Logo Below Image
Saturday, March 22, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 36) 'പരുത്തിമല' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 36) ‘പരുത്തിമല’ ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

കോരിച്ചൊരിയുന്ന മഴയത്ത് മണ്ണാർക്കാട് നിന്നും ആനക്കട്ടിക്ക് പോകുന്ന മയിൽ വാഹനം ബസ്സിലേക്ക് സദാനന്ദൻ മാഷ് ഓടിക്കയറി. രാവിലെ ആയതുകൊണ്ടാവാം പകുതി സീറ്റിലേ ആളുകൾ ഉള്ളൂ .
വണ്ടിയുടെ സൈഡിലുള്ള പഴയ ടാർപ്പായ ചോർന്നൊലിക്കുന്നുണ്ട്. സീറ്റ് നിറയെ വെള്ളം..!
എങ്ങനെ ഇവിടെ ഇരിക്കും?

“ചേട്ടാ സീറ്റ് നിറയെ വെള്ളം ആണല്ലോ ..?
ഒരു തുണി തരുമോ..,?

ബസ്സിലെ കിളിയോട് സദാനന്ദൻ മാഷ് ചോദിച്ചു.
കിളി നേരെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ഡ്രൈവറുടെ അടുത്തുള്ള പെട്ടി തുറന്നു ഒരു കീറിയ തോർത്ത് എടുത്തു തന്നു..
സീറ്റ് തുടച്ചതിനുശേഷം സീറ്റിൽ ഇരുന്നു.

പത്തു മിനിറ്റ് കഴിഞ്ഞതും ബസ് എടുത്തു. അട്ടപ്പാടിയുടെ മറ്റൊരു ഭാഗത്താണ് ഇത്തവണ നിയമനം . ബസ്സിറങ്ങി അരമണിക്കൂർ ജീപ്പിനു പോയാൽ സ്കൂൾ പടിക്കൽ ഇറങ്ങാം എന്ന് കണ്ടക്ടർ പറഞ്ഞു. അത്രയും, ആശ്വാസം …!നടക്കണ്ടല്ലോ… !
വണ്ടി നിരങ്ങി അട്ടപ്പാടി ചുരം കയറിയത്തുടങ്ങി ..
മൂടൽ മഞ്ഞു കാരണം റോഡ് കാണുവാൻ തന്നെ പ്രയാസം. ഫോഗ് ലാമ്പിന് പുറമെ ഹെഡ് ലൈറ്റ് ഇട്ടാണ് വണ്ടി കയറ്റം കയറിയത്.
പതിനൊന്നു മണിയോടെ ബസ് അഗളി എത്തി.

‘പരുത്തിമല’…… ‘പരുത്തിമല’…

റോഡ് വക്കത്തുള്ള മരച്ചുവട്ടിൽ നിർത്തിയിട്ട ജീപ്പിലെ ഡ്രൈവർ വിളിച്ചു പറഞ്ഞത് കാരണം ആരോടും വഴി ചോദിക്കേണ്ടി വന്നില്ല. വേഗം ജീപ്പിൽ കയറി പിന്നിലെ സീറ്റിൽ ഇരുന്നു. ബസ്സിൽ നിന്നും വന്നവരിൽ ചിലരും ജീപ്പിലേക്ക് ഓടിവന്ന് കയറി .
അതോടെ ജീപ്പ് നിറഞ്ഞു.

വളഞ്ഞു പുളഞ്ഞ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡിലൂടെ ജീപ്പ് മുന്നോട്ടു നീങ്ങി . കുറച്ചു ദൂരം വരെ റോഡിന് ഇരുവശത്തും ഓടിട്ട വീടുകൾ കാണാം . എല്ലാം കുടിയേറ്റ കർഷകരുടെ വീടുകൾ ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. ജീപ്പ് മുന്നോട്ടുപോകുന്തോറും ജനവാസ മേഖല കുറഞ്ഞു കുറഞ്ഞു വന്നു . റോഡിന്റെ വലതുവശം കുന്നുകളാണ് .
നഗ്നമായ വലിയ കുന്നുകൾ..!
ഇടതുവശത്ത് നല്ല പച്ചപ്പ് കാണാം. പലതരം വൃക്ഷങ്ങളും കെട്ട് പിണഞ്ഞ് ചെറു സസ്യങ്ങളും എല്ലാം ചേർന്ന് ഒരു വനത്തിന്റെ പ്രതീതിയുണ്ട്. റോഡിന് ഇരുവശവും വീടുകളില്ല. ജീപ്പ് കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ ദൂരെ ഒരു അരുവി ഒഴുകുന്നു. അടുത്തെത്തുന്തോറും അരുവി കൂടുതൽ ദൃശ്യമായി. തന്നെയുമല്ല വീതി കൂടിയും വരുന്നുണ്ട്. നല്ല തെളിഞ്ഞ വെള്ളം പതഞ്ഞൊഴുകുന്നു. താമസിയാതെ വൻമരങ്ങൾ ഫലവക്ഷങ്ങൾക്ക് വഴിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തെങ്ങ്, കവുങ്ങ് ,തേക്ക്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങൾ കണ്ടുതുടങ്ങി . ഇടയിൽ ഓടിട്ട വീടുകളും പ്രത്യക്ഷപ്പെട്ടു. റോഡിന്റെ വലതുഭാഗം മൊട്ട കുന്നുകളാണ് . അത് സർക്കാർ ജെണ്ട കെട്ടി തിരിച്ചിട്ടുണ്ട്.

ജീപ്പിൽ ഉണ്ടായിരുന്ന പത്തുപേരിൽ രണ്ടുപേർ ഒഴികെ എല്ലാവരും കുടിയേറ്റ കർഷകർ ആണ് എന്ന് വർത്തമാനത്തിൽ നിന്നും മനസ്സിലായി.

“എവിടേക്കാണ് പോകുന്നത് ?ഇതിനുമുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ?

ഒരാൾ സദാനന്ദൻ മാഷിനോട് ചോദിച്ചു.

“പരുത്തിമല സ്കൂളിലേക്ക് …”

“ഓ..പുതിയ മാഷാണ്, അല്ലേ ..?”

“അതെ …”

“നാട് എവിടെയാണ്..?”
സദാനന്ദൻ മാഷ് സ്ഥലപ്പേര് പറഞ്ഞു.

“ഓ..തെക്കനാണ് അല്ലേ..?”

“ഉം….”

“സാറിന്റെ വർത്തമാനം കേട്ടപ്പോൾ തന്നെ മനസ്സിലായി തെക്കനാണെന്ന് ..”

അടുത്തിരുന്ന ആൾ പറഞ്ഞു.

“കോട്ടയം, പാലാ , തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവിടുത്തെ കുടിയേറ്റ കർഷകരിൽ കൂടുതൽ പേരും…”

“ആണോ..?”

“എൻ്റെ വീട് കോട്ടയം. ഞങ്ങളുടെ നല്ല പ്രായത്തിൽ ഇവിടെ വന്നതാണ്.
ഏതാണ്ട് അൻപത് വയസ്സുള്ള ഒരാൾ പറഞ്ഞു.

“അതു ശരി ..
ചേട്ടന്റെ പേരെന്താണ്?”

“ജോർജ് …”

“എന്ത് ചെയ്യുന്നു..?”

” കൃഷി..”

“കൃഷി എന്ന് പറഞ്ഞാൽ നെൽക്കൃഷിയാണോ..,?

“അല്ല .,പ്രധാനമായും കൊടി, കാപ്പി, കൊക്കോ പിന്നെ കപ്പ, വാഴ, തെങ്ങ് അങ്ങനെ അങ്ങനെ….”

മുന്നോട്ടു പോകും തോറും അരുവിയുടെ വീതി വർദ്ധിച്ച് പുഴയായി മാറിക്കഴിഞ്ഞിരുന്നു.

“ഇത് ഏതു പുഴയാണ്? ”

“ശിരുവാണിപ്പുഴ..”

“ഉം, കേട്ടിട്ടുണ്ട്..”

പുഴയുടെ ഇരുവശങ്ങളിലും ധാരാളം തെങ്ങുകളും, കവുങ്ങുകളും ഇടകലർന്നു നിൽക്കുന്നു . അവിടവിടെയായി ഓടിട്ട വീടുകളും കാണാം.

“പരുത്തിമല സ്കൂൾ എത്താറായി. ഞങ്ങൾ ലാസ്റ്റ് സ്റ്റോപ്പിലാണ് ഇറങ്ങുന്നത്. ഇടയ്ക്ക് വീട്ടിലേക്ക് വരു…
ജോർജ് ചേട്ടൻ പറഞ്ഞു.

“തീർച്ചയായും…..”

ഒരു വളവിൽ ജീപ്പ് നിർത്തി.
ശീമക്കൊന്നയുടെ കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നു. റോസും വയലറ്റ് ഇടകലർന്ന നിറത്തിലുള്ള പൂക്കൾ കുല കുലയായി നിൽക്കുന്നതു കാണാൻ എന്തൊരു ഭംഗി!

മൂന്നുപേർ അവിടെ ഇറങ്ങി .

“സാർ വരൂ ഞങ്ങളും സ്കൂളിന്റെ അടുത്തേക്കാണ്…”

“ആണോ …?
തന്റെ പേര് എന്താണ്..?”

‘എൻ്റെ പേര് ജോസ്..
ഇത് ബെന്നി..”

“താൻ എന്തു ചെയ്യുന്നു..?”

‘ഞങ്ങൾ എ .വി.ഐ.പി യിൽ ആണ് വർക്ക് ചെയ്യുന്നത്.”

സദാനന്ദൻ മാഷ് ജീപ്പിൽ നിന്നും ബാഗും തോൾ സഞ്ചിയും എടുത്ത് പുറത്തേക്ക് ഇറങ്ങി.

“എവിടെയാണ് സ്കൂൾ…?”

“ദാ, ആ പുഴയുടെ അക്കരെയാണ് സ്കൂൾ.”

“പുഴ കടക്കണോ?
തോണി ഉണ്ടോ..?”

” അതിന്റെ ആവശ്യമില്ല. മുട്ടിനു താഴെ വെള്ളം മാത്രമേ ഉള്ളൂ.

റോഡിൽ നിന്നും ഒരു ഇടവഴി നീണ്ടു പോകുന്നുണ്ട്. കുത്തനെയുള്ള ഇറക്കം ഇറങ്ങി ഏതാണ്ട് നൂറ് മീറ്റർ എത്തിയപ്പോഴേക്കും പുഴ കണ്ടു. നല്ല തെളിഞ്ഞ വെള്ളം.

“സാർ വരൂ . കയ്യിൽ പിടിക്കണോ..?

ജോസ് ചോദിച്ചു കൊണ്ട്
വെള്ളത്തിലേക്ക് ഇറങ്ങി. ബെന്നി ബാഗ് വാങ്ങി പിടിച്ചു. സദാനന്ദൻ മാഷ് മുണ്ട് മടക്കി കുത്തി. ലൂണാർ ചെരിപ്പ് ഊരി കയ്യിൽ പിടിച്ചു. മെല്ലെ വെള്ളത്തിലേക്ക് കാലെടുത്തുവെച്ചു.

” അമ്മേ ..”

“എന്തുപറ്റി സാർ…?”

” എന്തൊരു തണുപ്പാണ് ഈ വെള്ളത്തിന്..!”

“ഇന്ന് തണുപ്പ് കുറവാണ് മാഷേ.”

എന്നും പറഞ്ഞു രണ്ട് പേരും മുന്നിൽ നടന്നു.

സദാനന്ദൻ മാഷ് മെല്ലെ ഓരോ ചുവടും ശ്രദ്ധിച്ച് മുന്നോട്ടു വെച്ചു.
നല്ല സ്ഫടികം പോലെയുള്ള ജലം….! ചെറിയ വെള്ളാരം കല്ലുകൾ തിളങ്ങുന്നുണ്ട്. കല്ലിന് മുകളിൽ കൂടി പള്ളത്തി, കല്ലേമുട്ടി തുടങ്ങിയ ചെറുമീനുകൾ തെന്നിതെന്നി ഓടിമറയുന്നു.

പുഴയുടെ ഏതാണ്ട് മധ്യഭാഗത്ത് എത്തിയതും മുട്ടിനു മുകളിൽ വെള്ളം …!

“ഇത് നല്ല ആഴം ഉണ്ടല്ലോ.. ?”

തോൾസഞ്ചി ഉയർത്തിപ്പിടിച്ചു കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു. മുണ്ട് കുറേക്കൂടെ പൊക്കി എന്നിട്ടും നനഞ്ഞു തുടങ്ങി .

“മഴക്കാലത്ത് വെള്ളം കൂടുമല്ലോ..?
അപ്പോൾ നമ്മൾ എങ്ങനെ അക്കരെ എത്തും …?”

“അതോ ? രണ്ട് കിലോമീറ്റർ ദൂരം മുകളിലേക്ക് പോയാൽ ഒരു ചെറിയ പാലം ഉണ്ട് .”

“ഓ…അത് ശരി …”

മുന്നിലുള്ളവരുടെ പിറകെ നിന്നും അല്പം വലത്തോട്ട് മാറിയതും കുഴിയിലേക്ക് വീണ പോലെ തോന്നി. അരയ്ക്കൊപ്പം വെള്ളം!

“ജോസേ… ഞാൻ മുഴുവൻ നനഞ്ഞല്ലോ..!”

“അയ്യോ ! അതിലെ പോകല്ലേ. അവിടെ കുഴിയാണ്.നല്ല ആഴം ഉണ്ട്.
ഞങ്ങളുടെ ഒപ്പം വരു സാർ…..”

കരയിൽ എത്താറായ ആശ്വാസത്തിൽ വേഗം കാലുകൾ മുന്നോട്ടുവച്ചു. കരയിലേക്ക് കാലെടുത്തുവെച്ചതും ദൂരെ നിന്ന് ഒരു കൂട്ടച്ചിരി കേട്ടു. പക്ഷേ ആരെയും കാണുന്നില്ല . പെട്ടെന്ന് ഒരു സ്ത്രീയും, ഒരു പെൺകുട്ടിയും തൊട്ടടുത്തുള്ള ആലിൻ ചുവട്ടിലേക്ക് മറയുന്നത് കണ്ടു. എന്തിനാണ് അവർ ചിരിച്ചത് ..?
മുണ്ടും പൊക്കി കുത്തി പേടിച്ചുവിറച്ചുള്ള തൻ്റെ വരവ് കണ്ടിട്ടാവും ചിരിച്ചത് !
ഇത് വല്ലാത്തൊരു നാടാണ് എന്ന് തോന്നുന്നല്ലോ ?

അക്കരെ എത്തിയപ്പോഴേക്കും ഉടുത്ത വെള്ളമുണ്ട് മുഴുവൻ നനഞ്ഞു തുടയോട് ഒട്ടിച്ചേർന്നു.
സമയം പന്ത്രണ്ടു കഴിഞ്ഞു . ഈ വേഷത്തോടെ എങ്ങനെ സ്കൂളിലേക്ക് പോകും..?

“സാർ വരൂ നമുക്ക് വേഷം മാറിയിട്ട് സ്കൂളിൽ പോയാൽ മതി.”

തൻ്റെ പ്രയാസം കണ്ടിട്ട് ജോസും ബെന്നിയും പറഞ്ഞു.

” സ്കൂൾ എവിടെയാണ്?”

” ഇതാ ഒരു ഇരുന്നൂറ് മീറ്റർ പോയാൽ മതി..”

“അപ്പോൾ ടീച്ചേഴ്സ് താമസിക്കുന്ന എവിടെയാണ്?”

“ഇവിടെ തൊട്ടടുത്താണ്. പക്ഷേ അവർ സ്കൂളിൽ ആണല്ലോ..!”

“നമുക്ക് വിജയൻ ചേട്ടന്റെ കടയിൽ പോയി ഡ്രസ്സ് മാറാം…”

“ആരാ ജോസേ പുതിയ ആളുകൾ?
വിജയൻ ചേട്ടൻ ചോദിച്ചു..

“പുതിയ മാഷാണ്.
മാഷിന്റെ ഡ്രസ്സ് മുഴുവൻ നനഞ്ഞു…”

“അതിനെന്താ എവിടേക്ക് വരു..
ഡ്രസ്സ് ഒക്കെ മാറിയിട്ട് സ്കൂളിൽ പോയാൽ മതി..”

വിജയൻ ചേട്ടൻ പറഞ്ഞു..

“എന്നാൽ പിന്നെ ഞങ്ങൾ നടക്കട്ടെ.
പിന്നെ കാണാം…”

ജോസ് പറഞ്ഞു”

“ഓക്കേ വളരെ ഉപകാരം…”

സദാനന്ദൻ മാഷ് ബാഗുമെടുത്ത് വിജയൻ ചേട്ടന്റെ കടയിലേക്ക് കയറി.

(തുടരും…)

സജി ടി. പാലക്കാട്✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments