രാജ്യത്തെ നാനാജാതി മതസ്ഥരായിട്ടുള്ള ആളുകൾക്ക് സോണിയാഗാന്ധിയെ സന്ദർശിക്കാമെന്നും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയായ പോറ്റിയെ സോണിയാ ഗാന്ധിയുടെ ഓഫീസിൽ ആരെങ്കിലും കൊണ്ടു പോയതായി അറിയില്ലെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.
രാജ്യത്തെ മത ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ ആളുകൾ വിവിധ കാര്യങ്ങൾക്കായി സോണിയാ ഗാന്ധിയുടെ ഓഫീസ് സന്ദർശിക്കാറുണ്ട്. മുൻപ് ഒരിക്കൽ സോണിയാ ഗാന്ധിയെ കാണാൻ അവിടെ പോയപ്പോഴാണ് പോറ്റിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് പോറ്റി ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടില്ല. ഏതോ ക്ഷേത്രത്തിന്റെ ആളെന്ന നിലയ്ക്കാണ് അവിടെ അദ്ദേഹത്തെ കണ്ടത്. പൊതു പ്രവർത്തകനെന്ന നിലയിൽ പലയിടങ്ങളിൽ പോകുമ്പോഴും പലരും വന്ന് ഫോട്ടോ എടുക്കാറുണ്ട്. അതൊന്നും വലിയ വാർത്ത അല്ല. പോറ്റി മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നില്ലേ. അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി മറ്റെല്ലാവർക്കും ബാധകമാകുന്നതല്ലേ എന്നും ആന്റോ ആന്റണി ചോദിച്ചു.
സോണിയാ ഗാന്ധിയുടെ അടുത്ത് അപ്പോയ്മെന്റ് ലഭിക്കുന്നതിന് ഏതെങ്കിലും നേതാക്കളുടെ ആവശ്യം ഉണ്ടെന്ന് തോനുന്നില്ല. ഓഫീസിൽ വിളിച്ച് കാര്യം പറഞ്ഞാൽ നടക്കാവുന്നതെയുള്ളു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചമില്ലാത്തതുകൊണ്ടു തന്നെ അദ്ദേഹത്തിന് അരൊക്കെയായി അടുപ്പമുണ്ടെന്നുള്ള കാര്യവും തനിക്കറിയില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.



