പലപെണ്ണുങ്ങളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണോ കഴിയുന്നത് ?
ഒരിക്കലുമില്ല എന്നാലും കുറ്റപ്പെടുത്തലുകൾക്ക് ഒരു കുറവുമില്ല. പക്ഷേ, ഇന്ന് കുറേ ഒക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. എൻ്റെ ചെറുപ്പകാലത്ത് ഞങ്ങൾക്ക് പരിക്ഷക്ക് മാർക്ക് കുറവായെങ്കിൽ വഴക്ക് മുഴുവനും എൻ്റെ അമ്മക്കായിരുന്നു കിട്ടിയിരുന്നത്
എൻ്റെ നാട്ടിലെ ഒരു ചേച്ചി, അവർ ഇന്ന് ജീവിച്ചിരിപ്പില്ല. കാണാൻ വലിയ ഭംഗി ഒന്നുമില്ലായിരുന്നു. നീളവും കുറവ്, അവരെ നമുക്ക് ജാനകി എന്ന് വിളിക്കാം.
അവരുടെ ഭർത്താവ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു നല്ല പൊക്കമുള്ള ആളായിരുന്നു മിലിട്ടറിയിലെ ഉദ്യോഗസ്ഥനായിരുന്നു അയാൾ. അവർക്ക് ആറ് മക്കളും. അയാളുടെ പട്ടാള ചിട്ടകൾ തന്നെയായിരുന്നു വീട്ടിലും. അയാൾ ലീവിന് വന്നാൽ ചിലവിനൊന്നും കൊടുക്കാറില്ല. നന്നായി മദ്യപിക്കും. മക്കളെയും ഭാര്യയെയും മർദ്ദിക്കും. അയാൾ ലീവ് കഴിഞ്ഞു എത്രയും പെട്ടന്ന് തിരിച്ചു പോകാൻ വേണ്ടി ആ അമ്മയും മക്കളും പ്രാർത്ഥിക്കുമായിരുന്നു. അയാൾ തിരിച്ചു വരല്ലേ എന്നും ആ ചേച്ചി മൗനമായി പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് അവർ അമ്മയോട് പറയുന്നത് ഞാൻ കേട്ടിരുന്നു. അയാൾ പട്ടാളത്തിൽ നിന്ന് റിട്ടയർമെൻ്റ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ആ അമ്മയും മക്കളും വല്ലാതെ പേടിച്ചു.പിന്നീട് അങ്ങോട്ട് നരകമായിരുന്നു ആ വീട്.
അവരുടെ മൂത്ത മകളുടെ കല്യാണം കഴിഞ്ഞിരുന്നു അവർ ഒരു കുട്ടി ആയതിന് ശേഷം തൻ്റെ ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ വന്നു താമസമാക്കി ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമാണ് എന്നായിരുന്നു അവർ പറഞ്ഞത്
ആ വീട്ടീൽ മൂന്ന് ആൺമക്കൾ ഉണ്ട് പക്ഷേ, ആർക്കും അച്ഛനെ ഭയം കൊണ്ട് എതിർക്കാൻ പറ്റുമായിരുന്നില്ല
സഹികെട്ട് രണ്ടാമത്തെ മകൻ നാടുവിട്ടുപോയി . അതിൻ്റെ പേരിലും ജാനകി ചേച്ചി കുറേയേറ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം ഒരു പെണ്ണായി ജനിച്ചതിൻ്റെ പേരിൽ.
മക്കളെ വളർത്താൻ ജാനു ചേച്ചി ഒരു കമ്പനിയിൽ ജോലിക്ക് പോയിരുന്നു . അത് കൊണ്ടൊന്നും ഏഴ് വയറുകൾക്ക് കഴിഞ്ഞുകൂടാൻ പറ്റുമായിരുന്നില്ല.
പലരോടും കടം വാങ്ങിയും അവർ തട്ടി മുട്ടി കഴിഞ്ഞു വന്നു. അമ്മയുടെ കഷ്ടപാട് കണ്ട് മൂത്ത മകൻ ബോംബയിലേക്ക് ജോലി തേടിപോയി. മകൻ ബോംബയിൽ പോയതിന് ശേഷം, ജാനു ചേച്ചിയുടെ ഭർത്താവ് മുന്നത്തെക്കാൾ കുടുതൽ കാർക്കശ്യക്കാരനാവുകയും കൂടുതൽ മദ്യപിക്കുകയും ജാനകി ചേച്ചിയെയും മക്കളെയും നന്നായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു
അങ്ങിനെ സ്വയം മറന്ന ഒരു രാത്രിയിൽ ജാനകി ചേച്ചിയുടെ ഭർത്താവ് മൂത്ത
മകളെ ബലാൽക്കാരം ചെയ്തു. അയാളുടെ കരുത്തിന് മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാനായില്ല പിന്നീട് ഇത് ഒരു നിത്യ സംഭവമായി മാറാൻ തുടങ്ങി. പിന്നെ പിന്നെ സ്വന്തം അച്ഛനാണെന്ന് മകളും മറക്കാൻ തുടങ്ങി.
എല്ലാ രാത്രികളിലും ജാനകി ചേച്ചിയെ ഭർത്താവ് നിർബ്ബന്ധപൂർവ്വം മദ്യം കുടിപ്പിക്കും. മദ്യം കഴിച്ച ശേഷം ജാനകി ചേച്ചി ബോധം കെട്ടു ഉറങ്ങും. അമ്മ ഉറങ്ങിയെന്നു ഉറപ്പിച്ചാൽ മകൾ അമ്മയുടെ അരികിൽ നിന്നു എഴുന്നേറ്റു അച്ഛൻ്റെ അടുക്കൽ പോകും. ഏതോ ഒരു രാത്രിയിൽ ഉറക്കത്തിൽ നിന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അഴിഞ്ഞു പോയ മുടി വാരി കെട്ടി മുറിയിലേക്ക് കയറി വരുന്ന മകളെയാണ് കണ്ടത്. ജാനകി ചേച്ചിയുടെ മനസ്സിൽ അറിയാതെ ഒരു സംശയത്തിൻ്റെ വിത്തുകൾ പാകാൻ തുടങ്ങി. ഈ സംഭവം മനസ്സിനെ വല്ലാതെ അലട്ടി
പിടഞ്ഞു നീറുന്ന മനസ്സുമായി ജാനകി ചേച്ചി ആ പകൽ തള്ളിനീക്കി. അന്ന് രാത്രി ഭർത്താവ് മദ്യം ഒഴിച്ചു കൊടുത്തപ്പോൾ കുടിച്ചെന്നു വരുത്തി അവർ അത് വെളിയിൽ ഒഴിച്ചു കളഞ്ഞു. എന്നത്തെപ്പോലെയും അന്ന് രാത്രിയും മദ്യപിച്ചത് പോലെ ജാനു ചേച്ചി കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ മകൾ എഴുന്നേറ്റു അച്ഛൻ്റെ മുറിയിലേക്ക് പോകുന്നത് അവർ കണ്ടു. ജാനു ചേച്ചിക്ക് അവരുടെ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ഈ കാഴ്ച അവരെ വല്ലാതെ തളർത്തി. സ്വന്തം ഭർത്താവിനെ ചോദ്യം ചെയ്യാൻ ശക്തി ഇല്ലാത്ത ആ സാധു സ്ത്രീ, മകളോട് നീ ഈ ചെയ്യുന്നത് തെറ്റല്ലേ ? എന്ന് ചോദിച്ചു
എനിക്ക് എന്ത് ചെയ്യാൻ പറ്റും ? ഞാനോ നശിച്ചു താഴെയുള്ള രണ്ടു പേരുടെയും മാനം രക്ഷിക്കാൻ എനിക്ക് അച്ഛൻ്റെ ഭീഷണിക്ക് വഴങ്ങേണ്ടി വന്നു. അല്ലങ്കിൽ അച്ഛൻ അവരെയും നശിപ്പിക്കുമായിരുന്നു. എല്ലാം കേട്ട് തരിച്ചു നിൽക്കാൻ മാത്രമെ
ജാനു ചേച്ചിക്ക് പറ്റിയുള്ളു. ഒരു വാക്ക് കൊണ്ടോ ഒരു നോട്ടം കൊണ്ടോ ജാനകി ചേച്ചിക്ക് സ്വന്തം ഭർത്താവിനോടും മകളോടും ഒന്നും പ്രതികരിക്കാൻ അപ്പോൾ പറ്റിയില്ല.
കുറച്ച് വർഷങ്ങൾക്ക് ശേഷം, മൂത്ത മകൻ്റയും ഇളയ രണ്ട് പെൺമക്കളുടെയും കല്യാണം കഴിഞ്ഞു. ഇളയമകൻ നേവിയിൽ ജോലി കിട്ടി പോയിരുന്നു
സന്തോഷവും സമാധാനവും തിരിച്ചു വന്നപ്പോൾ ജാനകിചേച്ചി ചിരിക്കാനും തമാശകൾ പറയാനും പഠിച്ചു. വൈകുന്നേരങ്ങളിൽ എൻ്റെ വീട്ടിൽ വരും. ഞങ്ങളുമായി കുശലങ്ങൾ പറഞ്ഞിരിക്കും. ഇതിനിടയിൽ, നാട് വിട്ടുപോയ മകൻ തിരിച്ചു വരുമെന്നു പറഞ്ഞു കത്തു വന്നിരുന്നു. വന്ന ഉടനെ അവനെ കല്യാണം കഴിപ്പിക്കണം എന്ന ചിന്തയാണ് പിന്നെ ഉറക്കത്തിൽ പോലും ജാനകി ചേച്ചിക്ക് ഉണ്ടായത്. ലീവ് കഴിഞ്ഞു തിരിച്ചു പോയ മൂത്ത മകൻ ഏതാനും മാസങ്ങൾക്കുള്ളക്കുള്ളിൽ നാട്ടിൽ വന്നു. വലിയ ഒരസുഖവുമായിട്ടായിരുന്നു വന്നത്. കുടലിൽ കാൻസർ. മാസങ്ങൾ കൊണ്ട് അവൻ മരിച്ചു പോകുകയും ചെയ്തു.
അത് വലിയ ഷോക്കായി ജാനകി ചേച്ചിക്ക്. രണ്ടാമത്തെ മകൻ നാട്ടിലേക്ക് പുറപ്പെട്ടു എന്ന് കേട്ടതല്ലാതെ, ഇന്നും നാട്ടിലെത്തിയില്ല ജാനകി ചേച്ചി തീർത്തും കിടപ്പിലായിപ്പോയി. ഏതാനും മാസങ്ങൾ കഴിഞ്ഞു അവരും മരണപ്പെട്ടു.
മക്കൾക്ക് വേണ്ടി ഒരു പാട് ത്യാഗം ചെയ്ത സ്ത്രീയായിരുന്നു അവർ.
മക്കൾ വിശന്നു തളർന്നപ്പോൾ അയൽ വീട്ടിലെ പറമ്പിൽ കയറി മരച്ചീനി ആരും കാണാതെ കിളച്ചു കൊണ്ടുപോകുമായിരുന്നു. അത് പിന്നീട് പിടിക്കപ്പെട്ടു. അത് ഭർത്താവറിഞ്ഞപ്പോൾ അവരെ പൊതിരെ തല്ലി. ഭർത്താവിൻ്റെ അടിയുടെ വേദന സഹിക്കാനാവാതെ അവർ കിണറ്റിലേക്ക് എടുത്തു ചാടിയിരുന്നു. നാട്ടുകാരാണ് അന്ന് അവരെ രക്ഷപ്പെടുത്തിയത്.
കഷ്ടപാടുകൾ മാറി ഇനി സ്വസ്ഥമായി ജീവിക്കണം എന്നു പറഞ്ഞിരുന്ന ജാനകി ചേച്ചി ഒന്നുമാവാതെ പോയി. രണ്ട് വർഷം കഴിഞ്ഞു അവരുടെ ഇളയ മകനും മരണപ്പെട്ടു. ഒരു വല്ലാത്ത വിധിയായിപ്പോയി എന്നു നാട്ടുകർ പറയുകയുണ്ടായി.
ജാനകി ചേച്ചിയും ആൺമക്കളും പോയിട്ട് പത്തു പതിനഞ്ച് വർഷത്തിന് ശേഷമായിരുന്നു ഭർത്താവ് മരണപ്പെട്ടത്.
പറയാതെ പറയുന്ന സത്യങ്ങൾ….
ഇതുപോലെ കുറേ ഏറെ ജന്മങ്ങൾ നമ്മൾ അറിയാതെ നമ്മുടെ ചുറ്റുപാടും ജീവിക്കുന്നു…. നമുക്ക് കാണുമ്പോൾ നല്ല family എന്ന് കരുതുന്ന പലരും പലപ്പോഴും ഇതിലുമപ്പുറം സഹിക്കുന്നുണ്ടാവും….
😰
😌👍