അമ്പലങ്ങളും പള്ളികളും ഉള്‍പ്പെടുത്തി വില്ലേജ് ടൂറിസം കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. കായിക പരിശീലനത്തിന് സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകണം. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമില്‍ വികസനാശയങ്ങള്‍ പങ്കുവെച്ച് സിനിമാതാരം പ്രശാന്ത് അലക്സാണ്ടര്‍. പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളിയിലെ തന്റെ ഭവനത്തില്‍ എത്തിയ കര്‍മ്മ സേനാംഗങ്ങളോടാണ് പ്രശാന്ത് വികസനാശയങ്ങള്‍ പങ്കുവെച്ചത്.
മണിമലയാറിന്റെ തീരത്തിനടുത്ത് താമസിക്കുന്നയാള്‍ എന്ന നിലയില്‍ മണിമലയാര്‍ കരകവിഞ്ഞ് ഒഴുകിയുണ്ടാകുന്ന ബുദ്ധിമുട്ടുകളും 2018 ലെ പ്രളയവും പങ്കുവെച്ചു. ആറ്റില്‍ മണല്‍ അടിഞ്ഞുകൂടി ആറിന്റെ ആഴം കുറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇത് മൂലം വെള്ളം കരയിലേക്ക് കയറിയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് പരിസ്ഥിതിയ്ക് ദോഷം വരാതെ പുഴയിലെ മണല്‍ മാറ്റി ആഴംകൂട്ടുന്നതിന് നടപടി ഉണ്ടാകണം.
സംസ്ഥാനത്തെ റോഡുകള്‍ മികച്ച നിലവാരത്തില്‍ ആണുള്ളത്. എന്നാല്‍ അപകട സാധ്യത കൂടുതലുള്ള മല്ലപ്പള്ളി – തുരുത്തിക്കാട് റോഡ് പോലുള്ളവയില്‍ സുരക്ഷ ബോര്‍ഡുകളും ട്രാഫിക് ലൈറ്റുകളും കൂടുതലായി സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മല്ലപ്പള്ളി പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ പള്ളിവികാരി റവ. സഞ്ജീവിനെ പാഴ്സണേജിലെത്തി സന്നദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായശേഖരണം നടത്തി. ആരോഗ്യ-വിദ്യാഭ്യാസ-പശ്ചാത്തല മേഖലകളില്‍ കേരളം നല്ല നിലയില്‍ മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഡുകളില്‍ തിരക്ക് കൂടുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ ഫുട്പാത്ത് സൗകര്യം എല്ലായിടത്തും വേണം. പാത കൈയേറിയുള്ള കച്ചവടങ്ങള്‍ ഒഴിക്കാണം. യുവാക്കളിലെ ലഹരി ഉപയോഗം കുറയ്കുന്നതിനുള്ള ക്രിയാത്മക നടപടി സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മല്ലപ്പള്ളി ഹോളി ഇമ്മാനുവല്‍ സി എസ് ഐ പള്ളി വികാരി റവ. ഷാജി. എം. ജോണ്‍സനെ പാഴ്സനേജില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടത്തെ അദ്ദേഹം എടുത്തു പറഞ്ഞു. എന്നാല്‍ സ്വകാര്യ മേഖലയില്‍ ചില ആശുപത്രികള്‍ നടത്തിക്കൊണ്ടുപോകാന്‍ മാനേജ്മെന്റ് പ്രയാസപ്പെടുന്നുണ്ട്. ഇവയ്ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍മ്മസേനാ അംഗങ്ങളായ ടി കെ ഗിരീഷ്, എം കെ പാര്‍വ്വതി, ഫാക്കല്‍റ്റി അംഗങ്ങളായ കെ.എം. അബ്രഹാം, പി എന്‍ രാജന്‍, കെ ജെ ചാക്കോ, തീമാറ്റിക് എക്സ്പര്‍ട്ട് രഞ്ജിനി എന്നിവരും ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളായി.



