1995 ലെയും 2016 ലെയും ഭിന്നശേഷി നിയമങ്ങൾ അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനകം 1500- ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി.
2018 നവംബർ 18 മുതൽ 2021 നവംബർ 8 വരെയുള്ള കാലയളവിൽ നിയമിക്കപ്പെട്ടവർക്ക് ശമ്പള സ്കെയിലിൽ പ്രൊവിഷണലായും അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 2026 ജനുവരി 24ന് നിയമന ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നായർ സർവീസ് സൊസൈറ്റിക്ക് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയം. ഇതിനായി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ജയദീപ് ഗുപ്ത, ജയന്ത് മുത്തുരാജ് തുടങ്ങിയ മുതിർന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 29 സ്പെഷ്യൽ ലീവ് പെറ്റീഷനുകളിലായി 442 പേർ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിക്കാരായ അധ്യാപകരും ചില ഭിന്നശേഷി സംഘടനകളും സർക്കാരിന്റെ ആവശ്യത്തെ കോടതിയിൽ എതിർത്തതിനാലാണ് കേസ് 2026 ഏപ്രിൽ 14-ലേക്ക് മാറ്റിവെച്ചത്.
കോടതിയിൽ സർക്കാരിന്റെ നീക്കങ്ങളെ എതിർത്ത ഈ ഹർജിക്കാർക്ക്, സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ആനുകൂല്യങ്ങൾ നൽകുന്നത് കോടതി അലക്ഷ്യമാകുമെന്നതിനാൽ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മേഖലയിലുള്ള 5729 മാനേജ്‌മെന്റുകളില്‍ ഭിന്നശേഷി വിഭാഗത്തിനായി 5788 തസ്തികകൾ നീക്കിവെക്കേണ്ടതുണ്ട്. നിലവിൽ 6230 പേർ പ്രൊവിഷണലായും 17729 പേർ ദിവസവേതന അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്.
സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ- ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന എല്ലാ അധ്യാപകർക്കും അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിര നിയമനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



