Thursday, January 8, 2026
Homeമതംപുരാണകഥകളിലൂടെ ഒരു യാത്ര.. (7) ' ശര്യാതിയുടെ യാഗം ' ✍ ശ്യാമള ഹരിദാസ്

പുരാണകഥകളിലൂടെ ഒരു യാത്ര.. (7) ‘ ശര്യാതിയുടെ യാഗം ‘ ✍ ശ്യാമള ഹരിദാസ്

ഒരു ദിവസം സുകന്യയുടെ അമ്മ ഭർത്താവിനെ പരിചരിക്കുന്നതിന്നിടയിൽ വളരെ വിഷമത്തോടെ അദ്ദേഹത്തോട് പറഞ്ഞു.

നാഥാ! നമ്മുടെ ഓമന മകൾ കാനനത്തിൽ ആശ്രമവാസം തുടങ്ങിയിട്ട് എത്ര കാലമായി, ഇതുവരെ ആരും അവിടെ പോയി അവളുടെ വിവരങ്ങൾ ഒന്നും അന്വേഷിച്ചില്ലല്ലോ?.. അവൾക്ക് സുഖമാണോ എന്തോ?..
പാവം കാട്ടിൽ കിടന്ന് എന്റെ കുട്ടി ചത്തോ ഉണ്ടോ എന്നുപോലും ആരന്വേഷിക്കുന്നു.?..
കണ്ണുപൊട്ടനായ ഒരു വൃദ്ധ മുനിയുടെ കൂടെ അവൾ എങ്ങിനെ ജീവിക്കുന്നു.

അവൾ രാജപുത്രിയായി ശ്രേഷ്ഠനായ ശര്യാതിയുടെ പുത്രിയായി ജനിച്ചു. എന്നിട്ടും അവളുടെ തലയിലെഴുത്തു ഇങ്ങിനെ ആയി പോയല്ലോ?.. ഒരു നേരത്തെ ആഹാരം പോലും സ്വാദോടുകൂടി കഴിക്കാൻ എന്റെ കുഞ്ഞിന് ഒക്കുമോ?..
മണിമാളികയിലും ഹംസതൂലികാശയ്യയിലും കിടന്നു വളർന്ന തങ്കക്കൊടി ഇപ്പോൾ മഞ്ഞും മഴയും കാറ്റുമേ റ്റ് വനത്തിനുള്ളിൽ ഒരു പർണ്ണശാലയിൽ പരു പരുത്ത നിലത്തു കിടന്നുറങ്ങുന്നു. നല്ല നേർത്തു മൃദുലമായപട്ടാംബരം ഉടുത്തണിഞ്ഞു ചിത്ര ശലഭത്തെപോൽ ഓടി കളിച്ചു ഉല്ലസിച്ചു ജീവിച്ച അവളിന്നു ധരിക്കുന്നത് മാർദ്ദവമില്ലാത്ത മരവുരിയാണ്. അതിന്റെ കഷ്ടത അറിയാൻ ആരുണ്ട്?.. അച്ഛനായ അങ്ങേക്കും അവളോട്‌ ഇത്ര കരുണ ഇല്ലാതെ ആയി പോയല്ലോ?.. പത്തുമാസം ചുമന്ന ഹതഭാഗ്യയായാ ഒരു അമ്മയുടെ വയറും നെഞ്ചും കിടന്ന് എരിപൊരി കൊള്ളുന്നത് ആരും അറിയുന്നില്ലല്ലോ?.. എന്നെല്ലാം പറഞ്ഞു ആ അമ്മ വേവലാതി പൂണ്ടു.

രാജ്ഞിയുടെ രാജീവ നയനങ്ങളിൽ നിന്നും അശ്രുക്കൾ ഒഴുകി ഭർത്താവിന്റെ ഗാത്രത്തിൽ പതിച്ചു. ശര്യാതി പ്രണയിനിയുടെ കണ്ണുനീർ പ്രവാഹം തുടച്ചുകൊണ്ട് അവരെ സമാധിനിപ്പിച്ചു.

ആത്മേശ്വരീ! സങ്കടപ്പെടാതിരിക്കു. ഞാൻ എന്റെ മകളെ കാണാൻ പോകാതിരുന്നത് അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല, ആ ജീവിതം കണ്ടു സഹിക്കാനുള്ള മനക്കരുത്ത് ഇല്ലാഞ്ഞിട്ടാണ്. ഞാൻ ഈ ക്ഷണം തന്നെ ആശ്രമത്തിൽ പോയി നമ്മുടെ കുഞ്ഞിനെ കണ്ട് അവളുടെ ക്ഷേമാദികൾ അന്വേഷിച്ചുവരാം. അവൾക്ക് അവിടെ വലിയ വിഷമമാണെന്ന് കണ്ടാൽ രണ്ടുപേരെയും ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാം പോരെ?… നാം ഇങ്ങനെ സങ്കടപ്പെടുന്നത് കൊണ്ട് എന്തു പ്രയോജനം?… എല്ലാം വിധിയാണ്. അയാൾ പ്രിയതമയെ ആശ്വസിപ്പിച്ചു.

അപ്പോൾ തന്നെ രാജാവ് ഏതാനും മന്ത്രിമാരും സേവകരും ഒന്നിച്ച് മകൾക്ക് കഴിക്കാനായി മധുരപക്വങ്ങളുമെടുപ്പിച്ച് ച്യവനന്റെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. അവിടെയെത്തി പർണ്ണശാലയുടെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയപ്പോൾ അതി സുന്ദരനായ ഒരു യുവാവ് അകത്തിരിക്കുന്നു. സുകന്യ മരവുരി ഉണക്കിക്കൊണ്ട് പുറത്ത് അല്പം അകലത്തിലും നിൽക്കുന്നു.

ആ കാഴ്ച കണ്ട രാജാവ് സ്തംഭിച്ചു പോയി. അദ്ദേഹത്തിന്റെ സിരകളിൽ ചുടുരക്തം പാഞ്ഞു കയറി. അദ്ദേഹം ഓർത്തു തന്റെ മകൾ പാതിവ്രത്യം ബലികഴിച്ചു ഭ്രംശിതയായിത്തീർന്നിരിക്കുന്നു. വൃദ്ധനായ ആ താപസനെ ഉപേക്ഷിച്ചു കാമസുന്ദരനായ ഒരു യുവാവിനെ ഭർത്താവായി ഇവൾ സ്വീകരിച്ചിരിക്കയാണ്,
മാദകമായ യൗവനത്തിമർപ്പിൽ അനുരൂപനായ ഭർത്താവില്ലാത്ത അബലകൾ ചിലപ്പോൾ വഴി പിഴച്ചെന്നു വരും. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് പ്രകൃതിയുടെ വികൃതി ആണ്. ഇവൾക്കും സംഭവിച്ചത് അതേവിധത്തിൽ തന്നെ ആയിരിക്കണം. എങ്കിലും തങ്ങളുടെ ഓമന പുത്രി അധർമ്മത്തിൽ വഴുതി വീണുപോയല്ലോ?.. ആ വൃദ്ധനായ താപസൻ എവിടെപ്പോയോ ആവോ?….

ഇങ്ങനെ ചിന്തിച്ച് താപ കോപവിവശനായി വിഷാദം പൂണ്ടു നിൽക്കുന്ന അച്ഛന്റെ അടുക്കലേയ്ക്ക് വെൺചന്ദ്രികയെ വെല്ലുന്ന കുളിർ പുഞ്ചിരി തൂകികൊണ്ട് സുകന്യ ഓടിവന്ന് ചോദിച്ചു.

അച്ഛനെന്താണ് ഇങ്ങനെ വന്നപാടെ പകച്ചു നിൽക്കുന്നത്?..
കൊട്ടാരത്തിൽ അമ്മ മാർക്കും ബന്ധുജനങ്ങൾക്കും സുഖമല്ലേ?.. എന്നെ കണ്ടിട്ട് അച്ഛന്റെ മുഖത്തൊരു സന്തോഷവും കാണുന്നില്ലല്ലോ?.. എന്താണ്?…

ആ പുത്രി വളരെ സന്തോഷത്തോടുകൂടി അച്ഛനെ ആലിംഗനം ചെയ്യാൻ ഭാവിച്ചപ്പോൾ ക്രോധത്തോടെ അദ്ദേഹം ആക്രോശിച്ചു മാറിനിൽക്ക്! നീ എന്നെ തൊടരുത്. പാതിവ്രത്യം ബലികഴിച്ച പരമദുഷ്ടയാണ് നീ. നിന്റെ ഭർത്താവ് ആ വൃദ്ധനായ ച്യവനൻ എവിടെ?.. ആശ്രമത്തിന്നകത്തിരിക്കുന്ന കാമുകനായ യുവാവ് ആരാണ്?…
പരിശുദ്ധമായ സൂര്യവംശത്തിൽ പാതിവ്രത്യ ധ്വoസനം ചെയ്ത ഒരു സ്ത്രീയും
ജീവിച്ചിട്ടില്ല.

(തുടരും..)

ശ്യാമള ഹരിദാസ്✍

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com