ഇടവഴികളിൽ കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് പറയാനുള്ള നൊമ്പരം കേൾക്കാൻ ആരുമില്ല. പറമ്പിൽ മനോഹരമായി പൂത്തുനിൽക്കുന്ന ചുണ്ടങ്ങാ പൂവുകളുടെ സൗന്ദര്യം ആസ്വദിക്കാനല്ല ആളുകൾക്കിഷ്ടം, മറിച്ച് അവയെ തൊട്ടു നോക്കി ഉറക്കാനാണവർക്കിഷ്ടം. പാതിമിഴിയടച്ച് പാതി ഉറക്കത്തിൽ പാതിരാക്കിനാവുകൾ കാണാൻ പലവട്ടം ശ്രമിച്ചപ്പോഴും, പതിവായി നീ വന്നിരിക്കാറുള്ള ആ പറങ്കിമാവിൻ ചുവട്ടിൽ വാടി വീഴുന്ന ഇലകളാണ് എൻ്റെ മുന്നിൽ തെളിയുന്നത്. നീ അവിടെ വന്നിരിക്കാറുള്ളപ്പോൾ ആ ഇലകൾക്കൊക്കെ എന്തൊരു പ്രസരിപ്പായിരുന്നു. തെക്കൻ കാറ്റായാലും വടക്കൻ കാറ്റായാലും അവയ്ക്കൊപ്പം ചാഞ്ചാടിയാടി ഏത് ചൂടിനേയും ശമിപ്പിച്ച് ആശ്വാസ വചനങ്ങളോതാൻ ആ ഇലകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ……?
ഓരോ സുദിനങ്ങളും സുദീർഘങ്ങളായ ഓരോ കാലഘട്ടമായാണ് ഇന്നെൻ്റെ മുന്നിൽ. വേരുണങ്ങിനശിച്ചുപോകുന്ന പൂമരങ്ങൾ താണ്ടി ഞാൻ നടന്നു പോകുമ്പോൾ ഒരല്പം മാറി നീ എന്ന ജലാശയം എനിക്കായ് കാത്തിരിക്കുന്നു എന്നതാണ് എൻ്റെ പ്രതീക്ഷ. ആശകളും നിരാശകളും കടൽത്തീരങ്ങളും തിരമാലകളും പോലെ തഴുകിയും തലോടിയും കടന്നുപോകുമ്പോൾ നിരാശകൾക്കാണ് കൂടുതൽ സാധ്യതകൾ എന്നു തോന്നും. പുസ്തങ്ങൾ മാറോടടുക്കി ബസ്സ്റ്റോപ്പിൽ ബസ്സുമിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന നിന്നോടെപ്പം നടന്നു നീങ്ങുമ്പോൾ ആശകൾ മാത്രമായിരുന്നു മുന്നിൽ. അപ്പോൾ ആശകൾക്കായിരുന്നു ജയം. എന്നാൽ ഉന്നത പഠനത്തിനായ് നീ തീവണ്ടി കയറിയപ്പോൾ നിന്നോട് യാത്ര പറഞ് ഞാൻ തിരിച്ചു നടക്കുമ്പോൾ നിരാശയായിരുന്നു മനസ്സിൽ. ആശകളെ നിരാശകൾ തട്ടി മാറ്റുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങൾ. എന്നിട്ടും എവിടെയോ ഒരൽപ്പം ആശകളെ കാത്തുവച്ച് ഞാൻ നടന്നടുത്തു. വഴിപിരിഞ്ഞ വഴികളിലൂടെ നമുക്കൊരു പുതുവഴി തേടി.
പിന്നീടങ്ങോട്ട് ഫ്രൊഫഷണലിസം തലയ്ക്കു പിടിച്ച് നീ ഓടുകയായിരുന്നു. വഴിയമ്പലങ്ങളിലെ വഴിവാണിഭക്കാരെ നീ കണ്ടില്ല. വഴിയറിയാതെ വഴിതെറ്റിയവരെ നീ കേട്ടില്ല. കാത്തിരിക്കുന്ന കരസ്പർശങ്ങളെ നീ അറിയാൻ ശ്രമിച്ചില്ല. എന്നിട്ടും ഇടയ്ക്കെപ്പൊഴോ ജയിച്ചു മുന്നേറുന്ന നിൻ്റെ മുന്നിൽ അറിയാതെ ഉത്തരം കിട്ടാത്തൊരു ചോദ്യമായി ഞാൻ നിന്നു അല്ലേ ? അതെ ഈ ഒരു ആശയുമായാണ് ഞാനും കാത്തിരുന്നത്. ഇപ്പോൾ നമ്മൾ ഒന്നാണ് നമ്മുടെ മനസ്സുകൾ ഒന്നാണ്. നമ്മുടെ മുന്നിലെ ഈ ദൂരങ്ങളാണ് പ്രശ്നം. കാലിടറുമ്പോഴും കാലമിടറുമ്പോഴും മനസ്സിന് കരുത്ത് കിട്ടാൻ ഉള്ളിൽ പ്രതിഷ്ഠിച്ച നിൻ്റെ പ്രതിഷ്ഠയെ മുറുകെപ്പിടിച്ചാണെൻ്റെ യാത്ര. , വഴിവക്കിലുറങ്ങാൻ ഇന്നെനിക്ക് തണൽമരങ്ങൾ വേണ്ട. കൂരിരുട്ടുകൾ താണ്ടാൻ കൈവിളക്കുകൾ വേണ്ടെനിക്ക്. ഒരു കാറ്റിലും കെടാതെ, ഏതിരുട്ടിനും മറക്കാൻ കഴിയാതെ നീ നീയെന്ന വെളിച്ചമാണെൻ്റെ മുന്നിൽ. നീ നീയെന്ന വെളിച്ചമാണെൻ്റെ മുന്നിൽ.
തൽക്കാലം നിർത്തുന്നു.
പ്രണയ ചിന്തകൾ മനോഹരം
പ്രണയ വിവരണം കൊള്ളാം അടിപൊളി
