മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ ഇരുപത്തിയേഴാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
ഭാവഗീത പ്രസ്ഥാനത്തിന് ശാശ്വത സംഭാവനകൾ നൽകിയ അനുഗ്രഹീത കവയിത്രിയായ നാലപ്പാട്ട് ബാലാമണിയമ്മ യാണ് ഇന്നത്തെ നക്ഷത്രപൂവ്!
നാലപ്പാട്ട് ബാലാമണിയമ്മ (2️⃣7️⃣ (19/07/1909 – 29/09/2004)

മലയാള കവിതയിലെ മാതൃഭാവത്തിൻ്റെ കവയിത്രിയായ ബാലാമണിയമ്മ 1909 ജൂലൈ പത്തൊമ്പതാം തീയതി തൃശ്ശൂർ പുന്നയൂർക്കുളത്തെ നാലപ്പാട്ടു തറവാട്ടിൽ ജനിച്ചു. പ്രശസ്ത കവിയായ നാലപ്പാട്ടു നാരായണമേനോൻ്റെ സഹോദരി കൊച്ചുകുട്ടിയമ്മയായിരുന്നു ബാലാമണിയുടെ അമ്മ. അച്ഛൻ ചിറ്റത്തൂർ കോവിലകത്തെ കുഞ്ഞുണ്ണി രാജ.
വീട്ടിലിരുന്നു തന്നെയാണ് ബാലാമണിയമ്മ ഇംഗ്ലീഷും, സംസ്കൃതവും പഠിച്ചത്. അമ്മാവനായിരുന്ന നാലപ്പാട്ടു നാരായണമേനോൻ്റെ ഗ്രന്ഥശേഖരം ഒരു കവയിത്രി ആയി വളരുവാൻ ബാലാമണിയമ്മയെ വളരെയധികം സഹായിച്ചിട്ടുണ്ട്.
കൽക്കട്ടയിൽ കമ്പനി ഉദ്യോഗസ്ഥനായിരുന്ന വി.എം. നായരെ വിവാഹം കഴിച്ചതോടുകൂടി ബാലാമണിയമ്മയും കൽക്കട്ടയിലേയ്ക്കു പോയി. വി. എം. നായർ പിന്നീട് മാതൃഭൂമി പത്രത്തിൻ്റെ മാനേജിങ്ങ് എഡിറ്ററും ഡയറക്ടറുമായി. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി
(കമല സുരയ്യ) എന്ന കമലാദാസ് ബാലാമണിയമ്മയുടെ മകളാണ്. മറ്റൊരു മകളായ ഡോ. സുലോചന നാലപ്പാട്ടും സാഹിത്യലോകത്തു പ്രശസ്തയാണ്. ഡോ. ശ്യാം സുന്ദർ, മോഹൻദാസ് എന്നിവരും ബാലാമണിയമ്മയുടെ മക്കളാണ്.
ചെറുപ്പത്തിൽ തന്നെ ബാലാമണിയമ്മ കവിത എഴുതുമായിരുന്നു. രബീന്ദ്രനാഥ ടാഗോറിൻ്റെ കൃതികൾ അവർക്ക് ആവേശം നൽകി. മാതൃഭാവത്തോടൊപ്പം ശൈശവ സൗകുമാര്യത്തെയും ഹൃദയസ്പർശിയായ വിധത്തിൽ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ അവർക്കു കഴിഞ്ഞു. മാതൃത്വത്തിൻ്റെ മഹത്ത്വം പോലെ തന്നെ ശിശുത്വത്തിൻ്റെ നൈർമല്യവും ദിവ്യമാണെന്ന് ബാലാമണിയമ്മയുടെ കൃതികൾ വ്യക്തമാക്കുന്നു.
പ്രഥമകൃതിയായ ‘കൂപ്പുകൈ’ കൊണ്ടു തന്നെ സഹൃദയ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ ബാലാമണിയമ്മയ്ക്കു കഴിഞ്ഞു. ആദ്യകാലകവനങ്ങളിൽ തന്നെ ഒരു സൗന്ദര്യാരാധകയേയും തത്വചിന്തകയെയും സചേതസ്സുകൾ കണ്ടു. ആദർശവിശുദ്ധിയുടെ ഗംഗാപ്രവാഹമാണ് ബാലാമണിയമ്മയുടെ എല്ലാ കൃതികളിലും കാണുന്നത്.
മാതൃത്വത്തിൻ്റെ മഹത്ത്വവും പരിശുദ്ധിയും അതു നല്കുന്ന നിർവൃതിയും എത്ര വർണ്ണിച്ചാലും കവയിത്രിക്ക് മതിയാകുന്നില്ല. പ്രപഞ്ചവസ്തുക്കളെയെല്ലാം തൻ്റെ ഓമനക്കുഞ്ഞുങ്ങളായി അവർ കാണുന്നു. ഉദയസൂര്യനും, പ്രഭാതവും, കുഞ്ഞാടും, താറാവും, മീനും, പൂച്ചയും,കുയിലും, വണ്ടും എല്ലാം സ്വന്തം കുഞ്ഞുങ്ങൾ തന്നെ! അവരുടെ ഓരോ ചലനവും തന്നോടുള്ള സ്നേഹ പ്രകടനമാണ്. ഈ വിധം ചിന്തിക്കുമ്പോൾ അവർക്ക് രോമാഞ്ചമുണ്ടാകുന്നു. അടുക്കളജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തനിക്കുചുറ്റും പ്രഭാതകിരണങ്ങൾ കാണുമ്പോഴും,
‘വല്ലതും തരികെന്നു’ പുലമ്പിക്കൊണ്ട് അരിപ്രാക്കൾ വന്നണയുമ്പോഴു”കാലമായോ നമുക്കെന്ന്’ പൂച്ച കൊഞ്ചുമ്പോഴും അവയോടുള്ള സ്നേഹവായ്പു കൊണ്ട് തൻ്റെ കണ്ണുകൾ നിറയാൻ കാരണമെന്തെന്ന് കവയിത്രി സ്വയം ചോദിക്കുന്നു.
ഉച്ചനേരത്ത് തൻ്റെ കുട്ടിയെ ഉറക്കിക്കിടത്തി അതിനടുത്തിരിക്കുമ്പോൾ ,ആരോ ആ ചോദ്യത്തിന് ഉത്തരം പറയുന്നു.
‘ഇജ്ജഗദാത്മാവെന്നു നിൻ പൈതലായ്
നിശ്ചയമന്നു ലോകാംബയായി നീ….
അമ്മ, സ്ത്രീ ഹൃദയം, കൂപ്പുകൈ, ഊഞ്ഞാലിൽ തുടങ്ങിയവ ഈ മനോഭാവം വ്യക്തമാക്കുന്ന കൃതികളാണ്.
അത്രമാത്രം വിശാലമാണ് ആ മാതൃഹൃദയം!
മാതൃത്വഭാവത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയായിരുന്നില്ല ബാലാമണിയമ്മയുടെ കവിതകൾ. തങ്ങൾ ജീവിക്കുന്ന കാലഘട്ടം, സാഹചര്യങ്ങൾ, സാമൂഹിക സ്ഥിതികൾ, ജീവിതമൂല്യങ്ങൾ, വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും കവയിത്രി ഒഴിഞ്ഞു മാറി നിന്നിരുന്നില്ല. മുത്തശ്ശി, നഗരത്തിൽ, പോറ്റമ്മ തുടങ്ങിയ കവിതകൾ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണെന്നു പറയാം.
പുരാണകഥാപാത്രങ്ങളുടെ പുനഃസൃഷ്ടിയിലൂടെ ബാലാമണിയമ്മയുടെ കവിത ഒരു പുതിയ പതനത്തിലേയ്ക്കു കടക്കുന്നതും ശ്രദ്ധേയമാണ്.
‘ഒരു മഴുവിൻ്റെ കഥ’ ഇത്തരം ഒരു കൃതിയാണ്. അച്ഛൻ്റെ ആജ്ഞ അനുസരിച്ച് അമ്മയെ വധിക്കുന്ന പരശുരാമൻ്റെ കഥയാണ് ഇതിലെ ഇതിവൃത്തം. പിന്നീട് അതേ മഴു ഉപയോഗിച്ച് ഇരുപത്തിയൊന്ന് പ്രാവശ്യം ലോകം ചുറ്റി നടന്ന് ക്ഷത്രിയരെ വധിക്കുന്നു.
വിഭീഷണൻ, വിശ്വാമിത്രൻ, ഹരിശ്ചന്ദ്രൻ തുടങ്ങിയ കഥപാത്രങ്ങളെയും ബാലാമണിയമ്മ അവതരിപ്പിക്കുന്നുണ്ട്.
അവരുടെ മറ്റു പ്രധാന കൃതികൾ പ്രണാമം, ലോകാന്തരങ്ങളാൽ, അമ്പലത്തിൽ, കളിക്കൊട്ട,
അമൃതംഗമയ, നിവേദ്യം, അവർ പാടുന്നു, പ്രഭാങ്കുരം തുടങ്ങിയവയാണ്.
ബാലാമണിയമ്മയ്ക്ക് ആദ്യം ലഭിച്ച പുരസ്കാരം കൊച്ചി രാജാവു നൽകിയ ‘സാഹിത്യ നിപുണ’ എന്ന ബഹുമതിയാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സരസ്വതി സമ്മാനവും, ആശാൻ പ്രൈസ്, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി സമ്മാനങ്ങൾ കവയിത്രിക്ക് ലഭിച്ചിട്ടുണ്ട്.
“മാതൃഭാവത്തിൻ്റെ മനോരഥങ്ങളും അനുഭൂതികളും അതിമനോഹരങ്ങളായ ചിത്രങ്ങളിലൂടെ ചൈതന്യവത്തായി പ്രകാശിപ്പിക്കുവാൻ കഴിഞ്ഞതാണ് ബാലാമണിയമ്മയുടെ കവിതകളുടെ സവിശേഷത എന്ന് മഹാകവി ഉള്ളൂർ പറഞ്ഞിട്ടുമുണ്ട്. അത് അക്ഷരാർത്ഥത്തിൽത്തന്നെ ശരിയാണെന്ന് ആ കവിതകൾ തെളിയിക്കുന്നു”
2004 സെപ്റ്റംബർ പത്തൊമ്പതിന് മലയാളസാഹിത്യത്തിലെ മാതൃകവയിത്രി അന്തരിച്ചു🙏🙏
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕




ചെറുപ്പം മുതൽ കേട്ട് ശീലിച്ച പേരാണ് ബാലാമണിയമ്മ..
അവരെക്കുറിച്ച് നല്ല എഴുത്ത്..
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഒരുപാട് സന്തോഷം… സ്നേഹം…നന്ദി സാർ🙏❤️
👍👍
Thank You Madam 🙏❤️
Thank You Chief Editor Sri.Raju Sankarathil Sir🙏❤️
Thank You Madam 🙏❤️
തൻ്റെ കുട്ടിക്കാലത്ത് കമിഴ്ന്നു കിടന്നു കവിതകളെഴുതുന്ന അമ്മയെ കുറിച്ച് മാധവിക്കുട്ടി ഒരിക്കൽ എഴുതിയിട്ടുണ്ട് മലയാള ഭാഷാ തറവാട്ടിലെ മുത്തശ്ശി യെ കുറിച്ചെഴുതിയത് വളരെ ഉചിതം.
ഹൃദ്യമായ അഭിപ്രായത്തിന് ഏറെ സന്തോഷം …സ്നേഹം … നന്ദി മാഷേ🙏❤️🙏