എന്റെ ഓട്ടോഗ്രാഫിൽ അവന്റെ കൈയ്യക്ഷരങ്ങൾ തിളങ്ങി നിന്നു. പ്രണയം കുറിച്ചിട്ട വരികൾ. മീശപോലും മുളക്കാത്ത പ്രായത്തിൽ തോന്നുന്ന പ്രണയം നിലനിൽക്കില്ല. ആരെന്നോ എന്തെന്നോ അറിയാത്ത പ്രായം. അതെല്ലാം എനിക്കറിയാമെങ്കിലും പ്രണയം തളിരിടുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.
പക്ഷെ പ്രണയം നിർവചിച്ച വരികൾ മനോഹരമായിരുന്നു. മനസ്സിന്റെ അഗാധതലങ്ങളിലേക്ക് അവ ചിറകു വിരിച്ചു പറന്നുപോയി. ഇത്ര ചെറുപ്രായത്തിൽത്തന്നെ ഇങ്ങിനെയെഴുതാനുള്ള കഴിവ് എങ്ങിനെ സ്വായത്തമാക്കി എന്നു പലപ്പോഴും ചിന്തിച്ചു.
ജാനകി താളുകൾ മറിച്ചു. എത്ര ആർദ്രമായിട്ടാണ് എന്നെ വർണ്ണിച്ചിരിക്കുന്നത്. വലിയ കണ്ണുകൾ അതിവേഗം ചലിച്ചു. വിഭ്രാന്തിയുടെ ഏതോ തലത്തിൽ കൊണ്ടെത്തിച്ചു. അറിയാതെ അനുരാഗം മുളപൊട്ടുകയായിരുന്നു. മൂക്കിലിപ്പോഴും ആരും കാണാതെ തന്ന ചുംബനത്തിന്റെ മായാമുദ്ര സമ്മാനിച്ച ഗന്ധം അടർന്നു പോയില്ല.
അവൻ ‘ ജാൻകി ‘ എന്നു വിളിക്കുമ്പോൾ അറിയാതെ ഹർഷോന്മാദങ്ങളുടെ തിര പതഞ്ഞു പൊന്തും.
‘ ജാൻകി.. ഒന്നു വാ… ‘ എന്നു പറഞ്ഞ് കുട്ടികളില്ലാത്ത ക്ലാസ്സ്റൂമിൽ കടന്നു ചെന്നതും ചുംബിച്ചതും പെട്ടെന്നായിരുന്നു. തട്ടിയോടാൻ ശ്രമിച്ചപ്പോൾ അവന്റെ ശക്തമായ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. നിമിഷങ്ങൾക്ക് കൊല്ലങ്ങളുടെ ആയുസ്സ് നൽകുമെന്ന് അന്നു ചിന്തിച്ചില്ല.
അവന്റെ ഓട്ടോഗ്രാഫ് വാങ്ങി മറുപടി എഴുതി.
‘ വെറുതെ പ്രണയത്തിന്റെ താജ്മഹൽ പണിയേണ്ട..’
ഉണ്ടക്കണ്ണുകൾ തിളങ്ങി.
‘ ഞാൻ നിന്റെ ശ്രീരാമചന്ദ്രനല്ലേ.. ‘
മറുപടിയും വന്നു താമസിയാതെ.
എട്ടാം ക്ലാസുമുതൽ തുടങ്ങിയ പ്രേമം. ഒരേ ക്ലാസ്സ്. ഒരേ പ്രായം. എത്രത്തോളം മുന്നോട്ടുപോകുമെന്ന് ഒരറിവുമില്ല. അങ്ങിനെ ചിന്തിക്കാനുള്ള കഴിവുമില്ല.
ജോസിന്റെ മുഖത്തേക്കു നോക്കി. വിട്ടുവിട്ടെത്തുന്ന ഓർമ്മകൾ മറഞ്ഞും തെളിഞ്ഞും പിടിമുറുക്കാൻ തുടങ്ങിയ മധ്യവയസ്സിലെ നിഷ്കളങ്കമായ ചിരി ഉള്ളിൽ നോവു പടർത്തി.
കാലദേശങ്ങൾക്കപ്പുറത്തേക്ക് പ്രണയം വളരുകയായിരുന്നു. മതങ്ങളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ അത്ര എളുപ്പമല്ല. ഞാൻ പുരുഷനെയാണ് സ്നേഹിച്ചത്. അയാളുടെ ജാതിയോ മതമോ നോക്കിയല്ല. വർണ്ണങ്ങളുടെ മായാപ്രപഞ്ചം തീർത്ത പകൽ സ്വപ്നങ്ങളിൽ ഞങ്ങൾ രാജകുമാരിയും രാജകുമാരനും തന്നെയായിരുന്നു.
കോളേജിൽ എത്തിയപ്പോഴും തീവ്രതക്ക് ഭംഗമുണ്ടായില്ല എന്നതും അവളോർത്തു. പ്രായപൂർത്തിയാവാൻ കാത്തിരിക്കാതെ വയ്യ.
പ്രണയിക്കുന്നവർക്ക് എന്നും ഒരേ മുഖമായിരിക്കും.
ഇവരെ നിരീക്ഷിച്ചിരുന്ന മാഷിന്റെ വരികൾ മനസ്സിൽ എവിടേയോ കൊളുത്തിവലിക്കുന്ന പോലെ തോന്നി.
കോളേജിന്റെ പിന്നിലുള്ള തടാകത്തിൽ നിന്നും ആമ്പൽപൂ പറിച്ച് അവൾക്കുകൊടുക്കും. സ്നേഹ സമ്മാനം.
അസ്ഥിയിൽ പിടിച്ച പ്രണയം ഒളിച്ചോട്ടത്തിൽ കലാശിച്ചു. ആളുകൾ അന്വേഷിച്ചുവരുമെന്ന് ഉറപ്പായിരുന്നു. ഇരുളിന്റെ മറവിൽ പുനർജ്ജനിയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യചുവട് പിഴച്ചില്ല. ആരുമറിയാതെ കനം കൂടിയ ഇരുട്ടിന്റെ പുതപ്പിൽ ചുരുണ്ടു കിടന്നു.
പേടിച്ചരണ്ട രാത്രികളിൽ മൂന്നടി വീതിയുള്ള കട്ടിലിൽ കെട്ടിപ്പിടിച്ചുറങ്ങി.
വെളിച്ചത്തെ ഭയന്നു. ആളുകളെ പേടിച്ചു. ആർക്കും മുഖം കൊടുക്കാതെ പ്രണയമന്ത്രം ചൊല്ലി മാത്രം ദിവസങ്ങൾ തള്ളിനീക്കി.
സ്വപ്നം കണ്ട ജീവിതം എവിടെ..!
ഇരുളിന്റെ കരിമ്പടം നീട്ടി വലിച്ചു പെട്ടെന്നാണ് സന്ധ്യയുടെ നിറം മാഞ്ഞത്. റജിസ്റ്റർ ഓഫീസിൽ എത്താനായിട്ടെങ്കിലും ജീവിതം ബാക്കിയുണ്ടാകണം എന്നു പ്രാർത്ഥിച്ചു. ജോസ് വലിയ ദൈവവിശ്വാസിയൊന്നുമല്ലെങ്കിലും പള്ളിയിൽ ഇടക്ക് പോകാറുണ്ടെന്ന് പറഞ്ഞു.
അന്നാദ്യമായി ജോസ് ഈശോയെ വിളിക്കുന്നത് അവൾ കേട്ടു.
ഏതു ദൈവത്തിലാണെങ്കിലും ഒരു വിശ്വാസം വേണം, ആരോ ഒരാൾ നമ്മളെ സംരക്ഷിക്കുന്നുണ്ടെന്ന തോന്നൽ ഉളവാക്കുമെന്നും ഞാൻ പറഞ്ഞു.
സുഹൃത്തിന്റെ സഹായത്തോടെ വിവാഹ റജിസ്റ്ററിൽ ഒപ്പുവെച്ചു ജീവിതം തുടങ്ങി.
വേരുകളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തിന്റെ ആധിക്യം ചുറ്റുപാടുകളേയും കുടുംബങ്ങളേയും അകറ്റി നിർത്തി.
പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ‘ ഇല്ല ‘ എന്ന ഒറ്റ വാക്കിൽ പ്രതീക്ഷകൾ അസ്തമിച്ചു.
തിരയടങ്ങാത്ത കടലിന്റെ പൂഴിമണലിൽ സന്ധ്യ ചുവക്കുന്നതും നോക്കി ഞങ്ങളിരുന്നു. ഒരു തീരുമാനമെടുക്കണം. ആകർഷണത്തിന്റെ വിത്തുകൾ എപ്പോഴാണ് മുളപൊട്ടിയതെന്നു ഓർത്തു.
നാടുവിടാൻ തീരുമാനിച്ചു.
ട്രെയിനിൽ അയാളുടെ ചുമലിൽ അവൾ വിശ്രമിച്ചു. അറിയാത്ത നഗരത്തിലേക്കുള്ള യാത്ര. പിന്നിലേക്കോടുന്ന മരങ്ങളും നെൽവയലുകളും. ദൂരെ കുളത്തിനരികെ ഒറ്റക്കാലിൽ തപസ്സുചെയ്യുന്ന വെളുത്ത കൊറ്റി. കണ്ണിനു സമുദ്ധയായ കാഴ്ച ഉള്ളം തണുപ്പിച്ചു.
കാശില്ല. എങ്ങിനെ മുന്നോട്ടുപോകും എന്നുമറിയില്ല. ഇറങ്ങിപ്പോന്നു എന്നതേ ഓർമ്മയുള്ളു. ജോസിന്റെ കയ്യിൽ വല്ലതുമുണ്ടോ എന്നുമറിയില്ല. ചോദിച്ചുമില്ല. അസാധാരണമായ ധൈര്യം പൊതിഞ്ഞു നിന്നു എന്നതാണ് ഓർമ്മയിൽ തെളിഞ്ഞു നിന്നത്.
വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു.
ചാരുകസേരയുടെ കൈകൾ പിടിപ്പിച്ച നട്ടും ബോൾട്ടും ഇളകി പുറത്തു ചാടിയിരിക്കുന്നു. അതും കൈയ്യിൽ പിടിച്ച് ഏത് ആദ്യം ഇടണം എന്ന സംശയത്തിൽ ജോസ് ചിന്താമഗ്നനായി ഇരിക്കുന്നതാണ് ജാനകി പൂമുഖത്തേക്ക് വന്നപ്പോൾ കണ്ടത്.
ലുങ്കിയും വെളുത്ത ബനിയനും മൂക്കിൽ കയറ്റിവെച്ച കണ്ണടയും അവളുടെ മനസ്സിൽ മറ്റൊരു ചിത്രം സമ്മാനിച്ചു. താൻ വേദനിപ്പിച്ച അച്ഛനെ ഓർമ്മപ്പെടുത്തി.
‘ എന്തായീ കാട്ടണേ.. അത് ശരിയാക്കാം. മക്കളോട് പറയാം..’
ജാനകി ഉറ്റു നോക്കി. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ജോസിന്റെ മുഖം കൈകളിൽ കുമ്പിളിലെന്നപോലെ വാരിയെടുത്തു.
‘ സാരമില്ല.. നമുക്ക് ശരിയാക്കാം-‘
അയാൾ ചിരിച്ചു. ഒന്നും പറഞ്ഞില്ല.
ശരീരത്തിന് പെട്ടെന്നാണ് പ്രായാധിക്യം ബാധിച്ചത് എന്നവൾ തിരിച്ചറിഞ്ഞു. ഒരേ പ്രായമായിട്ടും ജോസിനെ വൃദ്ധന്റെ അവസ്ഥയിൽ കണ്ടപ്പോൾ ഉള്ളം വിതുമ്പിയെങ്കിലും പുറമേ കാണിച്ചില്ല. കയറിയ നെറ്റിയും നരകയറിയ തലയും ഉള്ളതിനേക്കാൾ പ്രായം തോന്നിപ്പിച്ചു. സംസാരം കുറഞ്ഞതും ശ്രദ്ധിച്ചു. ഭക്ഷണകാര്യത്തിൽ വേണ്ടത്ര ആവേശമില്ല.
ചോദിച്ചതുതന്നെ ആവർത്തിക്കുന്നു. ഉത്തരം നൽകിയിട്ടും അഞ്ചുമിനിറ്റു കഴിയുബോഴേക്കും അതുതന്നെ ചോദിക്കും.
എന്തായാലും ഡോക്ടറെ കാണിക്കണം.
പ്രണയം പൂത്തുനിന്ന പഴയകാലം വല്ലതും ഓർമ്മയുണ്ടോ ആവോ..!
നഗരത്തിൽ വന്നതും പ്രയാസപ്പെട്ട് ജോലി തരപ്പെടുത്തിയതും, ലൈൻവീടുകളൊന്നിൽ താമസം ഉറപ്പിച്ചതും ഇന്നലെയെന്നപോലെ മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞു നിന്നു.
ആശുപത്രി വരാന്തയിലൂടെ ജാനകിയുടെ കൈപിടിച്ച് ജോസ് നടന്നു.
ഡോക്ടർ കുറച്ചു ചോദ്യങ്ങൾ ചോദിച്ചു. വിശദമായി പരിശോധിച്ചു. അക്കങ്ങളും ബോർഡുകളും നിരത്തി. ചിത്രങ്ങൾ ഏതാണെന്നു ചോദിച്ചു. ചിരി മാഞ്ഞ ഡോക്ടർ മെല്ലെ പറഞ്ഞു തുടങ്ങി.
‘ സ്മൃതിക്ഷയം എന്ന രോഗത്തിൻറെ തുടക്കമാണ്. ബ്രെയിൻ സെല്ലുകൾ നശിച്ചുകൊണ്ടിരിക്കുന്നു. ഇതൊരവസ്ഥയാണ്. ആർക്കും വരാവുന്ന അസുഖം. പേടിക്കാനൊന്നുമില്ല. നല്ല പരിചരണം വേണം. എല്ലാം മനസ്സിലാക്കി ചെയ്തു കൊടുക്കുക.
കുടുംബത്തിൽ ആർക്കെങ്കിലും ഇതുണ്ടായിട്ടുണ്ടോ ?’
മറവിരോഗം, അൽഷിമേഴ്സ് എന്നൊക്കെപ്പറയും. ചിലർക്ക് കുറച്ചു നേരത്തേ തുടങ്ങും. പ്രായമായവരിലാണ് സാധാരണ കണ്ടുവരാറുള്ളത്.’
മറുപടിയൊന്നും ഡോക്ടർക്ക് ലഭിച്ചില്ല.
പറഞ്ഞു കൊടുക്കാൻ ജാനകിക്ക് അറിയുകയുമില്ല. കുടുംബബന്ധം വിച്ഛേദിച്ചിട്ട് കൊല്ലങ്ങൾ എത്ര കഴിഞ്ഞു.
എന്തോ പറയാൻ വേണ്ടി ജാനകി വാ തുറന്നു. വാക്കുകളൊന്നും പുറത്തേക്കു വന്നില്ല.
അപ്പോഴും ജോസ് ചിരിച്ചു. മസ്തിഷ്കത്തിൽ ചിതലരിക്കാൻ തുടങ്ങിയത് പാവം ജോസിന് അറിയില്ല. പക്ഷെ ജാനകി എല്ലാം ഉൾക്കൊണ്ടു.
വാചാലനായ ഡോക്ടർ പറഞ്ഞ ആദ്യ വരിയൊഴിച്ച് ബാക്കിയൊന്നും അവൾ കേട്ടില്ല. മനസ്സ് ഇരുട്ടിന്റെ കൊട്ടത്തളങ്ങളിൽ വിറങ്ങലിച്ചു കിടന്നു. പ്രകാശം അസ്തമിക്കുന്നതായി അവൾക്കു തോന്നി. തന്റെ കണ്ണുകളിലും തിമിരം ബാധിച്ചുവെന്നു സംശയിച്ചു.
ജോസിൻറെ കൈകൾ തന്റെ ഉള്ളം കയ്യാൽ പിടിച്ച് മെല്ല തഴുകിക്കൊണ്ടിരുന്നു. ഉള്ളിലുള്ള സ്നേഹപ്രവാഹം കൈകളിലൂടെ ഒഴുകി.
തൻറെ ഓർമ്മകളും മുറിഞ്ഞു തന്നെയല്ലേ പുറത്തെത്തുന്നത് എന്നു ചിന്തിച്ചു.
ആശുപത്രിയിലേക്ക് വന്നപോലെ തന്നെ ചേർത്തുപിടിച്ച് പുറത്തേക്കു നടന്നു.
സംസാരിക്കണം ഇടതടവില്ലാതെ സംസാരിച്ച് ജോസിൻറെ ഓർമ്മകളെ ഉണർത്തണം. കൂടുതൽ അടുത്തു പെരുമാറണം. എനിക്ക് ഉപേക്ഷിക്കാനാവില്ല.
ചെറുതെങ്കിലും വലിയൊരു ജീവിതം തന്നയാളാണ്.
നടക്കുമ്പോൾ കോർത്ത കൈകൾ പൊക്കി അതിൽ ചുംബിച്ചു.
ജോസ് അപ്പോഴും ഒരു കുട്ടിയെപ്പോലെ ചിരിച്ചു കൊണ്ടിരുന്നു.
മോഹൻകർത്ത
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)
നല്ല കഥ
നല്ല കഥ
നല്ല അവതരണം
നല്ലെഴുത്ത്
Nice