കോഴിക്കോട്: ഓട്ടോയിൽ നിന്നിറങ്ങി റോഡിലേക്ക് ഓടിയ മൂന്നു വയസുകാരി സ്വകാര്യ ബസിനടിയിൽ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ റൂട്ടിലോടുന്ന ബസ് ഡ്രൈവർ ഷിനോജിന്റെ മനസാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന അമ്മയുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
കുട്ടി അപകടത്തിൽനിന്നും രക്ഷപ്പെടുന്ന വിഡിയോ വൈറലായി. കോഴിക്കോട് തൊഴിൽ തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കുട്ടി നടന്നുവരുന്നത് കണ്ടപ്പോൾ പെട്ടെന്ന് വശത്തേക്ക് തിരിയ്ക്കാൻ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് തയ്യിൽ ബസിൻ്റെ ഡ്രൈവർ ആയ ഷിനോജ് പറയുന്നു.
കുട്ടി ബസ്സിനടിയിൽ പെട്ടുവെന്നായിരുന്നു ഒരു നിമിഷം താനും കരുതിയത്. സ്വന്തം കുഞ്ഞായിരുന്നു ആ നിമിഷം മനസിലെന്നും ഷിനോജ് പറയുന്നു. സംഭവത്തിനു പിന്നാലെ ബസ്സിൽ നിന്നും ഇറങ്ങിയ സിനോജ് രണ്ടു ദിവസം കഴിഞ്ഞ് ഇന്നാണ് ബസിൽ തിരികെ കയറിയത്.



