Logo Below Image
Wednesday, April 2, 2025
Logo Below Image
Homeസ്പെഷ്യൽമിശിഹായുടെ സ്നേഹിതർ (12) ' വിശുദ്ധ കൊച്ചു ത്രേസ്യ' ✍ അവതരണം: നൈനാൻ വാകത്താനം

മിശിഹായുടെ സ്നേഹിതർ (12) ‘ വിശുദ്ധ കൊച്ചു ത്രേസ്യ’ ✍ അവതരണം: നൈനാൻ വാകത്താനം

നൈനാൻ വാകത്താനം

‘ വിശുദ്ധ കൊച്ചു ത്രേസ്യ’

ഫ്രെഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു ഈ വിശുദ്ധ. ‘ചെറു പുഷ്പം’ എന്നും ‘കൊച്ചുത്രേസ്യ’ എന്നും അറിയപ്പെടുന്ന മരിയ ഫ്രാന്‍സിസ് തെരേസ 1873 ജനുവരി 2-ന് ഫ്രാന്‍സിലെ അലെന്‍ കോണില്‍ ജനിച്ചു. മാതാപിതാക്കൾ ലൂയി മാര്‍ട്ടിനും സെലിയും ആയിരുന്നു.

തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലാണ് അവൾ വളർന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ കർമലീത്ത മഠത്തിൽ ചേരുവാൻ അനുവാദം ലഭിച്ചു. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്‌നേഹത്തിലും നിഷ്‌കളങ്കമായ കുഞ്ഞിന്റേതുപോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവൾ വിശുദ്ധിയുടെ ഉന്നത ശ്രേണിയിലെത്തി.

ഒമ്പതരവര്‍ഷം മാത്രം നീണ്ടുനിന്ന കൊച്ചുത്രേസ്യയുടെ കന്യകാലയ ജീവിതം ആരുടെയും ശ്രദ്ധയില്‍പെടാത്ത ഒന്നായിരുന്നെങ്കിലും, സഭയുടെ വൈദികരെയും മിഷനറിമാരെയും പ്രാര്‍ത്ഥനയും പരിഹാര പ്രവൃത്തികളും വഴി സഹായിക്കുകയാണു തന്റെ കടമയെന്ന് കരുതി അവര്‍ ജീവിച്ചു. “ഈശോയെ സ്‌നേഹിക്കുക; ഈശോയ് ക്കുവേണ്ടി ആത്മാക്കളെ നേടുക” എന്നുമാത്രം വിശ്വസിച്ച ഒരു ജീവിതമായിരുന്നു കൊച്ചുത്രേസ്യയുടേത്.


ശിശുസഹജമായ നിഷ്‌കളങ്കത, വിനയം, നിരന്തരമുള്ള ആത്മസംയമനം, പരിഹാര പ്രവൃത്തികള്‍, ഈശോയിലുള്ള കളങ്കമില്ലാത്ത വിശ്വാസം, അതിരുകളില്ലാത്ത സ്‌നേഹം – എല്ലാം അവരുടെ പ്രത്യേകതകളായിരുന്നു.

“ഇത്രയും ശക്തനും ദയാലുവുമായ ദൈവത്തില്‍നിന്ന് മനുഷ്യന്‍ വളരെയേറെ പ്രതീക്ഷിക്കരുത്, അവന് അര്‍ഹതപ്പെട്ടത് തീര്‍ച്ചയായും അവനു ലഭിച്ചിരിക്കും.” എന്നാല്‍, ജീവിതത്തിലെ കൊച്ചു കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി ചെയ്താണ് കൊച്ചുത്രേസ്യ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ മാതൃകയായത്. അങ്ങനെ അനേകായിരങ്ങള്‍ക്ക് അവള്‍ പ്രചോദനമായി മാറി.

കാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ തന്റെ എളിയ മാർഗം പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. വിയറ്റ്നാമിലെ ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ നിലകൊണ്ടു.

സഭയോട് ഏറെ സ്‌നേഹവും ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവൾ പുലർത്തിയിരുന്നു. ഇരുപത്തിനാലാം വയസിൽ 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗംമൂലം അവൾ നിര്യാതയായി. 1925-ൽ പതിനൊന്നാം പിയൂസ് മാർപാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഒരു മിഷനറിയാകാൻ അതിയായി ആഗ്രഹിച്ച ത്രേസ്യായെ 1928-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ മിഷണറിമാരുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചു.

കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപെടുന്നു. 1997-ൽ കത്തോലിക്ക സഭ അവളെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് വിശുദ്ധ കൊച്ചുത്രേസ്യ.

കാർമലൈറ്റ് വസ്ത്രങ്ങൾ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങൾ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നൽകിയിട്ടുള്ളത്. ആനുകൂല്യങ്ങളും അത്ഭുതങ്ങളും റോസാപ്പുഷ്പങ്ങൾ പോലെ ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്റെ സ്മരണ ഇപ്രകാരം നിലനിർത്തപ്പെടുന്നു.

ഒക്ടോബർ 1-നാണ് തെരേസയുടെ തിരുനാൾ ആഘോഷിക്കുന്നത്.

അവതരണം: നൈനാൻ വാകത്താനം✍

RELATED ARTICLES

5 COMMENTS

  1. വിശുദ്ധ കൊച്ചുത്രേസ്യയെ ക്കുറിച്ചുള്ള വിവരണം വളരെ നല്ലത് ❤️🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments