2025ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള സമദർശന സാഹിത്യ പുരസ്കാരം മാടായി സി.എ.എസ് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. കെ വി ജൈനിമോൾക്ക്. കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ഗൾഫ് മലയാളം റേഡിയോ ചരിത്രം എന്ന പുസ്തകത്തിനാണ് പുരസ്കാരം.
യു എ ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ മലയാളം റേഡിയോയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം ഈ ഗണത്തിൽ ആദ്യത്തേതാണ്. വിവിധ റേഡിയോകൾ, അവതാരകർ , പരിപാടികൾ തുടങ്ങി വിശദമായ അക്കാദമിക പഠനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ആലപ്പുഴ ചെങ്ങന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമദർശന സാംസ്കാരിക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മലയാളവിഭാഗം മേധാവിയുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണനായിരുന്നു അവാർഡ് നിർണ്ണയ സമിതി ചെയർമാൻ. കവിയും അധ്യാപകനും ചിത്രകാരനുമായ ഫാ. ഡോ. സുനിൽ ജോസ്, നോവലിസ്റ്റും അധ്യാപികയുമായ ഡോ. ബിന്ദുമോൾ ബി. എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ . 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ രണ്ടാം വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും. പ്രശസ്ത പ്രഭാഷകനും കവിയും റാന്നി സെൻ്റ് തോമസ് കോളേജിലെ മലയാളം അധ്യാപകനുമായ ഫാ.ഡോ മാത്യൂസ് വാഴക്കുന്നമാണ് സമദർശനയുടെ പ്രസിഡൻ്റ്.
കണ്ണൂർജില്ലയിലെ കക്കറയിൽ കെ.ജനാർദ്ദനൻ്റെയും കെ. ഭവാനിയുടെയും മകളായി ജനിച്ച ജൈനിമോളുടെ ഭർത്താവ് രമേഷ് റേഡിയോ മാംഗോയിലെ ആർ.ജെ.യാണ്. മക്കളായ ശിവഗംഗയും ശ്രീനിധിയും വിദ്യാർത്ഥികൾ. ഡോ. ജൈനിമോൾ കെ.വി. എഴുതിയ റേഡിയോ :ആകാശവാണി മുതൽ സ്വകാര്യ എഫ്.എം. വരെ എന്ന പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. മാധ്യമം : വിനിമയവും വിചിന്തനവും എന്ന പുസ്തകത്തിനു പുറമെ നിരവധി പുസ്തകങ്ങൾ എഡിറ്റു ചെയ്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേട്ടു തീരാത്ത പാട്ടുപോലെ റേഡിയോ പഠനത്തിൽ മുഴുകി ജീവിക്കുന്ന ഒരു ഗവേഷക കൂടിയാണ് ഡോ. ജൈനിമോൾ കെ.വി. കണ്ണെത്താ ദൂരം പോലെ പരന്നു കിടക്കുന്ന മരുഭൂമിയിൽ റേഡിയോ ഉണ്ടാക്കിയെടുത്ത സംസ്കാരത്തെ നിർണ്ണയിക്കുന്ന ഗൾഫ് മലയാളം റേഡിയോ ചരിത്രം ഡോ. ജൈനിമോളുടെ അന്വേഷണത്വരയും വിശകലന വൈദഗ്ധ്യവും വെളിപ്പെടുത്തുന്ന ഒരു ഗ്രന്ഥമാണ്




നല്ല പരിചയ പ്പെടുത്തൽ
Congratulations