തിരുവനന്തപുരം: സംസ്ഥാനത്തു വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാനൂരില്‍ ഈയിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത
നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുകയാണ്.
ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിംഗും നടത്തിവരുന്നുണ്ട്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തിയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കണ്ണൂര്‍ എരഞ്ഞോലിയി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേസമയം, പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവോടെയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും ആരോപണം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല