പുരാതനകാലത്തെ ആചാരങ്ങളും കലാരൂപങ്ങളും നില നിന്നുപോകുന്ന സമുദായങ്ങൾ ഇന്നേറെ കുറവാണ്. കേൾക്കുമ്പോൾ മാത്രം ഓർക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ സമൂഹത്തെ സംബന്ധിച്ചിടത്തോളം മിക്ക ആചാരങ്ങളും കലാരൂപങ്ങളും. ഇവയിൽ ചിലതൊക്കെ ഇക്കാലത്ത് കുറഞ്ഞതോതിലെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിലും മറ്റു ചിലത് നാമമാത്രമായി മാറിയിരിക്കുന്നു. അതിലൊരു കലാരൂപമാണ് ചവിട്ടുകളി.
ചവിട്ടുകളി
——————-
കാർഷികതയും ദൈവികതയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാന കലാരൂപമാണ് ചവിട്ടുകളി. പുലയരുടെയും വേട്ടുവരുടേ യുമിടയിലാണിതിന് പ്രചാരം. ജന്മിത്വത്തിന്റെ കാലഘട്ടത്തിൽ അയിത്ത ജാതിക്കാർക്ക് ക്ഷേത്രപ്രവേശനമുണ്ടായിരുന്നില്ല.
തമ്പുരാന്റെ പത്തായപ്പുര നിറഞ്ഞാലാണ് ഒരു നാടിന്റെ ഗുരു കാരണവന്മാരെയും ജന്മിത്തത്ത തമ്പുരാന്മാരെയും സ്തുതിച്ചുകൊണ്ടുള്ള ചവിട്ടുകളിയുടെ തുടക്കം. എവിടെയാണോ ചെന്ന് കളിക്കുന്നത് അവിടെയുള്ള പൂർവികരെയും ദൈവികരെയും സ്തുതിക്കുകയെന്നത് ചവിട്ടുകളിയുടെ ഒരു കാരണമാണ്.
പത്തോ, പന്ത്രണ്ടോ പേര് മുതൽ മുപ്പതോ പേരടങ്ങുന്ന ഒരു കൂട്ടം ആളുകൾ വൃത്താകൃതിയിൽ അവതരിപ്പിക്കുന്ന ചവിട്ടുകളി പാലക്കാട്,മലപ്പുറം ജില്ലകളിലെ സാധാരണമായ ഒരു കലാരൂപമാണ്.
കർഷകരായ തങ്ങൾ വിതയ്ക്കുകയും കൊയ്യുകയും ചെയ്ത അതേ പാടത്തിൽ തന്നെയാണ് സർഗാത്മകതയുടെ തുറന്ന വേദിയായ ചവിട്ടുകളി നടത്തുന്നത്. കൃഷി ചെയ്തിരുന്നവർ ഒന്നിക്കുന്ന ചവിട്ടുകളിക്ക് ചെറുമക്കളി എന്നും പേരുണ്ട്.
പൂരപ്പറമ്പിൽ ചവിട്ടു കളിയുണ്ടെങ്കിൽ ആളുകൾ കൂടുമെന്നാണ്. കാരണം ഒരേ സമയത്ത് രണ്ട് ദേശക്കാർ കളികളിൽ പങ്കെടുക്കുന്നു. നേരത്തെ ഒരുങ്ങാതെ അപ്പപ്പോൾ ഒരുക്കുന്ന പാട്ടുകളാകും അവതരിക്കപ്പെടുന്നത്. അധികവും ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടിട്ടുള്ള അവിടുത്തെ ദേവതയും, കളരി പഠിപ്പിച്ച ഗുരുക്കളെയും സ്തുതിച്ചുകൊണ്ടുള്ള പാട്ടും ചുവടോടും കൂടിയാണ് കളിയാരംഭിക്കുന്നത്. ക്ഷേത്രോത്സവങ്ങളിൽ ഭദ്രകാളി ക്ഷേത്ര ത്തിൽ അവതരിക്കപ്പെടുന്ന ചവിട്ടുകളി ആചാരപരമായ കലാരൂപമല്ല.
വടികൾ ആവശ്യമില്ലാത്ത ചവിട്ടുകളി കോൽക്കളിയുമായി സാമ്യമുള്ള ഒരു നാടോടി നൃത്ത രൂപമാണ്. പൊതുവേ താള വാദ്യങ്ങൾ ഒന്നുമില്ലാതെയുള്ള ചവിട്ടുകളി അവതരിപ്പിക്കുന്നത് ഊരാളി, കണക്കാർ ചെറുമാർ തുടങ്ങിയ സമുദായങ്ങളാണ്.
ചവിട്ടു കളി നൃത്തരൂപം പൊതുവായി അവതരിപ്പിക്കുന്നത് ക്ഷേത്രമേളകൾ,വിഷു ഓണം തുടങ്ങിയ ഉത്സവകാലങ്ങളിലോ ആണ്. മധ്യത്തിൽ നിലവിളക്ക് കൊളുത്തി വൃത്താകൃതിയിൽ നർത്തകർ ഒത്തുകൂടിയാണ് നൃത്തം ചെയ്യുന്നത്.
പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന ഈ നൃത്തത്തിൽ കൈകൊട്ടലും, താളാത്മകമായ ചുവടുകളും, കൈ ആംഗ്യങ്ങളും ആണ് അവതരിപ്പിക്കുന്നത്.
പുരുഷന്മാർ പങ്കെടുക്കുന്ന ചവിട്ടുകളി ‘
ആങ്കാളിയെന്നും’ സ്ത്രീകൾ പങ്കെടുക്കുന്ന ചവിട്ടുകളി ‘പെങ്കാളി ‘എന്നുമറിയപ്പെടുന്നു. ഈ രണ്ട് കളികളിലും താളവും ചുവടുകളും വ്യത്യസ്തമാണ്.
പത്തോ പന്ത്രണ്ടോ, മുപ്പതോ പേരടങ്ങുന്ന ഈ നൃത്ത രൂപത്തിന്റെ തലവനെ
‘ഗുരുവൻ ‘എന്നും നൃത്താവതരണം ഉള്ളിടത്ത് ‘കളിവട്ടം ‘എന്നും മറ്റ് കലാകാരന്മാരെ ‘കളമക്കൾ ‘എന്നുമാണ് വിളിക്കുന്നത്.
വള്ളുവനാടിന്റെ പ്രാചീന കലാരൂപമാണ് ചവിട്ടുകളി. നാടൻ താളത്തിലുള്ള വായ്പാട്ടും തെറ്റാത്ത ചുവടുമാണ് പ്രത്യേകത.
താരകസുര വധത്തിൽ സന്തോഷിച്ച് വയലിലെ പണിക്കാർ ഒത്തുചേർന്ന് കളിച്ചതാണ് ചവിട്ടുകളിയുടെ ഐതിഹ്യം.
ആദ്യം ചവിട്ടുകളിയിൽ പങ്കെടുക്കുന്നവർ വട്ടത്തിൽ നിന്നുകൊണ്ട് അതിൽ പ്രധാനി പുരാണ കഥാസന്ദർഭങ്ങളുമായോ വിശുദ്ധന്മാരുടെ ജീവചരിത്രത്തെ കുറിച്ചുള്ള നാടോടി പാട്ടിന്റെ രണ്ടുവരി പാടും. ചവിട്ടുകളിപ്പാട്ട് എന്നറിയപ്പെടുന്ന ഈ വരികൾ മറ്റുള്ളവർ ഏറ്റുപാടും. പിന്നീട് താളക്രമത്തോടെ വ്യത്യസ്തമായ ചുവടുകൾ വയ്ക്കുന്നു.
കേരളത്തിൽ അതീവ പ്രചാരമുള്ള കോൽക്കളിയുടെ സവിശേഷമായ മാതൃകയാണ് ചവിട്ടുകളി എന്ന് പറയപ്പെടുന്നു. പൂര ശേഷം കളിച്ചിരുന്ന ചവിട്ടുകളി ഇന്ന് അസ്തമിച്ച അവസ്ഥയിലാണ്.
കീഴാള ജനതയുടെ വിനോദം, അധ്വാനിക്കുന്നവന്റെയുള്ളിലെ പൊട്ടിത്തെറി, വരേണ്യ വർഗ്ഗത്തിന്റെ ഗ്രാമീണ ഭാഷ്യം എന്നിങ്ങനെ ചവിട്ടുകളിയെ വിശേഷിപ്പിക്കുന്നുണ്ട്.
കേരള ദേശങ്ങളിലെ വിവിധ ആചാരങ്ങൾ, കലാരൂപങ്ങൾ നമുക്കിന്നും അന്യമാണെന്നത് ഒരു പോരായ്മ തന്നെയാണ്. എങ്കിലും ചിലയിടങ്ങളിലെ സ്കൂളുകളിലും ചില സംഘടനകളും ഇന്നും ചവിട്ടുകളി അവതരിപ്പിക്കുന്നതിലൂടെ പുതുതലമുറകളിൽ ഏറെ പേർ ആകർഷിക്കപ്പെടുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അന്യം നിന്ന് പോകാതെ ചവിട്ടുകളിയെ കൂടുതൽ ജനകീയമാക്കാൻ പുതുതലമുറക്ക് കഴിയട്ടെ യെന്ന് പ്രതീക്ഷിക്കാം.
നല്ലറിവുകൾ
സ്നേഹം സന്തോഷം

സ്നേഹം സന്തോഷം

എല്ലാം പുതിയ അറിവുകൾ
സ്നേഹം സന്തോഷം

നല്ല അറിവുകൾ
ആശംസകൾ ഡിയർ
♥️
സ്നേഹം സന്തോഷം
