അജ്മാൻ : ഇരുപത്തി രണ്ട് വർഷക്കാലമായി യുഎഇ ലെ അറിയപ്പെടുന്ന കലാ കായിക സംഘടനയായ ” സീക്ക (SECA) ” യുടെ 2025ലെ വാർഷിക ആഘോഷം “ഓണപ്പൂക്കളം 2025” എന്ന പേരിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സമുന്നതമായി ആഘോഷിച്ചു.
സ്വാദിഷ്ടമായ, വിഭവ സമൃദ്ധമായ സദ്യയോടുകൂടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വർണ്ണശബളമായ ഘോഷയാത്രയിൽ ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടകൾ നർത്തകികൾ കൂടാതെ മുഴുവൻ കമ്മിറ്റി അംഗങ്ങളും, വിശിഷ്ടാതിഥിയും അണിനിരന്നു. ഘോഷയാത്രയിൽ സീക്കയുടെ കലാകാരൻ പ്രജിത്ത് കെട്ടിയാടിയ ഗുളികൻ വേഷം ശ്രദ്ധേയമായി.

തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് രാജൻ പിവിഎൻ അധ്യക്ഷതവഹിച്ചു. സിക്രട്ടറി സജീവൻ എംടി സ്വാഗതവും പറഞ്ഞു. യുഎഇ ലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും , ജയ്ഹിന്ദ് ടിവി യുടെ ഗൾഫ് മിഡിൽ ഈസ്റ്റ് മേഖലയുടെ മേധാവിയും ആയ എൽവിസ്ച്ചുമ്മാർ പരിപാടി ഉദ്ഘാടനം ചെയ്തു.

മാറി വരുന്ന കാലഘട്ടത്തിൽ മാറ്റത്തിനു പിന്നാലെ പോകുന്ന ജനങ്ങൾ ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിനുപിന്നാലെ പോകുന്നതും, ആരൊക്കെയോ നിയന്ത്രിക്കുന്ന ചട്ടക്കൂടുകൾക്കകത്ത് ഇരുന്നു കൊണ്ട് വഴി തെറ്റുന്ന കാഴ്ചകളാണ് നിത്യവും കാണുന്നതെന്നും അതിനെതിരെ ഇതുപോലുള്ള കൂട്ടായ്മകൾ, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജിവമാകണമെന്നും തൻ്റെ ഉദ്ഘാടനപ്രസംഗത്തിൽ എൽവിസ്ച്ച് പറഞ്ഞു. കൂടാതെ എന്തും ഏതു സ്റ്റാറ്റസും റീൽസും ആകുന്ന ഈ കാലഘട്ടം അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കമ്മിറ്റിയുടെ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്ന ചടങ്ങിൽ, യുഎഇ യുടെ പ്രവാസ ഭൂമികയിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുകയും, ടെലിവിഷൻ രംഗത്ത് തുടർച്ചയായി പതിനേഴ് വർഷം വീക്കിലി ഷോ അവതരിപ്പിച്ച് റക്കോർഡ് നേടിയ എൽവിസ്ച്ചുമ്മാറിനെ സീക്ക ആദരിക്കുകയും ചെയ്തു.
തുടർന്ന് സീക്കയുടെ ഇരുപത്തിരണ്ട് വർഷത്തെ വിജയ യാത്രയിൽ ഒപ്പം നിന്ന കലാകാരന്മാരെ ആദരിക്കുകയുണ്ടായി. കൂടാതെ 2024 – 2025 വർഷത്തെ പത്താം തരം, പ്ലസ് ടു വിജയികൾക്കുള്ള അംഗീകാരങ്ങളും വിതരണം ചെയ്തു. കലാപരിപാടികളിൽ സീക്കയുടെ കലാകാരന്മാരും കലാകാരികളും നിരവധി നൃത്ത നിർത്ത്യങ്ങളും, പാട്ടുകളും അവതരിപ്പിച്ചു.

അവതരണശൈലികൊണ്ട് വളരെയധികം വ്യത്യസ്ഥത തീർത്ത കലാപരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് പ്രോഗ്രാം കമ്മിറ്റി കൺവീനർ മണി പിടി എല്ലാവർക്കും ആശംസകൾ നേർന്നു. തുടർന്ന് ട്രഷറർ സുനിലിൻ്റെ നന്ദി പ്രകടനത്തിലൂടെ പരിപാടി പര്യവസാനിച്ചു. സീക്കയുടെ മുഴുവൻ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.










Very good, ആശംസകൾ