മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
‘മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ’
എന്ന രചനയുടെ പതിനഞ്ചാം ഭാഗത്തിലേയ്ക്കു സ്വാഗതം
മലയാളഭാഷയെ സ്നേഹിക്കുന്നവർക്കും മലയാളഭാഷ പഠിക്കുന്നവർക്കും പ്രാതസ്മരണീയനാണ് ശ്രീ. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ” കേരളകാളിദാസൻ”എന്ന അപരനാമധേയത്തിലൂടെയും അറിയപ്പെടുന്ന അദ്ദേഹത്തെയാണ് ഇന്നത്തെ നക്ഷത്രപ്പൂവ് ആയി പരിചയപ്പെടുത്തുന്നത് !
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (
)
(19/02/1845 -22/09/1914)
1845 ഫെബ്രുവരി പത്തൊമ്പതാം തീയതി ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിലാണ് ശ്രീ. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ജനിച്ചത്. അച്ഛൻ തളിപ്പറമ്പത്തു മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയും, അമ്മ പൂരം തിരുനാൾ ദേവി അംബത്തമ്പുരാട്ടിയും ആയിരുന്നു.
ബാല്യകാലവിദ്യാഭ്യാസത്തിനു ശേഷം അമ്മാവനായ രാജരാജവർമ്മയോടൊപ്പം തിരുവനന്തപുരത്തേക്കു പോയി . സംസ്കൃതഭാഷയിൽ പാണ്ഡിത്യം നേടി. കാവ്യം, നാടകം, ചമ്പു ,വ്യാകരണം, തർക്കം തുടങ്ങിയവയൊക്കെ പഠിച്ചു. കൂടാതെ ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും അറിവു സമ്പാദിച്ചു. ഇതോടൊപ്പം സംഗീതം,ഗുസ്തി, നായാട്ട്, കുതിരസവാരി തുടങ്ങിയവയിലും അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നു. എൻ്റെ ‘മൃഗയാസ്മരണകൾ’ എന്ന ലേഖനം നായാട്ടിൽ അദ്ദേഹത്തിനുള്ള താല്പര്യവും അഭിരുചിയും വ്യക്തമാക്കുന്നതാണ്!
ആദ്യകാല കൃതികൾ സംസ്കൃതത്തിലായിരുന്നു. പുസ്തകരൂപത്തിൽ ആദ്യം പ്രസിദ്ധീകരിച്ചത് തിരുന്നാൾ പ്രബന്ധ മായിരുന്നു. ആയില്യം തിരുനാൾ മഹാരാജാവിൻ്റ ആട്ടതിരുനാൾ ദിവസം സമർപ്പിക്കുന്നതിനു വേണ്ടിയാണ് ഇതു രചിച്ചത്. നക്ഷത്രമാല, ഗുരുവായൂർ പുരേശസ്തവം, ക്ഷമാപണസഹസ്രം, കംസവധം ചമ്പു, വിശാഖം വിജയം മഹാകാവ്യം തുടങ്ങിയവ തമ്പുരാൻ എഴുതിയ പ്രധാന സംസ്കൃത കൃതികളാണ്.
എന്നാൽ മലയാള ഭാഷയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിലാണ് മലയാളികൾ ഇന്നും കേരളവർമ്മ വലിയ കോയിത്തമ്പുരാനെ സ്മരിക്കുന്നത്! സർ ടി. മാധവറാവു തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് ഇവിടെ സ്ക്കൂളുകൾ ആരംഭിച്ചപ്പോൾ കുട്ടികൾക്ക് പഠിക്കുവാനുള്ള നല്ല പാഠപ്പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരം കണ്ടെത്തുവാനായി സർക്കാർ നിയമിച്ച പാഠപ്പുസ്തക കമ്മിറ്റിയിൽ ആദ്യം അംഗമായും പിന്നീട് അതിൻ്റെ അദ്ധ്യക്ഷനായും ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയുണ്ടായി. ഈ കാലത്ത് മലയാള ഗദ്യ സാഹിത്യ ശാഖയുടെ വളർച്ചയ്ക്കു വേണ്ടി അദ്ദേഹം വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഇതിൻ്റെ ഫലമായിട്ടാണ് മലയാള ഭാഷയിൽ ഗദ്യസാഹിത്യ ശാഖ ഇത്രയധികം പുരോഗതി നേടിയത്. അതുകൊണ്ട് ‘ആധുനിക മലയാളഭാഷ ഗദ്യ സാഹിത്യത്തിൻ്റെ പിതാവ് എന്ന സ്ഥാനം കേരളവർമ്മ വലിയ കോയിത്തമ്പുരാന് ലഭിച്ചിട്ടുണ്ട്.
ഭാഷയിൽ നാടകങ്ങൾ കുറവായിരുന്ന അക്കാലത്ത് കാളിദാസൻ്റെ അഭിജ്ഞാന ശാകുന്തളം, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ‘ശാകുന്തളം ഭാഷ’ എന്ന പേരിൽ ഈ കൃതി പ്രസിദ്ധീകരിച്ചതോടുകൂടി കേരള വർമ്മ വലിയ കോയിത്തമ്പുരാൻ കേരള കാളിദാസൻ എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. സംസ്കൃത പണ്ഡിതനായിരുന്ന അദ്ദേഹത്തിൻ്റെ ഭാഷ പലപ്പോഴും പാണ്ഡിത്യപ്രകടനത്തിൻ്റെ ഭാവം കൈ കൊള്ളാറുണ്ടായിരുന്നു.
ഇങ്ങനെ ഭാഷാ സേവനം നടത്തി ഉന്നത നിലയിൽ എത്തിയതിനിടെ ചില കുബുദ്ധികളുടെ ഉപജാപ പ്രയോഗം കൊണ്ട് അന്നത്തെ രാജാവായിരുന്ന ആയില്യം തിരുനാൾ മഹാരാജാവിന് കേരളവർമയോട് നീരസം തോന്നാൻ ഇടയായി. അതിൻ്റെ ഫലമായി അദ്ദേഹത്തിന് ആലപ്പുഴ കൊട്ടാരത്തിലും തുടർന്ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലും വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നു. ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് കേരള വർമ രചിച്ച മണിപ്രവാള കാവ്യമാണ് മയൂരസന്ദേശം ഹരിപ്പാട്ടു ക്ഷേത്രത്തിൽ കണ്ടുമുട്ടിയ ഒരു മയിലിനോട്, തിരുവനന്തപുരത്തു കഴിയുന്ന പ്രിയപത്നിക്ക് സന്ദേശം പറഞ്ഞു കൊടുത്തയയ്ക്കുന്ന രീതിയിലാണ് ഇത് രചിച്ചിട്ടുള്ളത്. തിരുവനന്തപുരം വരെ ചെന്നത്തുവാനുള്ള മാർഗ്ഗം വളരെ വിശദമായി, വസ്തുനിഷ്ഠമായി, ഓരോ പ്രദേശത്തെയും പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു കൊടുക്കുന്നുണ്ട്. തിരുവനന്തപുരത്തു ചെന്നാൽ പ്രിയതമയെ കണ്ടെത്താനുള്ള മാർഗ്ഗവും പറയുവാനുള്ള സന്ദേശവും വ്യക്ത മാക്കിക്കൊടുക്കുന്നു. മയുരസന്ദേശം മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി കണക്കാക്കുന്നു. ‘ഉണ്ണുനീലിസന്ദേശം’ ഇതിനു മുമ്പ് എഴുതിയതാണെങ്കിലും പ്രസിദ്ധീകരിച്ചത് മയൂരസന്ദേശം പ്രസിദ്ധീകരിച്ചതിനു ശേഷമാണ്.
കേരളവർമ്മ വലിയകോയിത്തമ്പുരാന് മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ സ്ഥാനം ലഭിക്കുവാൻ ഇടയാക്കിയ മറ്റൊരു സംഭവം ദ്വിതീയാക്ഷര പ്രാസവാദം മലയാളഭാഷയ്ക്ക് ദ്വിതീയാക്ഷരപ്രാസം അത്യാവശ്യമാണെന്ന അഭിപ്രായക്കാനായിരുന്നു അദ്ദേഹം. പദ്യത്തിൻ്റെ വരികളിൽ രണ്ടാമത്തെ അക്ഷരം ഒന്നു തന്നെ ആയിരിക്കുന്നതാണ് ദ്വീതിയാക്ഷര പ്രാസം .
‘വാസന്തീമധുവാർന വാക്കിനു സജാതീയ ദിത്വീയ-
പ്രാസം തീർപ്പതു കൈരളിമഹിളതൻ മംഗല്ല്യമാണോർക്ക ണം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. എന്നാൽ അദ്ദേഹത്തിൻ്റെ ഭാഗിനേയനും പണ്ഡിതനുമായ എ.ആർ. രാജരാജവർമ്മ ഈ അഭിപ്രായത്തിനെതിരായിരുന്നു. അന്നത്തെ പ്രമുഖ കവികളൊക്കെ ഇവരുടെ നേതൃത്വത്തിൽ ഇരു ചേരികളായി തിരിഞ്ഞ് സാഹിത്യ രചന നടത്തിയത് ഭാഷാസാഹിത്യചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു.
കേരള വർമ്മയുടെ മയൂരസന്ദേശവും ഉള്ളൂരിൻ്റെ ഉമാകേരളം ദ്വിതീയാക്ഷരപ്രാസ നിയമം പാലിച്ചു കൊണ്ട് എഴുതിയതാണ്.
ഗദ്യവും പദ്യവും തനിക്ക് ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും മലയാളത്തിലെന്നതുപോലെ തന്നെ സംസ്കൃതത്തിലും പാണ്ഡിത്യമുണ്ടെന്നും തെളിയിച്ചു കൊണ്ട് രണ്ടു ഭാഷകളിലുമായി ധാരാളം കൃതികൾ രചിക്കുകയും മലയാള സാഹിത്യപ്രവർന്ന കർക്ക് താങ്ങും തണലുമായി നിന്നുകൊണ്ട് അവരെ വളർത്തിയെടുക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്ത കേരളവർമ്മ വലിയകോയിത്തമ്പുരാനെ മലയാള ഭാഷാ പ്രേമികൾക്ക് ഒരിക്കലും മറക്കുവാൻ കഴിയുകയില്ല!
1914 സെപ്റ്റംബർ ഇരുപതിന് യാത്രയിൽ കാറിന് ഒരു നായ വട്ടം ചാടിയതിനെ തുടർന്ന് കാറപകടത്തിൽ പെട്ടത്. 22 ന് അദ്ദേഹം അന്തരിച്ചു.
ആധുനിക മലയാള സാഹിത്യത്തിൻ്റെ പ്രവേശന ഗോപുരമായി അഞ്ചു ദശകത്തോളം തിളങ്ങി നിന്ന അദ്ദേഹത്തിൻ്റെ മൃതദേഹം സമസ്ത ബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്കരിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ വേർപാടിൽ വിലപിച്ച് വള്ളത്തോളും ഉള്ളൂരും അടക്കം പല കവികളും വിലാപകാവ്യങ്ങൾ എഴുതി.
വിവേകോദയം മാസികയിൽ മഹാകവി കുമാരാനാശാൻ കേരളവർമ്മയുടെ മഹത്ത്വത്തേക്കുറിച്ച് വിലയിരുത്തിയത് ഇങ്ങനെയാണ് …
‘മലയാളികൾ’ എല്ലാം ഒന്നു പോലെ ജാതിമതഭേദം കൂടാതെ ഇത്ര’ നിഷ്ക്കപടമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ഇത്ര കൃതജ്ഞതയോടു കൂടി സ്മരിക്കുകയും ചെയ്യുന്നതായി കേരളത്തിൽ മറ്റൊരു മഹാപുരുഷൻ ഉണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല. പാണ്ഡിത്വം, കവിത്വം, സൗജന്യം, ഔദാര്യം, കുലം, ശീലം, ഐശ്വര്യം ഇവയുടെയെല്ലാം ഇതുപോലുള്ള ഒരു സമ്മേളനം നമുക്ക് ഇനി എന്നു കാണാൻ കഴിയും… കേരളമേ നിൻ്റെ മഹാദീപം അസ്തമിച്ചു’ നീ അന്ധകാരത്തിലായി” എന്നാണ്
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
കേരളവർമ്മ വലിയ കോയിത്തമ്പുരാനെ കുറിച്ച് പഠനകാലത്ത് ഓർമ്മയുണ്ട്.
അന്ന് പഠിച്ച കാര്യങ്ങൾ ഇപ്പോൾ ഇത് വായിച്ചപ്പോൾ ഓർമ്മ വന്നു.
നല്ല ലേഖനം
സന്തോഷം… സ്നേഹം…നന്ദി സാറേ
