നീ കഴിഞ്ഞ ഞായറാഴ്ച്ച വരുമെന്ന് പറഞ്ഞ് നിന്നെയും കാത്ത് മാധവേട്ടൻ്റെ വീടിൻ്റെ പിറകിലെ കുളക്കടവിൽ ഇരുന്നിരുന്ന് മടുത്തിട്ടാ ഞാൻ എഴുന്നേറ്റ് പോയത്. വരില്ലെങ്കിൽ ഒരു വാക്ക് നിനക്ക് പറയാമായിരുന്നു പെണ്ണേ.
നീ കാലത്ത് പാലും കൊടുത്ത് വരുന്നനേരം എന്നോട് വരുമെന്ന് പറഞ്ഞതല്ലേ. സാരമില്ല ഈ എഴുത്തിൽ ഞാൻ എനിക്ക് പറയാനുള്ളതെല്ലാം എഴുതിയിട്ടുണ്ട്. ഇത് വായിച്ചിട്ട് മറുപടിയിൽ എഴുതിയാൽ മതി എപ്പഴാ എവിടെ വച്ചാ കാണുക എന്ന്.
പിന്നേ…. ഒരു പത്തുമിനുട്ട് മുൻപ് വരെ ഞാൻ നമ്മുടെ ആ ദിവസം ഒന്ന് ഓർത്തു പോയി കണ്ണേ. വെള്ളയിൽ കറുത്ത പുള്ളിയുള്ള പാവാടയും മഞ്ഞ ബ്ലൗസും ധരിച്ച് നീ സർക്കസ്സ് കാണാൻ വന്നപ്പോൾ നിൻ്റെ നേരെ മുന്നിൽ എതിർഭാഗത്ത് ഞാൻ നിന്നതും, അപ്പോൾ നമ്മൾ രണ്ടും പേരും കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് സർക്കസ്സ് കാണാൻ മറന്നതും, പുറത്തിറങ്ങിയപ്പോൾ വിമൽ എന്നോട് സർക്കസ്സിലെ അഭ്യാസങ്ങളെക്കുറിച്ച് പറയുമ്പോൾ ഞാൻ ഒന്നും കേൾക്കാതിരുന്നതും, എല്ലാം എല്ലാം ….’ അവൻ പറഞ്ഞതൊന്നും ഞാൻ കേൾക്കാതിരുന്നത് എന്താണെന്നറിയോ ? ആ സമയം ശരിക്കും ഞാൻ ഹൈഡ്രജൻ നിറച്ച് പൊന്തിച്ചു വിട്ട ബലൂണ് പോലെ ഇങ്ങിനെ പോകുകയായിരുന്നു. അതാണ് അവൻ്റെ തമാശകളൊന്നും എനിക്ക് കേൾക്കാൻ കഴിയാതെ പോയത്.
നിൻ്റെ ചിരിയും, ആ നുണക്കുഴിക്കവിളും, ഇടയ്ക്കിടയിക്ക് നീ ആരും കാണാതെ നൽകുന്ന ഉമ്മകളും ഒക്കെയായിരുന്നു. എൻ്റെ മനസ്സിൽ നിറയെ. പിന്നേ സർക്കസ്സ് കഴിഞ്ഞിറങ്ങുമ്പോൾ ആളുകളുടെ ഇടയിൽ നിന്ന് ഉന്തും തള്ളും ഉണ്ടാക്കി ഞാൻ നിന്നോടൊപ്പം എത്തിയപ്പോൾ നിൻ്റെ അമ്മയും അച്ഛനും കാണാതെ നീ എൻ്റെ കൈപിടിച്ചതും നുള്ളിയതും ഹൊ ! ശരിക്കും അതിശയിച്ചു പോയിരുന്നു.
എന്തായാലും എനിക്ക് നിന്നെ ഉടനെ കാണണം. നിന്നോട് ചേർന്നിരിക്കണം. കുറേ സമയം നമുക്ക് സംസാരിക്കണം. അതുകൊണ്ട് ഈ കത്ത് കിട്ടിയ ഉടനെ മറുപടി കൊടുത്തു വിടണം. ഞാൻ കൊടുത്തു വിടുന്ന പോലെ മുത്തുവിൻ്റെ കൈയ്യിൽ തന്നെ കൊടുത്താൽ മതി. അവനെ വിശ്വസിക്കാം. ദാ പിന്നേ….നിന്നെ ആ വിഷ്ണു ഇടയ്ക്കിടയ്ക്ക് ശല്യം ചെയ്യുന്നുണ്ട് എന്ന് ഞാനറിഞ്ഞു. എന്താ അവൻ നിന്നോട് പായ്യാരം പറയാൻ വരുമ്പോൾ നീ ഒന്നും പറയാതെ അവനോട് ചേർന്ന് നടക്കുന്നത്. നിനക്ക് അവൻ്റെ ചങ്ങാത്തം വല്ലാതങ്ങ് പിടിച്ചിട്ടുണ്ട് എന്ന് തോന്നുന്നല്ലോ ? വേണ്ട മോളേ വേണ്ടാ.. അവനാള് ശരിയല്ല കേട്ടോ. നിനക്കറിയാലോ അവൻ കഴിഞ്ഞ വർഷം ഉണ്ടാക്കിയ പുകില് . അല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതാണോ നീ ? എടി പെണ്ണേ എപ്പോഴും കള്ളും കഞ്ചാവുമായി നടക്കുന്നവനാ അവൻ. അവൻ്റെ കൂട്ടുകെട്ടും അത്ര നല്ലതല്ല. ഞാൻ പറഞ്ഞില്ലന്നു വേണ്ട. ഞാൻ അത്യാവശ്യകാര്യങ്ങൾക്ക് അങ്ങും ഇങ്ങും പോകുന്നതാ എപ്പോഴും നിന്നെത്തന്നെ നോക്കിയിരിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് സൂഷിച്ചാൽ ദുഖിക്കേണ്ട മോളേ.
ഞാനിപ്പോൾ ഞങ്ങളുടെ ക്യാമ്പ്നടക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു പാറയുടെ മുകളിൽ ഇരുന്നാണ് ഇത് എഴുതുന്നത്. ദൂരെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലമേടുകൾക്കു താഴെ മരതകപ്പട്ടുടുത്ത വനകാന്തിയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ പോലെ അവിടവിടെ തെളിഞ്ഞു കാണുന്ന പ്രകാശദീപങ്ങൾ കൺ ചിമ്മിക്കളിക്കുന്നു. ചിലപ്പോൾ കാറ്റിലാടുന്ന മരച്ചില്ലകൾ കണ്ണാരം പൊത്തിക്കളിക്കുന്നതാണോ എന്ന് തോന്നും. മിന്നാമിന്നിക്കൂട്ടങ്ങൾ വട്ടമിട്ടു പറന്നു കൊണ്ട് ആകാശ താരകങ്ങൾക്ക് നിറപ്പകിട്ടേക്കുന്നു. മലകളേയും മരങ്ങളേയും തഴുകി എത്തുന്ന തണുത്ത കാറ്റ് എൻ്റെ കാതുകളിൽ കിന്നാരമോതി എന്നെ ഇക്കിളിയാക്കുന്നു. അങ്ങിനെ എൻ്റെ കൈയ്യിലെ ലെറ്റർ പാഡിൽ നിൻ്റെ ഓർമ്മകൾ പൂവിടുന്നു. നീ അടുത്തുണ്ടായിരുന്നെങ്കിലെന്ന് വല്ലാതെ വല്ലാതെ ഞാൻ കൊതിച്ചു പോകുന്നു.
ഇനി രണ്ടു ദിവസം, രണ്ടേ രണ്ടു ദിവസം കൂടെയുണ്ട് ഞങ്ങളുടെ ക്യാമ്പ് കഴിയാൻ. മൂന്നാം നാൾ ഞാൻ നാട്ടിലെത്തും. അന്നെനിക്ക് നിൻ്റെ മറുപടി കിട്ടണം. എന്താ കൊടുത്തയക്കില്ലേ നീ.. വേലിക്കരികിൽ കാത്ത് നിന്ന്, വയൽ വരമ്പിൽ ഒപ്പം നടന്ന്, ചെറു തോടുകൾ മുറിച്ചു കടന്ന് മഞ്ചാടിക്കുരു പെറുക്കിക്കൂട്ടാൻ നമ്മൾ ഇന്ന് കുട്ടികൾ അല്ലല്ലോ പെണ്ണേ. ആയിരുന്നെങ്കിൽ നിൻ്റെ വീട്ടിൽ വന്ന് കളിക്കാൻ വിളിച്ച് നിന്നേയും കൊണ്ട് പോകുമായിരുന്നില്ലേ ഞാൻ. കാലം പകർന്നു നൽകിയ കൗമാരത്തിൻ്റെ കതിർക്കുലകളായി വെയിലും മഴയും ശൈത്യവും ഏറ്റുവാങ്ങി ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഹരി നുണയാൻ കാണാപ്പുറങ്ങളിൽ അലയുന്നവരല്ലേ ഇന്ന് നമ്മൾ. നാളെയുടെ സ്വപ്നങ്ങൾ കരുപ്പിടിപ്പിക്കാൻ ഇന്നിൻ്റെ വേർപാട് നുണയുന്നവർ. ഇനിയും എത്ര നാൾ ?
ങ്ഹാ … തല്ക്കാലം നിർത്തുന്നു. ക്യാമ്പിൽ നിന്ന് വിളി വന്നു. ക്യാപ്റ്റൻ വരുന്നതിന് മുന്നേ അങ്ങോട്ട് ചെല്ലട്ടെ. ഇല്ലങ്കിൽ ഈ എഴുത്ത് പിടിച്ചു വാങ്ങും. പുള്ളിക്ക് പ്രണയ കഥ വലിയ ഇഷ്ടമാണ്. ഇടയ്കിടയ്ക്ക് എന്നോട് പുള്ളിയുടെ പഴയ പ്രണയത്തെപ്പറ്റി പറയും. ഞാനും പറഞ്ഞിട്ടുണ്ട് നമ്മുടെ പ്രണയം. കൂടാതെ എൻ്റെ എഴുത്ത് പുള്ളിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും പറയും എഴുത്തിനെപ്പറ്റി. അതുകൊണ്ട് ഈ എഴുത്ത് കണ്ടാൽ വിടില്ല. അതുകൊണ്ട് തല്ക്കാലം നിറുത്തുന്നു.
Thank you

പുഴ ഒഴുകും വഴികളിലെ പ്രണയത്തിന്റെ പരിമളം സൂപ്പർ
Thank you

മനോഹരം

Thank you

മനോഹരം
പ്രണയ ചിന്തകൾ വളരെ മനോഹരമായി ഒഴുകി
Thank you
