എന്റെ ചെറുപ്പക്കാലം എന്ന് പറയുമ്പോൾ…. വളരെ വർഷങ്ങൾക്കു മുമ്പ്, എന്റെ ഓർമ്മയിലെ ഓണക്കാലം ഞാൻ ഓർത്തെടുക്കട്ടെ.
ഓണത്തിന് ആഴ്ചകൾക്ക് മുമ്പ്, സ്കൂളിൽ പോയി തിരിച്ചു വരുമ്പോൾ, വീട്ടിൽ പച്ച നേന്ത്രക്കുലകൾ കയറിൽ തൂക്കി ഇട്ടിരിക്കുന്നത് കാണാം. അതിൽ നിന്ന് പടലകൾ ചെത്തിയെടുത്ത് കായ വറക്കുന്നതോടെയാണ്, ഞങ്ങളുടെ വീട്ടിൽ ഓണാഘോഷം ആരംഭിക്കുന്നത്.
അത്തത്തോടുകൂടി കുട്ടികളുടെ ചെറിയ ചെറിയ പുലക്കളി കൂട്ടങ്ങൾ വീടുകൾ തോറും കളിച്ച് യാത്ര തുടങ്ങും. അതോടൊപ്പം തന്നെ ദേഹത്ത് പുല്ല് വെച്ചു കെട്ടി കുമ്മാട്ടി കളി കൂട്ടങ്ങളും ഉണ്ടാകും.
ശരിക്കും പുലിക്കളി കാണണമെങ്കിൽ, തൃശ്ശൂർ ടൗണിൽ പോകണം. ഇന്നത്തെപ്പോലെ കുടവയർ ഉള്ളവരെ അന്ന് പുലിക്കളിയിൽ കാണുകയില്ല. പാകത്തിന് ഉയരവും വണ്ണവും ഉള്ള ആരോഗ്യമുള്ള ചെറുപ്പക്കാരായിരിക്കും കളിക്കാൻ ഉണ്ടാവുക. പലതരം അഭ്യാസ പ്രകടനങ്ങൾ അവർ നടത്തും. ഉലക്കയിൽ കാണിക്കുന്ന അഭ്യാസമാണ് അതിൽ കേമം.
പുലി മുഖങ്ങൾ വച്ചുകെട്ടും. വരയൻ പുലി, പുള്ളിപ്പുലി, കരിമ്പുലി,കടും മഞ്ഞ ചായവും അതിൽ കറുപ്പിൽ പുള്ളിയും വരയും ഉണ്ടാകും. ഇതിനൊപ്പം സർക്കസുകാരുടെ കൂടെ കാണുന്ന ജോക്കറുടെ വേഷം കെട്ടി ഒരു മരത്തോക്കുമായി ഒരാൾ ഉണ്ടാകും. കുട്ടികളായ ഞങ്ങൾക്ക് അയാളുടെ ചില തമാശകൾ കണ്ട് ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല
ചെണ്ടയിൽ കൊട്ടുന്ന താളത്തിനൊപ്പമാണ് പുലികൾ ചുവടുവെക്കുന്നത്. അരയിലും കാലിലും കെട്ടിവെച്ച മണികളുടെ കിലുക്കം കൂടിയാകുമ്പോൾ അത് കേൾക്കുന്നത് ഒരു സുഖമുള്ള അനുഭവമായിരൂന്നു. ഓണത്തിന്റെ അന്ന് എല്ലാ വീടുകളിലും വിഭവസമൃദ്ധമായ സദ്യ ഒരുക്കും. ചെറിയൊരു പൂക്കളം വീട്ടുമുറ്റത്ത് ഇടും.




👍