തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻകിട പുനരധിവാസ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഏക്കർ സ്ഥലത്ത് അത്യാധുനിക ഷെൽട്ടറുകൾ നിർമ്മിച്ച് എണ്ണായിരത്തോളം നായ്ക്കളെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് മേയർ ഈ കാര്യം പറഞ്ഞത്.
പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഇതിനായി സി.എസ്.ആർ ഫണ്ട് ലഭ്യമാക്കാൻ സാധ്യതയുണ്ടെന്നും മേയർ പറഞ്ഞു. 12 ഏക്കറിലായി രണ്ടോ മൂന്നോ വലിയ ഷെൽട്ടറുകൾ സ്ഥാപിക്കുന്നതോടെ നഗരത്തിലെ ഏകദേശം 8,500 നായ്ക്കളെ സംരക്ഷിക്കാൻ കഴിയും. നായ്ക്കളെ കൊല്ലുന്നതിന് പകരം അവയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ആദ്യപടിയായി നഗരസഭാ പരിധിയിലെ 50 നായ്ക്കളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. അനിമൽ വെൽഫെയർ ബോർഡിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടി. വന്ധ്യംകരണത്തിന് പുറമെ പേവിഷ പ്രതിരോധ വാക്സിൻ, ചെള്ള് പ്രതിരോധ കുത്തിവയ്പ്പ് എന്നിവ നൽകിയ ശേഷമാണ് ഇവയെ മാറ്റിപ്പാർപ്പിച്ചത്.
നഗരത്തിൽ ആകെ ഒമ്പതിനായിരത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. വരും ദിവസങ്ങളിൽ കൂടുതൽ നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റുമെന്നും നഗരവാസികൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്നും മേയർ വ്യക്തമാക്കി



