മലയാളി മനസ്സ് ൻ്റെ എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ ഇരുപത്തിയൊന്നാം ഭാഗത്തിലേയ്ക്ക് സ്വാഗതം
പ്രസിദ്ധ കവിയും വിവർത്തകനും ആയ ശ്രീ. നാലപ്പാട്ട് നാരായണമേനോൻ നെ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ് ആയിട്ട് അവതരിപ്പിക്കുന്നത്!
നാലപ്പാട്ട് നാരായണമേനോൻ (
) (07/10/1887 – 03/07/1954)
മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് അടുത്തുള്ള വന്നേരിയിലെ നാലപ്പാട്ടു കുടുംബത്തിൽ 1887 ഒക്ടോബർ ഏഴാം തീയതിയാണ് നാരായണ മേനോൻ ജനിച്ചത്. അമ്മ നാലപ്പാട്ട് മാധവി അമ്മയും, അച്ഛൻ ആമയൂർ പുരുഷോത്തമൻ നമ്പൂതിരിയും ആയിരുന്നു. ഔപചാരികമായ വിദ്യാഭ്യാസത്തേക്കാൾ സ്വയം വായിച്ചും പഠിച്ചുമാണ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹം പ്രാവീണ്യം നേടിയത്. സംസ്കൃതവും, ഇംഗ്ലീഷ് ഈ രീതിയിലാണ് പഠിച്ചത്.
ലൗകിക ജീവിതത്തോടു വിരക്തി തോന്നി സന്യാസം സ്വീകരിക്കണമെന്നാഗ്രഹിച്ച് നാടുവിട്ടുപോയി. എങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ച് തിരികെ വന്നു തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായിച്ചേർന്ന് വിവേകാനന്ദകൃതികൾ വായിച്ചു പഠിക്കുവാൻ തുടങ്ങി.
വടക്കാൻഞ്ചേരിയിൽപ്രവർത്തിച്ചിരുന്ന “വള്ളത്തോൾ കലാ സ്ഥാപനം” എന്ന പ്രസ്സിൻ്റെ ചുമതലക്കാരനായും,പ്രവർത്തിച്ചിരുന്നു. വള്ളത്തോൾ, കുട്ടികൃഷ്ണമാരാർ എന്നിവരുമായി അടുത്ത സൗഹൃദത്തിലായിരുന്നു.
‘കവനകൗമുദി’ യിൽ പ്രസിദ്ധീകരിച്ച കൈതപ്പൂ എന്ന കവിതയാണ് അദ്ദേഹത്തിൻ്റെ ആദ്യ രചന! നക്ഷത്രങ്ങൾ, അസൂയ, സുലോചന,പുകയില മാഹാത്മ്യം തുടങ്ങിയവ ഇദ്ദേഹത്തിൻ്റെ ആദ്യകാലകൃതികളാണ്.
നാലപ്പാട്ട് നാരായണമേനോൻ്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ്
‘കണ്ണുനീർത്തുള്ളി’ . പ്രാണപ്രേയസിയുടെ അകാലവിയോഗത്തിൽ മനമുരുകി അദ്ദേഹം രചിച്ച ‘കണ്ണുനീർത്തുള്ളി’ മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ വിലാപകാവ്യങ്ങളിൽ ഒന്നാണ്. ഹൃദയദ്രവീകരണക്ഷമവും തത്വചിന്താപരവുമായ ഈ കൃതി മലയാള സാഹിത്യത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. കളിക്കൂട്ടുകാരിയായിരുന്ന കാളിപുറയത്തു മാധവിയമ്മ ആയിരുന്നു നാലപ്പാടിൻ്റെ സഹധർമ്മിണി. അവരുടെ ബാല്യകാലത്തെക്കുറിച്ച് കവി ഓർമ്മിക്കുന്നത്:
“മുതിർന്നുമെല്ലെച്ചെറു പിച്ചവെപ്പാൻ
തുടർന്നനാൾ തൊട്ടു പിരിഞ്ഞിടാതെ,
ഒരമ്മതൻ രണ്ടു കിടാങ്ങളെന്ന-
പോലെ, കഴിച്ചു പലതിങ്ങൾ ഞങ്ങൾ.
“ഒരേ കളിപ്പാട്ട, മൊരേകളിക്കൂ ത്തൊരേ കളിക്കൊട്ടിലൊരേ വികാരം,
ഒരാൾക്കു മറ്റാൾ തുണയീ നിലയ്ക്കാ-
യിരുന്നു ഹാ, കൊച്ചു കിടാങ്ങൾ ഞങ്ങൾ”…
ഈ നിഷ്ക്കളങ്ക സ്നേഹം പ്രണയമായി വളരുകയും വീട്ടുകാരുടെ ആദ്യകാലത്തെ എതിർപ്പുകൾ അതിജീവിച്ച് വിവാഹിതരാവുകയും ചെയ്തു. പക്ഷേ വിധി അവർക്ക് അനുകൂലമായിരുന്നില്ല. ആദ്യത്തെ കുഞ്ഞിന് ജന്മം കൊടുക്കുന്നതിനിടയിൽ തന്നെ ആ ദുരന്തം സംഭവിച്ചു.
മാധവിയമ്മ ഇഹലോകവാസം വെടിഞ്ഞു.
ആ ആകസ്മിക സംഭവം ഹൃദയത്തിലേല്പിച്ച അഗാധമായ മുറിവിൽ നിന്നും ഇറ്റുവീണ രക്തത്തുള്ളികളാണ് ‘കണ്ണുനീർത്തുള്ളി’ എന്ന അനശ്വര വിലാപകാവ്യം. ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ തത്വചിന്താപരമായി ഈ കവിതയിലൂടെ കവി അവതരിപ്പിക്കുന്നു!
അവിചാരിതമായി ജീവിതത്തിൽ സംഭവിക്കുന്ന ആപത്തിനെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും ദാർശനികമായ കാഴ്ചപ്പാടോടെ ചിന്തിച്ചിട്ട് ഈ പ്രപഞ്ചത്തെത്തന്നെ പ്രിയപ്പെട്ടവളായി കവി കാണുന്നു.
ഉരുക്കീടുന്നു മിഴിനീരിലിട്ടു മുക്കുന്നു മുറ്റും ഭുവൈനകശില്പി മനുഷ്യഹൃത്താം കനകത്തെയേതോ പണിത്തരത്തിനുപയുക്തമാക്കാൻ’
എന്ന് ചിന്തിക്കുന്ന കവി
ജീവിതദുഃഖങ്ങളും മനഷ്യൻ്റെ ഉപരി നന്മയ്ക്കു വേണ്ടിയാണ് എന്ന ആശ്വാസം കൊള്ളിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ ചിന്തകളൊന്നും ആ വിരഹാർത്തന് സമാധാനം നൽകുന്നില്ല. ലോകം നിസ്സാരമാണെന്ന് ജ്ഞാനികൾ പറയുന്നതും അദ്ദേഹം ഓർക്കുന്നു. എങ്കിൽപ്പോലും
“പ്രേമാർദ്രമത്തുമുഖമുല്ലസിക്കെ
വിലപ്പെടുന്നൊന്നി വനിപ്രപഞ്ചം” എന്നാണ് അദ്ദേഹം വിമർശിക്കുന്നത്.
ജീവിതത്തിൻ്റെ ഗതിവിഗതികൾ ഒരു വേദാന്തചിന്തകൻ്റെ മനോഭാവത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്ന ‘കണ്ണുനീർത്തുള്ളി’ മലയാളത്തിലെ വിലാപകാവ്യങ്ങളിൽ മുൻപന്തിയിൽ നില്ക്കുന്നു എന്നു പറയാതെ വയ്യ!
അദ്ദേഹത്തിൻ്റെ ദർശനങ്ങളും തത്വചിന്താപരമായ സമീപനങ്ങളും പ്രകടമാക്കുന്ന രണ്ടു കാവ്യങ്ങളാണ് ‘പുളകാങ്കുരം’ ‘ചക്രവാളം’ എന്നിവ.
പാവങ്ങൾ, പൗരസ്ത്യദീപം, വേശുവമ്മയുടെ വിശറി, രതിസാമ്രാജ്യം, ആർഷജ്ഞാനം, വള്ളത്തോൾ എന്നിവയാണ് നാലപ്പാട്ട് നാരായണമേനോൻ്റെ ഗദ്യകൃതികൾ. വിക്ടർ ഹ്യൂഗോ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച
‘ലെമിറ ബെള’ യുടെ പരിഭാഷയാണ് പാവങ്ങൾ എന്ന കൃതി. പാശ്ചാത്യ സാഹിത്യത്തിൽ വളരെ പ്രചാരമുള്ള ഒരു കൃതിയാണ് ഇത്. അതു മലയാളിക്കു മനസ്സിലാക്കുവാനുള്ള അവസരമൊരുക്കിയത് നാലപ്പാടാണ്! ഓസ്കാർ വൈൽഡിൻ്റെ ‘ലേഡി വിൻ്റർ മിയേഴ്സ് ഫാൻ’ എന്ന കൃതിയാണ് ‘വേശുവമ്മയുടെ വിശറി’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. എഡ്വിൻ അർത്തോർഡിൻ്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘പൗരസ്ത്യദീപം’ എന്ന പേരിൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തു.
ലൈംഗിക വിഷയത്തെ സംബന്ധിച്ച ഗൗരവമേറിയതും പ്രതിപാദനശൈലി കൊണ് ശ്രദ്ധേയവുമായ പഠനമാണ് ‘രതിസാമ്രാജ്യം’ എന്ന കൃതി. ആർഷജ്ഞാനം എന്ന കൃതിയിലെ പ്രതിപാദ്യവിഷയം ബ്രഹ്മാണ്ഡം, ത്രിമൂർത്തികൾ, ഭക്തിയോഗം തുടങ്ങിയവയാണ്. വള്ളത്തോൾ നാരായണമേനോൻ്റെ ലഘുജീവചരിത്രമാണ് ‘വള്ളത്തോൾ’ എന്ന കൃതിയുടെ ഉള്ളടക്കം.
നാലപ്പാട്ടു കുടുംബം കവികളുടെയും കലാകാരന്മാരുടെയും പാരമ്പര്യം കൊണ്ട് അനുഗ്രഹിതമാണ്. പ്രസിദ്ധ കവയിത്രി ബാലാമണിയമ്മ നാലാപ്പാട്ടു നാരായ മേനോൻ്റെ സഹോദരിയുടെ മകളാണ്. ലോകമെങ്ങും അറിയപ്പെടുന്ന കഥാകാരി മാധവിക്കുട്ടി
( കമല സുരയ്യ) ബാലാമണിയമ്മയുടെ പുത്രിയാണ് . ‘ മാതൃഭൂമി’ മാനേജിംഗ് എഡിറ്റർ വി.എം നായരാണ് മാധവിക്കുട്ടിയുടെ പിതാവ്.
1954 ജൂലൈ ഏഴാം തീയതി അദ്ദേഹം അന്തരിച്ചു
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Sir

മികച്ച വായനാനുഭവം
നന്നായിട്ടുണ്ട്
നാലപ്പാടിന്റെ ജീവിത വഴികൾ നന്നായി എഴുതി