A) പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ
നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന്. ഈ ഫെബ്രുവരിയിൽ ഒമ്പത് വയസ് പൂർത്തിയായ മാക്‌സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ
ഫാഷൻ ഡിസൈനർ എന്ന ഗിന്നസ് റെക്കോർഡ് അവൻ സ്വന്തമാക്കി.
നാലാം വയസുമുതൽ ഫാഷൻ ലോകത്തേക്ക് തനിയെ നടന്നുകയറുക, സഹോദരിക്ക് വേണ്ടി വസ്‌ത്രം ഡിസൈൻ ചെയ്‌ത് നൽകുക, നാലുവർഷം കൊണ്ട് അവൻ നേടിയെടുത്തത് ഗിന്നസ് റെക്കോർഡ് എന്ന വലിയ നേട്ടവും. കുഞ്ഞുനാൾ മുതൽ ഫാഷൻ ലോകത്തോട് അതിയായ ഭ്രമം ഉണ്ടായിരുന്നു മാക്‌സ് അലക്‌സാണ്ടറിന്. നാലാം വയസിൽ ഒരു കാർഡ്ബോർഡ് മാനേക്വിൻ ഉപയോഗിച്ചാണ് സഹോദരിക്കായി അവൻ ആദ്യമായി വസ്‌ത്രം ഡിസൈൻ ചെയ്‌തത്.
കട്ടക്ക് സപ്പോർട്ട് നൽകി മാതാപിതാക്കളും അവന്റെയൊപ്പം ഉണ്ടായിരുന്നു. മാക്‌സിന് വേണ്ടി അവർ മാനേക്വിനുകൾ വാങ്ങി നൽകി. പതിയെ സ്‌റ്റിച്ച് ചെയ്യാൻ മാക്‌സ് പഠിച്ചു. എല്ലാ ദിവസവും അവൻ സ്‌റ്റിച്ച് ചെയ്‌തു.
ആരും അവനെയത് പഠിപ്പിച്ചതല്ല. സ്വയം പഠിക്കുകയായിരുന്നു. നാലുവർഷത്തിന് ശേഷം അവനെ ലോകമറിഞ്ഞു. ഏറ്റവും പ്രായംകുറഞ്ഞ ഫാഷൻ ഡിസൈനറെന്ന പേരിൽ.
B) നാല് കാലുള്ള കോഴി
ഇറച്ചിക്കടയിൽ വിൽപ്പനക്കെത്തിച്ച ഒരു കോഴിയെ കണ്ട് പാലക്കാട് മണ്ണാർക്കാട്ടുകാരുടെ കണ്ണുതള്ളിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, പൊതുവേ രണ്ട് കാലാണ് കോഴികൾക്ക്, എന്നാൽ ഈ കോഴിക്ക് രണ്ടല്ല നാല് കാലുകളുണ്ട്. ഇതോടെ അൽഭുത കോഴിയെന്ന വിളിപ്പേരും ഈ കോഴിക്കായി. മണ്ണാർക്കാട് സിപിഎം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്‌റ്റാളിൽ വിൽപ്പനക്കെത്തിച്ച കോഴികളിൽ ഒരു കോഴിക്കാണ് നാല് കാലുള്ളത് കടയുടമ ഷുക്കൂറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ, കോഴിക്കാൽ വാർത്ത നാട്ടിലെങ്ങും പാട്ടായി.
അൽഭുത കോഴിയെ കാണാൻ നിരവധിപ്പേർ മണ്ണാർക്കാട്ടെ കോഴി കടയിലെത്തി. വ്യത്യസ്‌തത കണ്ട കടയുടമകളായ ഷുക്കൂറും റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലെത്തി. കോഴിയെ കണ്ട് നിരവധിപ്പേർ ഉയർന്ന വിലക്ക്
ആവശ്യപ്പെട്ടെങ്കിലും നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.
C) ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ
നമ്മളിൽ ഭൂരിഭാഗം പേർക്കും ഇഷ്‌ടമില്ലാത്ത ഒരു വിഷയമായിരിക്കും കണക്ക്. എന്നാൽ, കണക്ക് ഇഷ്‌ടപ്പെടുന്നവരും ഉണ്ട് കേട്ടോ. കണക്ക് കൊണ്ട് അമ്മാനമാടുന്ന ഒരു ഇന്ത്യൻ വിദ്യാർഥിയുണ്ട്. 14 വയസുകാരനായ ആര്യൻ ശുക്ളയാണ്
ഈ വിരുതൻ.
മറ്റു പലരും കാൽക്കുലേറ്റർ സഹായത്തോടെ ചെയ്യുന്ന കണക്കുകൾ മനക്കണക്കാക്കി ചെയ്യുമെന്നതാണ് ആര്യന്റെ പ്രത്യേകത. ഇതാണ് അവനെ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാക്കിയതും. മഹാരാഷ്‌ട്രയിൽ നിന്നുള്ള വിദ്യാർഥിയാണ് ആര്യൻ. ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ നേടിയതിനാൽ
‘ഹ്യൂമൻ കാൽക്കുലേറ്റർ’ എന്ന വിശേഷണവും ആര്യന് ലഭിച്ചു.
D) പശുവിന് 40 കോടി
ബ്രസീലിൽ ലേലത്തിൽ 40 കോടി രൂപയ്‌ക്ക് വിറ്റ നെല്ലോർ പശു ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടി. വിയറ്റിന- 19 എന്നുപേരുള്ള പശു, ലോകത്ത് ഏറ്റവും ഉയർന്ന തുകയ്‌ക്ക് വിൽക്കപ്പെട്ടതിന്റെ പെരുമ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഗിന്നസ് ബുക്കിലും ഇടംനേടിയിരിക്കുകയാണ് വിയറ്റിന- 19. 1101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന- 19ന് നെല്ലോർ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തേക്കാൾ രണ്ടുമടങ്ങ് കൂടുതലാണ്.
ഉയർന്ന ഊഷ്‌ണ പ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരി പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യൻസ് ഓഫ് ദ് വേൾഡ് മൽസരത്തിൽ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന-19 സ്വന്തമാക്കിയിട്ടുണ്ട്.
Super
Superb
നന്നായിട്ടുണ്ട്