പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ല. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും – അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വത്തെ അറിയിച്ചതായി ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തില്‍ മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ നേരിട്ട് അറിയിച്ചുവെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്.
അതേസമം, ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യവും ഉയരുന്നു. ഇക്കാര്യം ഡിസിസി നേതൃത്വം, കെപിസിസിയെ അറിയിച്ചു. ഇടുക്കിയില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താനാകുമെന്നാണ് അവകാശവാദം. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ വിജയം ഉറപ്പ് എന്നാണ് വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസിന് ഉടുമ്പുന്‍ചോലയോ, പൂഞ്ഞാര്‍ സീറ്റോ നല്‍കി തര്‍ക്കം പരിഹരിച്ചേക്കും. കോണ്‍ഗ്രസ് സീറ്റ് എടുത്താല്‍ മത്സരിക്കാന്‍ സാധ്യതതുള്ളത് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോയി വെട്ടിക്കുഴി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ഡിസിസി സെക്രട്ടറി ബിജോ മാണി എന്നിവരാണ്.



