ഒന്നാം ക്ലാസിലോ രണ്ടിലോ പഠിക്കുമ്പോഴാണ് സാംബശിവൻ എന്ന പേര് ആദ്യമായി കേൾക്കുന്നത്. അദ്ദേഹത്തെ ദൂരെ നിന്നും കാണുന്നതും . അമ്മ വീട്ടുകാർ ഇടയ്ക്ക് മാടപ്പള്ളിയിലേക്ക് താമസം മാറ്റിയപ്പോഴായിരുന്നു അത്. അവിടുത്തെ അമ്പലത്തിലെ ഉത്സവത്തിനായിരുന്നു അദ്ദേഹത്തിൻ്റെ കഥാപ്രസംഗ പരിപാടി.
അക്കാലത്തും വൈദ്യുതി അന്യമായിരുന്ന ഒരു ഇരുണ്ട പ്രദേശമായിരുന്നു അത്. തെരുവു വിളക്കുകൾ വിരളം. ഒഴിഞ്ഞ ഇംഗ്ലീഷ് മരുന്നു കുപ്പികളുടെ അടപ്പ് തുരന്ന് വലിയ തിരിയിട്ട് മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന വിളക്കും ഓട്ടുവിളക്കും ഒക്കെ ആയിരുന്നു സാധാരണ വീടുകളിൽ അന്നുണ്ടായി രുന്നത്.
അമ്പലവും ഉത്സവവും ഉള്ള ്് ദിക്കിലെല്ലാം ആനയും ആശമോളും അന്നുമുണ്ടായിരുന്നു.
സമീപ വാസികളായ ഭക്തജനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു അവിടെ ആശമോളുടെ എഴുന്നള്ളത്ത്. അമ്പലം ഉത്സവപ്പറമ്പ്, ചിന്തിക്കട, സൈക്കിളിൽ ചുറ്റുന്ന ഐസുകാരൻ അക്കൂട്ടത്തിൽ ലക്ഷ്വറി ആയ സേമിയ ഐസ്, കവറിലുള്ള ‘പാലൈസ് ഇതൊക്കെ നിരീക്ഷിച്ച് പരീക്ഷിച്ച്, ഉള്ളത് കൊണ്ട് ഉത്സവം ആഘോഷിച്ചിരുന്ന കാലം.
അങ്ങനെ ഒരുത്സവക്കാലത്ത് അയൽക്കാരനും സമീപത്തെ സീനിയർ ഭക്തനുമായ പൊന്നപ്പൻ ചേട്ടൻ വീട്ടിലേക്ക് നോക്കി വിളിച്ചു ചോദിക്കുന്നത് കേട്ടു . ‘ അമ്മച്ചിയേ ..കാന്തിയേ.. വൈകുന്നേരം സാംബൻ്റെ കഥയുണ്ട് . ഞങ്ങളു’ പോകുന്നുണ്ട് വരുന്നേ വാ…… കാന്തി ചിറ്റ ശരിക്കു കേട്ടോന്നറിയില്ല ഞാനും അമ്മൂമ്മയും ശരിക്കും കേട്ടു. അക്കാലത്ത് നാട്ടിലെ കല്യാണ ഉത്സവ, വിരുന്നു സൽക്കാരങ്ങളിലെല്ലാം അമ്മൂമ്മയുടെ സന്തത സഹചാരി ഞാനായിരുന്നു. സാംബൻ പൊന്നപ്പൻ ചേട്ടൻ്റെ ആരോ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കഥാപ്രസംഗം ഉത്സവത്തിൻ്റെ നോട്ടീസിലല്ലാതെ അതുവരെ കണ്ടിട്ടും ഇല്ല. എന്തായാലും അമ്മൂമ്മയും ഞാനും ‘കൃത്യസമയത്ത് റെഡിയായി. പൊന്നപ്പചേട്ടൻ്റെ മക്കളായ മണിയമ്മ, ഓമനക്കുട്ടൻ ചേട്ടൻ , ഇവരൊക്കെ ചേർന്ന വലിയ ഭക്തജന സംഘം അമ്പലത്തിലെത്തി. മാടപ്പള്ളി അമ്പലം അത്ര പരിചയം ഇല്ലാത്തതിനാൽ കൂടുതൽ പ്രകൃതിനിരീക്ഷണത്തിന് ഞാൻ നിന്നില്ല. ഇരുട്ടിനെ പേടി അന്നും ഉണ്ടായിരുന്നു. പക്ഷി നിരീക്ഷ ണത്തിനുളള
പ്രായവും ആയിരുന്നില്ല.(കോഴി ഒരു ഭീകരജീവിയല്ല).എന്നാലും ഉത്സവ പറമ്പിൻ്റെ ഏകദേശ ഭൂമിശാസ്ത്രം മനസിലാക്കിയിരുന്നു.
കഥാപ്രസംഗം എപ്പോൾ തുടങ്ങിയെന്നറിയില്ല. എപ്പോഴോ എൻ്റെ ശ്രദ്ധ സ്റ്റേജിലേക്ക് വന്നു കോഫീ ബ്രൗൺ സഫാരി സൂട്ടാണോ പാൻ്റും ഷർട്ടുമാണോന്നും ഓർമ്മയില്ല ഒരു സുന്ദരൻ സ്‌റ്റേജിൽ നിൽക്കുന്നു. പാട്ടുപാടുന്നു കാര്യം പറയുന്നു. നല്ല രസം തോന്നി. കൈചൂണ്ടി അതാ അങ്ങോട്ടു നോക്കൂ ന്ന് പറയുന്നു. ഞാനും മറ്റുളളവരും അങ്ങോട്ടു നോക്കി ഒന്നും കണ്ടില്ല കാഴ്ച miss ആക്കണ്ടല്ലോന്നുകരുതി ചുറ്റും നോക്കി. വീണ്ടും ഒന്നും കണ്ടില്ല .പിന്നെ നോക്കിയത് നമ്മളുടെ ഈ ചേഷ്ടകളൊക്കെ ആരെങ്കിലും കണ്ടോ ന്നായിരുന്നു.,
സാരമില്ല എല്ലാരും എല്ലാവരെയും നന്നായി കാണുന്നതായി കണ്ടു. കഥാപ്രസംഗം ന്ന് കേൾക്കുമ്പോൾ ഇപ്പോഴും “അതാ അങ്ങോട്ടു നോക്കൂ ” എന്ന് കാഥികൻ ‘പറയുന്ന സന്ദർഭം തന്നെയാണ് ഓർമ്മയിൽ.
പിന്നെസ്‌റ്റേജ് നിരീക്ഷണമായിരുന്നു. കൊള്ളാം കുറേ ആൾക്കാരൊക്കെ ചുറ്റുമുണ്ട്. . കൂടെ പാട്ടുപാടാൻ വേറെ ഒരാൾ കൂടി ഉണ്ട്. അയാൾ കുറേ കൂടി നന്നായി പാടുന്നുണ്ടായിരുന്നോന്ന് ഒരു സംശയം. ഇടയ്ക്ക് ഒരു വലിയ സ്റ്റീൽ പ്ലേറ്റ് പോലെ ഒരു സാധനത്തിൽ ഒരാൾ ഒരു വടി കൊണ്ട് അടിക്കുന്നു.ഛിൽ ന്ന് കാതടപ്പിക്കുന്ന ശബ്ദം കേൾക്കുന്നു. കൂട്ടത്തിൽ മറ്റു വാദ്യോപകരണങ്ങളുടെ അകമ്പടിയും . കുറെ കഴിഞ്ഞാണ് ഈ “ഛിൽ ” ശബ്ദം വല്യ സംഭവങ്ങളെ highlite ചെയ്യാനാ ണ് ന്ന് മനസിലായത്..എന്തായാലും കഥയേ തന്നറിയാതെ, കഥമുഴുവൻ കേൾക്കാതെ കഥാപ്രസംഗം എന്ന കലാ രൂപം ആദ്യമായി കണ്ടു. ഒരു വല്യ കലാകാരനെയും. പിൽക്കാലത്ത് ഏറെ ഇഷ്ടപ്പെട്ട ഈ കലാരൂപം റേഡിയോയിലൂടെയും മറ്റും കൂടുതൽ ആസ്വദിക്കാനായി . April 23 മഹാനായ കലാകാരൻ്റെ ഓർമ്മ ദിനമായിരുന്നു.. ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന അദ്ദേഹത്തിന് പ്രണാമം .
വാൽക്കഷണം: അന്ന് ഉത്സവ പറമ്പിൽ നിന്ന് രണ്ട് രൂപ കൊടുത്ത് അദ്ദേഹത്തിൻ്റെ ചില കഥാപ്രസംഗങ്ങൾ അടങ്ങിയ ചെറിയൊരു പുസ്തകം വാങ്ങിയിരുന്നു. പിന്നീട് വീടിനു ചുറ്റുമുള്ള റബർ മരങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള ഉണ്ണിയാശയുടെ കഥാപ്രസംഗ മേള ഈ പുസ്തകത്തിൻ്റെ പിൻബലത്തോടെ ആയിരുന്നു. കൂട്ടത്തിൽ ചെറിയ കമ്യൂണിസ്റ്റ് പച്ചക്കാടുകളുടെ മേൽ റബർ കമ്പുകൾ കൊണ്ടൊള്ള ഛിൽ ചിൽ പ്രയോഗങ്ങളും. ഞാനേ കണ്ടുള്ളു ഞാൻ മാത്രേ അറിഞ്ഞുള്ളു. അതോണ്ടല്ലേ ഉണ്ണിയാശയ്ക്ക് ശിഷ്യന്മാർ ഇല്ലാതെ പോയത്.
രസകരമായ വായന
കഥാപ്രസംഗം സാധാരണക്കാരൻ്റെ കലയായിരുന്നു. മിക്കവാറും ഞാൻ കേട്ടതൊക്കെ ദുരന്ത കഥകൾ ആയിരുന്നതുകൊണ്ട് എന്തോ പിന്നെ മടുത്തു പോയി. ലേഖിക അനുഭവിച്ചറിഞ്ഞത് നന്നായി അവതരിപ്പിച്ചു
മനോഹരം
മനോഹരമായി ഓർമ്മകൾ.
