മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. നമ്മുടെ വ്യക്തിത്വത്തിലെ ഏറ്റം പ്രധാനപ്പെട്ട ഭാഗങ്ങളാണ് ആത്മാവും, ദേഹിയും. ഇവ രണ്ടും അദ്യശ്യവുമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ആത്മാവാണ് ദൈവവുമായി ബന്ധപ്പെടുന്ന നമ്മിലെ ഭാഗം.
ആത്മാവാണ് നമ്മുക്ക് ദൈവ ബോധം തരുന്നത്. ദേഹി അഥവാ പ്രാണൻ ആണ് നമ്മിലെ ചിന്ത, വികാരം, തീരുമാന ശക്തി എന്നിവയുടെ ഇരിപ്പിടം. ആത്മാവും ദേഹിയും ഒന്നിച്ചു കൂടുന്നതാണ് നമ്മിലെ യഥാർത്ഥ വ്യക്തിത്വം. ഇവ എപ്പോഴും ഒന്നിച്ചു ചേർന്നിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. നമ്മിലെ ഈ യഥാർത്ഥ വ്യക്തിയ്ക്ക് ഈ ഭൂമിയിൽ വസിപ്പാൻ നല്കപ്പെട്ട മൺകൂടാരമാണ് ശരീരം.
തേജസ്സു നഷ്ടപ്പെടുത്തിയ മനുഷ്യനെ കൈവിടാതെ അവനെ വീണ്ടെടുക്കാൻ സ്നേഹവാനായ ദൈവം പദ്ധതി ഒരുക്കി അതാണ് യേശുക്രിസ്തുവെന്ന യാഗ വസ്തു.
1 എബ്രായർ 2: 7,8
” നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.”
2 റോമർ 3:23
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”
ഉല്പത്തി 3: 6,7
“ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി”
ദൈവം സ്വന്ത സാദ്യശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തെപ്പോലെ അവനും പൂർണ്ണ തേജസ്സിലായിരുന്നു നഗ്നത മറയ്ക്കുവാൻ വസ്ത്രം അവനു ആവശ്യമായിരുന്നില്ല. എന്നാൽ പാപം ചെയ്തപ്പോൾ ദൈവ തേജസ്സ് അവനെ വിട്ടു പോയി.
എഫെസ്യർ 5: 8-14
“മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.”
പാപം ചെയ്തപ്പോൾ മനുഷ്യന്റെ വ്യക്തിത്വത്തിലെ മൂന്നു ഭാഗങ്ങളിൽ നിന്നും ദൈവ തേജസ്സ് വിട്ടുപോയി. ശരീരം നഗ്നമായി, വിയർപ്പും, രോഗവും, വാർദ്ധക്യവും,കഷ്ടവും ശരീരത്തിൽ വന്നു ഭവിച്ചു. ദേഹി അഥവാ മനസ്സിൽ നിന്നും തേജസ്സ് നഷ്ടപ്പെട്ടു. അതോടെ ഭയം, സംശയം, പക, പിണക്കം, നിരാശ തുടങ്ങി സകല ഇരുട്ടിന്റെ സ്വഭാവങ്ങളും അവന്റെ മനസ്സിനെ(ദേഹി)പിടിച്ചടക്കി.
റോമർ 1: 21-23
“അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.”
ആത്‍മാവ് ശരിയായ ദൈവ ബോധമില്ലാതെ, ദൈവം സംസാരിക്കുന്നതു കേൾക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പിത്തടഞ്ഞു. സത്യ ദൈവത്തെ അറിയാതെ പ്രക്യതിയേയും വിഗ്രഹങ്ങളെയും ദൈവമായി ആരാധിച്ചു തുടങ്ങി. ദൈവബോധം ഉണ്ടെങ്കിലും ബുദ്ധിയും ജ്ഞാനവും ഉണ്ടെങ്കിലും ദൈവീക കാര്യങ്ങളിൽ അവൻ മൂഢനായി.
മനുഷ്യന്റെ ഈ പതനത്തിൽ നിന്ന് അവനെ വീണ്ടും തേജസ്സിലേയ്ക്ക് മടക്കി കൊണ്ടുവരാൻ ദൈവം തീരുമാനിച്ചു. ക്രിസ്തു മുഖേന ദൈവം ഒരുക്കിയ ഈ പദ്ധതിയ്ക്കാണ് വീണ്ടെടുപ്പെന്നു പറയുന്നത്. മനുഷ്യന്റെ യഥാർത്ഥ തേജസ്സിലേയ്ക്ക് (മഹത്വത്തിലേയ്ക്ക് ) മടക്കി കൊണ്ടു വരുന്നതിനെയാണ് വീണ്ടെടുപ്പെന്നു പറയുന്നത്.
ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണം മുഖേന നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗങ്ങളായ ആത്മാവ്, ദേഹി,ദേഹം ഇവ മൂന്നും പൂർണ്ണ മഹത്വത്തിലേയ്ക്ക് വീണ്ടെടുക്കപ്പെടുന്നു. ആത്മാവ് വീണ്ടെടുക്കപ്പെട്ടു, ദേഹി അഥവാ മനസ്സ് വീണ്ടെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു, ശരീരം കർത്താവിന്റെ വരവിൽ വീണ്ടെടുക്കപ്പെടും. ഇങ്ങനെ വീണ്ടെടുപ്പിന് അഥവാ രക്ഷയ്ക്ക് ഒരു ത്രികാല അനുഭവം കൂടിയുണ്ട്.
പ്രിയരേ പരിശുദ്ധാത്മാവിന്റെ സ്നേഹത്തിലും സാന്നിധ്യത്തിലും ഈ ലോകേ ജീവിക്കാം, യേശുവിന്റെ സ്നേഹവും കരുണയും കൃപയും എന്നെന്നും നിലനിൽക്കുന്നതാണ്. ഒരു വ്യക്തി ഹൃദയം കൊണ്ട് യേശുവിനെ സ്വീകരിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യുമ്പോൾ തന്നെ അധികാരത്തിന്റെ താക്കോൽ യേശു നൽകി കഴിഞ്ഞു. ഇതു ഏവർക്കും സാധ്യമാണ്. ഈ വചനങ്ങളാൽ കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ