കൊല്ലം: ഒരു വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 59കാരിയായ രശ്മിക്ക് വരനായത് 65കാരനായ ജയപ്രകാശ് ആണ്. കൊല്ലം മുണ്ടക്കൽ സ്വദേശികളാണ് ഇരുവരും. രണ്ടുപേരുടെയും മക്കള്‍ മുൻകൈയെടുത്താണ് ഈ വിവാഹം നടത്തിയതെന്നാണ് ശ്രദ്ധേയം. 40 വർഷം മൊട്ടിട്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.
സിനിമാ കഥയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്. രണ്ടുപേരും അയൽവാസികളായിരുന്നു. വളരെ ചെറിയ പ്രായത്തിൽ ഇരുവർക്കും പരസ്പരം ഇഷ്ടമായി. പക്ഷെ അന്നത്തെ ജീവിത സാഹചര്യങ്ങൾ കാരണം ഇവർക്ക് ഒന്നിക്കാൻ സാധിച്ചിരുന്നില്ല. ഇരുവരും വെവ്വേറെ വിവാഹം കഴിച്ച് അവരവരുടെ ജീവിതം തുടങ്ങി. എന്നാൽ ആ ജീവിതത്തിൽ ഒരു ഘട്ടം എത്തിയപ്പോൾ രണ്ടുപേരും ഒറ്റക്കായി.
ജയപ്രകാശിന് രണ്ട് ആൺമക്കളും രശ്മിക്ക് രണ്ടുപെൺകുട്ടികളുമാണുള്ളത്. മക്കളായി മരുമക്കളായി കൊച്ചുമക്കളും ആയി. അവരെല്ലാവരും അവരുടെ ജീവിതത്തിലേക്ക് കടന്നപ്പോൾ ഒറ്റയ്ക്കായത് രശ്മിയും ജയപ്രകാശുമായിരുന്നു. എന്നാൽ വിധി ഇരുവർക്കും ആയി ഒരു പുതുജീവിതം ഒരുക്കി വച്ചു. അതിനു പിന്തുണ നൽകി രണ്ടുപേരുടെയും മക്കളും എത്തുകയും ചെയ്തു.
അമ്മയെ വിവാഹം കഴിപ്പിച്ചിട്ടുവേണം ഞങ്ങൾക്ക് സന്തോഷിക്കാൻ എന്ന് പറയുന്ന മക്കൾ ആണ് ഇരുവർക്കും. ഏതു മക്കൾക്ക് കിട്ടും ഇത്തരമൊരു ഭാഗ്യമെന്നാണ് രശ്മിയുടെ മക്കൾ ചോദിക്കുന്നത്. വിവാഹത്തിന്റെയും മക്കളുടെ പ്രതികരണത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹശേഷം വയനാടിലേക്ക് ഹണിമൂൺ പോകാൻ ആണ് നവദമ്പതികളായ രശ്മിയുടെയും ജയപ്രകാശിന്റെയും തീരുമാനം.
വാർധക്യത്തിൽ ഒറ്റപ്പെടുന്ന അച്ഛനെയോ അമ്മയെയോ വിവാഹം കഴിപ്പിക്കാൻ മക്കൾ വിമുഖത കാണിക്കുന്ന ഈ കാലത്ത് രശ്മിയുടെയും ജയപ്രകാശിന്റെയും മക്കളുടെയും പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. എല്ലാവരും ഈ മക്കളെപോലെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എന്തു മനോഹരമായേനെ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.



