” എൻ്റെ പൊന്നു മാഷേ., സ്കൂളിലെ പഠിത്തം കഴിഞ്ഞ് വല്ല , കൈത്തൊഴിലും പഠിച്ച് വീട്ടിലിരുന്നുതന്നെ നാല് കാശ് സമ്പാദിക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നു. ”
“അതെന്താടോ തനിക്കിപ്പോൾ ഇങ്ങനെയൊരു മനംമാറ്റം ? ‘മെഡിസിന് ചേരണം ഡോക്ടറാകണം’ എന്നൊക്കെപ്പറഞ്ഞുനടന്നിട്ട് ഇപ്പോഴിതെന്തുപറ്റീ ?”
“വേറൊന്നുമല്ല മാഷേ, മെഡിസിന് ചേരുമ്പോൾ ഹോസ്റ്റലിൽ നിന്ന് പഠിക്കേണ്ടിവരുമല്ലോന്ന് ഓർത്തിട്ടാണ് . ”
” അതിനെന്താടോ , ദൂരെ നാടുകളിൽ നിന്നും പഠിക്കാൻവരുന്ന ഒരുപാട് കുട്ടികൾ ഹോസ്റ്റലുകളെയല്ലെ ഇപ്പോഴും ആശ്രയിക്കുന്നത് ?”
“അതെ മാഷേ, എന്നാലും അവിടെയെല്ലാം നടക്കുന്ന റാഗിങ്ങിനെ കുറിച്ച് കേൾക്കുമ്പോൾ ….. സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് മാഷേ…”
“ഹ ഹ ഹ. വായാടി ലേഖയ്ക്കും പേടിയോ.? ഹ ഹ ഹ”
” ഞാൻ തമാശ പറഞ്ഞതല്ല മാഷേ എനിക്ക് ശരിക്കും പേടിയാ…..”
“എൻ്റെ പൊന്നുലേഖേ ഇങ്ങനെയൊക്കെ പേടിക്കാമോ.? ചില ഹോസ്റ്റലുകളിൽ ‘റാഗിങ്ങ്’ നടന്നെന്നുകരുതി എല്ലായിടത്തും അങ്ങനെയാകുമോ ? അങ്ങനെയെങ്കിൽ നമ്മുടെ നാട്ടിലെ ഹോസ്റ്റലുകളെല്ലാം പണ്ടേതന്നെ അടച്ചുപൂട്ടിയേനെ. താൻ പറഞ്ഞതുപോലെ ആൺ പെൺ വ്യത്യാസമില്ലാതെ ചില കോളേജുകളിലും ഹോസ്റ്റലുകളിലും റാഗിങ്ങ് നടന്നതിൻ്റെ വാർത്തകൾ ഇടയ്ക്കിടയ്ക്ക് പത്രങ്ങളിൽ ഇടം പിടിക്കാറുള്ളത് ഞാനും വായിക്കാറുണ്ട് പക്ഷെ, അതിനെതിരെ ബന്ധപ്പെട്ട അധികാരികളും മനുഷ്യാവകാശകമ്മീഷൻ പോലുള്ളേ സംഘടനകളും ശക്തമായ നടപടികൾ എടുക്കുന്നുമുണ്ട്. ”
” ഒരാൾ അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചിട്ട് അത് ചെയ്തവരെ ശിക്ഷിക്കണമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയുണ്ട് മാഷേ ?”
” കാര്യം ശരിയാണ്. പണത്തിൻ്റെ ഹുങ്കും, രാഷ്ട്രീയ സ്വാധീനവും, ക്രിമിനൽ വാസനയും, ലഹരിയും …. ഇന്നത്തെ തലമുറയെ അന്ധരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സ്വന്തം സഹജിവികളെ പോലും ക്രൂരമായി പീഢീപ്പിക്കുന്നതിലാണവർ ആനന്ദം കണ്ടെത്തുന്നത്. ”
” അതു തന്നെയാണ് മാഷെ ഞാനും പറഞ്ഞത്. ഇന്നത്തെക്കാലത്ത് എന്തെങ്കിലും കൈത്തൊഴിൽ പഠിക്കുന്നതാണ് നല്ലതെന്ന്. ”
” പഠനം മുടക്കണമെന്നോ, നിർത്തണമെന്നോ ഞാനൊരിക്കലും ആരോടും പറയില്ല. കാരണം അറിവുകളണ് നമ്മളെ നല്ലൊരു മനുഷ്യനാക്കി മാറ്റുന്നത്. കുഞ്ഞുണ്ണി മാഷിൻ്റെ വാക്കുകൾ ലേഖ കേട്ടിട്ടില്ലെ…..
വായിച്ചാൽ വളരും
വായിച്ചില്ലേൽ വളയും.
ഹ ഹ ഹ ഈ ഞാൻ പറയുന്നതുകേൾക്കാൻ പോലും ഇവിടെ ആർക്കും നേരമില്ല ? പിന്നെയല്ലേ …. കുഞ്ഞുണ്ണി മാഷ് ഹ ഹ ഹ.”
റാഗിങ്ങ് എന്ന ക്രൂര വിനോദം
എന്നോ ഇന്നലെയോ തുടങ്ങിയതല്ല.
എത്ര നടപടി എടുത്താലും വീണ്ടും തുടരുന്നു..
നല്ല ചിന്തകൾ പങ്കുവെച്ച് എഴുത്ത്