ദിവസവും രാവിലെ നമ്മൾ ഉണർന്ന് എഴുന്നേൽക്കുന്നത്, പുതിയൊരു വെളിച്ചം കണ്ടു കൊണ്ടാണ്. അതോടൊപ്പം ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളെ കുറിച്ചുള്ള, വലിയൊരു ഭാണ്ഡം മനസ്സിൽ വച്ചിട്ടാണ് ദിവസത്തിന്റെ തുടക്കം.
ആ മാറാമ്പല കൂട്ടം തലയിൽ വച്ച്, ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാൻ കഴിയില്ല.
ആദ്യം മനസ്സ് ശൂന്യമാക്കുകയാണ് ചെയേണ്ടത്. ശൂന്യമാക്കിയ മനസ്സിൽ മാത്രമേ, പുതിയ ആശയങ്ങൾ രൂപപ്പെട്ടു വരൂ.
ഈശ്വരനോട് സുപ്രഭാതം ആശംസിച്ചു കൊണ്ടുവേണം ദിവസം ആരംഭിക്കാൻ,
അതിരാവിലെ ധ്യാനം ചെയ്യുന്നതുവഴി ആ ദിവസം മുഴുവൻ ഒരു പുതിയ ഉണർവും, ഉന്മേഷവും ലഭിക്കും.
ചിന്തിക്കാൻ ഉതകുന്ന കഥകളിൽ കൂടിയാകാം ഇന്നത്തെ തുടക്കം.
അനേകം വ്യാപാര സ്ഥാപനങ്ങളുടെ അധിപനായ ഒരാൾ, ഒരു ദിവസം, വഴി അരുകിൽ ഭിക്ഷക്കാരനാണെന്നു തോന്നിക്കുന്ന ഒരു ആൾ കുറച്ച് പഴയ പെന്‍സിലുകൾ പത്രകടലാസിൽ നിരത്തി വച്ചിരിക്കുന്നതായി കണ്ടു. പെൻസിൽ വച്ച് ഇരിക്കുന്ന ആളുടെ പത്രക്കടലാസിലേക്ക് 100 രൂപ ആ വ്യാപാരി എറിഞ്ഞു കൊടുത്തു. കുറച്ചു നടന്ന ശേഷം വ്യാപാരി തിരിച്ചുവന്ന്, പെൻസിൽകാരനോട് ഞാൻ തന്ന 100 രൂപ പോരേ ഈ കാണുന്ന പെൻസിലിന് എന്ന് ചോദിച്ചു.
“ഞാനും താങ്കളും വ്യാപാരികൾ ആണല്ലോ,” എന്നും കൂടി പറഞ്ഞിട്ടാണ്,വ്യാപാരി പോയത്.
വർഷങ്ങൾക്ക് ശേഷം നടന്ന വ്യാപാരികളുടെ, ഒരു സെമിനാറിന് വ്യാപാരിയും പോയിരുന്നു. സെമിനാറിന് വന്ന വ്യാപാരികളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ കണ്ട ഒരാളെ മുമ്പ് എവിടെയോ വച്ച് കണ്ടതായി വ്യാപാരിക്ക് തോന്നി.
സൂട്ടും കോട്ടും ധരിച്ച, ആ ആളുടെ അരികിലേക്ക് വ്യാപാരി ചെന്നു .
“താങ്കൾ എന്നെ ഓർക്കുന്നുണ്ടോ?വർഷങ്ങൾക്കു മുമ്പ് വഴിയരികിൽ പെൻസിൽ വച്ച്…..”
വ്യാപാരി ബാക്കി പറയുന്നതിനുമുമ്പ് സൂട്ടു കോട്ടും ഇട്ട ആൾ, ഭയഭക്തി ബഹുമാനത്തോടെഎഴുന്നേറ്റ് നിന്ന് പറഞ്ഞു, “ആ ഭിക്ഷക്കാരൻ ഞാൻ തന്നെയാണ്. അങ്ങും ഞാനും കച്ചവടക്കാർ തന്നെയാണ് എന്ന് പറഞ്ഞത് എന്നെ വല്ലാതെ ആകർഷിച്ചു. എന്റെ മാന്യത എനിക്ക് തിരിച്ചു കിട്ടി. അങ്ങ് തന്ന 100രൂപ കൊണ്ട് ചെറിയ വ്യാപാരങ്ങൾ നടത്തി. ഇന്ന് ഞാൻ ഒരു വലിയ വ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണ്. ”
“ഞാനും താങ്കളും വ്യാപാരികൾ ആണല്ലോ”, ഈ ഒറ്റ വാചകം കൊണ്ട് ജീവിതം തന്നെ, മാറി മറിഞ്ഞതായിട്ടാണ് ഇവിടെ നമുക്ക് കാണാൻ കഴിഞ്ഞത്.
ഒരിടത്ത് ഒരു ഓട്ടക്കാരൻ ബാലൻ ഉണ്ടായിരുന്നു. അവന്റെ കഠിനമായ പരിശീലനവും ഉത്സാഹവും കൊണ്ട് വളരെ വേഗത്തിൽ ഓടാനുള്ള കഴിവ്, അവൻ നേടി. ആ ഗ്രാമത്തിൽ അവനെ തോൽപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല.
ഒരു ദിവസം ഒരു ഓട്ടമത്സരം അവിടെ സംഘടിപ്പിച്ചു. അയൽ
ഗ്രാമങ്ങളിൽ നിന്ന് മിടുക്കന്മാരായ ഓട്ടക്കാർ വന്നിട്ടും, എല്ലാ മത്സരങ്ങളിലും, ബാലൻ ഒന്നാമതായി ഓടിയെത്തി. ഓരോ മത്സരങ്ങൾ നടക്കുമ്പോഴും, കാണികൾ കയ്യടിച്ച്, അവന്റെ പേര് വിളിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
എന്നാൽ കാണികളിൽ ജ്ഞാനിയായ ഒരു വൃദ്ധൻ, ഒരു സന്തോഷവും പ്രകടിപ്പിക്കാതെ, അവിടെ നിന്നിരുന്നു. അദ്ദേഹത്തിന്റെ അടുത്തുപോയി ഓട്ടക്കാരൻ ബാലൻ അങ്ങ് മാത്രം കയ്യടിക്കാത്തത് എന്തു കൊണ്ടാണെന്ന് ചോദിച്ചു. ഇതൊരു മത്സരമിയിട്ട് ഞാൻ കണക്കാക്കുന്നില്ല എന്നു പറഞ്ഞ്, അവശയായ ഒരു സ്ത്രീയെയും, അന്ധനായ ഒരു വൃദ്ധനെയും, കൂട്ടിക്കൊണ്ടുവന്ന്, ഇവരോട് മത്സരിക്കാൻ തയ്യാറുണ്ടോ, എന്ന് ബാലനോട് ചോദിച്ചു . ഇവരോടൊ….എന്ന പുച്ഛഭാവത്തിൽ ബാലൻ അവരെ നോക്കി ചിരിച്ചു.
മത്സരം തുടങ്ങി. ബാലൻ ഓടിയെത്തിയെങ്കിലും, കാണികൾ കയ്യടിക്കാതെ നിശബ്ദരായി നിന്നു. ജ്ഞാനിയുടെ അടുത്ത് ബാലൻ പോയി കാര്യം അന്വേഷിച്ചു.
ജ്ഞാനി പറഞ്ഞു, അവരെ രണ്ടുപേരെയും, കൂടെ കൂട്ടി മത്സരിക്കൂ, എന്ന്. ബാലൻ കുറച്ചുനേരം ആലോചിച്ചശേഷം, അവരെ രണ്ടുപേരെയും, കൈപിടിച്ച് അവരുടെ സൗകര്യത്തിന് കൂടെ നടന്ന് മത്സരം പൂർത്തീകരിച്ചു. കാണികൾ മുമ്പൊരിക്കലും കാണിക്കാത്ത വിധം, ഉച്ചത്തിൽ പേര് വിളിച്ച് കയ്യടിച്ചു.
മത്സരമാണെങ്കിലും ജീവിതമാണെങ്കിലും, ഒരു കൈ സഹായം ചെയ്യാൻ കഴിഞ്ഞാൽ അതും ഒരു ജീവിതവിജയം തന്നെയാണ്.
ഒരു രാജകൊട്ടാരത്തിൽ മനോഹരമായ ഒരു ഉദ്യാനം ഉണ്ടായിരുന്നു. ഉദ്യാനത്തിലെ ചെടികളും പൂക്കളും കണ്ട് ആസ്വദിക്കാൻ,രാജാവ് എന്നും ആ പൂത്തോട്ടത്തിൽ വരുകയും, വളരെ നേരം അവിടെ ചിലവഴിക്കാറുമുണ്ട്. ഒരു ദിവസം അങ്ങിനെ വന്നപ്പോൾ, ഒരു ചെടിയുടെ താഴെ ഒരു പക്ഷികൂടും, അതിൽ രണ്ടു പരുന്ത് കുഞ്ഞുങ്ങളെയും കണ്ടു. രാജാവ് പക്ഷിക്കൂട് അടക്കം അത് കൊട്ടാരത്തിൽ കൊണ്ടുപോയി സ്ഥാപിച്ചു. ദിവസവും ആ പരുന്ത്കുഞ്ഞുങ്ങളുടെ,വളർച്ച കണ്ട് രാജാവ് കുറച്ചു നേരം അവിടെ നിൽക്കുക പതിവുണ്ട്.
വളർച്ച എത്തിയ പരുന്തുകൾ ഉദ്യാനത്തിൽ പറന്ന് കളിച്ചു തുടങ്ങി.
പരുന്തുകൾക്ക് ഉയർന്നു പറക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തേക്ക് പരുന്തുകളെ കൊണ്ടു പോയി വിടാൻ രാജാവ് സേവകരെ ഏൽപ്പിച്ചു. വിശാലമായ ഒരു ഇടം കണ്ടപ്പോൾ, പരുന്തുകൾ പറക്കാൻ തുടങ്ങി. പരുന്തുകളില്‍ ഒന്ന് ദൂരെ ആകാശത്ത് കാഴ്ചകൾ കണ്ട് വട്ടമിട്ട് പറന്ന് ഉല്ലസിച്ചു. രണ്ടാമത്തെ പരുന്ത്, കുറച്ചു ഉയരത്തിൽ പറന്ന ശേഷം,അവിടെയുണ്ടായിരുന്ന വൃക്ഷത്തിൽ വന്നിരിക്കും.
ഇത് രാജാവിന്റെ ശ്രദ്ധയിൽ വരാൻ ഇടയായി. എന്തെങ്കിലും അസുഖങ്ങൾ കൊണ്ടാണോ പരുന്ത് ഉയർന്ന് പറക്കാത്തത്എ ന്ന് രാജാവ് സംശയിച്ചു. രാജ്യത്തുള്ള എല്ലാ വൈദ്യന്മാരും പരുന്തിനെ ചികിത്സിക്കാൻ വന്നു. അവർക്ക് ആർക്കും പരുന്തിന്റെ അസുഖം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വന്നവരെല്ലാം, പരുന്ത് ആരോഗ്യവാനാണെന്ന് വിധിയെഴുതി.
പറക്കാത്ത പരുന്തിനെ ഉയരത്തിൽ പറപ്പിക്കുന്നവർക്ക്, ഒരു സഞ്ചിനിറയെ സ്വർണനാണയങ്ങൾ ലഭിക്കുമെന്ന് രാജാവ് വിളംബരം ചെയ്തു. വന്നവർക്ക് ആർക്കും പരുന്തിനെ പറപ്പിക്കാൻ കഴിഞ്ഞില്ല. അങ്ങിനെയിരിക്കെ, ആ രാജ്യത്ത് ഒരു കർഷകൻ ഉണ്ടെന്നും, കർഷകന്, പരുന്തുകളെ പറപ്പിക്കാനുള്ള വിദ്യ അറിയാമെന്നും രാജാവിനെ അറിയിച്ചു. കർഷകൻ വന്ന് പരുന്തുകൾ സാധാരണ പറക്കുന്ന സ്ഥലത്ത് കൊണ്ടുപോയി വച്ചു. സാധാരണ ഉയർന്നു പറക്കാറുള്ള പരുന്ത്, കിട്ടിയ അവസരം പാഴാക്കാതെ, ഉയർന്ന് പറന്ന് വട്ടമിട്ടു. പറക്കാത്ത പരുന്ത്, പറന്ന് ഉയർന്ന്, അവിടെയുള്ള വൃക്ഷത്തിൽ വന്നിരുന്നു.
കർഷകൻ പറഞ്ഞത് പ്രകാരം രാജാവ് അവിടെയുള്ള ആ വൃക്ഷം വെട്ടിക്കളഞ്ഞു.
പിറ്റേദിവസം കർഷകൻ പരുന്തുകളെ കൊണ്ടുവന്നു. രണ്ടു പരുന്തുകളും പറക്കാൻ തുടങ്ങി. മടിപിടിച്ച് ഇരിക്കാൻ വൃക്ഷം ഇല്ലാതെ വന്നപ്പോൾ ഗത്യന്തരമില്ലാതെ ആ പരുന്തും ഉയർന്ന് പറന്ന് കളിച്ചു. കർഷകന്, രാജാവ് ധാരാളം സമ്മാനങ്ങൾ കൊടുത്തു.
താങ്ങാൻ ആളുള്ളപ്പോൾ, മനുഷ്യന്റെ ഗതിയും ഇതുതന്നെ. ധനികരായ പലരുടെയും മക്കൾ, പൈസ കൊടുത്തിട്ടും മറ്റും ഡോക്ടറും, എഞ്ചിനീയറും, ആവാൻ പഠിച്ച്, ഡോക്ടറും, എഞ്ചിനീയറും ആയവർ, ഇതുവച്ച്, ഒരു കല്യാണവും കഴിച്ച്, പഠിച്ച തൊഴിൽ ചെയ്യാതെ, ഇരിക്കുന്നവരും, ഒരൂതരത്തിൽ പറഞ്ഞാൽ അലസരു തന്നെ.
നല്ല ചിന്ത
ആശംസകൾ