ജീവിതയാത്രാനുഭവങ്ങൾ, പല പല രാഗങ്ങൾ ചേർന്നഗാനം കേൾക്കുന്നതു പോലെയാണ്. കാലം, ഗാനാലാപനം നടത്തുമ്പോൾ ലഭിക്കുന്ന ചില രാഗങ്ങൾ , മനസിനെ വല്ലാതങ്ങാകർഷിക്കും. അപശ്രുതികളും, അസഹനീയമായ താളഭംഗങ്ങളും , ആ പാട്ടിൽ വരുമ്പോഴും കേട്ടിരിക്കുകയേ നിവൃത്തിയുള്ളു.
ആവർത്തനമില്ലാത്ത, വീണ്ടും, കേൾക്കാനാഗ്രഹിച്ചാലും, കേൾക്കാനാകാത്ത, ആ,ഗാനത്തെകുറിച്ച്, ഇടയ്ക്കെങ്ങാനും ഓർമിച്ചു പോയാൽ മധുരിമയാർന്ന ഭാഗം മാത്രമേ മനസിൽ വരു, അതൊന്നു, മൂളിനോക്കാനേ ശ്രമിക്കു.
കേട്ടുകഴിഞ്ഞ, സംഗീതത്തിലെ, അനവദ്യ സുന്ദര രാഗത്തെ തിരിച്ചുപിടിക്കാൻ, ഒന്നു പാടി നോക്കാൻ എളിയ ശ്രമം.
ചിലർക്കതു കേൾക്കുമ്പോൾ കൺ നിറയുന്നുണ്ട്. നൊമ്പരപ്പെടുത്തുന്നുണ്ട്. കിട്ടാക്കനിയെന്ന ഗൃഹാതുരത്വം വേട്ടയാടുന്നുമുണ്ട്. മറ്റു ചിലർക്ക് ആദ്യമായി കേൾക്കുന്ന രാഗം പോലെയുമാണ്.
മനസിന്റെ താളിൽ മഷി മായാതെ, ഇരുന്നവയെപകർത്തുക, മാത്രമല്ല, ഇതുപോലൊരുകാലം , ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലയെന്നുറപ്പുള്ളതുകൊണ്ട് ഉപബോധ, മനസിനപ്പുറവും, ഊളിയിട്ടറങ്ങി അബോധ മനസിൽ നിന്നതു കണ്ടെത്തി കൊണ്ടുവന്നേപറ്റു. തുടർജീവനത്തിനു തകുന്ന അമൃതാണത്. ഞാനതു , കണ്ടെത്തിയില്ലെങ്കിൽ, വിസ്മൃതിയുടെ ലോകത്തേയ്ക്ക് ഇവയെല്ലാം, കൺമറയും. ഇതെല്ലാമേകിയവരും, പ്രകൃതിപോലും, നന്ദികേടിൽ, ഭഗ്നാശരായേക്കാം.
നഷ്ടബാല്യം, എന്നുമൊരുനൊമ്പരമാണ്. ഒന്നിനെയും ഭയപ്പെടാതെ, ആരാലും, വെറുക്കപ്പെടാതെ, കുറ്റപ്പെടുത്തലുകൾ, കേൾക്കാതെ, വിലയിരുത്തപ്പെടാതെ, സ്നേഹവാത്സല്യങ്ങൾമാത്രമനുഭവിച്ച്, ജീവിച്ചൊരു , കാലത്തെക്കുറിച്ചു പറയുമ്പോൾ കിട്ടുന്ന, മനസുഖത്തിനപ്പുറം മറ്റൊന്നുമെനിക്കു കിട്ടാനുമില്ല.
വീടിരിക്കുന്ന പറമ്പിനു കിഴക്കു വശം മതിലു കെട്ടിയതിനു ശേഷവും കാൽ ഏക്കറിലധികം സ്ഥലം, മതിലിനു പുറത്തുണ്ടായിരുന്നു. അതിൻ്റെ, അതിർത്തി , തോടുകളാണ്. ആസ്ഥലം കിഴക്കുഭാഗത്തുതാമസിക്കുന്നവർ അന്നുനടവഴിയായി, ഉപയോഗിച്ചിരുന്നു.
അതിൻ്റെ ഒരു ഭാഗം പൊക്കംകുറഞ്ഞ ചുറ്റുവേലി കെട്ടിയിരുന്നു. അവിടെ ഒരു ആശാൻ വന്ന്, കളരിപരിശീലനം കൊടുത്തിരുന്നു. അപ്പച്ചനും, വല്യപ്പച്ചനും, ചുറ്റുവട്ടത്തുള്ള , കൂട്ടുകാരും, അതിരാവിലെ, അഭ്യസിക്കുന്നത്കണ്ടിട്ടുണ്ട്.
കളരിപയറ്റിന്, പോകാനൊന്നുമല്ല. ഇന്നത്തെ യോഗാ പരിശീലനം പോലെ, ആരോഗ്യപരിരക്ഷയ്ക്ക്, സമീപവാസികൾക്കായി അന്ന് ആ സ്ഥലം ഉപയോഗിച്ചിരുന്നു. പരിശീലനശേഷമാണ്, അവരെല്ലാവരും ജോലിക്കു, പോയിരുന്നത്.
ബാക്കിയുള്ള സ്ഥലത്ത് ഒരുകൂറ്റൻ പ്ലാവുണ്ടായിരുന്നു. അവിടെകളിസ്ഥലമായി, ആൺകുട്ടികൾ ഉപയോഗിച്ചു പോന്നു.
കിഴക്കേ ഗേറ്റിനരികിൽ മതിലിനു പുറത്ത് വലിയൊരു ഇലച്ചെടി
വളർന്നുനിന്നിരുന്നു. ചുവന്നതും മഞ്ഞയും ഇടകലർന്ന നീണ്ട ഇലകൾ നിറഞ്ഞ മരം രണ്ടു തടികളായി വേർപിരിഞ്ഞ്, ഉയരത്തിൽ വളർന്ന്, ചെടി ഭാവം മാറി, വൃക്ഷരൂപംപൂണ്ടു. ഇതിനിടയിൽ, രണ്ടോ, മൂന്നോകുട്ടികൾക്ക് ഇരിക്കാൻ സ്ഥലം ഉണ്ടായിരുന്നു. കളരിയഭ്യാസം കാണാനും, ചേട്ടന്മാരുടെ കബടികളി കാണാനുമൊക്കെ അയൽപക്കത്തെ, കൂട്ടുകാരൊത്ത് പോയിരിക്കും.
അതിൽ പ്രധാനപ്പെട്ട കൂട്ടുകാരിൽ, ഒരാളായിരുന്നു പടിഞ്ഞാറെ വീട്ടിലെ വിമി. കുറച്ചു നേരം ഞങ്ങളുടെ വീട്ടിൽ കളിച്ച ശേഷം പിന്നെ അവരുടെ വീട്ടു മുറ്റത്തുപോയി, കളിക്കും. ഞങ്ങളുടെ, വീട്ടിൽ ഇല്ലാത്ത പ്രിയോർ മാങ്ങ അവിടെയുണ്ട്. ഇടയ്ക്കിടെ, പഴുത്തത് കാറ്റത്ത് താനെ, താഴെ വീഴും. ഓടിപ്പോയെടുത്ത് പങ്കിട്ടു കഴിക്കും.
എന്നെക്കാൾ ഒരു വയസു , മൂത്തയാളായതുകൊണ്ട് തൊട്ടടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ, വാങ്ങി. കൗതുകത്തോടെ മറിച്ചുനോക്കും. വിമി ഞങ്ങളുടെ സ്കൂളിലല്ല, പഠിച്ചിരുന്നത്. വിമിയുടെ അമ്മ പഠിപ്പിച്ചിരുന്ന, അരൂർ സെന്റ്. അഗസ്റ്റിൻസിലായിരുന്നു .
വെക്കേഷന് വിമിയുടെ ടെക്സ്റ്റുബുക്കുകൾ അവരുടെ വീട്ടിലെ വരാന്തയിലിരുന്ന്, മറിച്ചു, നോക്കി, അടുത്ത കൊല്ലം, പുതിയ പുസ്തകം കിട്ടുമല്ലോ എന്നു സന്തോഷിച്ച്, കഥകളൊക്കെ വായിക്കും. അവിടത്തെ അമ്മൂമ്മയെ മുതിർന്നവർ, വിളിക്കുന്നതു, കേട്ട്, ചേടത്തി എന്നാണു ഞങ്ങളും വിളിച്ചിരുന്നത്. പരമഭക്തയായ അവർ ഒത്തിരി, പുണ്യവതികളുടെ കഥകൾ പറഞ്ഞു തരും. ഇടിവെട്ടു ശബ്ദം കേട്ടു, പേടിച്ചാൽ ബാർബരാ, പുണ്യവതിയെ, വിളിച്ചു ഞങ്ങൾക്കുവേണ്ടി, ദൈവത്തോടു പ്രാർത്ഥിക്കുവാൻ, അപേക്ഷിക്കണമെന്നവർ, പറഞ്ഞുതന്നിരുന്നു. ഇന്നും അതുചെയ്തു പോരുന്നു.
പിന്നെയുള്ള കളിത്തട്ട് വടക്കേ പറമ്പിലെ വല്യപ്പച്ചന്റെ വീടാണ്. അയൽപക്കത്തുള്ള വീടുകളിൽ ഇവിടെ രണ്ടിടത്തു, മാത്രമേ
തോടുകടക്കാതെ പോകാൻപറ്റു. അവിടങ്ങളിൽ മാത്രമേ എന്നെയും ചേട്ടനെയും, വിട്ടിരുന്നുള്ളു. അനുവദിച്ച സമയം കഴിഞ്ഞാൽ അമ്മ ഞങ്ങളുടെ, പേര് ഇടയ്ക്കിടെ നീട്ടി വിളിക്കും. ‘വരുന്നു’ എന്ന് ‘മറുപടി ‘കൊടുത്താലും പിന്നെയും, അരമണിക്കൂർ കൂടി കഴിഞ്ഞേ അവിടന്നു പോരു.
വല്യപ്പച്ചന്റെ പറമ്പിൽ കയറുമ്പോൾ തന്നെ പൊതുവഴിയോട് ചേർന്ന്, ചെറിയകുളവും, പിന്നെ, വാഴത്തോപ്പുമാണ്. വീടിന്റെ വടക്കുവശത്ത് അന്നത്തെകാലത്ത്, മറ്റെങ്ങും കാണാത്ത ഒത്തിരി ഫലവർഗങ്ങൾ നട്ടുവളർത്തിയിരുന്നു.
കപ്പലണ്ടിച്ചെടി പടർന്നു വളർന്ന് തൊണ്ടോടു കൂടിയ കപ്പലണ്ടികൾ ചെടിത്തണ്ടിൽ അങ്ങിങ്ങ് ഒന്നും ഒറ്റയും ആയി കാണാം. എന്നാൽ കടഭാഗം പറിച്ചെടുക്കുമ്പോൾ ധാരാളം കപ്പലണ്ടി മണ്ണുപിടിച്ച്, ഇരിക്കുന്നുണ്ടാകും.
ഉൾഭാഗം ചുവന്ന പേരയ്ക്കകൾ നിറഞ്ഞ പേര മരത്തിൽപഴുത്തു തുടുത്തവ, പറിച്ചെടുത്ത് ബോൾ ഐസ് ക്രീം കഴിക്കുന്ന,പോലെ സ്പൂൺ കൊണ്ട് ഉൾഭാഗം ചുരണ്ടി എല്ലാവരും കൂടി കഴിക്കും.
ഗുണമുള്ളതെങ്കിലും തൊണ്ട് വലിച്ചെറിയും. ഇങ്ങനെ,കഴിക്കുന്നതിനു കാരണം ആ മരത്തോടു ചേർന്ന് പാഷൻ ഫ്രൂട്ട് ധാരാളം ഉണ്ടായിക്കിടപ്പുണ്ട്. അതുപൊട്ടിച്ചു കോരിക്കുടിക്കുന്ന രീതിയിൽ ആരോ പേരയ്ക്കയിലും പരീക്ഷണം നടത്തി. കുട്ടികൾക്ക് ആ രീതി ഇഷ്ടപ്പെടുകയും ചെയ്തു.
തേനീച്ച കൃഷി ഉണ്ടായതിനാൽ തേൻ കുപ്പിയിലാക്കി, അടുക്കളയിലെ , അടുപ്പിനരികിൽ നിരത്തിവെച്ചിരിക്കുന്നതു കാണാം. ഇടയ്ക്കിടെ വെള്ളത്തിൽ തേൻ ചേർത്തു കുടിക്കും. അന്നത്തെ, സോഫ്റ്റ്ഡ്രിങ്ക് അതായിരുന്നു.
പറമ്പിലെ വടക്കുഭാഗത്ത്, കാപ്പിച്ചെടിയും, മുളങ്കാടും, ഒരുവലിയകുളവും അടുത്തടുത്താണ്. കാപ്പിച്ചെടി പൂക്കുന്ന സുഗന്ധമേന്തിയ കാറ്റേറ്റ് മോളിചേച്ചിക്കൊപ്പം, ചേട്ടനും , ഞാനും ഇളയ സഹോദരങ്ങളും ഓടിനടന്ന്, കളിച്ചുല്ലസിച്ചിരുന്നു.
വർണ്ണച്ചിറകേന്തിയ പൂമ്പാറ്റകളെ പിടിക്കും. മുറിക്കകത്തെമതിലിൽ ഒട്ടിച്ചുവെക്കാമെന്നു പറയുമെങ്കിലും പാവം തോന്നി പറത്തി വിടും.
വല്യമ്മച്ചി വളർത്തുന്ന ധാരാളം, താറാവുകളും കോഴിക്കൂട്ടവും, പ്രാവുകളും, ഉണ്ടായിരുന്നു.കൂടാതെ, ആപ്രദേശത്തെങ്ങും ഇല്ലാത്ത ‘കൾക്കുകൾ’ (കോഴികളിൽ ഒരുപ്രത്യേക വിഭാഗം) വല്ലാത്ത, ശബ്ദമുയർത്തി, ഞങ്ങളുടെ വർത്തമാനത്തെ, ശല്യപ്പെടുത്തിയിരുന്നു. ചെങ്കല്ലുകൾക്കൂട്ടിയിട്ട , കൂട്ടിലേയ്ക്ക് അവയെ ഓടിച്ചു കയറ്റാൻ , ഞങ്ങൾ ബഹളംവെയ്ക്കുമ്പോൾ അവ തിരിഞ്ഞോടി വരുന്നത്, കൊത്താനെന്നു കരുതി ഞങ്ങളും പറന്നോടും.
അവിടെ വളർത്തുന്ന അണ്ണാറക്കണ്ണൻ, എല്ലാവരോടും കൂട്ടുകൂടി തോളത്തു വരെ കയറി നടക്കുന്ന കാഴ്ച അൽപ്പം ഭീതിയോടെ നോക്കി തൊടാതെ ഞാൻ മാറി നിൽക്കും.
അന്ന്, പ്രധാനവരുമാനമാർഗ്ഗം, നാളികേര വിൽപ്പനയാണ്. അപ്പൂപ്പന്റെ കാലത്ത് എല്ലാപറമ്പിലെയും നാളികേരം കൂട്ടിയിട്ട്, വെട്ടിഉണക്കി കൊപ്രയാട്ടുന്ന രീതിയായിരുന്നു.
അതിനായി, തറവാടിന്റെ, തെക്കുവശത്ത് ചക്കുണ്ടായിരുന്നു. ഞങ്ങളുടെപറമ്പിനെ ‘ചക്കുങ്കൽ’ എന്നാണിപ്പോഴും, അറിയപ്പെടുന്നത്. വീട്ടുപേര്, മറ്റൊന്നായിട്ടും, അപ്പച്ചനെയും, ജ്യേഷ്ഠന്മാരെയും, ആപറമ്പിൻ്റെ പേരുകൂട്ടിയാണ്, സമീപവാസികൾ വിളിച്ചിരുന്നത്.
‘ചക്കുങ്കൽ’ എന്ന പേരെങ്ങനെ, വന്നു എന്നൊരിക്കൽ, അപ്പച്ചനോടു, ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞു തന്നത്. പണ്ട്ചക്കും, ചക്കിൻ്റെ ആലയും, ള്ളപറമ്പായതിനാലാണ്, അങ്ങനെയൊരു വിളിപ്പേരു വന്നതത്രെ.
ചക്കു സമ്പദായം ഞാൻ,നേരിട്ടു കണ്ടിട്ടില്ല എണ്ണ ഉത്പാദനം നിറുത്തിയ ശേഷം പുഴ തീരത്തെ, കളത്തിൽ വെച്ച് തേങ്ങ വെട്ടി കൊപ്രയാക്കി, കെട്ടുവള്ളത്തിൽ കയറ്റിവിടും. മാസാമാസം, കൊടുക്കുന്ന കൊപ്രയാണ് അന്നത്തെ പ്രധാന വരുമാന സ്രോതസ്.
നെല്ല്, കൊയ്ത്തു കഴിഞ്ഞ്, വീട്ടാവശ്യത്തിനും, വിത്തിനും , മാറ്റി വെച്ചശേഷം വർഷത്തിലൊരിക്കൽ, കൊച്ചിയിൽ കെട്ടുവള്ളത്തിനു പണിക്കാരുമായി, പോയി മൊത്തവ്യാപാരികൾക്കു വിൽക്കും.
അമ്മൂമ്മ പറയുന്നത് അങ്ങനെ, വിറ്റു കിട്ടുന്ന കാശു , കൊണ്ടുവരുന്ന ദിനം, സ്വർണ്ണമെന്തെങ്കിലും വാങ്ങിച്ചുവരുമെന്ന പ്രതീക്ഷയിൽ,കാത്തിരിക്കുമായിരുന്നു. അമ്മൂമ്മയുടെ,അപ്പനൊക്കെ ഇങ്ങനെ കച്ചവടം, കഴിഞ്ഞു വരുമ്പോൾ, സമ്പാദ്യമായി കുതിരപ്പവനൊക്കെ മേടിച്ചുകൊണ്ടുവരുമായിരുന്നത്രെ. തട്ടാൻ വീട്ടിൽവന്ന്, ആഭരണങ്ങൾ പണിതിരുന്ന കാലം.
എന്നാൽ ഞങ്ങളുടെ അപ്പൂപ്പന് , സ്വർണത്തോടു, താൽപര്യമില്ലായിരുന്നു. കാശു കൈവന്നാൽ, നേരെവീട്ടിൽ, വരുന്നതിനുപകരം പുതിയസ്ഥലം, വാങ്ങാൻ, അഡ്വാൻസ്കൊടുത്തിട്ടു പോരും. അങ്ങനെ, പറമ്പുകൾ വാങ്ങിച്ചു കൂട്ടുമായിരുന്നു. അന്നത്തെ കാലത്ത് വലിയൊരു വീടുപണിതതും, പാടങ്ങളും, പറമ്പുകളും വാങ്ങിയതും, അനാർഭാടവും, അച്ചടക്കമുള്ളതുമായ, ജീവിതം നയിച്ചതുകൊണ്ടു മാത്രമാണെന്നു പറയുമായിരുന്നു. തികഞ്ഞ ഭക്തിയും, ചിട്ടയായ പ്രാർത്ഥനയും, കുടുംബത്തിന്റെ ജീവതാളമായിരുന്നു.
ധാരാളം പണിക്കാരും, കുടുംബാംഗങ്ങളും, ബന്ധുക്കളും, സമൃദ്ധമായി ഭക്ഷണം കഴിച്ച് ജീവിച്ചു പോന്നത് ഒന്നും തന്നെ പണം കൊടുത്തു വാങ്ങാതെ പാടത്തും പറമ്പിലും കൃഷി ചെയ്തവകൊണ്ടു മാത്രമായിരുന്നു.
സ്വർണംവാങ്ങിക്കാത്തതിൽ, അനിഷ്ടം അമ്മൂമ്മ, പറയുമായിരുന്നെങ്കിലും, മൂത്തമകളുടെ കല്യാണം അപ്പൂപ്പൻ നടത്തിയത് വളരെ ഗംഭീരമായിട്ടായിരുന്നു. അതിൽപങ്കെടുത്തിട്ടുള്ള പലരും പലപ്പോഴും ഞങ്ങളോടുംപറഞ്ഞിട്ടുണ്ട്. മതിലകത്ത് വിവാഹം കഴിച്ചുവിട്ട അപ്പൻ്റെ ഏറ്റവും മൂത്ത പെങ്ങളുടെ കല്യാണാഘോഷഭാഗമായി കിഴക്കേപ്പുഴയിൽ, വള്ളം കളി ,മത്സരംവരെ, നടത്തിയത്രെ.!
അമ്മൂമ്മ ഇടയ്ക്കിടെ പറയുമായിരുന്നു, ‘മേറോ’ യുടെ കല്യാണം പോലെ കുടുംബത്തിൽ മറ്റൊരു വിവാഹാഘോഷം നടന്നട്ടില്ലെന്ന്’.
ഭൂപരിഷ്കരണനിയമം വന്നപ്പോൾ, കുടുംബസ്വത്തിലെ, കുറേസ്ഥലങ്ങൾ, വിട്ടുകൊടുക്കേണ്ടിവന്നു.
എന്നാലും, അപ്പൂപ്പൻ പണിയിപ്പിച്ച വീടും,തടിയിൽ ,പുഷ്പാലംകൃത ചിത്രങ്ങൾകൊത്തു പണി ചെയ്യിപ്പിച്ച് ഇരുവശവും, വെച്ചുപണിത , ഉയരമുള്ള കട്ടിലും, ഒറ്റപ്പലകകളിൽ, തീർത്ത വലിയമേശകളും, വാങ്ങിച്ചു കൂട്ടിയ, കൃഷിയിടങ്ങളുമൊക്കെ തന്നെയാണ് ഇപ്പോഴുള്ള, തലമുറയുടെ ,കൈവശംപോലും ബാക്കിയുള്ളത്.
അമ്മൂമ്മ പറഞ്ഞ പല പഴയ സംഭവങ്ങളും കഥകളും മനസിൽ ഇന്നും മായാത്തഓർമകളാണ്. കൂടെ നടന്ന് ഓരോന്നു, ചോദിച്ചറിയുമായിരുന്നു.
അപ്പൂപ്പന്റെ അമ്മ മൂത്തമകനോടുള്ള സ്നേഹം,കൊണ്ട്, തറവാട്ടിൽ നിന്ന് അപ്പൂപ്പൻ പണിത ,ഞങ്ങളുടെവീട്ടിലേയ്ക്കുപോന്നു. എല്ലാവരും , മൂത്തമ്മ എന്നുവിളിക്കുന്ന അവർ രാജ്ഞിയെപോലെയാണ്, ഇവിടെ ജീവിച്ചിരുന്നതത്രെ.
ഉച്ചയ്ക്ക് പതിനൊന്നു മണിക്കും പന്ത്രണ്ടു മണിക്കുമിടയിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനം ഞങ്ങളുടെ, വീടിനുമുകളിലെത്തുമ്പോൾ, കേൾക്കുന്ന ശബ്ദമായിരുന്നു, മൂത്തമ്മയുടെ ഉച്ചഭക്ഷണസമയം. കൃത്യസമയത്ത്, ഭക്ഷണവുമായി എത്തിയില്ലെങ്കിൽ പിന്നെ കഴിക്കില്ലത്രെ. മകൻ വരുമ്പോൾ പരാതി പറയുമെന്നു പേടിച്ചിട്ട് പരിചാരക വൃന്ദം, ഓടിയെത്തി, കൃത്യസമയത്ത്,വിളമ്പിക്കൊടുക്കുമായിരുന്നു.
നാട്ടുകാർ, സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചെയ്തിരുന്ന അപ്പൂപ്പൻ , നാട്ടുപ്രശ്നങ്ങൾ ,വഴക്കുകൾ എന്നിവ പരിഹരിക്കാൻ കഴിവും അധികാരവും നേടിയിരുന്നു. നെല്ലുകുത്തു പെരയോടു, ചേർന്നുനിൽക്കുന്ന, മുറിയായിരുന്നു കോടതി.
ഞങ്ങൾ, കുട്ടികൾ സാറ്റു, കളിക്കുമ്പോൾ അന്ന്, വിറകടുക്കിവെച്ച ആ മുറിയിൽപോയി, ഒളിച്ചുകളിക്കുന്നതു കണ്ട്, പറമ്പിലെ പണിക്കാരൻ, പൂവൻപറയും ‘പണ്ടത്തെകോടതിയാ, അങ്ങോട്ടൊന്നും ആർക്കും കയറാൻ പാടില്ലായിരുന്നു’ .
ആജാനുബാഹുവായ അപ്പൂപ്പൻ , തെക്കേപ്പള്ളിയിൽ, കുർബാനയ്ക്കു പോകുമ്പോൾ, ഇരുവഴികളിലെയും ആളുകൾ, മുണ്ട്മടക്കിക്കുത്ത്അഴിച്ചിട്ടു നിൽക്കുമായിരുന്നത്രെ! അപ്പന്റെ പെങ്ങൾ പള്ളുരുത്തിയിലെ സുസാനിയാന്റി പറയും, ‘അപ്പന്റെ പിറകെ പള്ളിയിൽ, പോകാനിഷ്ടമായിരുന്നു. ആളുകളുടെ, ബഹുമാനം ഞങ്ങൾക്കും കിട്ടുമല്ലോയെന്ന് വെച്ച്. ‘ ഈ ആദരവ് ആരെയും , പേടിപ്പിച്ച് നേടിയതല്ലെന്നും, നന്മചെയ്തുണ്ടാക്കിയതാണെന്നും,കൂട്ടിച്ചേർക്കും
അമ്മൂമ്മയ്ക്ക്, കയ്യൂന്ന്യം , ചേർത്ത് എണ്ണ കാച്ചാൻ ശാരദ വരുമ്പോൾ ഞങ്ങൾ ചോദിക്കും അതെന്താ അമ്മൂമ്മയ്ക്കു മാത്രം. പുറത്തെ അടുപ്പിൽ ഉരുളിയിൽ , പച്ചനിറത്തിൽ, എണ്ണതിളക്കുന്നത് ഇളക്കിക്കൊണ്ടു ശാരദപറയും ‘കൊച്ചേവല്യമ്പാട്ടിയൊക്കെ ഇങ്ങനെ,ശീലിച്ചവരാ മാറ്റിയാൽ തലനീരിറങ്ങും.’
അമ്മൂമ്മ മരിച്ചപ്പോൾ ശാരദ നെഞ്ചത്തടിച്ച് ‘വല്യമ്പാട്ടിയെ ഞങ്ങളെ ഇട്ടേച്ചു പോയാ ‘എന്ന കരച്ചിൽ കേട്ട് പിറ്റേന്നു ശാരദയോടു ഞാൻ ചോദിച്ചു, എന്താ പാട്ടുപാടുന്നപോലെ കരഞ്ഞത്. ‘ഇന്നങ്ങനെ കരയാൻ, ഞാൻമാത്രമേയുള്ളുകൊച്ചേ പണ്ടൊക്കെ ,സംഘമായി ചുറ്റും വന്ന് പദം പറഞ്ഞ് പണിക്കാർ പാടിക്കരയുമായിരുന്നു’ എന്നവർപറഞ്ഞു. അപ്പൂപ്പന്റെമ രണദിനത്തിലെടുത്ത ബ്ലാക്ക് ആൻ്റ് വൈറ്റ്ഫോട്ടോയിൽ ഈ കരച്ചിൽ സംഘത്തെ കൂട്ടമായി കാണാൻ കഴിയും.
അന്നൊക്കെ മരണ വീടുകളിൽ, ഞങ്ങൾപോകുമ്പോഴും, കാണുന്ന കാഴ്ചയാണ് കുടുംബാംഗങ്ങൾ പോലും, ഈണത്തിൽ പാടി സങ്കടത്തോടെ കരയുന്നത്. പദം പറഞ്ഞു കരഞ്ഞു എന്നാണു നാട്ടു ഭാഷ. ചില സമയങ്ങളിൽ അവരോടൊപ്പം, നമ്മളും കരഞ്ഞുപോകും. അത്ര, ഹൃദയസ്പർശിയായിയാണ്, അവർ മരണപ്പെട്ട വ്യക്തിയെകുറിച്ച്, ഓരോന്നു വിളിച്ചുപറഞ്ഞു വിലപിക്കുന്നത്.
മരിച്ചവരെ കാണാൻ പോകുന്നതിന് ‘കണ്ണാക്കിനു’പോകുന്നു എന്നുപറയും . അവസാന കൺനോക്ക്, എന്ന പദാർത്ഥം ,ലോപിച്ചു കണ്ണാക്കായതാകാം.
അക്കാലത്ത്, കുടുംബാംഗങ്ങളും, പണിക്കാരും, അതിഥികളുമടക്കം, ഒരുപാടാളുകൾ എന്നും ഭക്ഷണത്തിനുണ്ടാകും. വലിയ കുട്ടകളിലായിരുന്നു ചോറു, കോരിവെയ്ക്കുന്നത്. ഉറികളിൽ, തൂക്കിയിട്ടിരിക്കുന്ന കറുത്ത മൺചട്ടികളിൽ കുടമ്പുളിയിട്ടു വറ്റിച്ചു വെച്ച മീൻകറിയുണ്ടാകും. തേങ്ങാ ചേർക്കാത്തതുകൊണ്ട് അത് കേടാകില്ല.
വിരുന്നുകാർ, ഉച്ചയൂൺ സമയത്ത്, പെട്ടെന്നു വന്നാൽ തേങ്ങയുടെ തലപ്പാൽ പിഴിഞ്ഞ് ഒഴിച്ച്, ഉള്ളിയും വേപ്പിലയും വെളിച്ചെണ്ണയിൽ താളിച്ചിട്ട് ചൂടാക്കും. മറ്റു കറികൾക്കൊപ്പം വിളമ്പാം. ഫ്രിഡ്ജില്ലാ കാലത്തെ അതിജീവനം
മുൻവശത്തെ, സ്റ്റെപ്പുകളിൽ താഴേയ്ക്കു താഴെ നിരത്തിവെച്ച, കിണ്ടികളിൽ, നിറച്ചിരിക്കുന്ന വെള്ളം,കാലിലൊഴിച്ച്, അകത്തേയ്ക്ക്, കയറുന്ന, അമ്മൂമ്മയുടെ ആങ്ങളമാരെ, ഇപ്പോഴും നല്ല ഓർമ്മയുണ്ട്.
ജുബ്ബ പോലുള്ള ഷർട്ടിനു മുകളിൽ തോൾമുണ്ടിട്ട, അപ്പൻ്റെ അമ്മാവനും , മുണ്ടുംചട്ടയും, നാടൻ മുണ്ട് അതിനു മേലെ ഞൊറിഞ്ഞു കുത്തിയ അമ്മായിയും , വീട്ടിൽ തിഥി, നോക്കാതെവന്നാലും, സൽക്കാരത്തിനു കുറവു വരുത്തില്ല.
വീട്ടിൽ വളർത്തുന്ന കോഴികളെ ഓടിച്ചിട്ടു പിടിച്ച്, കൊന്നു, കറിവെക്കും. പൂവൻകോഴികളെ പെട്ടെന്ന് പിടിക്കാൻ പറ്റാതാകുമ്പോൾ, പതുങ്ങി , പാത്തുനടക്കുന്ന, മുട്ടക്കോഴികളെ, പിടിക്കും. നനുത്തു , മൃദുലതയുള്ള, തൊണ്ടോടുകൂടിയ, അടുത്തദിനം, ഇടാനുള്ള, കോഴിമുട്ടയും, മൂക്കാത്ത, മുട്ടകളുംവ വയറുപിളർന്നു കഴിഞ്ഞാൽകിട്ടും .അതെല്ലാം വെന്തയുടൻ, കുട്ടികൾക്കുള്ളതാണ് . മുട്ടക്കോഴി, പാലുകറിവെച്ചതു കഴിച്ചതിൽ സംതൃപ്തരായി, ഉച്ചമയക്കംകഴിഞ്ഞ്, വെയിലാറിയാൽ, അതിഥികൾ മടങ്ങും.
പച്ചിലകളും, പച്ചക്കറികളും ,നിർബന്ധിതാഹാരമായിരുന്നു. ഉരുളക്കിഴങ്ങു പോലെയിരിക്കുന്ന ‘അടതാപ്പ്’ എന്ന കിഴങ്ങുവർഗ്ഗം വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. അത് ചേർത്താണ് പോത്തിറച്ചിയിൽ, തേങ്ങ, വറുത്തരച്ചു വെച്ച കറി പാചകം ചെയ്യുന്നത്. ഞായറാഴ്ചകളിൽ മാത്രം റാത്തൽ അളവിനാണ് ഇറച്ചി വാങ്ങുന്നത്. പശു ഇറച്ചി കഴിച്ചാൽ വാതം വരുമെന്നാണ് അമ്മൂമ്മപറഞ്ഞിരുന്നത്.
കർക്കിടമായാൽ അത്താഴത്തിന്, കർക്കിടക്കഞ്ഞി നിർബന്ധം. ഒരാഴ്ച കഴിച്ചു മടുത്ത് കുട്ടികൾ വാശിപിടിച്ച് ഉച്ചയ്ക്കുവെച്ച ചോറു ചൂടാക്കിച്ച്, കഴിക്കുമെങ്കിലും ,മുതിർന്നവർക്ക് കർക്കിടകമാസം രാത്രി, ഭക്ഷണം, അതുമാത്രമാണ്.
ആശാളിയും, ഉലുവയും മാത്രം കടയിൽനിന്നു വാങ്ങിക്കും.പറമ്പിൽനിന്നു പറിച്ചെടുക്കുന്ന ഔഷധ പുല്ലുകളിലെ ചാറു ചേർക്കും. മരത്തിൻ്റെ തൊലി ചെത്തിയെടുത്ത് കഴുകി ചതച്ച് കിഴികെട്ടി,കഞ്ഞിതിളക്കുമ്പോൾ, ഇടും.കുളത്തിൽ കൊണ്ടു പോയി വേരോടെ ,കഴുകി, ഉരലിൽ ചതച്ചുനീരെടുക്കുന്ന സസ്യങ്ങളുടെ പേരു ചോദിച്ചറിഞ്ഞ് ഓരോ ഘട്ടങ്ങളിലും,ഞങ്ങൾ കുട്ടികളുടെ അകമ്പടിയുണ്ടാകും.
കർക്കിടകാന്ത്യദിനം കോക്കി (കുക്കിൻ്റെ വിളിപ്പേര്) കൂടിയായ തേവനാണ് മരുന്നു കഞ്ഞിയുണ്ടാക്കുന്നത്. നെയ്യും,തേങ്ങായുടെ തലപ്പാൽ ,ചേർത്ത് നേർത്ത, മധുരിമയുള്ള കർക്കിടക മരുന്നു കഞ്ഞിയും, പറമ്പിലുണ്ടായ വടുകപ്പുളി, നാരങ്ങയിൽ കിസ്മിസ്ചേർത്തുണ്ടാക്കിയ, അച്ചാറിന്റെ രുചിയുമോർത്ത്, കുട്ടികളും മടികൂടാതെ, കർക്കിടക്കഞ്ഞി കഴിക്കും.
സ്കൂളടയ്ക്കുന്ന മാർച്ചു മുപ്പത്തിയൊന്നിന്, ഔസേപ്പിതാവിന്റെ വണക്കമാസഒടുക്കമാണ്. വീട്ടിൽ പാച്ചോറും പൊങ്ങലും (പാനി) വെയ്ക്കുന്ന ദിവസം. അന്നുച്ചകഴിഞ്ഞു സമീപവാസികൾ , അവരവരുടെ വീടുകളിലെ, ചിരവകളുമായി വന്ന് മുറത്തിൽ വാഴയില വിരിച്ച്തേങ്ങാചുരണ്ടിക്കൂട്ടും. വീട്ടിൽ അതിനായി, തേങ്ങപൊതിച്ച് മാറ്റിയിട്ടിരിക്കും. ഒരു നേർച്ച പോലെ തേങ്ങചുരണ്ടിവെച്ച്, അയൽവക്കത്തെ സ്ത്രീകൾ മടങ്ങിപ്പോകും.
വീടിനടുത്തെ, ഔസേപ്പിതാവിൻ്റെ നാമത്തിലുള്ള കുരിശുപള്ളിയിലേക്ക് (അവിടെ ഞായറാഴ്ച മാത്രം കുർബാനയുണ്ടായിരുന്നുള്ളു ) എല്ലാവരും കൂടി പോകും.
വീട്ടിലെ,വലിയ ചെമ്പു കലം ചുമന്നവരും, കുത്തിച്ച് ഉമി പാറ്റി മാറ്റിവെച്ച, പച്ചരിച്ചാക്കുകളേന്തിയവരും, ചുരണ്ടിയ തേങ്ങയും, വിറകുകെട്ടുകളും, കൊതുമ്പു കെട്ടു, വഹിച്ചവരും, പുണ്യ പ്രവർത്തി ചെയ്യുന്ന പോലെ കൂടെ വരും.
പള്ളിമുറ്റത്ത്, അടുപ്പുകൂട്ടി. നേർച്ചക്കഞ്ഞിവെയ്ക്കും. ജോസച്ചേട്ടനാണ് പ്രധാന കുക്ക്.
കഞ്ഞിവെന്തുകഴിഞ്ഞാൽ, ഇടവകപ്പള്ളിയിൽനിന്ന്, അച്ചനെകൊണ്ടുവരാൻ ആളു പോകും. സൈക്കിൾ ചവുട്ടി അച്ചനെത്തും. ഞങ്ങൾ കുടുംബാംഗങ്ങളെ കൂടെ നിർത്തി പ്രാർത്ഥനയും വെഞ്ചരിപ്പും നടത്തും.
അതോടെ കേട്ടറിഞ്ഞ് പള്ളി മുറ്റം ആളുകളെ കൊണ്ട്നിറയും. കൈയ്യിൽ മൊന്തകളും, തൂക്കുപാത്രങ്ങളും, കരുതി പതിവുവർഷങ്ങളിലെപോലെ, സമീപവാസികൾ ,എത്തിച്ചേരും.നേർച്ചക്കഞ്ഞി, വിളമ്പിത്തുടങ്ങിയെന്നറിയിക്കാൻ, കപ്യാർ ഔസോച്ചേട്ടൻ, കൂട്ടമണിമുഴക്കും. വന്നുചേരാത്തവരും ഓടിയെത്തും.
ചൂടോടെകഞ്ഞിവിളമ്പും. നേർച്ചക്കഞ്ഞി ഭക്തിയോടെ ഭക്ഷിക്കുന്നത്, വിശപ്പുമാറ്റുന്നതിനപ്പുറം, രോഗശാന്തി മാർഗമായും, കരുതിപോരുന്നു.
അവിടെയിരുന്ന് കഴിക്കുന്നവർ കാലി പാത്രത്തിൽ വീണ്ടും വാങ്ങി വീട്ടിലേയ്ക്കു കൊണ്ടു പോകും.
ആദ്യവസാനം വരെ കുട്ടികളായ ഞങ്ങൾ കാഴ്ചക്കാരായി കൂടെനിൽപ്പുണ്ടാകും. കഞ്ഞിക്കയിലിൽ കോരി, ആദ്യവിളമ്പ് അപ്പൻ നൽകും.
ഞങ്ങളുടെ വീട്ടിലേയ്ക്ക്, കൊണ്ടുപോകാൻ വെഞ്ചരിച്ചയുടൻ ചരുവത്തിൽ, പകർത്തി മാറ്റി ജോസച്ചേട്ടൻ, പാത്രംമൂടിവെച്ചിട്ടുണ്ടാകും . തേങ്ങാപ്പീര, പൊങ്ങിക്കിടക്കുന്നകഞ്ഞി കഴിക്കുമ്പോൾ നേർച്ചക്കഞ്ഞിയുടെ അപൂർവ രുചിയറിയും. സമീപത്തെ പല വീടുകളിലും അന്നത്തെ രാത്രിഭക്ഷണം കൂടിയാണത്.
അപ്പൂപ്പൻ തുടങ്ങി വെച്ച ഈ അന്നദാനം നെൽകൃഷി, അവസാനിക്കും വരെ അപ്പച്ചനും തുടർന്നു പോന്നിരുന്നു.
ഒരുപാടു. നല്ലനുഭവങ്ങളേകിയ പൊൻകാലത്തിൻ ഓർമ്മകളും, കേട്ടറിവുകളും, നേരനുഭവങ്ങളും, ഇനിയും കൊയ്ത്തൊഴിയാത്ത പാടത്തുതിർന്നവീണ പൊന്മണികൾപോലെ ചിതറിക്കിടപ്പുണ്ട്. ചേറു പറ്റി മറയും, മുമ്പത് പെറുക്കിക്കൂട്ടണം. ഓർമ്മതെളിനീരിൽ കഴുകിയുണക്കണം.
വേണ്ടവർക്കതു നേർച്ചക്കഞ്ഞി പോൽ പാവനതയോടെ വിളമ്പുമ്പോൾ, കഴിച്ചു
പരിചയമുള്ളവർക്കും ,കാണാത്തവർക്കും ,ആസ്വദിച്ചിറക്കാൻ ,
കഴിഞ്ഞെങ്കിൽ, എൻ്റെ പ്രയത്നം, സഫലം. മറിച്ചായാൽ , കാലത്തോടും , നല്ലകാലമേകിയവരോടും കാട്ടുന്ന കൃതഘ്നത.
ഇങ്ങനെ, ഒരുപ്രകൃതിയും, മനുഷ്യരും, അധികം, വിദൂരത്തല്ലാതെ, ഇവിടുണ്ടായിരുന്നുവെന്നും , അവർ ഒരുകാലത്ത്, ജീവിതത്തിൻ്റ പ്രധാന ഭാഗമായിരുന്നു എന്നുമോർക്കുമ്പോൾ പറഞ്ഞറിയിക്കാനാവത്തൊരു അത്ഭുതാനന്ദം കൈവരുന്നു.
ഓർത്തിട്ടും, പറഞ്ഞിട്ടും തീരാതെ, സ്മൃതിയുടെ, കല്ലോലിനിത്തീരത്തു നിന്നു, മടങ്ങാൻ , മടിക്കുമെൻ ബാല്യമേ, അവിടം വിട്ടുപോരുവാൻ, നിനക്കെന്താണിത്ര വൈമുഖ്യം!




അനവദ്യസുന്ദരരാഗങ്ങളേ…. അത് വായിക്കുമ്പോൾ തന്നെ എന്ത് സുഖം.
ഓർമ്മയുടെ ഭാണ്ഡത്തിലെ പവിഴമുത്തുകൾ കോർത്തിണക്കിയമാല്യത്തിലേയ്ക്ക് ഓരോ മുത്തുകളായി കോർത്ത് മനോഹരമായൊരു നിറമാലയാകട്ടെ…. ആശംസകൾ
നല്ല കാലമേകിയവരോടും കാലത്തോടും പ്രകൃതിയോടും നിനക്കുള്ള സ്നേഹം നേർച്ചക്കഞ്ഞി പോലെ വിളമ്പിയപ്പോൾ രുചിച്ചാസ്വദിച്ച എനിക്കും ജീവിതം ധന്യമായതു പോലെ.
നല്ല കാലങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ച നീ ഭാഗ്യവതി.കേൾക്കാൻ അവസരം ഉണ്ടായ ഞാനും ഭാഗ്യവതി. എല്ലാ ആശംസകളും.ഒത്തിരി സ്നേഹം.
അങ്ങനെ വായിച്ചിരിക്കാൻ എന്ത് രസം
ഉറിയിലിരിക്കുന്ന കുടംപുളിയിട്ട മീൻ കറി എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.
എന്തെന്തു ഭാഗ്യങ്ങളാണ് റോമി നിന്റെ ബാല്യം അനുഭവിച്ചത്. സമ്പന്നമായിരുന്നു എല്ലാം കൊണ്ടും .
എനിക്കൊക്കെ ഞെങ്ങിഞെരുങ്ങിയ ബാല്യമായിരുന്നു. പുഴുക്കുത്തുവീണ ബാല്യം.
നിന്റെ ഓർമ്മകൾക്കാണ് പത്തരമാറ്റ് തിളക്കം. ഇനിയും ആ തോണിയിലറി യാത്ര തുടരൂ..❤️❤️❤️
അനവദ്യസുന്ദര രാഗങ്ങൾ മാത്രം മീട്ടുന്ന ബാല്യകാലത്തിൻ്റെ മാധുര്യം ഒരിക്കൽക്കൂടി ആസ്വദിച്ചു. ബാല്യം ഏഴു കടലിനക്കരെയുള്ള പവിഴ ദ്വീപല്ലേ . റോമിബെന്നിയുടെ എഴുത്ത് മറവിയിൽ മയങ്ങിയ ഓർമ്മകളെ വിളിച്ചുണർത്തി. എത്ര കൃത്യമായ വിവരണം.
കോക്കി, കണ്ണാക്ക്, പദം പറഞ്ഞ് കരച്ചിൽ തമ്പാട്ടി എന്തെന്തെല്ലാം വാക്കുകൾ – പലരെയും ഓർമ്മിപ്പിച്ചു.. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ… കുഞ്ഞുറോമിയുടെ കുഞ്ഞുമനസ്സിലെ നിറമുള്ള ഓർമ്മകൾക്കായ് കാത്തിരിക്കട്ടെ…. ആശംസകൾ
പഴമയുടെ സുഗന്ധം നിറയുന്ന കാലത്തിലേക്കും അന്നുപയോഗിച്ചിരുന്നതും ഇന്ന് അന്യം നിന്നുപോയതുമായ വാക്കുകൾ ഒരിക്കൽ കൂടി ഓർമ്മയിലേക്ക് എത്തിച്ചതിനും എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ. പദം പറഞ്ഞുള്ള കരച്ചിൽ, കണ്ണാക്ക് എന്ന വാക്ക് ഇതൊക്കെ കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞു.
ഇത് വായിക്കുമ്പോള്‍ ഞാനും ചെറുപ്പകാലത്ത് കണ്ടുവന്ന പല കാര്യങ്ങളും ഓര്‍ക്കുന്നു. നല്ല അവതരണം 😊👍
സ്വർഗ്ഗതുല്യമായ ബാല്യകാല ജീവിതാനുഭവങ്ങൾ മനസ്സിനൊരു വിങ്ങൽ…. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന നിഷ്കളങ്ക ബാല്യം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലലോ എന്നോർത്തു….. അതിമനോഹരമായ എഴുത്തിലൂടെ ആ കാലഘട്ടത്തിലെ എന്തെല്ലാം ഓർമ്മകൾ ആണ് പങ്കുവച്ചത്….. അന്ന് ഉപയോഗിച്ചിരുന്ന പദങ്ങൾ, അതിഥി സൽക്കാരം, ഫലവൃഷങ്ങൾ,, ആഘോഷങ്ങൾ….. നല്ലൊരു വായനനുഭവം പറയാതെ വയ്യ…. ആ കുഞ്ഞു മനസ്സിലെ ഓർമ്മകൾ ഇനിയും എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ…. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്…. ❤️❤️❤️
സ്വർഗ്ഗതുല്യമായ ബാല്യകാല ജീവിതാനുഭവങ്ങൾ മനസ്സിനൊരു വിങ്ങൽ…. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന നിഷ്കളങ്ക ബാല്യം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലലോ എന്നോർത്തു….. അതിമനോഹരമായ എഴുത്തിലൂടെ ആ കാലഘട്ടത്തിലെ എന്തെല്ലാം ഓർമ്മകൾ ആണ് പങ്കുവച്ചത്….. അന്ന് ഉപയോഗിച്ചിരുന്ന പദങ്ങൾ, അതിഥി സൽക്കാരം, ഫലവൃഷങ്ങൾ,, ആഘോഷങ്ങൾ….. നല്ലൊരു വായനനുഭവം പറയാതെ വയ്യ….അഭിനന്ദനങ്ങൾ റോമി ബെന്നി
ടീച്ചറിൻ്റെ യാത്രയിൽ ഞങ്ങളുമുണ്ടായിരുന്നു വായിച്ചിരിക്കാൻ എന്തു രസമാണ്
Very pleasant read. Keep coming 👍
പതിവ് പോലെ സുന്ദരം🙏 എത്രയും പെട്ടെന്ന് പുസ്തകmaakkiപ്രസിദ്ധീകരിക്കാൻ ശ്രമിക്കൂ,,അഭിനന്ദനങ്ങൾ
മോളെ മോളുടെ ഓരോ ആഴ്ചത്തെയും ഓർമ്മക്കുറിപ്പുകളിൽ ബാല്യകാല അനുഭവങ്ങൾ ഇത്ര ഹൃദ്യവും വശ്യ സുന്ദരവുമായ ശൈലിയിൽ എഴുതുവാൻ മോൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് മോളുടെ മനസ്സിൻറെ നന്മയും ദൈവാനുഗ്രഹവും ആണ് അത് ഓരോ തവണ വായിക്കുമ്പോഴും ആസ്വാദനത്തിന്റെ ഏതോ ഒരു മാസ്മരിക ലോകത്തേക്ക് ഞാൻ പറന്നു വരുന്നത് പോലെ തോന്നാറുണ്ട് ഇനിയും നല്ല കലാ വിരുന്നുകൾക്കായി കാത്തിരിക്കുന്നു