Logo Below Image
Saturday, May 24, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ .(ഭാഗം 44) ജോർജ്ജേട്ടന്റെ തോട്ടം. ✍ സജി ടി പാലക്കാട്

പള്ളിക്കൂടം കഥകൾ .(ഭാഗം 44) ജോർജ്ജേട്ടന്റെ തോട്ടം. ✍ സജി ടി പാലക്കാട്

സജി ടി പാലക്കാട്

ഉച്ചഭക്ഷണം കഴിഞ്ഞ് വരാന്തയിലെ ഇരുമ്പ് കസേരയിൽ ചാരിയിരിക്കുകയയിരുന്നു സദാനന്ദൻ മാഷ്.
ഒരു പൂച്ച പതുങ്ങി വന്ന് അടുത്ത് ഇരിപ്പുറപ്പിച്ചു. കാലിൽ തലകൊണ്ട് സ്നേഹത്തോടെ തഴുകി.

“ഇതേതാ പുതിയ അതിഥി?”

കുട്ടികൃഷ്ണൻ മാഷ് പെട്ടെന്ന് അവിടേക്ക് കടന്നു വന്നു.

സദാനന്ദൻ മാഷ് ചാടി എണീറ്റു..

“എന്തിനാ എഴുന്നേൽക്കണത്?
ഹെഡ്മാസ്റ്റർ ഒക്കെ അങ്ങ് സ്കൂളിൽ അല്ലേ..?”

“എന്നാലും..?
പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്”

“ഇപ്പോൾ നമ്മൾ കൂട്ടുകാരല്ലേ മാഷേ..?
ശരി, അതൊക്കെ പോട്ടെ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ?
ഇവിടെ വന്നിട്ട് രണ്ടുമാസം കഴിഞ്ഞു, എവിടെയും പോയില്ല..”

“അതിനെന്താ ഞാൻ റെഡി.സജി മോനോടും ,വിപിൻ മാഷിനോടും ചോദിക്കട്ടെ..”

“എന്താ രണ്ടുപേരും കൂടി ഒരു കൊച്ചു വർത്തമാനം? ”

“ഞാൻ അവിടേക്ക് വരാൻ തുടങ്ങുകയായിരുന്നു കൊച്ചു മാഷേ..
നമ്മുടെ എച്ച് .എം ചോദിക്കുവാ ഒന്ന് കറങ്ങാൻ പോയാലോ എന്ന്..”

“അതിനെന്താ നമുക്ക് ഇപ്പോൾ തന്നെ പോകാമല്ലോ?”

വീടിന്റെ കതക് ചാരി നാലുപേരും പുറത്തിറങ്ങി.

“എങ്ങോട്ടാണ് എല്ലാരും കൂടി ..?”

അടുക്കള വാതിൽക്കൽ നിന്നു എത്തിനോക്കിക്കൊണ്ട് രാധ ചേച്ചി ചോദിച്ചു.

“എത്ര നേരമാ രാധേച്ചീ മുറിക്കുള്ളിൽ അടച്ചിരിക്കുന്നത് ?
ഒന്നു നടന്നിട്ട് വരാം എന്ന് കരുതി.”

“ഓ.. ശരി ശരി..”

പുഴയുടെ തീരത്തുള്ള റോഡിലൂടെ നടന്നു. വലതുഭാഗത്ത് പുഴയോട് ചേർന്ന് സ്ഥലത്ത് കുരുമുളക് കൃഷി ചെയ്തിരിക്കുന്നു. മുരിക്ക് , ശീമക്കൊന്ന എന്നീ മരങ്ങളിൽ കുരുമുളക് കയറ്റി വിട്ടിരിക്കുന്നു. കുരുമുളക് വള്ളിയുടെ പച്ച ഇലകൾക്കിടയിൽ മഞ്ഞ തിരികൾ കാണാൻ എന്തൊരു ചന്തം!

ഇടതുവശത്ത് മലഞ്ചെരിവാണ്. കാട് പിടിച്ചു കിടക്കുന്ന പ്രദേശം. അവിടവിടെയായി ഓടിട്ട പഴയ കെട്ടിടങ്ങൾ കാണാം . പക്ഷേ ഉപയോഗിക്കാൻ പറ്റാത്ത വിധം കാട് മൂടി കിടക്കുന്നു. നിർമ്മാണം പാതി നിലച്ച കെട്ടിടങ്ങളും ഉണ്ട് . തുരുമ്പെടുത്ത വാഹനങ്ങൾ ചില കെട്ടിടങ്ങളുടെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്നു. ചില വീടിന്റെ മുമ്പിൽ ക്രഷർ യൂണിറ്റും കാണാം.

“ഇതെന്താ ഈ കെട്ടിടങ്ങൾ നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്നത്? ”

കുട്ടികൃഷ്ണൻ മാഷ് ചോദിച്ചു.

“ഇതെല്ലാം എ. വി.ഐപി വകയാണ് മാഷേ. കൂടുതൽ കാര്യങ്ങൾ ജോർജ് ചേട്ടനോട് ചോദിച്ചാൽ അറിയാമായിരിക്കും.”

“ആരാ ജോർജ് ചേട്ടൻ?”

“നാട്ടിലെ പ്രധാന കൃഷിക്കാരനാണ്. നമ്മുടെ സ്കൂളുമായി സഹകരിച്ചു നിൽക്കുന്ന വ്യക്തിയാണ് . കുറച്ചു ദൂരം കൂടി പോയാൽ മതി ജോർജ്ജേട്ടന്റെ വീട്ടിലേക്ക്.”

വിപിൻ മാഷ് പറഞ്ഞു.

മഴക്കാലത്ത് വെള്ളം ഒഴുകിയിട്ടാവും മണ്ണ് റോഡിൽ നിരവധി ചാലുകൾ ഉണ്ട്. സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാല് കുഴിയിൽ വീഴും. റോഡിന്റെ ഇടതുവശത്തും കുരുമുളക് ചെടികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മറ്റൊരു ഭാഗത്ത് കായ്ച്ചു നിൽക്കുന്ന കവുങ്ങിൻ തോട്ടം. കവുങ്ങുകൾക്കിടയിൽ തെങ്ങുകൾ. അല്പം കുത്തനെയുള്ള പ്രദേശമാണെങ്കിലും നല്ല കായ്ഫലം ഉള്ള തെങ്ങുകൾ.

“എന്റമ്മച്ചിയെ….!
ഞവണിങ്ങ മുട്ട ഇട്ടത് പോലെയാണല്ലോ
തേങ്ങ കായ്ച്ചു കിടക്കുന്നത്….!
ജോർജ്ജേട്ടന്റെതാണോ ഈ കൃഷി സ്ഥലം?”

സദാനന്ദൻ മാഷ് ചോദിച്ചു.

“ആവും..”

കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ തെങ്ങുകൾക്കും കവുങ്ങുകൾക്കും ഇടയിൽ കൊക്കോയും , കാപ്പിയും കണ്ടുതുടങ്ങി. ഇടുക്കിയിൽ എത്തിയ പ്രതീതി…!

അകലെ കുന്നിന്റെ മുകൾവശത്തായി ഒരു ഓടിട്ട വീട് കാണാം . ജോർജ്ജേട്ടന്റേതാവും.

“ആരാ അത്..?”

എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ചെരിഞ്ഞ പ്രദേശത്തിന്റെ താഴ് വാരത്തിൽ ഒരു ചെറിയ ഓലിയിൽ നിന്ന് ഒരാൾ വെള്ളം കോരുന്നു.

“ഞങ്ങളാ ജോർജ്ജേട്ടാ…”

വിപിൻ മാഷ് വിളിച്ചു പറഞ്ഞു.

“എൻ്റെ കർത്താവേ , ആരൊക്കെയാന്നെ ഈ വരുന്നത് ?
എത്ര നാളായി ഇങ്ങോട്ട് വരുവാൻ പറയുന്നു.!
ഇന്നെങ്കിലും വരാൻ തോന്നിയല്ലോ?
ഒരു മിനിറ്റ് ഞാൻ ദാ വരുന്നു.”

ബക്കറ്റും കയറും അവിടെ വച്ച് ജോർജ്ജേട്ടൻ പതിയെ മുകളിലോട്ട് കയറി വന്നു.

“ജോർജ്ജേട്ടനെ സ്കൂളിലേക്ക് കണ്ടിട്ട് കുറേ കാലമായല്ലോ..?”

“എന്റെ സാറേ ഞാൻ ഒന്ന് മാറിയാൽ ഇവിടുത്തെ കാര്യങ്ങൾ ആകെ അവതാളത്തിലാകും.
ഇവരൊക്കെ ആരാ?
പുതിയ സാറന്മാരാണോ?”

“ഇത് പുതിയ എച്ച്. എം കുട്ടികൃഷ്ണൻ മാഷ്. ”

“വരൂ നമുക്ക് വീട്ടിൽ പോയിരുന്നു സംസാരിക്കാം. ”

“ഓ.. ആയിക്കോട്ടെ..”

ഒരു ചെറിയ വഴിയിലൂടെ അവർ നടന്നു. ജോർജ്ജേട്ടൻ ഏറ്റവും മുന്നിലായി നടന്നു. കുത്തനെയുള്ള കയറ്റമാണ്.

“സാറേ സൂക്ഷിച്ചു നടക്കണം കേട്ടോ.
സരസ്വതി അമ്മ ടീച്ചർക്ക് സ്ഥലംമാറ്റമായി എന്ന് വിജയൻ പറഞ്ഞിരുന്നു .പക്ഷേ, വരാൻ പറ്റിയില്ല. എന്നാണ് പുതിയ ഹെഡ്മാസ്റ്റർ ജോയിൻ ചെയ്തത്..?”

“രണ്ടുമാസം കഴിഞ്ഞു ചേട്ടാ..”

“ആന്നോ..?
എന്നാ പറയാനാ സാറേ ഞാൻ ആകെ തിരക്കിൽപ്പെട്ടു പോയി”

“ഹെഡ്മാഷിന്റെ വീട് എവിടെയാണ്?”

“പട്ടാമ്പി.”

“ഇതാരാണ് ?
നല്ല മുഖപരിചയം ഉണ്ടല്ലോ ..?”

“ഇത് പുതിയ മാഷ് …
പേര് സദാനന്ദൻ. ”

“നമ്മള് മൂന്നുമാസം മുമ്പ് ജീപ്പിൽ വച്ച് പരിചയപ്പെട്ടില്ലേ?”

“ശ്ശോ..,ഞാനങ്ങ് മറന്നു പോയി കേട്ടോ ..
ഞാൻ പലതവണ വിചാരിച്ചു സ്കൂളിലേക്ക് ഒന്ന് ഇറങ്ങണമെന്ന്.
നേരം കിട്ടണ്ടേ..?
പശു കറവ ഉള്ളതുകൊണ്ട് എവിടേക്കും പോകാൻ പറ്റില്ല.
രാവിലെയും വൈകിട്ടും പശുവിനെ കറക്കണം .പിന്നെ പുല്ലുവെട്ട്, ഇവറ്റകളെ പറമ്പിൽ അഴിച്ചു കെട്ടണം. പറമ്പിൽ കെട്ടിയാലോ , നമ്മൾ അടുത്ത് തന്നെ വേണം. ചെരിഞ്ഞ പ്രദേശമല്ലേ..?
വീണാൽ പണി കിട്ടും.”

കയറ്റം കയറി ഒടുവിൽ വീടെത്തി.
ഓടിട്ട ചെറിയ വീട്. രണ്ടു മുറിയും അടുക്കളയും ഉള്ള കൊച്ചു വീട്.

ജോർജ് ചേട്ടന്റെ മുറ്റത്തുനിന്ന് നോക്കുമ്പോൾ വളഞ്ഞു പുളഞ്ഞൊഴുകുന്ന ശിരുവാണിപ്പുഴ കൂടുതൽ സുന്ദരിയായ പോലെ…

“എന്നതാന്നേ എല്ലാവരും നിൽക്കുന്നേ?
ഉള്ള സ്ഥലത്തൊക്കെ ഇരിക്കന്നേ…”

” അന്ന് ജീപ്പിൽ വെച്ച് കണ്ടപ്പോൾപ്പോൾ ജോർജ്ജേട്ടൻ പറഞ്ഞത് ചെറിയതോതിൽ കൃഷി ചെയ്ത് ജീവിക്കുന്നു എന്നാണല്ലോ.. ഇപ്പോഴല്ലേ മനസ്സിലായത് എസ്റ്റേറ്റ് മുതലാളി ആണെന്ന്..,!”

സദാനന്ദൻ മാഷ് പറഞ്ഞു..

“എസ്റ്റേറ്റ് മുതലാളി എന്നൊന്നും പറയാൻ വയ്യ സാറേ. ആകപ്പാടെ ഒരു ആറേഴേക്കർ സ്ഥലം മാത്രം…! അതിൽ കണ്ട പത്രാദി എല്ലാം കൃഷി ചെയ്തിട്ടുണ്ട് എന്ന് മാത്രം. പിന്നെ പറമ്പിൽ നന്നായി പണിയെടുത്താൽ അതിന്റെ ഫലം കിട്ടും. പണിയെടുത്തില്ലെങ്കിൽ ഒന്നും കിട്ടത്തുമില്ല. ”

“ഞാൻ വെറുതെ പറഞ്ഞതാണ് ജോർജ്ജേട്ടാ..”

“എച്ച്. എം പാലക്കാട്ടുകാരൻ ആണല്ലേ ?
ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ?”

“ഉവ്വ് …നാടും സ്കൂളും എല്ലാം ഇഷ്ടമായി . നല്ല നാട്ടുകാർ..
നല്ല സഹപ്രവർത്തകർ..”

“അതെ, ഇവർ നല്ല ചെറുപ്പക്കാരാണ്. ആത്മാർത്ഥത ഉള്ളവർ. വിജയൻ എന്നോട് പറയാറുണ്ട്. ”

“ഞങ്ങൾ വരുന്ന വഴിക്ക് കുറെ കെട്ടിടങ്ങൾ കാടുമുടി കിടക്കുന്നത് കണ്ടല്ലോ ജോർജ്ജേട്ടാ? ”

കുട്ടികൃഷ്ണൻ മാഷ് ചോദിച്ചു.

“അതോ അതൊക്കെ ഒരു കഥയാണ് സാറെ.
ശിരുവാണിപ്പുഴയിൽ അഗളി വില്ലേജിലെ ചിറ്റൂരിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച ജലസേചന പദ്ധതിയാണ് എ.വി.ഐപി. അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ട് .1976 ൽ സർക്കാർ ഭൂമി ഏറ്റെടുത്തു . ഓഫീസ് ബിൽഡിംഗ്, കനാൽ , ക്വാർട്ടേഴ്സ് ഇൻസ്പെക്ടേർസ് ബംഗ്ലാവ് എന്നിങ്ങനെ നിർമ്മിക്കാൻ വേണ്ടിയാണ് സ്ഥലം ഏറ്റെടുത്തത്.”

“ഉം, എന്നിട്ട്..?”

“കേന്ദ്ര ജല അതോറിറ്റി പദ്ധതിക്ക് ക്ലിയറൻസ് നൽകിയില്ല. അതോടെ പദ്ധതി നിർത്തിവച്ചു. ഓഫീസ് കെട്ടിടങ്ങൾ സ്റ്റാഫ് കോർട്ടേഴ്സ് ഇവ പൂർത്തിയായി. ചിലവ പൂർത്തിയായില്ല.നിങ്ങൾ വരുന്ന വഴിക്ക് കണ്ടിട്ട് ഉണ്ടാവും അല്ലേ ..?”

“ഉം..”

“ഈ പദ്ധതി നടപ്പിലായിരുന്നെങ്കിൽ അട്ടപ്പാടി ഇങ്ങനെ വരണ്ടുണങ്ങി കിടക്കില്ലായിരുന്നു അല്ലേ..?”

“അതെ അട്ടപ്പാടിയിലെ അഗളി വില്ലേജിലെ തരിശായി കിടക്കുന്ന പ്രദേശത്ത് ജലസേചനം നടത്തി കൃഷി മെച്ചപ്പെടുത്താൻ കഴിയുമായിരുന്നു.”

” പദ്ധതി ഇനി ഒരിക്കലും പൂർത്തിയാവില്ലേ ..?”

“എന്ന് പറയാൻ കഴിയില്ല. ഓഫീസുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് .”

“ഗ്രേസി, ചായ ആയില്ലേ..?”

പറഞ്ഞതും ഗ്രേസി ചായയുമായി വന്നു .

“ഇത് എൻറെ ഭാര്യ”

“മനസ്സിലായി”

“നല്ല കപ്പപ്പുഴുക്കും പുഴമീൻ കറിയും ഇരിപ്പുണ്ട് എടുക്കട്ടെ”.

“അയ്യോ! ഇപ്പോൾ വേണ്ട ചേട്ടാ.
പിന്നീടൊരിക്കൽ ആകാമല്ലോ..?”

“ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങൂട്ടോ..”

” ശരി ,കാണാം…

ശിരുവാണി പുഴയുടെ ഓളങ്ങൾക്ക് മഞ്ഞ നിറം പരത്തിക്കൊണ്ട് സൂര്യൻ താഴ്ന്നിറങ്ങി.

( തുടരും….)

സജി ടി പാലക്കാട്✍

RELATED ARTICLES

4 COMMENTS

  1. സ്വാനുഭവത്തിൻ്റെ അലയൊലികൾ നിറഞ്ഞ നാട്ടിൻപുറവർണ്ണനയും , ഗവൺമെൻ്റ്റ് പദ്ധതിയുടെ പരാജയത്തിൻ്റ കയ്പ്പും, നന്മകൾ നിറഞ്ഞ ഗ്രാമവും എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു. ബാച്ചിലർ ലൈഫിലെ ഉദ്യോഗ ജീവിതം ഒരിക്കലും മറക്കാനാവില്ല .നല്ലെഴുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ