ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍
എന്ന് സ്വന്തം
ശങ്കരിയാന്റി.
👫A) ചിത്ര ശലഭം (12)
ഹെസ്പിരിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ശരശലഭം (Borbo cinnara). കേരളത്തിലെ വയലിലും പുൽമേടുകളിലും മഴക്കാലത്ത് ധാരാളമായിക്കാണാം. Binomial name: Borbo cinnara (Wallace, 1866)
ഇരുണ്ട മുൻ ചിറകുകളിൽ അർദ്ധസുതാര്യമായ പൊട്ടുകൾ. പിൻ ചിറകിന്റെ അടി വശത്ത് ഒരു നിര വെളുത്ത പൊട്ടുകൾ. പുൽവർഗ്ഗസസ്യങ്ങളിലാണ് മുട്ട ഇടുന്നത്. തിന, ആനപ്പുല്ല്, നെല്ല് എന്നിവയിൽ ലാർവകളെക്കാണാം.
📗📗
👫B) വാക്യത്തിലെ പകരക്കാരൻ
കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ
മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നു.
1. ഒഴിവാക്കാൻ പറ്റാത്തത് –
അനിവാര്യം
2)സങ്കല്പിക്കാത്തത് –
അകല്പിതം
3) ജയിക്കുന്നവൻ –
അജയൻ
4. ഉപേക്ഷിക്കാൻ പറ്റാത്തത് –
അനുപേക്ഷണീയം
5)തിഥി നോക്കാത്തവൻ –
അതിഥി
6). ഉയർച്ച ആഗ്രഹിക്കുന്നവൻ –
അഭ്യുദയകാംക്ഷി
7) വിദ്യ അഭ്യസിച്ചവൻ –
അഭ്യസ്തവിദ്യൻ
8) ക്ഷമിക്കാൻ പറ്റാത്തത് –
അക്ഷന്തവ്യം
9)സന്ദർഭത്തിനു ചേർന്നത് –
അവസരോചിതം
10. മനസ്സിനെ പറ്റിയുള്ളത്
മാനസികം
📗📗
👫C) ഹോജ( മുല്ല) നസ്രുദീന്റെ തമാശ (15)
ഒമ്പതെങ്കിൽ ഒമ്പത്
ആരോ തനിക്ക് വെള്ളിനാണയങ്ങൾ എണ്ണിത്തരുന്നതായി നസ്രുദീൻ സ്വപ്നം കണ്ടു. ഒമ്പതു നാണയങ്ങൾ കൈയിലായപ്പോൾ അദൃശ്യനായ ദാതാവ് തന്റെ ദാനകർമ്മം നിർത്തിക്കളഞ്ഞു.
‘പത്തു തികച്ചുതാ!’ നസ്രുദീൻ ഒച്ചയിട്ടു; അതോടെ അയാളുടെ സ്വപ്നവും മുറിഞ്ഞു.
നിരാശനായ നസ്രുദീൻ വീണ്ടും കണ്ണുകളടച്ചുകൊണ്ട് ഇങ്ങനെ പിറുപിറുത്തു: ‘ശരി ശരി, ഒമ്പതെങ്കിൽ ഒമ്പത്; അതിങ്ങു തന്നാട്ടെ!’
📗📗
👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (19)
- പുത്തനച്ചി പുരപ്പുറം തൂക്കും.
പുതുമോടിക്ക് എത്ര കഠിനമായ പണിയും ചെയ്യും. അല്പം പഴകമ്പോൾ ജോലി ചെയ്യുന്ന വ്യക്തിക്കും, മനോഭാവത്തിനും മാറ്റം വരും.
2) പെട്ടാൽ പിന്നെ പിടച്ചിട്ടെന്തു കാര്യം?
കെണിയിൽപ്പെട്ടാൽ പെട്ടതു തന്നെ, പിന്നെ എന്തു ചെയ്താലും രക്ഷയില്ല.
3) പെൺബുദ്ധി പിൻബുദ്ധി.
പഴയകാല വിശ്വാസം. പുരുഷമേധാവിത്വം തുളുമ്പുന്ന ചൊല്ല്. ഇത് പതിരുള്ള ചൊല്ലാണ്.
4) പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്.
അത്യാഗ്രഹം ആപത്ത് വരുത്തും എന്നാണ് ഈ ചൊല്ല് സൂചിപ്പിക്കുന്ന ഗുണപാഠം
5) ഭജനം മൂത്ത് ഊരായ്മയാകുക.
ആശ്രിതനായി ചെന്നുകൂടിയിട്ട് യജമാനനായിത്തീരുക.
6) മഞ്ഞിനുമീതെ നിലാവുപെയ്യുക.
ഗുണത്തോടുകൂടിയ വസ്തുവിൽ വീണ്ടും ഗുണം സംഭവിക്കുക.
7) മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി.
മറ്റുള്ളവർ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ കാര്യം സാധിക്കുന്നതിനു പറയുന്ന ചൊല്ല്.
8) മടിയൻ മല ചുമക്കും.
ജീവിതത്തിൽ അദ്ധ്വാനിക്കാതെ അലസജീവിതം നയിക്കുന്നവർ ഭാവിയിൽ യാതനകൾ അനുഭവിക്കേണ്ടിവരും
എന്ന സൂചന.
9) മിണ്ടാപ്പൂച്ച കലമുടക്കും.
അടങ്ങി ഒതുങ്ങി ഇരിക്കുന്നവർ തരം വരുമ്പോൾ പരാക്രമം കാണിക്കും.
10) മിന്നുന്നതെല്ലാം പൊന്നല്ല.
കാഴ്ചയ്ക്ക് നല്ലതെന്ന് തോന്നുന്നതെല്ലാം നല്ലതായിരിക്കണമെന്നില്ല.
📗📗
Nice interesting Article
നല്ല ലേഖനം
നല്ല അവതരണം 🌹