത്തിലുള്ള കഥകൾ പറയുന്ന കുട്ടിയാണെന്ന് ഒരു ടീച്ചർക്കറിയാമായിരുന്നു. ആ ടീച്ചറാണ് ഒരു ദിവസം ക്ലാസ്സിൽ വന്നപ്പോൾ കഥപറയാൻ നിർബന്ധിച്ചത്. പിന്നീട് പലപ്പോഴായി കുട്ടികളും നിർബന്ധിച്ചു തുടങ്ങി. വളരെ വേഗം ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. പ്ലസ് വണ്ണിൻ്റെ ഞങ്ങളുടെ അദ്ധ്യായന വർഷം കഴിഞ്ഞു. രണ്ടാഴ്ച്ചത്തെ അവധി കഴിഞ്ഞേ അടുത്ത അദ്ധ്യായന വർഷത്തെ ക്ലാസ്സ് തുടങ്ങുകയുള്ളു. ഇത്രയും നാൾ എങ്ങിനെ അവളെ കാണാതെയിരിക്കും എന്നതായി അടുത്ത ചിന്ത. അവൾ എന്നും കൂടെ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാലും മനസ്സില്ലാ മനസ്സോടെ ടാറ്റായും ബൈ ബൈയും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
എൻ്റെ പ്രാർത്ഥന കൊണ്ടായിരിക്കാം രണ്ടാഴ്ച്ചത്തെ അവധി വളരെ പെട്ടന്ന് തീർന്നതുപോലെ തോന്നി. ഞങ്ങൾ വീണ്ടും സ്കൂളിൽ കണ്ടുമുട്ടി. എന്നാൽ എൻ്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് തെളിഞ്ഞ ആകാശം പെട്ടന്ന് മേഘാവൃതമായി. എവിടെയൊക്കെയോ മിന്നൽപ്പിണരുകൾ അപായ സൂചനകൾ നൽകി. അഭ്രപാളികളെ കീറിമുറിച്ചു കൊണ്ട് അത്യുച്ചത്തിൽ ഇടിമുഴങ്ങി, മനസ്സും ശരീരവും വിറങ്ങലിച്ചു. ഞാൻ കാത്തിരുന്ന, കാണാൻ കൊതിച്ച, ഒന്ന് മിണ്ടാൻ കൊതിച്ച എൻ്റെ കളിക്കൂട്ടുകാരി എൻ്റെ എല്ലാമെല്ലാമാണെന്ന് കരുതിയ അവൾ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ശരിക്കും ഞാൻ തകർന്ന നിമിഷങ്ങളായിരുന്നു അത്. ആകാശത്തിൻ്റെ പ്രകംബന ഭീകരത തെല്ലൊന്നടങ്ങി. മഴ ശക്തിയായി പെയ്തു. എൻ്റെ ചോദ്യങ്ങൾക്കൊന്നും അവൾ ഉത്തരം തന്നില്ല. ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. പെയ്തൊഴിയാത്ത മഴയിൽ അങ്ങിനെ എൻ്റെ കണ്ണീരും അലിഞ്ഞു ചേർന്നു.
അങ്ങിനെ ഞാൻ ആദ്യമായും അവസാനമായും അവൾക്കു വേണ്ടി ഒരു കത്തെഴുതി. അതിൽ ഞാൻ ഇങ്ങിനെ കുറിച്ചു. ” നീ എന്തിന് എനിക്ക് ഇത്രയും മോഹങ്ങൾ തന്നു. നീ എന്തിന് എനിക്ക് ഇത്രയും സ്നേഹം തന്നു. ഇതുപോലൊരു തിരിച്ചു വരവിൽ കണ്ടുമുട്ടുമ്പോൾ ഉപേക്ഷിക്കാനായിരുന്നോ ? ഇനി ഒരിക്കലും നിനക്കൊരു ശല്യമായി നിൻ്റെ വഴിയിൽ ഞാൻ വരില്ല. ഗുഡ്ബൈ “. കരഞ്ഞു കൊണ്ടാണ് ഞാൻ അത്രയും എഴുതിയത്. കൂടുതൽ എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ല. കൈകൾ വിറയ്ക്കുന്നതുപോലെ. നാവ് വരളുന്നതുപോലെ. കാലുകൾ തളരുന്നതുപോലെ. ഒരു വലിയ കപ്പ് വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്തപ്പോഴാണ് അല്പം ഒരാശ്വാസം തോന്നിയത്.
സ്ക്കൂളിലെ പുസ്തകങ്ങളുടെ ഭാരത്തോടൊപ്പം ദുഃഖത്തിൻ്റെ മറ്റൊരു ഭാരവും പേറി എല്ലാവരിൽ നിന്നും ഒഴിഞ്ഞ് മൗനത്തെ മാത്രം കൂട്ടുപിടിച്ച് ഞാൻ നടക്കാൻ ശീലിച്ചു. പിന്നീട് ക്ലാസ് കഴിയുന്നതുവരെ ഞാൻ അവളു മുഖത്തുനോക്കിയിട്ടില്ല. ശൈത്യവും മഴയും ചൂടും മാറി മാറി വന്നപ്പോഴും രാത്രിയുടെ ഇരുണ്ട എൻ്റെ തടവറയിൽ എൻ്റെ തലയിണകൾ മിഴിനീരണിഞ്ഞ് കുതിർന്നിരുന്നു. മരിക്കാൻ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് ആ ഉദ്യമത്തിന് ഞാൻ മുതിർന്നില്ല. എന്നാൽ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി ഇന്നും പലപ്പോഴും മൗനത്തിൻ്റെ ഇടനാഴിയിൽ വീർപ്പുമുട്ടി ഞാൻ നടക്കുന്നു. എന്തിനായിരുന്നു. എന്തിനായിരുന്നു. എന്നാൽ എൻ്റെ സങ്കടങ്ങൾ കണ്ടിട്ടോ, എന്നെ വേദനിപ്പിച്ചതിലുള്ള മനോവിഷമം കൊണ്ടോ എന്നറിയില്ല ആ വർഷത്തെ ക്ലാസ് അവസാനിക്കുമ്പോൾ ഒരു ദിവസം അവൾ എൻ്റടുത്തേക്ക് വന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ഒരു പത്ത് വർഷം ഞാൻ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ അവൾ വരാമെന്ന്. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. കാരണം അപ്പോഴേക്കും ഞാൻ എന്നെത്തന്നെ മാറ്റിയിരുന്നു.
വർഷങ്ങൾക്ക് ശേഷം ഞാൻ ജോലി ചെയ്യുന്ന കോളേജിൽ വച്ച് അവളെ വീണ്ടും കണ്ടുമുട്ടി. ഒന്നും ഇല്ല. വളരെ സൗഹാർദ്ദത്തിൽ ഞങ്ങൾ സംസാരിച്ചു. പഴയ കാര്യങ്ങൾ ഒന്നും പരസ്പരം പറയാതെ മറ്റുള്ളവരെ അറിയിക്കാതെ ആ കോളേജിലെ നല്ല സഹപ്രവർത്തകരായി ഞങ്ങൾ മുന്നോട്ട് പോയി. അങ്ങിനെ കാലം പകർന്നു തന്ന ജീവിതവും പ്രണയവും കൈപ്പുനീരും വേണ്ടു വോളം ആസ്വദിച്ച് നുണഞ്ഞു കൊണ്ട് മറക്കാനും പൊറുക്കാനുമുള്ള ദൈവം തന്ന മനസ്സുമായി പുതിയ ജീവിത ചക്രവാളത്തിലേക്ക് ഞാൻ നടന്നു കയറി. കരിയും പുകയും നിറഞ്ഞ, വാശിയും പിണക്കവും നിറഞ്ഞ, ഇഷ്ടവും അനിഷ്ടവും കലർന്ന എൻ്റെ എൻ്റേതു മാത്രമായ ജീവിത ചക്രവാളത്തിലേക്ക്.
Thanks a lot

കൗമാര പ്രണയം നന്നായിട്ടുണ്ട്
Thanks a lot
