Logo Below Image
Sunday, April 13, 2025
Logo Below Image
Homeസ്പെഷ്യൽമിശിഹായുടെ സ്നേഹിതർ (9) ' പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ' (പരുമല തിരുമേനി) ✍...

മിശിഹായുടെ സ്നേഹിതർ (9) ‘ പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ‘ (പരുമല തിരുമേനി) ✍ നൈനാൻ വാകത്താനം

നൈനാൻ വാകത്താനം

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായിരുന്നു പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്.  പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം. താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.

1848 ജൂൺ15 (കൊല്ലവർഷം1023 മിഥുനം 3) -ന് പഴയ കൊച്ചി സംസ്ഥാനത്തിൽപെട്ട മുളന്തുരുത്തി ചാത്തുരുത്തി ഭവനത്തിൽ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ ഇളയ മകനായി ‘പരുമല തിരുമേനി’ എന്ന കീർത്തിനാമം ലഭിച്ച ഗീവർഗ്ഗീസ്‌ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്ത ജനിച്ചു. കുര്യൻ, മറിയം, ഏലി, വർക്കി എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു.

മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെച്ച് ഗീവർഗ്ഗീസ് എന്ന പേരിൽ മാമോദീസായേറ്റു. ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിൽ വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ കൊച്ചയ്‌പ്പോര എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌. പക്ഷേ ഗീവർഗീസിന് രണ്ട് വയസ്സു തികയും മുൻപേ അമ്മ മറിയം മരണമടഞ്ഞതിനാൽ മൂത്ത സഹോദരിയായ മറിയാമിന്റെ സംരക്ഷണയിലാണ് കൊച്ചയ്‌പ്പോര പിന്നീട് വളർന്നത്.

പഠിത്തത്തിൽ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ച കൊച്ചയ്‌പ്പോര പ്രാഥമിക വിദ്യാഭ്യാസാനന്തരം പിതൃസഹോദരനായ ഗീവർഗീസ് മല്പാനിൽ നിന്ന് വേദശാസ്ത്രവും സുറിയാനിയും പഠിക്കുകയും ഇതിനിടെ ഒൻപതാം വയസിൽ തന്നെ മാത്യൂസ് മാർ അത്താനാസ്യോസിൽ നിന്ന് ശെമ്മാശ സ്ഥാനത്തിന്റെ ആദ്യപടിയായ ‘കോറൂയോ’ പട്ടം സ്വീകരിക്കുകയും ചെയ്തു. ഗീവർഗീസ് മല്പാന്റെ മരണത്തെ തുടർന്ന് പാമ്പാക്കുട കോനാട്ട് മല്പാന്റെ ശിഷ്യനായി തുടർപഠനം നിർവ്വഹിച്ച ഗീവർഗീസ് ശെമ്മാശന് 18-ആം വയസ്സിൽ വൈദികസ്ഥാനവും തുടർന്ന്  കോർ എപ്പിസ്ക്കോപ്പാ സ്ഥാനവും ലഭിച്ചു.

ഇക്കാലയളവിൽ പരുമലയിൽ പുതിയതായി സ്ഥാപിച്ച സെമിനാരിയുടെ സുഗമമായ പ്രവർത്തനത്തിന് ഒരു സഹായിയെ തേടിക്കൊണ്ടിരുന്ന അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് വെട്ടിക്കൽ സെന്റ്.തോമസ് ദയറായിൽ താമസിച്ചിരുന്ന ചാത്തുരുത്തി ഗീവർഗീസ് കോർ-എപ്പിസ്ക്കോപ്പായെ പരിചയപ്പെടുകയും അദ്ദേഹത്തിന് റമ്പാൻ സ്ഥാനം നൽകി പരുമലയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയും ചെയ്തു. പരുമല സെമിനാരിയിൽ ശെമ്മാശന്മാർക്ക് വൈദിക പരിശീലനം നൽകുന്ന ദൗത്യം ഗീവർഗീസ് റമ്പാൻ ഏറ്റെടുത്തു.

1875-ൽ പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയും ദ്വിഭാഷിയുമായി സഭ നിയമിച്ചത് ഗീവർഗീസ് റമ്പാനെയായിരുന്നു.1876 ജൂണിൽ പാത്രിയർക്കീസിന്റെ അധ്യക്ഷതയിയൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെച്ച് നടന്ന പള്ളിപ്രതിപുരുഷയോഗം (മുളന്തുരുത്തി സുന്നഹദോസ്) മലങ്കര സഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിക്കുവാനും മലങ്കര മെത്രാപ്പോലീത്തായ്ക്കു പുറമേ ആറു മെത്രാപ്പോലീത്താമാരെ കൂടി ഭദ്രാസന ചുമതലകൾക്കായി തെരഞ്ഞെടുക്കുവാനും തീരുമാനിച്ചു.

ഈ ആറു പേരിൽ ഒരാൾ ഗീവർഗീസ് റമ്പാനായിരുന്നു. അദ്ദേഹം 1876 ഡിസംബർ 10-ന് ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ വടക്കൻ പറവൂർ പള്ളിയിൽ വെച്ച് മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ(29 വയസ്സ്) മെത്രാപ്പോലിത്ത ആയിരുന്നതിനാൽ അദ്ദേഹം കൊച്ചു തിരുമേനി എന്നും അറിയപ്പെട്ടു.

1877-ൽ നിരണം ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്ത മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പരുമല സെമിനാരിയിൽ തന്നെ താമസം തുടർന്നു. 1884-ൽ തുമ്പമൺ ഭദ്രാസനത്തിന്റെയും തുടർന്ന് കൊല്ലം ഭദ്രാസനത്തിന്റെയും ചുമതലയും ഇദ്ദേഹത്തിൽ വന്നു ചേർന്നു. മാർ ഗ്രീഗോറിയോസിന്റെ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അനേകർ ആകൃഷ്ടരാവുകയും അദ്ദേഹം പരുമല തിരുമേനി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.

പരുമല സെമിനാരിയുടെ സമീപം ആരാധനയ്ക്കായി ഉണ്ടായിരുന്ന താൽക്കാലിക കെട്ടിടത്തിന്റെ സ്ഥാനത്ത് മനോഹരമായ ദേവാലയം അദ്ദേഹം പണി കഴിപ്പിച്ചു. 1895 ജനുവരി 27-ന് ഈ ദേവാലയത്തിന്റെ കൂദാശ നടത്തിയതിന് ശേഷം ക്രൈസ്തവർ വിശുദ്ധനാടായി കണക്കാക്കുന്ന യെരുശലേം സന്ദർശനത്തിന് പുറപ്പെട്ടു. തിരിച്ചെത്തിയ ശേഷം തിരുമേനി ചെയ്ത പ്രസംഗം ‘ഭക്തവചനം’ എന്ന പേരിൽ പ്രശസ്തമായി. ഈ പ്രസംഗം തിരുവിതാംകൂറിലെ ഹൈസ്കൂൾ പാഠപുസ്തകത്തിലും എം.രാമവർമ്മ തമ്പാൻ പ്രസിദ്ധപ്പെടുത്തിയ ‘പ്രഭാഷണങ്ങൾ’ എന്ന ഗ്രന്ഥത്തിലും ഉൾപ്പെടുത്തിയിരുന്നു.

കൂടാതെ തന്റെ യെരുശലേം സന്ദർശനത്തെക്കുറിച്ച്  ‘ഊർശ്ലേം യാത്രാവിവരണം’ എന്ന പേരിൽ തിരുമേനി എഴുതി പ്രസിദ്ധീകരിച്ച പുസ്തകമാണ് മലയാളത്തിൽ ആദ്യം അച്ചടിച്ച യാത്രാവിവരണമായി കരുതപ്പെടുന്നത്. സുറിയാനി ഭാഷയിലായിരുന്നു പാണ്ഡിത്യമെങ്കിലും അദ്ദേഹം മലയാളത്തിൽ വേറെയും രചനകൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയ മാർ ഗ്രീഗോറിയോസ് തുമ്പമൺ, മുളന്തുരുത്തി, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾ ആരംഭിച്ചു. തിരുവല്ലയിലെ എം.ജി.എം സ്കൂളും കോട്ടയം താഴത്തങ്ങാടി സ്കൂളും സ്ഥാപിക്കുവാൻ പ്രാരംഭശ്രമങ്ങൾ നടത്തിയതും മാർ ഗ്രീഗോറിയോസാണ്.

1902 നവംബർ 2-ന് 54 ആം വയസ്സിൽ കാലം ചെയ്ത  മാർ ഗ്രീഗോറിയോസിനെ പരുമല പള്ളിയുടെ മദ്ബഹയോട് ചേർന്ന പ്രത്യേക കബറിടത്തിൽ കബറടക്കി . 1947 നവംബർ 2-ന് പരിശുദ്ധനായി പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാൾ എല്ലാ വർഷവും നവംബർ 1, 2 തീയതികളിൽ സഭ ആചരിക്കുന്നു.

അവതരണം: നൈനാൻ വാകത്താനം✍

RELATED ARTICLES

4 COMMENTS

  1. പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയെക്കുറിച്ചുള്ള വിവരണം കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ 🙏.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ