പ്രിയമുള്ളവരേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം.
1998 ൽ നിർമ്മിച്ച ‘സമ്മർ ഇൻ ബെത്‌ലെഹേം’ എന്ന പടത്തിലെ ‘ഒരു രാത്രി കൂടി വിട വാങ്ങവെ..’ എന്ന ഗാനം. ഗിരിഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിൻ്റെ സംഗീതം. യേശുദാസും ചിത്രയും ചേർന്നാണ് പാടിയിരിക്കുന്നത്. സംഗീതത്തിനേക്കാൾ സാഹിത്യത്തിന് ഭംഗി കൊടുക്കുന്ന ഗാനം. അഴകിൻ്റെ തൂവൽ പോലൊരു ഗാനം.
പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ … എത്ര മധുരം എന്ത് ആർദ്രം! പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്ന് മിഴിവാർക്കവേ…
അതേ ഒരു കവിക്ക് അവന്റേതായ ദുഖമുണ്ട്.. മറ്റാരോടും പങ്കുവെക്കാനരുതാത്ത ദുഃഖം. ആ ദുഖമാണ് ഈ ഗാനത്തിൽ ഉടനീളം നീന്തിത്തുടിക്കുന്നത്. ഒരു നേർത്ത തെന്നൽ അലിവോടെ വന്ന് നെറുകിൽ തലോടിപോയിട്ടുണ്ട്. അവിടെ പ്രകൃതി സാന്ത്വനപ്പെടുത്തുന്നു. കവികൾ എന്നും ദുഖിതരാണെന്ന് കാലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നമുക്ക് പാട്ടിന്റെ വരികളിലേക്ക് വരാം
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
പല നാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
പിരിയാനൊരുങ്ങി നിൽക്കയോ?
പിരിയാനൊരുങ്ങി നിൽക്കയോ?
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേ കിടന്നു മിഴി വാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ?
നെറുകിൽ തലോടി മാഞ്ഞുവോ?
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസിന്റെ പാട്ട് കേട്ടുവോ?
മനസിന്റെ പാട്ട് കേട്ടുവോ?
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രാത്രി കൂടി വിട വാങ്ങവെ
ഒരു പാട്ടു മൂളി വെയിൽ വീഴവെ
പതിയെ പറന്നെനരികിൽ വരും
അഴകിന്റെ തൂവലാണു നീ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ..
കവിയുടെ അന്ത്യം ഈ ഗാനത്തിനോട് ചേർന്ന് നിൽക്കുന്നു എന്ന് തിരിച്ചറിയുമ്പോളാണ് ഈ ഗാനത്തിന്റെ മാഹാത്മ്യം നമ്മൾ തിരിച്ചറിയേണ്ടത്.
അതേ സ്വർഗത്തിൽനിന്ന് ഗന്ധർവ്വൻമാരെയും അപ്സരസുകളെയും അല്പകലത്തേക്ക് ഭൂമിയിലേക്കയക്കുന്നു. പെട്ടെന്ന് തിരിച്ചുവിളിക്കുന്നു. പത്മരാജൻ തന്റെ ഞാൻ ഗന്ധർവ്വൻ എന്ന പടത്തിലൂടെ വിളിച്ചുപറഞ്ഞാണ് പോയത്. ഗിരീഷ് പുത്തഞ്ചേരി പടിക്കൊണ്ടാണ് പോയത്.
നമുക്കാ ഗാനം കൂടി ആസ്വദിക്കാം..
പ്രിയപ്പെട്ടവരേ ഗാനം കേട്ടുവല്ലോ.
ഗിരീഷ് പുത്തഞ്ചേരിക്ക് മലയാളി മനസ്സിന്റെ സംഗീതാർച്ചന.
നിങ്ങളുടെ ഇഷ്ടഗാനവുമായി അടുത്ത ആഴ്ചയിൽ വീണ്ടും വരാം
സസ്നേഹം
സൂപ്പർ
അവതരണം

ഇഷ്ടഗാന വിവരണം ഹൃദ്യമായിരിക്കുന്നു ടീച്ചറേ♥️