തിരുവനന്തപുരം: പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തിൽ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലും. ബലാത്സംഗകേസുകളിൽ പ്രതിയായതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുലും ഇരുന്നത്. രമേശ് ചെന്നിത്തല, പി ജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, എം കെ രാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇരിക്കുന്ന വരിയിൽ തന്നെയാണ് രാഹുലും ഇരുന്നത്.
രമേശ് ചെന്നിത്തല മുന്നിലൂടെ പോയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിന്നെങ്കിലും, ചെന്നിത്തല മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു. ഇടയ്ക്ക് സമ്മേളനത്തിനെത്തിയ ചിലർ രാഹുലിനൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇടയ്ക്ക് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനുമായി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നതും കാണാമായിരുന്നു.
പിജെ കുര്യൻ ഒരു സ്വകാര്യ ചാനലിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനയിലുള്ള അതൃപ്തി രാഹുൽ നേരിട്ട് കുര്യനെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. യുവാക്കൾക്ക് പാർട്ടിയിൽ അവസരം നൽകണം. അങ്ങനെ നൽകുമ്പോഴും ചില കാര്യങ്ങൾ മാനദണ്ഡമാക്കണം. രാഹുലിന് പാലക്കാട്ട് സീറ്റുനൽകരുത് തുടങ്ങിയ കാര്യങ്ങളാണ് ചാനലിനോട് പറഞ്ഞത്. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് രാഹുൽ കുര്യനെ നേരിട്ട് അറിയിച്ചത്. നേരത്തേയും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡുചെയ്തിരുന്നു. ഒരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മറ്റൊരു യുവതികൂടി പരാതിയുമായി എത്തുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കേസായതോടെ മുങ്ങിയ രാഹുൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാണ് വീണ്ടും പൊങ്ങിയത്



