Logo Below Image
Sunday, July 20, 2025
Logo Below Image
Homeആരോഗ്യംകതിരും പതിരും പംക്തി:(83) 'ഹൃദയാഘാതവും ജീവിത ശൈലിയും' ✍ ജസിയ ഷാജഹാൻ.

കതിരും പതിരും പംക്തി:(83) ‘ഹൃദയാഘാതവും ജീവിത ശൈലിയും’ ✍ ജസിയ ഷാജഹാൻ.

ഹൃദയാഘാതവും ജീവിത ശൈലിയും

ഒരു വ്യക്തിയെ ബാധിച്ചേക്കാവുന്ന ഏറ്റവും ഭയാനകമായ മെഡിക്കൽ അവസ്ഥകളിൽ ഒന്നാണ് ഹൃദയാഘാതം. ചെറുപ്പത്തിൽ തന്നെ ഇന്ത്യക്കാരെ ഹൃദയാഘാതത്തിന് ഇരയാക്കുന്നതിൽ പല പ്രധാന ഘടകങ്ങളുമുണ്ട്.

ജോലിസംബന്ധമായ മാനസികവും ശാരീരികവുമായ സമ്മർദ്ദം, ഇന്നത്തെ കാലത്തെ ആധുനിക ജീവിതശൈലിയുടെ സ്വാധീനം, പുകവലി, മദ്യപാനം, വ്യായാമക്കുറവ് ഉറക്കക്കുറവ്, ഇവയൊക്കെ പ്രധാന ഘടകങ്ങൾ തന്നെ.

ഹൃദയപേശികളിലെ ഒരു ഭാഗത്തേക്ക് ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ തടസ്സം മൂലം ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാത്തതിനാൽ തടസ്സപ്പെട്ട ഭാഗത്തെ ഹൃദയം മരിക്കാൻ തുടങ്ങുന്നു.

ഹൃദയാഘാത ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെട്ടിരിക്കും എങ്കിലും ചില പൊതുവായ ലക്ഷണങ്ങൾ നമ്മളൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയൊക്കെ ചുമതല യല്ലേ?

നെഞ്ചിലോ കയ്യിലോ നെഞ്ചിനു താഴെയോ ഉള്ള അസ്വസ്ഥത, സമ്മർദ്ദം, ഭാരം, അല്ലെങ്കിൽ വേദന.

നിങ്ങളുടെ പുറകിലേക്കോ താടിയെല്ലിലേക്കോ, തൊണ്ടയിലേക്കോ, കയ്യിലേക്കോ പ്രസരിക്കുന്ന വേദന .

അമിതമായ വിയർപ്പ്, ശ്വാസംമുട്ടൽ, നെഞ്ചരിച്ചിൽ ,ഓക്കാനം ഉൽക്കണ്ഠ , ക്രമരഹിതമായ ഹൃദയമിടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ 30 മിനിറ്റോ, അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നു എങ്കിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.

എന്നാൽ ചില സന്ദർഭങ്ങളിൽ ഒരു വ്യക്തിക്ക് യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്ത ഹൃദയാഘാതം ഉണ്ടാകാം. സൈലൻറ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള ഹൃദയാഘാതം ആർക്കും ഉണ്ടാകാം.

സെപ്റ്റംബർ 29 ലോകമെമ്പാടും ലോക ഹൃദയ ദിനമായി ആഘോഷിക്കുന്നു. സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യകതയാണ്. സമീകൃതാഹാരം കഴിക്കുക, ദിവസവും വ്യായാമം ചെയ്യുക, സമ്മർദ്ദങ്ങളെ അതിജീവിക്കുക എന്നത് പ്രധാനമാണ്.

ഹൃദയാഘാതമുണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്ന ചില പ്രധാന ഘടകങ്ങളുമുണ്ട്.
വാർദ്ധക്യം , രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില, പ്രമേഹം , ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, മാനസിക പിരിമുറുക്കം, വൃക്കകളുടെ അസുഖങ്ങൾ, മയക്കുമരുന്നുകളുടെ ഉപയോഗം, രക്തത്തിലെ ഉയർന്ന മയോസിസ്റ്റീൻ നില, തുടങ്ങിയവ.

ഇനി രോഗസ്ഥിരീകരണത്തിനുള്ള പ്രധാന പരിശോധനകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇ.സി.ജി , രക്തപരിശോധന ( പ്രധാന മായും രക്തത്തിലെ CPKMB എന്നും TROPONIN എന്നും ഉള്ള ചില ENZYME മുകളുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നു.)

എക്കോകാർഡിയോഗ്രാഫി (ഹൃദയത്തിന്റെ പ്രവർത്തനം അറിയാൻ ഉപയോഗിക്കുന്ന ഒരു തരം പരിശോധന)

ഇനി ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാലുടൻ ആ വ്യക്തിയ്ക്ക് നാം ഉടൻ ചെയ്തു കൊടുക്കേണ്ട ചില പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം.

എത്രയും വേഗം രോഗിയെ വിദഗ്ധ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ നോക്കണം.

രോഗിക്ക് സമാധാനപരമായ ഒരന്തരീക്ഷം നൽകാനും, രോഗിയെ അധികം സംസാരിക്കാൻ അനുവദിക്കാതിരിക്കാനും ശ്രദ്ധിക്കുക.

കഴിവതും ആംബുലൻസിൽ തന്നെ രോഗിയെ കൊണ്ടുപോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുക, അതല്ല സ്വന്തം വണ്ടിയിൽ ആണെങ്കിൽ വേണ്ട വിശ്രമം നൽകുക.

രോഗി കുഴഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അതിനുള്ള മുൻകരുതലുകൾ എടുക്കണം.

സിപിആർ കൊടുക്കാൻ അറിയാവുന്നവരുടെ സഹായം തേടുന്നത് നന്നായിരിക്കും.
ആശുപത്രിയിലേക്കുള്ള യാത്രയിൽ സിപിആർ കൊടുക്കാൻ അറിയാവുന്നവരെ കൂടി കൂട്ടുന്നതും ഉചിതമായിരിക്കും.

രോഗിക്ക് ശ്വാസംമുട്ടൽ ഉണ്ടായാൽ നേരെ കിടത്താതെ ചരിച്ചു കിടത്തുക. അല്ലെങ്കിൽ ചരിഞ്ഞിരിക്കാൻ അനുവദിക്കുക.

രോഗിയെ അറിവില്ലായ്മ കൊണ്ട് പോലും യാതൊരു കാരണവശാലും പിടിച്ചു നടത്തിക്കൊണ്ട് പോകരുത്.

രോഗിയുടെയും ബന്ധുക്കളുടെയും പൂർണ്ണ സഹകരണവും സമാധാനത്തോടെയുള്ള ഇടപെടലും ഉണ്ടെങ്കിൽ രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് വേണ്ട ചികിത്സ തേടാനാവും എന്നത് മറക്കരുത്.

ഇനി ചില മുൻ കരുതലുകൾ എന്തൊക്കെ എടുക്കാൻ കഴിയുമെന്ന് നോക്കാം.

സ്നേഹത്തിന്റെ പ്രതീകമാണ് ഹൃദയം.
ഹൃദയം കൊണ്ട് സ്നേഹിക്കുന്നതിനൊപ്പം, ഹൃദയത്തെ സ്നേഹിക്കാൻ കൂടി മറക്കാതിരിക്കുക.
ഹൃദയത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിൽ ഒരു പ്രായം കഴിഞ്ഞു മതി കരുതൽ എന്ന അലസ മനോഭാവം ഒഴിവാക്കുക.
വ്യായാമത്തിലും ഭക്ഷണക്രമീകരണത്തിലും നല്ല പ്രായത്തിൽ തന്നെ കരുതൽ ആരംഭിക്കുക.
ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഈ പമ്പിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ പ്രാണവായു വും പോഷക പദാർത്ഥങ്ങളും ഹൃദയ ധമനികളിലൂടെയാണ് എത്തുന്നത്.

എല്ലാത്തിനും ഉപരിയായി, താളാത്മകമായ ഹൃദയത്തിന്റെ ചലനത്തിന് ഒരു സംഗീത മുണ്ട്. ഈ സംഗീതത്തിൻെറ താളാത്മകതയെ കാത്തുസൂക്ഷിക്കുക.

തിരക്കുപിടിച്ച ജീവിതത്തിൻ്റെ നെട്ടോട്ടങ്ങൾക്കിടയിൽ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എൻ്റെ ഈ കുറച്ചു വരികളിലൂടെ നിങ്ങൾക്ക് സ്വന്തം ഹൃദയത്തെ സ്നേഹിക്കാൻ അല്ലെങ്കിൽ കാത്തു സൂക്ഷിക്കാൻ വേണ്ട പ്രചോദനം ഉണ്ടാകട്ടെ! എന്നാഗ്രഹിച്ചു കൊണ്ട്..

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.

ജസിയ ഷാജഹാൻ✍

RELATED ARTICLES

1 COMMENT

  1. ഇന്നത്തെ കാലത്ത് അറിയേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ മനോഹരമായ ലേഖനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ