ഹായ് കുട്ടീസ്!!
ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍
എന്ന് സ്വന്തം
ശങ്കരിയാന്റി.
👫A) ചിത്ര ശലഭം (11)
പുള്ളിച്ചാത്തൻ
വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് പുള്ളിച്ചാത്തൻ (Notocrypta curvifascia).മഴക്കാലം കഴിഞ്ഞയുടനെയുള്ള മാസങ്ങളിൽ ഇവ ധാരാളമായി പാറിപ്പറക്കുന്നതു കാണാം. ഇവയുടെ കറുത്ത ചിറകിൽ വലിയ വീതി കൂടിയ വെള്ളവരയും മുകൾ ഭാഗത്തോടു ചേർന്ന് മൂന്ന് ചെറിയ പൊട്ടുകളും കാണാം. അരിപ്പൂച്ചെടികളോട് ഇവ കൂടുതൽ ഇഷ്ടം പ്രകടിപ്പിക്കുന്നു. ചണ്ണക്കൂവ (Costus speciosa), സുഗന്ധി (Hedychium coronarium), ചെങ്ങഴനീർക്കിഴങ്ങ് (Kaempferia rotunda), കാട്ടിഞ്ചി (Zingiber montana), കാട്ടുമഞ്ഞൾ (Curcuma decipiens), ചില വാഴവർഗ്ഗങ്ങൾ (Musa acuminata, Musa balbisiana) തുടങ്ങിയ സസ്യങ്ങളിൽ ഈ ചിത്രശലഭം മുട്ടയിടുന്നതായും ശലഭപ്പുഴക്കൾ ഇതിന്റെ ഇലകൾ ആഹാരമാക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
📗📗
👫B) വാക്യത്തിലെ പകരക്കാരൻ
കുട്ടീസ്……!😍പുതിയൊരു കാര്യം ഈ ആഴ്ച മുതൽ അറിഞ്ഞോളൂ
മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത്.
1. ആത്മാവിനെ പറ്റിയുള്ളത് –
ആത്മികം
2). ഒഴിവാക്കാൻ പാടില്ലാത്തത് –
അത്യന്താപേക്ഷിതം
3). ചിന്തിക്കുക പോലും ചെയ്യാത്തത് –
അചിന്തിതം
4). സായാഹ്നത്തിനു മുമ്പുള്ള സമയം –
അപരാഹ്നം
5). വളരെ തീക്ഷ്ണതയുള്ളത് –
അതിതീക്ഷ്ണം
6). കാപട്യമില്ലാതെ –
അകൈതവം
7). വലിയ ശരീരം ഉള്ളവൻ –
അതികായൻ
8).ലംഘിക്കാൻ പറ്റാത്തത് –
അലംഘനീയം
9). സ്വയം വില കുറഞ്ഞതെന്ന ബോധം –
അപകർഷബോധം
10. ഒന്നാമനായി ഗണിക്കപ്പെട്ടവൻ –
അഗ്രഗണ്യൻ
📗📗
👫C) ഹോജ( മുല്ല) നസ്രുദീന്റെ തമാശ (14)
എന്തോ വീണു!
നസ്രുദീന്റെ മുറിയിൽ എന്തോ വീഴുന്ന ഒച്ച കേട്ട് ഭാര്യ ഓടിച്ചെന്നു.
‘പേടിക്കാനൊന്നുമില്ല,’ ഭാര്യയോട് മുല്ലാ പറഞ്ഞു. ‘എന്റെ കുപ്പായം നിലത്തു വീണതാണ്.’
‘കുപ്പായം നിലത്തു വീണാൽ ഇങ്ങനെ ഒച്ചയുണ്ടാകുമോ?’
‘പിന്നില്ലാതെ, അതിനുള്ളിൽ ഞാനുമുണ്ടായിരുന്നു!’
📗📗
👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (18)
1) തൊടരുത്, തൊട്ടാൽ വിടരുത്.
ഏതെങ്കിലും കാര്യം തുടങ്ങിയാൽ പൂർത്തിയാക്കിയേ മതിയാക്കാവൂ.
2) തല്ലുകൊള്ളുവാൻ ചെണ്ട പണം കെട്ടുവാൻ മാരാൻ
കഷ്ടപ്പെടുവാൻ ഒരാൾ ഫലം കിട്ടുന്നത് മറ്റൊരുവന്.
3) നിത്യാഭ്യാസി ആനയെ എടുക്കും
ചിട്ടയായ പരിശീലനമുണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടുള്ള കാര്യവും ചെയ്യാം
4) നിറകുടം തുളുമ്പുകയില്ല
കഴിവുള്ളവർ അത് പറഞ്ഞു നടക്കാറില്ല
5) പല തുള്ളി പെരു വെള്ളം
പുഴയും കടലും ഉണ്ടായത് പല തുള്ളി ചേർന്നാണ്, അത് പോലെ കുറേ ആളുകൾ ചേർന്നാൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും എളുപ്പം ചെയ്തുതീർക്കാൻ പറ്റും.
6) പയ്യെ തിന്നാൽ പനയും തിന്നാം
കുറച്ചു സമയമെടുത്താലും സാരമില്ല നമുക്ക് എന്തും പൂർത്തിയാക്കാൻ പറ്റും. അസാധ്യമായി ഒന്നുമില്ല.
7) പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട.
ഒരു ആപത്തിൽ നിന്നും രക്ഷപ്പെടനായി നോക്കുമ്പോൾ അവിടെ അത്യാപത്ത്.
8) പശു കിഴടായാലും പാലിന്റെ രുചിയറിയുമോ?
പശു എത്ര പ്രായമായാലും ശരി, അതിനു അതിന്റെ അകിടിൽ നിന്നു നിത്യവും കറന്നെടുക്കുന്ന പാലിന്റെ രുചി അറിയില്ല.
9) പഴഞ്ചൊല്ലിൽ പൊളിയുണ്ടെങ്കിൽ പാലും കയ്ക്കും
പഴഞ്ചൊൽ സത്യമില്ലെന്നു പറയുന്നത് പാലു കയ്ക്കുമെന്നതു പോലെയാണ്.
10) പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ
ചിലർ അങ്ങിനെയാണ് അവനവൻറെ കാര്യം സാധിക്കുവാൻ മറ്റുള്ളവരേ കൂട്ടുപിടിക്കും എന്നാൽ കാര്യം സാധിച്ചു കഴിഞ്ഞാലോ സഹായിച്ചവരെ തള്ളിപ്പറയും. ഇവിടെ കുഴപ്പമൊന്നും കൂടാതെ പാലം കടക്കാൻ ഭഗവാൻ നാരായണനെ ഭജിക്കുകയും ശേഷം ഭഗവാനെ തള്ളിപ്പറയുകയും ആണ്.
📗📗
👍
നല്ല അറിവ്
നല്ല അവതരണം 🌹
🙏