Logo Below Image
Sunday, April 6, 2025
Logo Below Image
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ' പന്തളം കേരള വർമ്മ ' ✍ അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

പ്രഭാ ദിനേഷ്

മലയാളി മനസ്സ് ലെ എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ പത്തൊമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

പദം കൊണ്ട് പന്താടുന്ന പന്തളം എന്ന് വിശേഷിപ്പിക്കുന്ന പന്തളം കേരളവർമ്മ യാണ് ഇന്നത്തെ നക്ഷത്രപ്പൂവ് ആയി മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ പരിചയപ്പെടുത്തുന്നത്!

പന്തളം കേരള വർമ്മ (1️⃣9️⃣) (1879 ജനുവരി – 1919 ജൂൺ)

കവിയും പ്രസാദകനും എന്നറിയപ്പെടുന്ന ശ്രീ.കേരളവർമ്മ പല പണ്ഡിതന്മാരും, കലാകാരന്മാരും, സാഹിത്യകാരന്മാരും ജനിച്ചു വളർന്ന പന്തളം രാജകൊട്ടരത്തിൽ 1879 ജനുവരി പതിനൊന്നിന് അശ്വതി തിരുനാൾ അംബ(തന്മംഗി) തമ്പുരാട്ടിയുടെയും കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലത്ത് വിഷ്ണുനമ്പൂതിരിയുടെയും മകനായി ജനിച്ചു.

പന്തളം അച്യുത വാര്യരായിരുന്നു ആദ്യത്തെ ഗുരു. അമരകോശം, സിദ്ധരൂപം ശ്രീരാമോദന്തം തുടങ്ങിയവയും തുടർന്ന് കാര്യങ്ങളും നാടകങ്ങളും വ്യാകരണവും പഠിച്ചു. ചെറുപ്പത്തിൽ തന്നെ കാവ്യരചനയിൽ താൽപര്യം ഉണ്ടായിരുന്നു. കൊട്ടാരത്തിൽ തന്നെ ഒരു സാഹിത്യസമാജം രൂപീകരിച്ച് സാഹിത്യരചനകൾ, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

ചങ്ങനാശ്ശേരിയിൽ നിന്ന് പുറത്തിറക്കിയിരുന്ന “സുഭാഷിണി” എന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യമായി കവിതകൾ പ്രസിദ്ധീകരിച്ചത്. കേരളവർമ്മയുടെ ഉടമസ്ഥതയിൽ അദ്ദേഹം തന്നെ പത്രാധിപരായി കവന കൗമുദി എന്ന മാസിക പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. വാർത്തകൾ, ലേഖനങ്ങൾ, അറിയിപ്പുകൾ, മുഖപ്രസംഗങ്ങൾ എന്നു വേണ്ട കവനകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നതെല്ലാം പദ്യത്തിലായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതു മലയാളത്തിലെ ആദ്യത്തെ സംരംഭമായിരുന്നു. ഭാരതത്തിലെ മറ്റൊരു ഭാഷയിലും ഇത്തരം ഒരു സംഭവം അതുവരെ ഉണ്ടായിരുന്നില്ല. പത്രാധിപൻ എന്ന നിലയിൽ സാധാരണ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി അവരോടൊപ്പം നിന്ന് സാമൂഹ്യമായ അനീതികൾക്കെതിരെ അദ്ദേഹം തൂലിക ചലിപ്പിച്ചു.

തിരുവനന്തപുരം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഭാഷാദ്ധ്യാപകരായി ജോലി ലഭിച്ചതോടു കൂടി അദ്ദേഹം തിരുവനന്തപുരത്തേക്കു താമസം മാറ്റി. നാല്പതു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എങ്കിലും ആ കാലത്തിനുള്ളിൽ മലയാളത്തിലും സംസ്കൃതത്തിലുമായി നിരവധി കൃതികൾ അദ്ദേഹം രചിച്ചിരുന്നു.

രുഗ്മാംഗദചരിതം മഹാകാവ്യം, വിജയോദയം, കഥാകൗമുദി, മാർത്താണ്ഡ ദേവോദയം, വേണീസംഹാരം നാടകം, ദൂതകാവ്യം, ശ്രീമൂലരാജവിജയം, ഓട്ടൻതുള്ളൽ, സൂക്തിമാല, കാവ്യരൂപത്തിലെഴു തിയ ‘ശബരിമല’ തുടങ്ങിയവയാണ് കേരളവർമ്മയുടെ പ്രധാനകൃതികൾ!

സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ അല്പം പ്രയാസമുള്ളതാണ് രുഗ്മാംഗദ ചരിതം മഹാകാവ്യം. മലയാള കവിതയ്ക്ക് ദ്വിതീയക്ഷരപ്രാസം മാത്രമല്ല പ്രഥമാക്ഷര പ്രാവവും, തൃതീയാക്ഷരപ്രാസവും അദ്ദേഹം പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്.

മാനത്താൽ
തേടുമല സാക്ഷികളിൽ കവിഞ്ഞ
മാനത്തെ വേരോടും പിടുങ്ങിയെടുത്തിനായ്
മാനത്തിൽ വന്നുയരുമിന്ദുതദാ നഭസ്സാ-
മാനത്തലയ്ക്കു പതിയുത്തൊരു പൊട്ടു പോലെയായ് ‘

ഇവിടെ ആദ്യത്തെ മൂന്നക്ഷരങ്ങളിലും പ്രാസമുണ്ട്!

‘ദൈവമേ! കൈ തൊഴാം കേൾക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം’

എന്നു തുടങ്ങുന്ന വളരെ പ്രസ്സിദ്ധമായ പ്രാർത്ഥനഗാനം പന്തളം കേരളവർമ്മ രചിച്ചതാണ്.

വിദ്യാലയം എന്ന കവിതയിലെ

‘പൈങ്കിളിയേ പൈങ്കിളിയേ കളിയാടീടാൻ വരുമോ നീ?
പാടില്ലാ ചുള്ളികളാൽ
കൂടു ചമയ്ക്കാൻ പോകുന്നു… തുടങ്ങിയ വരികളിലൂടെ വിദ്യാലയത്തിൽ പോകുവാൻ മടിച്ചിരുന്ന കുട്ടിയുടെ തന്ത്രങ്ങളെയും, ജാള്യതയും എത്ര ലളിതമായും സ്വാഭാവികമായും ആണ് കവി അവതരിപ്പിച്ചിരിക്കുന്നത്!

‘അമ്പിളി’ എന്ന കവിതയിൽ ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങളെ…

മറയും വാവിൻ നാൾ കലയായി പിന്നീടും
വളവാം വാൽ പോലെ വളരും
വെൺവാവിൻ വലിയൊരു പപ്പടമാം …

എത്ര ഹൃദ്യമായിരിക്കുന്നു ഈ വർണ്ണന!

‘മണിയെക്കണ്ടോ മണിയെക്കണ്ടോ നാഴികമണിയെക്കണ്ടോ
കിണികിണിയെന്നൊരു കിണ്ണത്തിൻമ്മേൽ മണിക്കൂർതോറുമടിച്ചീടുന്നു.’

പാടി രസിക്കാൻ പാകത്തിലുള്ള ഈ കവിതയും രചിച്ചത് പന്തളം കേരളവർമ്മയാണ്. കൊച്ചീ മഹാരാജാവ് ‘കവിതിലകൻ’ സ്ഥാനം നൽകി കേരള വർമ്മയെ ആദരിച്ചു. തിരുവിതാംകൂർ സർക്കാർ ‘രാജകീയ വിദ്വാൻ’ സദസ്സിലെ അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു!

1919 ജൂൺ മാസത്തിൽ നാല്പതാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന് കേരളവർമ്മ നൽകിയിട്ടുള്ള സംഭാവനകൾ മറക്കാനാവാത്തതാണ്!

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം!

അവതരണം: പ്രഭാ ദിനേഷ് ✍

RELATED ARTICLES

7 COMMENTS

  1. പന്തളം കേരളവർമ്മയെ കുറിച്ച് സമഗ്രമായി തയ്യാറാക്കിയ ലേഖനം ഒത്തിരി ഇഷ്ടം

  2. 40 വയസ്സിനുള്ളിൽ ഇത്രയും സാഹിത്യ പ്രവർത്തനങ്ങളും, പുസ്തക രചനയും നടത്തിയ ഈ പ്രതിഭയെ കുറിച്ച കൂടുതൽ
    അറിയാൻ കഴിഞ്ഞു. ആശംസകൾ. പ്രഭ.

    • വായനയ്ക്കും അർത്ഥവത്തായ മറുമൊഴിയ്ക്കും സന്തോഷം…നന്ദി മാഡം🙏❤️🥰

  3. പ്രഭേ! നല്ല വിവരണം. ഒരു പാട് ഇഷ്ടമായിട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments