സ്‌നേഹമാണഖില സാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം.”
”സ്‌നേഹിക്കയുണ്ണി നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്വേഷം ദ്വേഷത്തെ നീക്കീടാ
സ്‌നേഹം നീക്കീടുമോര്‍ക്ക നീ.”
വളരെ പ്രസക്തമായ വരികൾ ഏറെ കാലികപ്രാധാന്യമാർന്ന ആഹ്വനം.
ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് കവിതയിലൂടെ പോസിറ്റീവായ ഒട്ടേറെ ആശയങ്ങള്‍ കേരളീയ സമൂഹത്തിന് പകര്‍ന്നു നല്‍കിയ കവിയും എഴുത്തുകാരനുമാണ് കുമാരനാശാന്‍. ‘കരുണ’ എന്ന കൃതിയിലൂടെ ജീവിതത്തിന്റെ നൈമിഷികതയെയും നിസ്സാരതയെയും അദ്ദേഹം വരച്ചുകാട്ടുന്നു.
‘മാംസനിബദ്ധമല്ല രാഗം’ എന്ന ആശയം തന്റെ രചനകളിലൂടെ പങ്കുവച്ച കുമാരനാശാന്‍ സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായ വാസവദത്തയുടെ ജീവിതമാണ് ‘കരുണ’യില്‍ വരച്ചുകാണിച്ചത്. തന്റെ സൗന്ദര്യത്തിലും ധനാഠ്യതയിലും മതിമറന്ന് അഹങ്കരിച്ചിരുന്ന വാസവദത്തയ്ക്ക് സന്യാസിയായ ഉപഗുപ്തനോട് പ്രണയം തോന്നുന്നു. എന്നാല്‍ ലൗകിക ജീവിതവിരക്തനായ ഉപഗുപ്തന്‍ വാസവദത്തയുടെ പ്രണയാഭ്യര്‍ത്ഥന തിരസ്‌കരിക്കുന്നു. തന്റെ സൗന്ദര്യത്തില്‍ കാമിയെന്നോ നിഷ്‌കാമിയെന്നോ ഭേദമില്ലാതെ ആരും ആകൃഷ്ടരാകുമെന്ന അമിതമായ അഹങ്കാരമാണ് സന്യാസിയായ ഉപഗുപ്തനോടുപോലും പ്രണയാഭ്യര്‍ത്ഥന നടത്താന്‍ വാസവദത്തയെ പ്രേരിപ്പിച്ചത്.
പക്ഷേ, ജീവിതത്തിന്റെ ഗതി വിഗതികൾ മാറിവീശിയപ്പോള്‍ വാസവദത്തയ്ക്ക് സൗന്ദര്യവും സമ്പത്തും എല്ലാം നഷ്ടമാകുന്നു. അവസാനം രാജകല്‍പ്പനയെത്തുടര്‍ന്ന് കൈകാലുകള്‍ ഛേദിക്കപ്പെട്ട് ശ്മശാനഭൂമിയില്‍ കിടക്കുന്ന വാസവദത്തയെ തേടി ഉപഗുപ്തനെത്തുകയാണ്. വാസവദത്തയുടെ അവസ്ഥകണ്ട് ഉപഗുപ്തന്റെ ഹൃദയം പിടഞ്ഞു. അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വാസവദത്തയുടെ ശരീരത്തില്‍ പതിക്കുമ്പോള്‍ പ്രതിഫലേച്ഛാരഹിതവും നിസ്വാര്‍ത്ഥവുമായ ആ കരുണയിലൂടെ നിര്‍വാണത്തിന്റെ കവാടം അവള്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നു.
കാമത്തിനപ്പുറമുള്ള സ്‌നേഹത്തിന്റെ തലങ്ങളെയാണ് തന്റെ കൃതികളിലൂടെ ആശാന്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. സ്‌നേഹം ലോകത്തെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നുവെന്നും സ്‌നേഹരാഹിത്യം ഭൂമിയെ നരകമാക്കിത്തീര്‍ക്കുന്നുവെന്നും ആശാന്‍ പാടിയിട്ടുണ്ട്. വീണുകിടക്കുന്ന ഒരു പൂവിന്റെ അവസ്ഥയിലൂടെ മര്‍ത്യജീവിതത്തിന്റെ നൈമിഷികത വ്യക്തമാക്കുകയാണ് ‘വീണപൂവ്’ എന്ന കാവ്യത്തിലൂടെ ആശാന്‍ ചെയ്തത്. പൂവ് വിടര്‍ന്നുല്ലസിച്ചു നില്‍ക്കുമ്പോള്‍ അത് ആകാശത്തേയ്ക്ക് തലയുയര്‍ത്തിപ്പിടിച്ചാണ് നില്‍ക്കുന്നത്. തന്റെ ആകര്‍ഷണീയതയിലും സൗന്ദര്യത്തിലുമൊക്കെ അത് ഊറ്റംകൊള്ളുകയും ചെയ്യും. എന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം അത് വാടുന്നു. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും അത് അഴുകി കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.
സമാനമാണ് മനുഷ്യജീവിതത്തിന്റെയും അവസ്ഥ. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ശരീരം അവസാനം അഴുകി മണ്ണില്‍ ലയിച്ചുചേരുന്നു. പക്ഷേ, പലയാളുകളും ചെറിയ ജീവിതത്തില്‍ തങ്ങളുടെ കഴിവുകളിലും സൗന്ദര്യത്തിലും അക്കാദമിക് യോഗ്യതകളിലുമൊക്കെ ഊറ്റം കൊള്ളുകയും താന്‍പോരിമ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. എന്നാല്‍ അവയൊന്നും ശാശ്വതമല്ലെന്നും നമ്മുടെ ദുരയും അഹങ്കാരവും താന്‍പോരിമയുമൊക്കെ മാറ്റി എളിമയുടെ വക്താക്കളായിത്തീരുവാനുമാണ് കുമാരനാശാന്‍ നമ്മോട് ആഹ്വാനം ചെയ്യുന്നത്.
കാലങ്ങൾക്കു മുൻപേ നടന്ന ആശാന്റെ ഓർമ്മകൾക്ക് മുൻപിൽ അക്ഷര പ്രണാമം 🙏🙏