ചില സ്ഥലങ്ങളിൽ നമ്മൾ പോകണമെന്ന് ആഗ്രഹിക്കും.വിനോദ സഞ്ചാര കേന്ദ്രങ്ങളോ, ആരാധനാലയങ്ങളോ , ആത്മീയ കേന്ദ്രങ്ങളോ ഒക്കെ ആകാം. ആഗ്രഹിക്കുന്ന പോലെ പലപ്പോഴും പലയിടത്തും എത്തിപ്പെടാൻ കഴിയാറുമില്ലാ.
ആഗ്രഹങ്ങൾ നമ്മുടെ മനസ്സിനുള്ളിൽ നാമ്പെടുക്കുന്നത് നാം അറിയാതെയാണ്. എവിടെയെങ്കിലും വായിച്ചോ, ആരെങ്കിലും പറഞ്ഞറിഞ്ഞോ, സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടോ ആണ് ഒരു സ്ഥലം നമ്മുടെ മനസ്സിലേക്ക് കടന്ന് വരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ ചില അഭിമുഖങ്ങളുടെ ചിന്തുകൾ കണ്ട്, സദ്ഗുരുവിനെ ഞാൻ അറിഞ്ഞ് തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. വ്യത്യസ്ത ചിന്താഗതികളുള്ള സന്ദർശകരുടെ വളരെ പ്രസക്തവും വൈവിധ്യവുമുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സദ്ഗുരു വ്യക്തവും സ്പഷ്ടവുമായ ഉത്തരങ്ങൾ നൽകുന്നത് എന്നിൽ കൗതുകമുണർത്തിയിരുന്നു.
പലപ്പോഴായി ചില സുഹൃത്തുക്കളിൽ നിന്നും ഇഷ ഫൗണ്ടേഷനെ കുറിച്ചുള്ള ഏതാനും അറിവുകൾ കൂടി ലഭിച്ചപ്പോൾ അവിടം ഒരിക്കൽ സന്ദർശിക്കണമെന്ന ആഗ്രഹം വളർന്നു.
നമ്മൾ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ എളുപ്പത്തിൽ നടക്കാറില്ല. മറ്റ് പല സ്ഥലങ്ങളും നമ്മൾ സന്ദർശിക്കുകയും ചെയ്യും. എന്നാൽ തികച്ചും അപ്രതീക്ഷിതമായി നാം ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് നമ്മൾ എത്തിപ്പെടുകയും ചെയ്യും. അങ്ങിനെ ഒട്ടും പ്രതീക്ഷിക്കാതെ, ഒരു സന്ദർശകൻ എന്ന രീതിയിലല്ലാതെ, ഒരു അതിഥിയായി എനിക്ക് അവിടെ എത്തി ചേരാൻ കഴിഞ്ഞു.
ഈ കഴിഞ്ഞ ഏപ്രിൽ 10 മുതൽ 12 വരെ നടന്ന മീഡിയ റീട്രീറ്റിൽ പങ്കെടുക്കാൻ അവസരമുണ്ടായി. അതിനായി അവസരമൊരുക്കി തന്നത് സുഹൃത്തും മാധ്യമ പ്രവർത്തകനുമായ ശ്രീ സുരേഷ് കുമാറാണ്. എൻ്റെ വിശദാംശങ്ങൾ, ശ്രീ പ്രവീൺ നായർ മുഖാന്തിരം ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചു കൊടുത്തതിനെ തുടർന്ന് അവിടെ നിന്നും, ഇ-മൈലിലൂടെയും വാട്‍സ്ആപ്പിലൂടെയും മെസെജുകൾ വന്നു കൊണ്ടിരിന്നു. നമുക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന കരുതൽ.ആ കരുതൽ അവിടെ എത്തി, മടങ്ങി വരും വരെ തുടരുകയും ചെയ്തു. മറ്റ് പലയിടങ്ങളിലും കാണാനോ, അനുഭവിക്കാനോ കഴിയാത്ത ഒന്ന്.
കോയമ്പത്തൂരിൽ എത്തിയാൽ, ഏതാണ്ട് 30 കി.മി. ദൂരമുള്ള ഇഷ ഫൗണ്ടേഷനിലേക്ക് എത്തുവാൻ വാഹനം ഏർപ്പാടാക്കിയിരുന്നു. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ ഫോൺ നമ്പറും അയച്ചു തന്നിരുന്നെങ്കിലും, അവിടെ എത്തുന്നതിന് മുമ്പായി തന്നെ, എത്തിയോ എന്ന അന്വേഷണം വന്നു. പുറകെ ഡ്രൈവർ വിളിക്കുന്നു. കാറിൽ കയറുമ്പോൾ വീണ്ടും വാഹനത്തിൽ കയറിയോ എന്ന അന്വേക്ഷണം.
നഗരത്തിന്റെ തിരക്കിൽ നിന്നും മാറി, ചെറിയ ഗ്രാമങ്ങളും, കൃഷിയിടങ്ങളും താണ്ടി വാഹനം മുന്നോട്ട് പോകുമ്പോൾ, ഞാൻ ആലോചിച്ചു. ലോക പ്രശസ്തമായ ഇഷ ഫൌണ്ടേഷൻ ഈ ഗ്രാമങ്ങൾക്കുള്ളിലാണോ?
പോകുന്ന വഴിക്ക് ഒരു കോവിൽ കണ്ടു.കോവിലിന് ഒരു ഉത്സവഛായ ഉണ്ടായിരുന്നു. കാഴ്ചകൾ കണ്ട് – കണ്ട് വെള്ളിയാംഗിരിയുടെ താഴ് വാരത്തിലെത്തി, ഇഷ ഫൗണ്ടേഷന്റെ കവാടത്തിലേക്ക് കയറി.
റെസിപ്ഷൻ ഏരിയ ഡ്രൈവർ ചൂണ്ടി കാണിച്ചു. പൊതുവെ കോയമ്പത്തൂർ സിറ്റിയ്‌ക്കകത്തുള്ള ഡ്രൈവർമാരുടെ എടുത്തു ചാട്ടങ്ങളോ, ഉച്ചത്തിലുള്ള സംസാരമോ ഈ ഡ്രൈവറിൽ ഞാൻ കണ്ടില്ല. വളരെ പക്വതയുള്ള പെരുമാറ്റം, വിനയത്തോടെയുള്ള സംസാരം.
സെക്യൂരിറ്റി ചെക്കിങ്ങും, ലഗേജ് സ്കാനിങ്ങും കഴിഞ്ഞ് റിസിപ്ഷൻ കൗണ്ടറിൽ നിന്നും റൂമിന്റെ താക്കോലും ബാഡ്ജും വാങ്ങി എന്നെ ഫോണിൽ വിളിച്ചിരുന്ന സാമുവൽ എന്ന വോളണ്ടിയറെ വിളിച്ചു. ഫോണിൽ സംസാരിച്ചപ്പോൾ, ഞാൻ കരുതിയിരുന്നത് കുറച്ച് പ്രായമുള്ള വ്യക്ക്തി ആയിരിക്കും എന്നാണ്. എന്നാൽ എൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് മുന്നിലേക്ക് വന്നത് ഒരു ചെറുപ്പക്കാരനാണ്. അദ്ദേഹം എന്നെ കാത്തിരിക്കുകയായിരുന്നു. മറ്റ് ചില അതിഥികൾക്കായി കാത്തിരിക്കുന്ന മധു എന്ന വോളണ്ടിയറെയും പരിചയപ്പെട്ടു. അവരോടൊപ്പം തണൽ മരത്തിന്റെ ചുവടിൽ, ബെഞ്ചിലിരുന്നു. ഒട്ടും അപരിചിത്വമില്ലാതെ ചിരകാല പരിചിതരെ പോലെ സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങൾക്ക് മുന്നിലൂടെ സന്ദർശകരെയും കൊണ്ട് കാള വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പോയി കൊണ്ടിരുന്നു.
ഉച്ചത്തിലുള്ള സംസാരങ്ങളോ, ഫോണിൽ സംസാരിച്ച് കൊണ്ടുള്ള നടത്തമോ അവിടെ അനുവദനീയമല്ല. അവിടവിടെയായി നിർദ്ദേശങ്ങൾ എഴുതി വെച്ച ഫലകങ്ങൾക്ക് പുറമെ, തികഞ്ഞ പുഞ്ചിരിയോടെ നമ്മെ നിയന്ത്രിക്കാൻ വോളണ്ടിയേഴ്‌സുമുണ്ട്. ഫോട്ടോ എടുക്കാനും നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ അവിടത്തെ കാഴ്ചകൾ എല്ലാം തന്നെ കൗതുകകരമായത് കൊണ്ട് ഫോട്ടോ എടുക്കാനുള്ള കൊതി എല്ലാവർക്കുമുണ്ടാകുകയും ചെയ്യും.
അവിടത്തെ റെസ്റ്ററോന്റിൽ കയറി ഒരു ചായ കുടിച്ചു. വിശാലമായ റെസ്റ്റാറന്റ്. പശുപാലിന്റെ രുചിയുള്ള നല്ല ചായ. സന്ദർശകർ ധാരാളമുണ്ട്. ലളിതവും, ആരോഗ്യകരവുമായ സസ്യാധിഷ്ഠ സ്വാത്വിക ഭക്ഷണങ്ങൾക്ക് പുറമെ ബേക്കറി ഫുഡും ഇവിടെ ലഭ്യമാണ്. അവിടെ ഡിസ്പ്ലേ ചെയ്തിരിക്കുന്ന ഭക്ഷണങ്ങൾ ഭംഗിയുള്ള ഛായ ചിത്രങ്ങൾ പോലെ തോന്നിച്ചു. ചായ കുടിച്ചു കഴിയുമ്പോൾ വോളണ്ടിയേഴ്‌സ് പറഞ്ഞു. അകത്ത് ഇനി ചായയൊന്നും കിട്ടില്ല. ചായ ഭക്ഷണത്തിന്റെ ഭാഗമല്ല.
റെസ്റ്ററന്റിന് സമീപത്തായുള്ള ഷോപ്പിംഗ് സ്റ്റാളുകളിൽ വസ്ത്രങ്ങൾ, കര കൗശല വസ്തുക്കൾ, ഗ്രാമീണ ഉൽപ്പന്നങ്ങൾ തുടങ്ങി ഒട്ടനവധി സാധനങ്ങൾ വില്പനക്കായുണ്ട്.
അതിനിടയിൽ ഒരു കാര്യം കൂടി ശ്രദ്ധിച്ചു. വോളണ്ടിയേഴ്സ് പ്രായഭേദമെന്യേ അണ്ണാ, അണ്ണാ എന്നാണ് വിളിക്കുന്നത്. സ്ത്രീകളെ അക്കാ എന്നും അഭിസംബോധന ചെയ്യുന്നു. ഇവരിൽ പലരും അവിടെ സ്ഥിര താമസക്കാരല്ല. ഇടയ്ക്കിടെ ആവശ്യങ്ങൾക്കനുസ്സരിച്ച് വന്ന് പോകുന്നവരാണ്. അവരവരുടെ സ്ഥലങ്ങളിലുള്ള ഇഷ സെന്ററുമായി ചേർന്ന് പ്രവർത്തിക്കുന്നവരുമാണ്. ഏതാണ്ട് മൂവായിരത്തിലധികം വോളണ്ടിയേഴ്സ് ഉണ്ട്. സന്നദ്ധ സേവകരെ കൂടാതെ അനവധി ബ്രഹ്മ ചാരികളും പ്രതിഫലേച്ഛ കൂടാതെ ഇവിടെ പ്രവർത്തിച്ച് വരുന്നു. ഇവർക്ക് മേലെ ഒരു തരത്തിലുള്ള സമ്മർദ്ദങ്ങളോ, ശാസനകളോ ഇല്ല. വളരെ ശാന്തമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം. സാധാരണയായി ഒരു പ്രവർത്തന മേഖലകളിലും കാണാത്ത പ്രതിഭാസം.
മറ്റ് ചില അതിഥികൾ അപ്പോഴേക്കും എത്തി ചേർന്നു. താമസസ്ഥലത്തേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. അവരോടൊപ്പം ഒന്നിച്ച് എന്നെ അയക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും, അഞ്ച് പേരിൽ കൂടുതൽ ഒരു കാറിൽ കയറാൻ പാടില്ല എന്നുള്ളതിനാൽ അവരോടൊപ്പം പോയില്ല. ഇത്രയും സ്വകാര്യത ഉള്ള സ്ഥലത്ത്, അവരുടേ തന്നെ അധികാര മേഖലയിൽ, നിയമങ്ങൾ കർശനമായി പാലിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പൊതു സ്ഥലങ്ങളിൽ പോലും നാമൊക്കെ നിയമം ലംഘിക്കുന്നവരുമാണ്.
അധികം വൈകാതെ മറ്റൊരു വാഹനത്തിൽ എന്നെ താമസ സ്ഥലത്ത് എത്തിച്ചു. അവിടെ ഉണ്ടായിരുന്ന സേവക ഭദ്ര അക്ക, ഉപഹാരമായി ഒരു പേപ്പർ ബാഗ് കിറ്റ് തന്നു.
ലിഫ്റ്റ് കയറി നാലാം നിലയിലേക്ക്. ലിഫ്റ്റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ രണ്ട് മൂന്ന് പേർ കോണിപ്പടികൾ ഓടി കയറുന്ന ശബ്ദം കേട്ട് ഞാൻ ആകാംഷയോടെ നോക്കി. സാമുവലും, മധുവും, ഓടി കയറി വന്നതാണ്. അതിഥിയെ റൂം വരെ എത്തിക്കണമത്രേ. ഞാൻ ലിഫ്റ്റ് കയറിയ ശേഷമാണ് അവരത് ഓർത്തതത്രെ. ഈ ഒരു സാഹസം വേണ്ടിയിരുന്നില്ല എന്ന് ഞാൻ പറഞ്ഞു. അവരെന്നെ മുറിയുടെ വാതിൽക്കൽ വരെ അനുഗമിച്ചു. നല്ല വിശാലമായ മുറി. മറ്റൊരു അതിഥിയെ കൂടി അവിടെ ഉൾപ്പെടുത്താമെങ്കിലും, അങ്ങിനെ ഉണ്ടായില്ല. തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് ഇവിടത്തെ ഓരോ കോട്ടജുകളും . പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തിൽ, ശാന്തമായ അന്തരീക്ഷത്തിൽ നമ്മിലേക്ക് അറിയാതെ ഒരു ഊർജ്ജം കടന്നു വരും. ഉയർന്ന് നിൽക്കുന്ന മരങ്ങളും, പുൽത്തകിടികളും,പൂന്തോട്ടങ്ങളും സവിശേഷമായ കെട്ടിടങ്ങളും രൂപ കൽപ്പന ചെയ്തിരിക്കുന്നത് സദ്ഗുരു തന്നെയാണ്.
ഞാൻ ഉപഹാരം എന്താണെന്ന് കൗതുകത്തോടെ നോക്കി. സദ്ഗുരു രചിച്ച ‘ഇന്നർ എഞ്ചിനീയറിംഗ് – എ യോഗിസ് ഗൈഡ് ടു ജോയ്’ എന്ന പുസ്തകവും, ഒരു മാഗസിനും, ഒരു ഡയറിയും.ഈ പുസ്തകത്തിന്റെ കോപ്പികൾ ലോക വ്യാപകമായി ദശലക്ഷത്തോളം വിറ്റഴിഞ്ഞിട്ടുണ്ട്.
ഉച്ചക്ക് ശേഷമാണ് സെക്ഷൻ തുടങ്ങുക എന്നതറിഞ്ഞതിനാൽ ഞാൻ പുറത്തേക്കിറങ്ങി. സാമുവൽ എന്നോടൊപ്പം ഉണ്ടായിരുന്നു.
അവിടത്തെ തീർത്ഥ സ്നാനത്തിനെ കുറിച്ച് കേട്ട് കേൾവി ഉണ്ടായിരുന്നു. ഇവയിൽ സ്നാനം ചെയ്യുന്നത് മൂലം ശരീരത്തിനും മനസ്സിനും ഉന്മേഷവും ഊർജ്ജവും കൈവരുമെന്നാണ്. പുരുഷന്മാർക്കുള്ള തീർത്ഥ ജലാശയം സൂര്യകുണ്ഡ് എന്നും, സ്‌ത്രീകൾക്കുള്ള തീർത്ഥ ജലാശയം ചന്ദ്ര കുണ്ഡ് എന്നും അറിയപ്പെടുന്നു.
സൂര്യകുണ്ഡ് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന് മുന്നിൽ ഒരു താമര പൊയ്കയുണ്ട്. പാദ രക്ഷകൾ ഊരി വെച്ചുവേണം പടികൾ ചവുട്ടി മുകളിലേക്ക് കയറേണ്ടത്. ചെമ്പും പിച്ചളയും ചേർത്ത് നിർമ്മിച്ച വളരെ ആകർഷകമായ സൂര്യന്റെ ശിൽപ്പം ഏതാണ്ട് ഇരുപതടി ഉയരത്തിൽ ഇവിടെ നിലകൊള്ളുന്നു. അതിന് കീഴിലായി, ഭൂ നിരപ്പിൽ നിന്നും ഇരുപതടി താഴെയായി സൂര്യകുണ്ഡ് എന്ന തീർത്ഥ ജലാശയം. വളരെ വിശാലമായ ജലാശയത്തിൽ മൂന്ന് ശിവ ലിംഗങ്ങൾ ഉണ്ട്. ഒരറ്റത്തുള്ള ഭിത്തിക്കരികിൽ മുകളിൽ നിന്നും താഴേക്ക് വീണു കൊണ്ടിരിക്കുന്നു. നമ്മൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാറ്റിവെച്ച് അവിടെ നിന്നും കിട്ടുന്ന കാവി മുണ്ട് മാത്രം ധരിച്ചു വേണം തീർത്ഥ സ്നാനം ചെയ്യുവാൻ.
കെട്ടിട സമുച്ചയത്തിന്റെ വിശാലമായ വരാന്തയിൽ അവിടവിടെയായി ധ്യാനത്തിലിരിക്കുന്ന ആളുകളെ കാണാം. പല പ്രായത്തിലുള്ളവർ, പല ദേശക്കാർ.
അടുത്ത ദിവസ്സം രാവിലെ അവിടെ സ്നാനം ചെയ്യാമെന്ന് വിചാരിച്ചു കൊണ്ട് ലിംഗ ഭൈരവി കുടി കൊള്ളുന്ന ത്രികോണാകൃതിയിൽ ഉള്ള ശ്രീ കോവിലിലേക്ക് പോയി. ക്ഷേത്ര കവാടത്തിന് മുന്നിൽ ഒരു നമസ്കരിക്കുന്ന രൂപം നിലത്ത് കൊത്തിവെച്ചിരിക്കുന്നു. എട്ടടി ഉയരമുള്ള ദേവി വിഗ്രഹം ലിംഗ രൂപത്തിലാണ്. കരുണാമയിയും ശക്തി സ്വരൂപയുമായ ഈ ലിംഗ ഭൈരവിയെ പ്രതിഷ്ഠിച്ചത് സദ്ഗുരുവാണ്. ഇവിടെ സന്ദർശകർക്ക് പുഷ്പങ്ങളും അർച്ചനകളും സമർപ്പിക്കാം. അഭിഷേകം നടക്കുന്ന സമയമായത് കൊണ്ട് അവിടെ അൽപ്പനേരം ഇരുന്നു. അഭിഷേക പൂജ കഴിഞ്ഞപ്പോൾ ഒരു വശത്തുള്ള ചെറിയ പടികൾ ഇറങ്ങി വിഗ്രഹം വണങ്ങി മറുവശത്തു കൂടെ പുറത്തു വന്നു.
ക്ഷേത്ര കവാടത്തിന് പുറത്തുള്ള കൗണ്ടറിൽ നിന്നും സൗജന്യമായി ഒരു രുദ്രാക്ഷം പ്രസാദമായി കിട്ടി. അവിടെ നിന്നും ധ്യാനലിംഗം കുടികൊള്ളുന്ന സമുച്ചയത്തിലേക്ക് പോകും വഴിയാണ് സ്ത്രീകൾ സ്നാനം ചെയ്യുന്ന ചന്ദ്രകുണ്ഡ്.
ധ്യാനലിംഗ സമുച്ചയത്തിന് മുൻവശത്ത് തന്നെ ‘സൈലെൻസ് പ്ളീസ്’ എന്ന പ്ലക്കാർഡുമായി നിൽക്കുന്ന സേവകരെ കാണാം. വളരെ നിശബ്ദമായി അവർ സന്ദർശകരെ നിയന്ത്രക്കുന്നു. അവിടെ പ്രത്യേകിച്ച് പൂജകളോ അഭിഷേകങ്ങളോ ഇല്ല. വിശാലമായ ഒരു ഗുഹയുടെ മധ്യഭാഗത്തായി ധ്യാനലിംഗം സ്ഥിതി ചെയ്യുന്നു. സന്ദർശകർക്ക് ഒരു നിശ്ചിത സമയം അവിടെയിരുന്ന് ധ്യാനിക്കാം. ധ്യാനത്തിലിരിക്കുന്നവർക്ക് ബുദ്ധിമുട്ടാവരുത് എന്നത് കൊണ്ട് ഇടക്ക് വെച്ച് എഴുന്നേറ്റ് നിൽക്കാനോ, പുറത്തേക്കിറങ്ങാനോ പാടില്ലെന്നുണ്ട്. ധ്യാനത്തിന് പ്രചോദനമായ, ഊർജ്ജം പകരുന്ന ഒരന്തരീക്ഷം അവിടെയുണ്ട്.
അവിടെ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഉച്ച ഭക്ഷണത്തിന് സമയമായി എന്ന് സാമുവൽ ഓർമ്മിപ്പിച്ചു. ഭക്ഷണം കഴിഞ്ഞാൽ ഉടനെ സെഷൻ ആരംഭിക്കുകയായി.
സാധാരണയായി അവിടെ രണ്ട് നേരം മാത്രമാണ് ഭക്ഷണം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരു നേരമായി ക്രമീകരിച്ച് രാവിലെ പത്ത് മണിക്ക് കഴിക്കുന്നു. പിന്നെ ഭക്ഷണം രാത്രി മാത്രമാണ്. യോഗയിലും ധ്യാനത്തിലും മുഴുകുന്നവർ ചിലപ്പോൾ ഒരു നേരം മാത്രമായി ഭക്ഷണം ഒതുക്കുകയും ചെയ്യുന്നു. എങ്കിലും അവരെ കാണുമ്പോൾ അവരുടെ ഊർജ്ജവും പ്രസരിപ്പും പ്രകടമായി കാണാം.
അതിഥികൾ ആയത് കൊണ്ട് മാത്രമാണ് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്. വിശാലമായ ഹാളിൽ ഒരു മേശപ്പുറത്ത് ഭക്ഷണങ്ങൾ നിരത്തി വെച്ചിരുന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങളാണ്. തികച്ചും സാത്വികമായ ഭക്ഷണം. ഹാളിൽ രണ്ട് തീൻമേശകളും ഏതാനും കസ്സേരകളും മാത്രമാണ് ഉള്ളത്. പിന്നെ, നിലത്ത് വിരിച്ച പായയിൽ ഇരുന്ന് അധികം ഉയരമില്ലാത്ത മേശകളിൽ പ്ലേറ്റ് വെച്ച് ഭക്ഷണം കഴിക്കാം. സേവകർ സ്നേഹപൂർവ്വം വിളമ്പി തന്ന ഭക്ഷണവുമായി, ഒരു കോണിലിരുന്നു. നുറുക്ക് അരിയും ചെറുപയറും ഒക്കെയുള്ള നല്ല രുചിയുള്ള കഞ്ഞി ഒരു സൂപ്പുപോലെ കഴിക്കാം. ചപ്പാത്തിയും ചോറുംരണ്ട് തരം കറികളും, നിലക്കടല വേവിച്ചതും, വ്യത്യസ്തമായ ഒരു സംഭാരവും പഴവും എള്ള് കൊണ്ടുണ്ടാക്കിയ ലഡ്ഡുവും മറ്റ് വിഭവങ്ങൾ ആയിരുന്നു.
നളന്ത കോട്ടജിലെ വിശാലമായ ഹാളിൽ സെഷൻ ആരംഭിച്ചു. വിരി വിരിച്ച് ചെറിയ കുഷ്യനുകൾ ഒരുക്കിയ നിലത്ത് ചമ്രം പടിഞ്ഞിരുന്നു. ഇരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് രണ്ട് സൈഡിലും ഏതാനും കസേരകൾ ഇട്ടിരുന്നെങ്കിലും ആരും ഇരുന്നു കണ്ടില്ല. സ്വാമി പ്രജാഗര ആണ് സെഷന് നേതൃത്വം നൽകുന്നത്. ആദ്യം സ്വയം പരിചയപ്പെടുത്തൽ ആയിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചിലരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
സ്വാമി പ്രജാഗര ഇഷാഫൗണ്ടേഷനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ചെറിയ വിശദികരണം നൽകി. ഇത്തരം പ്രോഗ്രാമുകൾ ഇഷ ഫൌണ്ടേഷൻ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള അവസ്സരം കൂടിയാണെന്നും പറയുകയുണ്ടായി. ചില വീഡിയോ പ്രെസെന്റഷനുകൾ പ്രദർശിപ്പിക്കുകയും, സദ്ഗുരു വിഭാവനം ചെയ്ത ‘മിറാക്കിൾ ഓഫ് മൈൻഡ്’ എന്ന ധ്യാന മാർഗ്ഗം പരിചയപ്പെടുത്തുകയും ചെയ്തു.
‘മിറാക്കിൾ ഓഫ് മൈൻഡ്’ മൊബൈൽ ഫോണിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്ന ഒരു ആപ്പാണ്. ഇതിൽ പറയുന്ന നിർദ്ദേശ്ശങ്ങൾക്കനുസ്സരിച്ച് ആർക്കും ധ്യാനം വളരെ ലളിതമായി പിന്തുടരാം. ഏഴ് മിനിറ്റ്, 12 മിനിറ്റ്, 15 മിനിറ്റ്, 18 മിനിറ്റ്, 21 മിനിറ്റ് എന്ന സമയക്രമത്തിൽ ധ്യാനം ക്രമികരിച്ചിരിക്കുന്നു.
‘മിറക്കിൾ ഓഫ് മൈൻഡ്’ ആപ്പ് സന്ദർശകർക്ക് സ്കാൻ ചെയ്ത് ഫോണിൽ കയറ്റുവാനുള്ള സൗകര്യത്തിനായി അവിടവിടെ ഡിസ്പ്ലേ ബോർഡുകൾ ഉണ്ട് .
പങ്കെടുക്കുന്നവരിൽ ഏതാണ്ട് എല്ലാവർക്കും, പ്രോഗ്രാം ആത്മീയത മാത്രം ഉയർത്തി കാട്ടുന്ന പ്രഭാഷണങ്ങളും ക്ലാസ്സുകളും മാത്രമായിരിക്കും എന്ന ഒരു മുൻവിധി ഉണ്ടായിരുന്നു. ആ ധാരണ അപ്പാടെ മാറ്റി മറിച്ചുകൊണ്ട് സ്വാമി പ്രജാഗര ഞങ്ങളെ സമീപത്തുള്ള പുൽത്തകിടിയിലേക്ക് കൊണ്ടുപോയി. ഏവരെയും ആർത്തു വിളിപ്പിച്ചു കൊണ്ടും പന്ത് എറിഞ്ഞ് കളിപ്പിച്ചു കൊണ്ടും വാദ്യ മേളങ്ങളോടൊപ്പം നൃത്തം ചവുട്ടിപ്പിച്ചു കൊണ്ടും ഉന്മേഷത്തിന്റെ ഒരു പുതിയ തലത്തിലേക്ക് കൊണ്ട് പോയി. എല്ലാത്തിനും നേതൃത്വം നൽകിയ സ്വാമിയുടെ നൃത്തത്തിന് ഒരു ആനന്ദ നൃത്തത്തിന്റെ ഭാവവും ചടുലതയും ആയിരുന്നു.
പിന്നീട് നേരെ പുരുഷന്മാരെ സൂര്യകുണ്ഡിലേക്കും സ്ത്രീകളെ ചന്ദ്ര കുണ്ഡിലേക്കും കൊണ്ടുപോയി. എങ്ങിനെ സ്നാനം ചെയ്യണം എന്ന നിർദ്ദേശ്ശങ്ങളുള്ള ബോർഡുകൾ സൂര്യകുണ്ഡിന് മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.
സൂര്യ കുണ്ഡിന് സമീപത്തുള്ള ഹാളിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാറ്റി അവിടെ നിന്നും ലഭ്യമാകുന്ന കാവി മുണ്ട് മാത്രമുടുത്ത് ജലാശയത്തിലേക്കുള്ള പടികൾ ഇറങ്ങി. ലോഹ പാളികളിൽ നിറഞ്ഞു നിൽക്കുന്ന ജലാശയത്തിന് ചെറിയ തണുപ്പ്. മുന്നോട്ട് പോകുന്തോറും വെള്ളത്തിന്റെ അളവ് കൂടുന്നു. എങ്കിലും നടന്ന് നീങ്ങാം. ആദ്യത്തെ ലിംഗത്തെ വലം വെച്ച്, ഒന്ന് മുങ്ങി, കൈയിൽ വെള്ളമെടുത്ത് ലിംഗത്തിൽ സമർപ്പിക്കാം. അങ്ങിനെ ഓരോ ലിംഗത്തിലും വലം വെച്ച് തൊഴുത് കയറണം. ഇടക്ക് മതിൽ കെട്ടിനരികിൽ മുകളിൽ നിന്നും വീഴുന്ന ജലധാരക്ക് കീഴിൽ നിന്നാൽ സവിശേഷമായ ഒരനുഭൂതി ഉണ്ടാകും. ജലാശയത്തിലെ സ്നാനം പകർന്ന് തന്ന ശാരീരികവും മാനസികവുമായ ഊർജ്ജവും ഉന്മേഷവും അനുഭവിച്ചറിഞ്ഞു.
സൂര്യകുണ്ഡിൽ നിന്നു വീണ്ടും ലിംഗ ഭൈരവി ക്ഷേത്രത്തിലേക്കും ധ്യാനലിംഗത്തിലേക്കും മറ്റുള്ളവരോടൊപ്പം വീണ്ടും പോയി.
പിന്നീട്, ഞങ്ങൾ പോയത് 112 അടി ഉയരമുള്ള ആദിയോഗി ഉയർന്ന് നിൽക്കുന്ന താഴ്വാരത്തിലേക്കാണ്. പോകുന്ന വഴിക്കിരുവശവും വൈവിധ്യമാർന്ന മരങ്ങൾ ഇട തൂർന്ന് നിൽക്കുന്നു. യോഗയുടെ ഉറവിടത്തിന്റെ പ്രതിരൂപമായ ആദി യോഗിയുടെ മുഖം 2017-ലെ ശിവരാത്രി ദിനത്തിലാണ് അനാഛാദനം ചെയ്തത്. എല്ലാ വർഷവും ശിവരാത്രി ഇവിടെ അതിഗംഭീരമായി ആഘോഷിക്കപ്പെടുന്നത് വളരെ പ്രശസ്തമായ കാര്യമാണ്. ലക്ഷോപലക്ഷം സന്ദർശകർ ഒഴുകിയെത്തുന്ന വേളയാണ്.
ഒരു വ്യക്തിക്ക് ക്ഷേമവും പരമമായ സ്വഭാവവും കൈവരുന്നതിന്, പതിനയ്യായിരം വർഷങ്ങൾക്ക് മുമ്പ് ആദിയോഗി തൻ്റെ ശിഷ്യഗണങ്ങളായ സപ്തർഹിഷികൾക്ക് 112 വഴികൾ വിഭാവനം ചെയ്തതിന്റെ പ്രതീകമായാണ് 112 അടി ഉയരത്തിൽ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ എറ്റവും വലിയ പ്രതിമാ ശിൽപ്പമെന്ന സവിശേഷതയുമുണ്ട്.
ഞങ്ങൾ അവിടെ എത്തുമ്പോൾ സൂര്യൻ അസ്തമിച്ചിരിന്നുവെങ്കിലും ഇരുൾ പടർന്നിരുന്നില്ല. വളരെ ദൂരെ നിന്ന് തന്നെ നീല നിറമുള്ള ആദിയോഗിയെ കാണാം. അടുത്തേക്ക് പോകും തോറും ചക്രവാളം അകലും പോലെ ആദിയോഗിയുടെ ഉയരവും കൂടുന്നു.
എന്നും വൈകിട്ട് 7 മണിക്ക് നടക്കുന്ന ലേസർ ഷോ കാണാനായി ഒരുപാട് സന്ദർശകർ ഇവിടെ എത്തുന്നു. ഞങ്ങളൊക്ക ആകാംഷയോടെ ലേസർ ഷോ-ക്കായി കാത്തിരുന്നു. ആരെയും അതിശയിപ്പിക്കുന്ന ആ ദൃശ്യ വിരുന്ന് ആരംഭിച്ചു. വെളിച്ചങ്ങൾ മാറിമറിയുന്നതിനോടൊപ്പം ആദിയോഗിയുടെ ചരിത്രവും യോഗശാസ്ത്രം മനുഷ്യരിലേക്ക് എത്തിയ കഥയും സദ്ഗുരുവിന്റെ ശബ്ദവിവരണത്തിലൂടെ കടന്ന് പോകുമ്പോൾ ആദിയോഗിയുടെ ദിവ്യ ദർശനത്തിന്റെ പ്രതീതി നമ്മളിൽ ഉണ്ടാകുന്നു.
ആദിയോഗി പരിസരം രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ സന്ദർശകർക്കായി തുറന്നിരിക്കും.
ആദിയോഗി ദർശനത്തിന് ശേഷം ഞങ്ങളെ രാത്രി ഭക്ഷണത്തിനായി കൊണ്ടുപോയി. നേരത്തെ സൂചിപ്പിച്ചത് പോലെയുള്ള ഭക്ഷണ ക്രമം. താമസ്സ സ്ഥലത്തേക്ക് കൊണ്ട് പോകുമ്പോൾ അടുത്ത ദിവസം പ്രോഗ്രാം തുടങ്ങുന്ന സമയം പറഞ്ഞു. രാവിലെ 6.45 .
കിടക്കുന്നതിന് മുമ്പ് അന്നത്തെ കാഴ്ചകളെക്കുറിച്ചും ഈ പ്രദേശത്തെ കുറിച്ചുമൊക്ക ആലോചിച്ചു. വെള്ളിയാം ഗിരിയുടെ താഴ്വാരത്തിൽ ഇവിടം ഒരു വനമായിരിന്നിരിക്കും. അല്ലെങ്കിൽ വെറുതെ വരണ്ട് കിടന്ന കുറ്റി ചെടികൾ വളർന്ന് നിന്നിരുന്ന സ്ഥലമായിരിന്നിരിക്കാം. 1992-ലാണ് സദ്ഗുരു ഇവിടെ ഇഷ ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഇഷ യോഗ സെന്റർ 1994-ൽ സ്ഥാപിതമായി. പിന്നെ പടി പടിയായി പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ലോകവ്യാപകമായി ഇഷയുടെ പ്രസക്തിയും പ്രസിദ്ധിയും വർദ്ധിച്ചു. സദ്ഗുരു വിഭാവനം ചെയ്യുന്ന യോഗ രീതികൾ കൂടുതൽ ആളുകളെ ആകർഷിച്ച് കൊണ്ടിരിക്കുന്നു.
ഞങ്ങൾ സദ്ഗുരു അവിടെ ഉണ്ടോ, കാണാൻ കഴിയുമോ എന്ന് പലരോടും ചോദിക്കുകയുണ്ടായി. സദ്ഗുരു എവിടെയാണെന്ന് ആർക്കും വ്യക്തമായി അറിയില്ല. സദ്ഗുരു അവിടെ ഇല്ലെങ്കിലും എല്ലായിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളത് പോലെ. എല്ലാ പ്രവർത്തനങ്ങളും വളരെ ചിട്ടയോടെ സന്നദ്ധ സേവകർ നടത്തുന്നു.
പലപ്പോഴും വർത്തകളിലൂടെയാണ് സദ്ഗുരു എവിടെയാണെന്ന് നാം അറിയുന്നത്. നദിജല സംരക്ഷണത്തിന് വേണ്ടി മണ്ണ് സംരക്ഷണത്തിന് വേണ്ടി ഗ്രാമീണ പുനരുദ്ധാരണത്തിന് വേണ്ടി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
പിറ്റേന്ന് കാലത്ത് പറഞ്ഞ സമയത്ത് തന്നെ നളന്ദ ഹാളിൽ എല്ലാവരും എത്തിച്ചേർന്നു. ഏതാണ്ട് ഒരു മണിക്കൂർ നേരം, നാഡി ശുദ്ധി, ശാംഭവി മുദ്ര, യോഗ നമസ്കാർ എന്നിങ്ങനെയുള്ള യോഗകൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. നിത്യേനയുള്ള പരിശീലനത്തിലൂടെ മാത്രമേ പലതും നമുക്ക് സ്വായത്വമാക്കുവാൻ കഴിയു. യോഗകൾ പരിചയപ്പെടുത്തുമ്പോൾ എല്ലാവരും അത് ചെയ്തിരിക്കണം എന്ന് കർശനമായി നിഷ്കർഷിക്കുന്നില്ല. പതിയെ പതിയെ അത് പരിശീലിക്കൂ. എന്ന് നിശബ്ദമായി പറയുന്നത് പോലെ. യോഗ സ്ഥിരമായി ചെയ്യുന്നവരുടെ ശാരീരിക ക്ഷമത കാണുമ്പോൾ, ആർക്കും യോഗ പരിശീലിക്കണമെന്ന ആഗ്രഹം കടന്ന് വരികയും ചെയ്യും.
ഏതാണ്ട് 9.45ന് ഞങ്ങളെ ഭിക്ഷ ഹാളിലേക്ക് കൊണ്ട് പോയി. വളരെ വിശാലമായ ഹാൾ. നിത്യേന ആയിര കണക്കിന് ആളുകൾക്ക് അന്നദാനം നൽകുന്ന ഇടം. ഇരുന്നറിലധികം സേവകർ ഭക്ഷണം വിളമ്പുന്നതിനായി ഇവിടെയുണ്ട്.
നിലത്ത് പായ വിരിച്ച്, ഇലയിട്ടതിന് ശേഷമാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇഷയിലെ അന്തേവാസികൾക്കും, പരിശീലനത്തിന് വന്നവർക്കും, അവിടത്തെ വിദ്യാർത്ഥികൾക്കുമെല്ലാം പ്രാതലും ഉച്ചഭക്ഷണവും കൂടി ചേർന്ന ഭക്ഷണം. അന്ന് ആയിരകണക്കിന് ആളുകൾ ഉണ്ടായിരുന്നു. അന്നത്തെ അന്നദാനം ആരുടെയോ സംഭവനയുമായിരുന്നു. വിഭവങ്ങൾ വിളമ്പിയ ശേഷം പ്രാർത്ഥനയുണ്ട്. പ്രാർത്ഥനയെ തുടർന്നാണ് കഴിച്ചു തുടങ്ങേണ്ടത്. ആവശ്യമുള്ളവർക്ക് കൂടുതൽ ചോദിച്ചു വാങ്ങാം.
ഭിക്ഷ ഹാളിൽ നിശബ്ദത പാലിക്കേണ്ടതുണ്ട്. ആയിരക്കണക്കിന് ആളുകൾ അവിടെ നിരന്നിരുന്ന് ഭക്ഷണം കഴിച്ചിട്ടും ഒരു ഒച്ചപ്പാടോ ബഹളമോ ഇല്ലാതെ വളരെ ശാന്തമായിരുന്നു. സാധാരണ പൊതുസ്ഥലങ്ങളിൽ കുറച്ച് പേർ ഒത്തു ചേർന്നാൽ പോലും ഉണ്ടാകാറുള്ള ബഹളങ്ങൾ മാത്രമാണല്ലോ നമുക്ക് പരിചിതമായിട്ടുള്ളത്.
ഭക്ഷണത്തിന് ശേഷം ഇഷ ഫൗണ്ടേഷനിൽ നിന്നും കുറച്ചകലെയുള്ള ഇഷ വിദ്യാ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആയിരുന്നു. കാഴ്ചയിൽ തന്നെ ഒരു വലിയ സ്കൂളാണത്. ഏതാനും സ്റ്റാഫും നാലോളം കുട്ടികളും ചേർന്ന് ഞങ്ങളെ സ്വീകരിച്ചു. അവിടെ നിന്ന് തന്നെയുള്ള പൂക്കൾ പറിച്ച് ലളിതമായി ഉണ്ടാക്കിയ ബൊക്കെ നൽകിയാണ് സ്വാഗതം ചെയ്തത്.
അവിടത്തെ കോർഡിനേറ്റർ സ്കൂളിനെക്കുറിച്ചും അവിടത്തെ പ്രവർത്തനങ്ങളെ കുറിച്ചും ഒരു ലഘു വിവരണം നൽകി. ഗ്രാമ വാസികളായ കുട്ടികൾ മാത്രമാണ് അവിടെ പഠിക്കുന്നത്. അറുപത് ശതമാനത്തോളം കുട്ടികൾ പഠിക്കുന്നത് സ്കോളർഷിപ്പോടു കൂടിയാണ്. ഇംഗ്ലീഷും കമ്പ്യൂട്ടറും കൂടുതൽ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നു.
ഗ്രാമത്തിലെ കുട്ടികളെ സാധാരണയായി രക്ഷിതാക്കൾ പഠിപ്പിക്കാൻ താല്പര്യമെടുക്കാറില്ല. ചിലപ്പോൾ ചെറിയ ക്ലാസ്സുകളിൽ തന്നെ അവരുടെ പഠനം നിർത്തും. സാമ്പത്തികമായ കാരണങ്ങളും, കൃഷിയും, മറ്റ് പ്രാരാബ്ധങ്ങളും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കാരണങ്ങളാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ ഗ്രാമീണ ജനതയുടെ ഉന്നമനമാണ് ഇഷ വിദ്യാ ലക്ഷ്യമാക്കുന്നത്.
എട്ടിലും ഒമ്പതിലും പഠിക്കുന്ന നാല് കുട്ടികളാണ് ഞങ്ങളെ സ്വീകരിക്കാൻ നിന്നിരുന്നത്. ഞങ്ങളെ രണ്ട് ഗ്രൂപ്പുകൾ ആക്കി രണ്ട് കുട്ടികൾ വീതം സ്കൂളിനകത്തേക്ക് നയിച്ചു. വളരെ ആത്മവിശ്വാസത്തോടെയും പക്വതയോടെയും നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദികരിച്ച് കൊണ്ടിരുന്നു. ചുമരുകളിലും കോണിപ്പടികളിലും എഞ്ചുവടിയും, ഫോർമുലകളും, മഹത് വചനങ്ങളും എഴുതി വെച്ചിട്ടുണ്ട്. അദ്ധ്യാപകർക്ക് പുറമെ, മുതിർന്ന ക്ലാസ്സിലെ കുട്ടികൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പാഠ്യ വിഷയങ്ങൾ പറഞ്ഞു കൊടുക്കും. വരാന്തയിലൂടെ നടക്കുമ്പോൾ ചെറിയ ക്ലാസ്സിലെ ഒരു കുട്ടി ഞങ്ങളെ നോക്കി നമസ്കാരം പറഞ്ഞത് ജാലകത്തിലൂടെ കണ്ടപ്പോൾ കൗതുകം തോന്നി. പല ക്ലാസ്സുകളിലും പരീക്ഷ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള വലിയ ഹാളും, സ്റ്റീൽ പ്ലേറ്റുകളും അവിടെയുണ്ട്. ആരും തന്നെ പട്ടിണി കിടക്കരുത് എന്ന നിർബന്ധമുണ്ട്.
ഞങ്ങളുടെ സംശയങ്ങൾക്ക് കുട്ടികൾ വ്യക്തമായ ഉത്തരങ്ങൾ നൽകി. കോയമ്പത്തൂരിലെ പ്രാന്ത പ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമ വാസികൾ. അവർക്ക് സ്കൂളിൽ വന്ന് പോകുവാനായി സ്കൂൾ ബസ്സുകൾ ഉണ്ട്. പഠിത്തത്തോടൊപ്പം കലക്കും സ്പോർട്സിനും പ്രാധാന്യം നൽകുന്നു.
സന്ദർശനം കഴിഞ്ഞ് രണ്ടായി പിരിഞ്ഞ ഗ്രൂപ്പുകൾ ഒത്തു ചേർന്നപ്പോൾ അവിടത്തെ സ്വാമിജി കുറച്ച് കാര്യങ്ങൾ കൂടി വ്യക്തമാക്കി.
അവിടെ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്. അധ്യാപകർക്ക് പറ്റുന്ന ചെറിയ പോരായ്മകൾക്ക് ഒരിക്കലും പരസ്യമായ ശാസനകളില്ല. വ്യക്തിപരമായി അവരെ വിളിച്ച് തിരുത്തുക മാത്രമാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ അദ്ധ്യാപകർക്കും സമാധാനത്തോടെ ജോലി ചെയ്യാനുള്ള നല്ല അന്തരീക്ഷം അവിടെയുണ്ട്.
ഇത്തരം കാര്യങ്ങൾ ഗ്രാമത്തിലെന്നല്ല, വളരെ പ്രശസ്ക്തി അവകാശപ്പെടുന്ന സ്കൂളുകളിലൊന്നും തന്നെ നമുക്ക് കാണാൻ കഴിയില്ല. വിദ്യാർത്ഥികളും അദ്ധ്യാപകരും അവരുടെ സ്ഥാപനത്തെ കുറിച്ച് നീരസ്സം പ്രകടിപ്പിക്കുന്നത് സർവ്വ സാധാരണമാണല്ലോ.
സ്വാമിജി, ഇഷയുടെ കീഴിലുള്ള മറ്റൊരു സ്ഥാപനമായ ഹോം സ്കൂളിനെക്കുറിച്ചും വിശദികരിച്ചു. ഗുരുകുല വിദ്യാഭ്യാസ രീതിയാണ് അവിടെ അവലംബിക്കുന്നത്. കുട്ടികളുടെ സ്വാഭാവിക വികാസം ഉന്നമനമാക്കിയുള്ള ഈ സ്കൂൾ 2005-ലാണ് സ്ഥാപിതമായത്. ഇംഗ്ലീഷ്, കമ്പ്യൂട്ടർ, സംസ്‌കൃതം, കളരി പയറ്റ്, ഭരതനാട്യം, കർണാടക സംഗീതം എന്നീ വിഷയങ്ങൾ എല്ലാം മികവോടെ പഠിക്കാനുള്ള അവസരം ഇവിടെയുണ്ട്. ഓരോ വർഷവും 25 കുട്ടികൾക്കാണ് ഇവിടെ അഡ്‌മിഷൻ കിട്ടുന്നത്. അനേകം കുട്ടികൾ അഡ്മിഷന് വേണ്ടി അപേക്ഷിക്കാറുണ്ടെങ്കിലും വിദ്യാർത്ഥികളോടും അധ്യാപകരോടും വിശദമായി സംസാരിച്ചതിന് ശേഷമാണ് 25 കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് സദ്ഗുരു അക്കാദമി. സഹജവും അവബോധജന്യവുമായ നേതൃപാഠവം പ്രദാനം ചെയ്യുന്ന പരിശീലന കേന്ദ്രമാണിത്. മാനവിക ശേഷിയെ സാധ്യതകളായി കാണാനും പ്രതികൂലമായ ബാഹ്യസാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള കഴിവും, ശാശ്വത വിജയത്തിനുള്ള പ്രാപ്തിയും കൈവരിക്കാനുള്ള അവസരം ഇവിടയുണ്ട്.
സ്കൂളിൽ നിന്നും കിട്ടിയ അറിവും നല്ല അനുഭവങ്ങളുമായി ഞങ്ങൾ ഗോശാല കാണുവാൻ പോയി. അനേകം പശുക്കളും, പശു കിടാങ്ങളും, കാളകളും കൊണ്ട് സമ്പന്നമായ ഗോശാല. വിവിധ ഇടങ്ങളിൽ നിന്ന് വിവിധ ഗണത്തിൽപ്പെട്ടവ. വലുപ്പം കൊണ്ട് ഭീതി ജനിപ്പിക്കുമെങ്കിലും ശാന്ത പ്രകൃതിയുള്ള കൂറ്റൻ കാളയോടൊപ്പം പലരും ഫോട്ടോകൾ എടുത്തു.
ശിവരാത്രി ആഘോഷത്തിൽ ആദിയോഗിയുടെ സന്നിധിയിലേക്ക് സദ്ഗുരു ആനയിക്കുന്ന കാളക്കും നല്ല വലുപ്പമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള തൊഴുത്തുകൾ. തീറ്റ പുല്ലുകൾ വളർന്ന് നിൽക്കുന്ന വിശാലമായ സ്ഥലം. പരിചരണത്തിന് നിരവധി സേവകർ. അവിടെ നിന്നും ലഭ്യമാകുന്ന പാൽ ക്ഷേത്രാവശ്യങ്ങൾക്കും, ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
പിന്നീട് ഞങ്ങൾ പോയത് ഇഷ നഴ്സറിയിലേക്കാണ്. വിവിധയിനം ഫല വൃക്ഷാദികൾ അവിടെ ലഭ്യമാണ്.
പ്രകൃതിയുടെ സംതുലിതാവസ്ഥക്ക് മണ്ണ് സംരക്ഷിക്കേണ്ടത് വളരെ അനിവാര്യമായ കാര്യമാണ്. ‘സേവ് ദ സോയിൽ’ എന്ന മുദ്രാവാക്യം ആഗോള തലത്തിൽ പ്രചരിപ്പിച്ച് കൊണ്ട് സദ്ഗുരു അനേകം യാത്രകൾ നടത്തുന്നു. അനേകം കിലോ മീറ്ററുകൾ വ്യത്യസ്‍തമായ കാലാവസ്ഥയെ അവഗണിച്ച് കൊണ്ട് അദ്ദേഹം തൻ്റെ ബൈക്കിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ പ്രചാരണം ഏറ്റെടുത്തു കൊണ്ട് അനേക ലക്ഷം വൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അത് തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.
നഴ്‌സറിയിൽ 3 രൂപയ്ക്കും 7 രൂപയ്ക്കും വൃക്ഷ തൈകൾ ലഭിക്കുന്നു. നമ്മുടെ നാട്ടിൽ 50 രൂപയോ അതിലധികമോ വിലമതിക്കുന്ന വൃക്ഷ തൈകളാണ്.
അവിടത്തെ സന്ദർശനം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. പതിവ് പോലെ സ്വാതിക ഭക്ഷണം ആസ്വദിച്ചു. ആധുനിക ഭാഷയിൽ സ്വാതിക ഭക്ഷണത്തെ യോഗ ഭക്ഷണം എന്നും വിശേഷിപ്പിക്കുന്നുണ്ട്.
ഭക്ഷണം കഴിച്ച ശേഷം അവിടത്തെ സ്പന്ദ ഹാൾ കാണിച്ചു തന്നു. വിശാലമായ പുൽത്തകിടിയും പൂന്തോട്ടവും കടന്നാണ് സ്പന്ദ ഹാളിലേക്ക് പ്രവേശിക്കുക. ആദിയോഗിയായ ശിവൻറെ ജീവിത്രം ചിത്രികരിക്കുന്ന ചുമർ ചിത്രങ്ങൾ സവിശേഷവും ആകർഷണീയവുമാണ്. സസ്യചായങ്ങളും മണ്ണിൻറെ സത്തുക്കളും ചേർത്താണ് ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. ഇന്ന് ലോകത്തിൽ അന്യം നിന്നുപോയ തീരെ പരിചയമില്ലാത്ത ചിത്ര രീതി കൂടിയാണിത്. ഈ ഹാളിന്റെ ഘടന ധ്യാനത്തിന് അത്യധികം ഉതകുന്നതും ഊർജ്ജം പ്രവഹിക്കുന്ന രീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്.
അവിടെനിന്നും ഞങ്ങളെ താമസ സ്ഥലത്ത് എത്തിച്ചു. വിശ്രമത്തിനുള്ള സാവകാശം നൽകി. വൈകിട്ട് ഏഴുമണി വരെ സമയമുണ്ടായിരുന്നു. പലരും വിശ്രമിക്കാതെ അവിടെയൊക്കെ കറങ്ങി നടന്നു. അവിടത്തെ അന്തരീക്ഷവും കാഴ്ചകളും ഊർജ്ജം തന്നു കൊണ്ടിരിക്കും.
പറഞ്ഞ സമയത്ത് വീണ്ടും ഒത്തു ചേർന്നു. അവരവരുടെ അനുഭവം പങ്ക് വെക്കാൻ ആവശ്യപ്പെട്ടു. ചിലർ ഗൗരവത്തോടെയും, ചിലർ ലളിതമായും, ചിലർ വളരെ രസകരമായും അനുഭവങ്ങൾ വിവരിച്ചു. എന്നാൽ എല്ലാവരും അവിടെ നിന്നും ലഭ്യമായ സേവനത്തെ കുറിച്ചും, ലാളിത്യത്തെ കുറിച്ചും ഏക സ്വരത്തിൽ പറഞ്ഞു. ഏവരുടെയും മുൻ വിധികളും, ധാരണകളും അസ്ഥാനത്തായി എന്നതും വ്യക്തമാക്കി. സദ്ഗുരുവിനെ ഞങ്ങൾക്കോ, സദ്ഗുരുവിന് ഞങ്ങളെയോ കാണാൻ പറ്റിയില്ല എന്ന നിരാശയും പങ്ക് വെച്ചു.
ചായ കുടിക്കുന്ന ശീലമുള്ളവർ രണ്ട് നാൾ ചായയെ കുറിച്ച് മറന്നു. സ്ഥിരമായി സിഗരറ്റ് വലിച്ചിരുന്ന ഒരു സുഹൃത്ത് സിഗരറ്റ് ഉപയോഗം തന്നെ ഉപേക്ഷിച്ചു. ആരും നിർബന്ധിച്ചിട്ടല്ല…അങ്ങിനെ ഭവിച്ചതാണ്.
ഞങ്ങളെ പരിചയപ്പെട്ടതിന്റെ സന്തോഷം സ്വാമി പ്രജാഗരയും പങ്ക് വെച്ചു.
പ്രതികൂല സാഹചര്യങ്ങൾ എങ്ങിനെയാണ് ഇഷയിലെ സേവകർ നേരിടുന്നത് എന്നത് ഒരു വീഡിയോയിലൂടെ കാണിച്ചു തന്നു. ഒരു കനത്ത കാലവർഷം. മഴ വെള്ളം കുത്തിയൊലിച്ച് പ്രദേശമാകെ നിറയുന്നു. മഴയുടെ ശക്തി കുറയുമ്പോൾ സേവകർ ഇറങ്ങുകയാണ്. വളരെ ഉന്മേഷത്തോടെ, ആ കെടുതികളിൽ തളരാതെ, എല്ലാം ആസ്വദിച്ചു കൊണ്ട് ഒത്തൊരുമയോടെ ശുചികരണ പ്രവർത്തനങ്ങൾ നടത്തുന്നു. ചളി നിറഞ്ഞ തീർത്ഥ ജലാശയങ്ങൾ വൃത്തിയാക്കുന്നു. എല്ലാം പഴയ പടിയാകും വരെ അവർ ശ്രമം തുടരുന്നു.
നമ്മുടെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ ചിരിച്ചു കൊണ്ട് നേരിടണം എന്ന സന്ദേശം പോലെ .
സമാപനം വീണ്ടും എല്ലാവരും ചേർന്നുള്ള നൃത്തചുവടുകളോടെ ആയിരുന്നു.
അന്നത്തെ അത്താഴം കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞ് പിരിഞ്ഞു. പലരും പല ഇടത്തേക്കാണ് പല സമയത്താണ് മടങ്ങുന്നത്.
പിറ്റേന്ന് രാവിലെ പറഞ്ഞു വെച്ച സമയത്ത് വാഹനം വന്നു. എൻ്റെ വാഹനത്തിന് തൊട്ടു മുമ്പായി മറ്റൊരു വാഹനം രണ്ട് പേർ മാത്രമായി പോകുന്നുണ്ടായിരുന്നു. മറ്റൊരു ഇടത്തിലാണെങ്കിൽ എന്നെ കൂടി ആ വാഹനത്തിൽ ഉൾപ്പെടുത്തി വാഹനത്തിന്റെ എണ്ണം കുറക്കുമായിരുന്നു. എന്നാൽ ഇവിടെ അത്തരം രീതികൾ ഇല്ല.
ഗൾഫിൽ പ്രവർത്തിച്ചിരുന്നപ്പോൾ വാഹന സൗകര്യം ഏർപ്പെടുത്തുന്നത് കൂടി എൻ്റെ ജോലിയുടെ ഭാഗമായിട്ടുണ്ടായിരുന്നു. പുതുതായി വരുന്ന എംപ്ലോയീസിനും, അവധിക്ക് പോകുകയും വരികയും ചെയ്യുന്ന ജീവനക്കാർക്കും, മെഡിക്കൽ ആവശ്യങ്ങൾക്കും എല്ലാം രാപകലില്ലാതെ വാഹനങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. മുൻകൂട്ടി ഡ്രൈവറുടെയും വാഹനത്തിന്റെയും വിവരങ്ങൾ നൽകിയാലും, ഒരു പക്ഷെ വാഹനത്തിന്റെ തൊട്ടു മുന്നിൽ നിന്നു കൊണ്ടും വിളിച്ചു കൊണ്ടിരിക്കും. വാഹനത്തിൽ കയറിയാലും വണ്ടി കിട്ടി എന്നുപറയാനും വിളിക്കും. സമയവും നേരവും ഒന്നും നോക്കാതെ .എന്നാൽ പൊതുവെ കൃതജ്ഞത കിട്ടുന്ന ഒരു സേവനമല്ല എന്നത് അറിയാവുന്നത് കൊണ്ട് പലരും അത് ഏറ്റെടുക്കാറില്ല. അഥവാ ഏറ്റെടുത്താൽ വിലപിച്ചു കൊണ്ടിരിക്കും. പലപ്പോഴും കൃത്യമായി ക്രമീകരിച്ച് വെച്ചിരിക്കുന്ന കാര്യങ്ങൾ, കൂടുതൽ ഉത്തരവാദിത്ത്വം കാണിക്കേണ്ട ഉന്നത മേലധികാരി തന്നെ, സ്വന്തം ആവശ്യത്തിന് വേണ്ടി പോലും തകിടം മറിക്കും. അത്തരം സന്ദർഭങ്ങളിൽ ഇതിലും ഭേദം ആട് മേക്കുന്നതാണ് നല്ലത് എന്ന് തോന്നി പോകും.
അത് കൊണ്ട് തന്നെ ഇവിടത്തെ സേവനങ്ങളെ കൃതജ്ഞത കൂടിയല്ലാതെ ഓർക്കാൻ കഴിയില്ല.
പലപ്പോഴും പലയിടങ്ങളിലും, അടുത്ത ബന്ധു വീടുകളിൽ പോലും ചിലപ്പോൾ ഒന്ന് തിരികെ പോകണമെന്ന് നമുക്ക് തോന്നാറില്ല.
എന്നാൽ ഇവിടെ ഒരുപാട് പേരെ പരിചയപ്പെട്ടതിന്റെ സന്തോഷത്തോടെ, പുതിയ അനുഭവങ്ങളുടെ ഊർജ്ജമുൾക്കുണ്ട്, വന്ന വഴിയേ മടങ്ങി. വീണ്ടും വീണ്ടും വരണമെന്ന ആഗ്രഹത്തോടെ….
വി.കെ. അശോകൻ
സാകേത്, എയിംസ് പി.ഒ, എറണാകുളം
👍
Beautifully narrated
എത്ര മനോഹരമാണ് ഇഷ ഫൗണ്ടേഷൻ എന്നതിനേക്കാൾ, ക്യാമ്പിലെ വളണ്ടിയർന്മാരുടെ സേവനങ്ങളും ആത്മീയ അന്തരീക്ഷവും ഒരിക്കൽ എങ്കിലും ജീവിതത്തിൽ സന്ദർശിക്കേണ്ട സുപ്രധാന സ്ഥാനങ്ങളിൽ സ്ഥാനം പിടിക്കുന്നു.