ഗുഡ് ഗാവിലെ ഏറ്റവും വലിയ രാധാകൃഷ്ണ ക്ഷേത്രമാണ് ഇസ്കോൺ ക്ഷേത്രം. സോഹ്നാ റോഡിലെ ബാദുഷാപൂരിന് അടുത്താണ് ഇസ്കോൺ സ്ഥിതിചെയ്യുന്നത്.
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ് (ഇസ്കോൺ) ഹരേ കൃഷ്ണ ക്ഷേത്ര മെന്നും അറിയപ്പെടുന്നു. ഗുരുഗ്രാമിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ആരാധനക്കായി സമർപ്പിച്ചിരിക്കുന്ന ആത്മീയ സ്ഥാപനമായ ഈ ക്ഷേത്ര ത്തിൽ പുണ്യ ദർശനത്തിനായി ലക്ഷക്കണക്കിനോളം ഭക്തർ എല്ലാവർഷവും എത്തിച്ചേരുന്നു. ഗുരുഗ്രാം നഗരത്തിന്റെ സവിശേഷമായ ഒരു സാംസ്കാരിക ആകർഷണം കൂടിയാണ് ഈ ക്ഷേത്രം.
കഴിഞ്ഞദിവസം രാവിലെയായിരുന്നു ക്ഷേത്രത്തിൽ പോയത്. റോഡ് അരികിലുള്ള ക്ഷേത്രത്തിന്റെ മുന്നിലുള്ള ഗേറ്റ് രാജകീയമായ ഒരു പ്രവേശന കവാടം പോലെയാണ്. ഗേറ്റ് വഴിയുടെ ഒരു വശത്തായി പൂക്കടയുണ്ട്. ഇവിടെ നിന്നും പൂക്കൾ വാങ്ങി വേണം ക്ഷേത്രദർശനം നടത്താൻ. ചെട്ടിപ്പൂവും വെള്ള ജമന്തിയും അടങ്ങിയ വലിയ മാലകളാണ് അവിടെ കിട്ടുക.
അവിടെ നിന്നും മാലകൾ വാങ്ങി ക്ഷേത്രത്തിലേക്ക് പോയി. കൊട്ടാരം പോലെ മനോഹരമായ വലിയൊരു ക്ഷേത്രം. ക്ഷേത്രത്തിനകം വിശാലമായ മാർബിൾ ഹാളാണ്. നിർത്താതെയുള്ള ശ്രീകൃഷ്ണ കീർത്തനങ്ങളും, ജപമന്ത്രങ്ങളുമാണ് നമ്മളെ സ്വീകരിക്കുന്നത്. തികച്ചും ഭക്തിനിർഭ രമായ ആ അവസ്ഥയിൽ മറ്റെല്ലാം മറന്നുള്ള പ്രാർത്ഥന മാത്രം. അത്രേം ശാന്തമായ അന്തരീക്ഷമായിരുന്നു. അതിരാവിലെ ആയതുകൊണ്ട് തിരക്ക് കുറവായിരുന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ
രാധാ ദാമോദർ, ഗൗര നിതായി, ജഗന്നാഥ ബൽദേവ്, സുഭദ്ര ഇവയാണ്. സർവ്വാഭരണ വിഭൂഷമായ വിഗ്രഹങ്ങളാണിവിടെയുള്ളത്. പ്രദക്ഷിണ ശേഷം പ്രസാദത്തിനായി പ്രതിഷ്ഠയുള്ള ഹാളിൽ നിന്നിറങ്ങി പിൻഭാഗത്തുള്ള ഇടവഴിയിൽ പോയാൽ അവിടെ ഒരു ഹാൾ ഉണ്ട്. അവിടെയാണ് പ്രസാദം നൽകുന്നത്. പ്രസാദത്തിന് ഒരു പ്രത്യേക രുചിയുണ്ട്.
ക്ഷേത്രത്തിന് സമുച്ചയത്തിനുള്ളിൽ വേദഗ്രന്ഥങ്ങളും, പുസ്തകങ്ങളും കൂടാതെ പൂജാ സാധനങ്ങളും ലഭിക്കുന്ന ഒരു ചെറിയ ഷോപ്പും ഗോവിന്ദ എന്ന് പേരുള്ള ഒരു ഫുഡ് സ്റ്റാളും ഉണ്ട്. പൂജാ ഷോപ്പിൽ നിന്നും വിളക്കും ശ്രീകൃഷ്ണ ഫോട്ടോയും വാങ്ങി. ക്ഷേത്രനടയിൽ നിന്നും വിളക്ക് വാങ്ങുന്ന ശീലം പണ്ടുമുതൽക്കേയുള്ളതാണ്. ഇതിനോട് തൊട്ടുതന്നെ കാളിയമർദ്ദനത്തിന്റെ നല്ലൊരു പെയിന്റിംഗ് കാണാം. ഇത് കൂടാതെ അമ്പലത്തിന് ചുറ്റുമുള്ള ചുമരുകളിൽ ജയ്പൂരിൽ നിന്നും കരകൗശല വിദഗ്ധർ നിർമ്മിച്ച രാജസ്ഥാനി നാഥദ്വര പെയിന്റിംഗുകളുമുണ്ട്.
രാജസ്ഥാനി വാസ്തുവിദ്യയാൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം 3വർഷം മുമ്പാണ് പുതുക്കി പണിതതെന്നു പറയുന്നു. തേക്ക് മരത്താൽ നിർമ്മിതമായ വാതിലുകളും മക്രാന മാർബിൾ നിർമ്മിതമായ തറയും അതിമനോഹരമാണ്. ശ്രീ രാധാഷ്ടമി, ജന്മാഷ്ടമി, രാമനവമി വൈകുണ്ഠ ഏകാദശി തുടങ്ങിയ ഉത്സവസമയമാണ് ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് കൂടുന്നത്.
ഭഗവത്ഗീത, ശ്രീമദ് ഭാഗവതം തുടങ്ങിയ പുരാതന ഗ്രന്ഥാവതരണത്തിലെ പോലെ ഭഗവാൻ ശ്രീ കൃഷ്ണന്റെ പഠിപ്പിക്കലുകൾ പ്രചരിപ്പിക്കുകയെന്നതാണ് ഇസ്കോണിന്റെ ലക്ഷ്യം.
ഇസ്കോൺ വേദ സംസ്കാരം ലോകമെമ്പാടും പങ്കുവെക്കുന്നതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനായ
‘ആചാര്യ സുദർശൻ മഹാരാജ് ‘ആണ് 2015 ൽ ഈ സമുച്ചയം സംഭാവന ചെയ്തതെന്ന് പറയപ്പെടുന്നു.
തുടരും…
വിവരണം സൂപ്പർ
സ്നേഹം

നല്ലറിവുകൾ
സ്നേഹം

നല്ല വിവരണം
സ്നേഹം

വിവരണം സൂപ്പർ….

സ്നേഹം
