സൗഹൃദ മത്സരത്തിനായി അര്‍ജൻ്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് മെസ്സി എത്തിയത്. മെസ്സി ക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും എന്നിവരും എത്തി.
കൊൽക്കത്തയിലെത്തിയ മെസ്സി ഇന്ന് രാവിലെ 9:30 മുതല്‍ 10:30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ മെസ്സി അനാച്ഛാദനം ചെയ്യും.
മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്‍മാരാണ് പ്രതിമ തയ്യാറാക്കിയത്. പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയണല്‍ മെസ്സി ക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസ്സിയെ ആദരിക്കലും ഉണ്ടാകും.
ഉച്ചയ്ക്ക് രണ്ടോടെ മെസ്സി ഹൈദരാബാദിലേക്ക് തിരിക്കും. വൈകീട്ട് 7 മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും നടക്കും.
നാളെ രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസ്സി വൈകിട്ട് നാലിന് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും മെസ്സി പങ്കെടുക്കും.



