Logo Below Image
Tuesday, September 23, 2025
Logo Below Image
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (113) ക്ഷേത്രാചാരങ്ങൾ (തുടർച്ച) 'ക്ഷേത്രാരാധന എന്ന യജ്ഞം'

അറിവിൻ്റെ മുത്തുകൾ – (113) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘ക്ഷേത്രാരാധന എന്ന യജ്ഞം’

പി. എം.എൻ.നമ്പൂതിരി

ക്ഷേത്രത്തിൻ്റെ സംവിധാനം, പ്രതിഷ്ഠാ എന്നിവയ്ക്ക് അടിസ്ഥാനം ഈ യജ്ഞസങ്കല്പവും തുടർന്നുള്ളവ പുജാദിക്രിയകൾ യജ്ഞ ക്രിയകളുടെ തുടർച്ചയുമാണെന്ന് ക്ഷേത്രസങ്കല്പത്തെക്കുറിച്ച് സാമാന്യജ്ഞാനം ലഭിച്ചിട്ടുള്ളവർക്ക് മനസ്സിലാക്കുവാൻ പ്രയാസമില്ല. ഒരു ജനപദത്തിൻ്റെ മുഴുവൻ അദ്യുദയത്തേയും ശ്രേയസ്സിനേയും ലക്ഷ്യമാക്കി അതതു ദേവതകളുടെ സാന്നിദ്ധ്യം പ്രത്യക്ഷമായി അനുഭവപ്പെടുന്ന തരത്തിൽ കഠിനമായ മന്ത്രസാധനയുടെ ഫലമായി ഉണർന്നുകഴിഞ്ഞ തന്നിലുള്ള ആത്മീയചൈതന്യാംശത്തെ നിക്ഷേപിക്കുകയാണല്ലോ പ്രതിഷ്ഠയിലൂടെ തന്ത്രി ചെയുന്നത്. ഈ പ്രക്രിയതന്നെ ഒരു മഹായജ്ഞമാകുന്നു. പ്രാസാദം മുതൽ പ്രാകാരം വരെ പ്രാപ്തമായിരിക്കുന്ന അനുസ്യുതം സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഈ ചൈതന്യത്തിൻ്റെ സ്വരൂപമാവട്ടെ അതത് ദേവൻ്റെ മൂലമന്ത്രരൂപത്തിലുള്ള സജീവ സ്പന്ദനവിശ്ഷങ്ങളാകുന്നു. ക്ഷേത്രത്തിൽ പ്രാർത്ഥിയ്ക്കുന്ന ഭക്തൻ, താനും ദേവനുംമായ മാനസീകമായ ഏകീഭാവം കൈവരിയ്ക്കുമ്പോൾ ക്ഷേത്രത്തിൽ വിരാജിക്കുന്ന ജാജ്വല്യമാനവും അനുഭൂത്യാത്മകവുമായ തത്തന്മന്ത്ര സ്പന്ദനങ്ങളെ താനറിയാതെതന്നെ തന്നിൽ കുണ്ഡി ലീനമായിരിക്കുന്ന ആത്മശക്തിയുടെ ലേശംശത്തെയെങ്കിലും ഉണർത്തുവാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അനുദിനം ക്ഷേത്രത്തിൽ ദർശനം ചെയ്യുന്ന അനേകം ഭക്തന്മാരുടെ ആത്മശക്തിയുടെ ഉത്ഥാപനംകൊണ്ട് അതായത്, നേരിയ തോതിലുള്ള കുണ്ഡലിനീ പ്രബോധനം, ആണല്ലോ പ്രാർത്ഥന ഫലിച്ചു, ദേവൻ അനുഗ്രഹിച്ചു എന്നെല്ലാം പറയുന്നത്. ഭക്തന്മാരുടെ ഇച്ഛാശക്തിയെ ഫലവത്താക്കിത്തീർക്കുവാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായ ശക്തിസഞ്ചയം വിനിയോഗിക്കപ്പെടുന്നുണ്ട്. വിളക്കിലൊഴിച്ചിരിക്കുന്ന എണ്ണ കത്തിതീർന്നുപോകുമ്പോൾ വീണ്ടും വീണ്ടും ഒഴിച്ചു കൊടുക്കുന്നതുപോലെ ക്ഷേത്രത്തിൽ പ്രതിഷ്ഠയിലൂടെ വിരാജമാനമായ ചൈതന്യത്തെ വീണ്ടും പോഷിപ്പിയ്ക്കുവാനുള്ള സംവിധാനമാണല്ലോ പൂജ. ജല ഗന്ധാദികളെകൊണ്ട് സാമാന്യമായി അനുഷ്ഠിയ്ക്കുന്ന ഷോഡശോ പചാര പൂജയുടെ സ്വഭാവവും യജുഷമാകുന്നു. പ്രപഞ്ചസാര തന്ത്രത്തിൽ പ്രതിപാദ്യമായ 1 -ഷോഡശോപചാരം, 2 ആസനം, 3 സ്വാഗതം 4 -ആർഗ്ഘ്യം  5-പാദ്യം 6- ആചമനം, 7-മധുപർക്കം.8 ആചമനം (കുലുക്കുഴിയൽ ) 9 – സ്നാനം, 10- വസനം, 11. -ആഭരണം ,12- ഗന്ധം, 13-പുഷ്പം ,14 – ധൂപം, 15- ദീപം, 16 – നൈവേദ്യം, 17-വന്ദനം എന്നിവയാണ്. ദേവങ്കൽ പ്രതികാത്മകതയോടെ തൻ്റെ സർവ്വവം സമർപ്പിയ്ക്കുന്ന  പ്രക്രിയയത്രെ ഉപചാരപദ്ധതി.

ഗന്ധദ്യുപചാര പഞ്ചകത്തിൻ്റെ അർത്ഥം തന്ത്രസമുച്ചയ വ്യാഖ്യാനമായ വിവരണത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

തദാത്മാനം (പഞ്ചഭൂതാത്മാനാം) തേഷാം യജ്വനാം നിജനിജാരംഭക പഞ്ചഭൂതാത്മകൈരൂപഹരണേ ജലഗന്ധപുഷ്പാദ്യുപഹരണവിധൗ തദ്വാരാ ദേവൈ: സ്വകീയകൃത്സ്ന സമർപ്പണമേവ യജ്വഭിരൂപ ഹിതൈരനുസന്ധേയം. ശരീരം പഞ്ചഭൂതാത്മകമാണല്ലോ, ശരീരത്തിൻ്റെ മൗലിക ഘടകങ്ങളായിട്ടുള്ള പഞ്ചഭൂതങ്ങളെ ഗന്ധ്യ ദ്യുപഹാരങ്ങളിലൂടെ ഈശ്വരങ്കൽ സമർപ്പിയ്ക്കുകയാണല്ലോ പൂജയിലൂടെ ചെയ്യുന്നത്. തൻ്റെ പഞ്ചഭൗതികശരീരത്തിലെ അബാംശത്തെ ജലംകൊണ്ടും പാർത്ഥിവാംശത്തെ ഗന്ധംകൊണ്ടും (ചന്ദനം) ആകാശാംശത്തെ പുഷ്പംകൊണ്ടും വായ്വംശത്തെ ധൂപം കൊണ്ടും അഗ്ന്യാംശത്തെ ദീപംകൊണ്ടും സമർപ്പിക്കുന്നു. എന്നാണ് ഇതിൻ്റെ അർത്ഥം. ക്രമാനുഗതമായ പഞ്ചോപചാരത്തിലൂടെ സാധകൻ/പൂജകൻ താൻ ദേഹമാണെന്ന ബോധതലത്തിൽ നിന്ന് ഉയർന്ന മാനസിക ഭാവത്തെ ( Higher Consciousness) കൈ കൊള്ളുന്നു എന്നാണിവിടെ വിവക്ഷ. ഉപര്യുപരിയുള്ള ഈ പ്രക്രിയയിലൂടെ യോഗസാധനയുടെ പരമകാഷ്ഠയിൽ, സ്വാത്മാവ്, സർവ്വാത്മാവുമായി ഐക്യംകൊള്ളുന്ന അവസ്ഥയിലേയ്ക്ക് സാധകനെ കൈപിടിച്ചുയർത്തുകയാണ് ചെയ്യുന്നത്.

ശിവോ ഭൂത്വാ ശിവം യജേൽ (അഥവാ യജേദ്)

നിവേദ്യത്തിനുശേഷം നടയടച്ചുള്ള പ്രസന്നപൂജയിൽ ഷോജശോപചാരങ്ങളുടെയും അന്ത്യത്തിൽ ദേവൻ സന്തുഷ്ടനായി ഭവിയ്ക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണല്ലോ ഈ അവസ്ഥയിലെ പൂജയ്ക്ക് ഇങ്ങനെ പേർ നൽകിയിരിക്കുന്നത്. പ്രസന്നാർഗ്ഘ്യത്തിനു ശേഷം “ മാം മദീയഞ്ച സമകലമസ്മൽ “സ്വാമിനേ സദാശിവ പരമാത്മനേ തുഭ്യം സമ്യക് സമർപ്പയാമി 

ഇത്യാദി ബ്രഹ്മർപ്പണപര്യന്തമുള്ള ക്രിയാന്ത്യത്തിൽ പൂജകൾ താൻ അർച്ചിയ്ക്കുന്ന ദേവനുമായി അഭിന്നത്വം പ്രാപിയ്ക്കുന്ന അവസ്ഥാവിശേഷത്തെ അനുസന്ധാനം ചെയ്യുന്ന അനുഭൂതി ഉണ്ടാവേണ്ടതാണ്. ഇവിടെ എന്നേയും എൻ്റേതായിട്ടുള്ള സർവ്വസ്വവും പരമാത്മസ്വരൂപനായ ദേവന് പരിപൂർണ്ണമായി യഥാവിധി സമർപ്പിച്ചിരിക്കുന്നു എന്ന മന്ത്രത്തോടെയുള്ള ആത്മാർത്ഥമായ പൂജയുടെ ഫലം യോഗശാസ്ത്രത്തിൻ്റെ മൗലികസിദ്ധാന്തമായ ശിവോ ഭൂത്വാ ശിവം യജേൽ = ശിവനെ യജിക്കുന്നവൻ ശിവനായി ഭവിക്കുന്നു എന്നതിനെ അനുസന്ധാനം ചെയ്യുകയാണ്.

(തുടരും)

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

5 COMMENTS

  1. അതെ ഗുരുജി.ക്ഷേത്രാചാരങ്ങളിലൂടെ നമ്മെ ആ പരമപദത്തിലേക്ക് നാമറിയാതെ നമ്മെ കൈപിടിച്ചുയർത്തുകയാണ്. i “iശിവോ ഭൂത്വാ ശിവം യജേത്” എന്നതത്ത്വത്തിലേക്ക് ‘നന്ദി ഗുരുജി നമസ്ക്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com