ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം
———————————————————————
ഒരു മുതൽ മുടക്കും ഇല്ലാതെ മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്ന കാര്യമാണ് ഉപദേശം. ഉപദേശം നൽകുന്നതിലൂടെ, ഉപദേശകർക്കു യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. എല്ലാം നഷ്ടപ്പെട്ട് ഹൃദയം പൊട്ടി നിൽക്കുന്നവരോട്, കേവലം തലച്ചോറിൻ്റെ ഭാഷയിൽ സംസാരിക്കുന്നത് വലിയ പാതകം ആണ്. വന്നു ചേർന്ന ദുരന്തങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നാലും, ചില ‘ആശ്വാസ വാക്കുകൾ’ക്കു മുമ്പിൽ നിയന്ത്രണം നഷപ്പെട്ടു എന്നു വരാം. എന്ത്, എവിടെ പറയണമെന്ന് അറിയാത്ത ഉപദേഷ്ടാക്കൾ, ആപത്തുപോലും അവസരമാക്കും. ഒരാൾക്കു സ്വന്തമായ തീരുമാനം എടുക്കുവാൻ കഴിയാത്തപ്പോഴോ, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴോ, ഉപദേശങ്ങൾക്കു പ്രസക്തിയുണ്ടാകും?. എന്നാൽ, സാന്നിദ്ധ്യം മാത്രം മതിയാകുന്നിടത്ത്, സാരോപദേശവുമായി രംഗപ്രവേശം ചെയ്യാതിരിക്കുന്നതാണുത്തമം.
സ്വന്തം ജീവിതത്തിൽ ഉണ്ടാകുന്നത് അനുഭവങ്ങളും, അപര ജീവിതത്തിലുണ്ടാകുന്നതു സംഭവങ്ങളുമാണ്. സമാന അനുഭവങ്ങൾ ഉണ്ടായിട്ടുളളവർക്കു കരുണയും, കരുതലും, വിവേകവും ഉണ്ടായിരിക്കും. അല്ലാത്തവരെല്ലാം, വെറും കാഴ്ചക്കാർ മാത്രമായിരിക്കും. അന്യരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളെ വ്യാഖ്യാനിക്കാനും മാർഗനിർദേങ്ങൾ നൽകാനും എളുപ്പമാണ്. എന്നാൽ, അവരുടെ അവസ്ഥ അനുഭവിക്കണ്ടി വന്നാൽ മാത്രമേ, അവരുടെ ചിന്തകൾ എന്തായിരുന്നുവെന്നു മനസ്സിലാകുകയുള്ളൂ.
എല്ലാം നഷ്ടപ്പെട്ടവർക്കു കണ്ണീരൊഴുക്കാനും നിലവിളിക്കാനും അർഹതയുണ്ട്. അതിലൂടെയാകും, അവർ സ്വയം ഊർജ്ജം കണ്ടെത്തുന്നത്. അതു കൊണ്ടു തന്നെ,
കരയുന്നവരോടു കരയരുതെന്ന് ഉപദേശിക്കാതെയിരിക്കുന്നതാകും ഉത്തമം.
കരച്ചിൽ അവരെ സംബന്ധിച്ച് അസംബന്ധമല്ല; ആവശ്യമാണ്.
തനിക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ, മറ്റുള്ളവരിൽ ആവേശമുണർത്തി, അവരേക്കൊണ്ടു ചെയ്യിക്കുന്നതിൽ, സംതൃപ്തി കണ്ടെത്തുന്നവരാണ് പല
ഉപദേശകരും. ഒരു വഴിയെ ഉപദേശിക്കുകയും, എതിർ വഴിയെ നടക്കുകയും ചെയ്യുന്നവരെ നമുക്ക് അവഗണിക്കാനാകണം. സമാന അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ളവർ ആരേയും വിധിക്കുകയോ, പരിഹസിക്കുകയോ ഇല്ല. മറിച്ച്, ചേർത്തു പിടിക്കുകയും അവരോട് ഏകീഭവിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.
സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.
നല്ല ചിന്ത
ചിന്തനീയം
മനോഹരം
