2025ലെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സ്വർണമെഡൽ നേടിയ നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച മാതൃകാ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ എസ് ടി എ) മൂന്ന് വിദ്യാർഥികൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ അർഹരായ കുട്ടികളുടെ പട്ടികയിൽ നിന്നുള്ള മൂന്ന് കുട്ടികള്‍ക്കാണ് കെ എസ് ടി എ വീട് നിർമ്മിച്ച് നൽകുന്നത്. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെയും കാസർഗോഡ് കുട്ടമത്തെ ജി.എച്ച്.എസ്.എസിലെയും റോളർ സ്‌കേറ്റിംഗ് ജേതാവ് കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിലെയും വിദ്യാർത്ഥികള്‍ക്കാണ് കെ എസ് ടി എ വീട് നിർമ്മിച്ച് നൽകുക.
കായികമേള നടന്ന വേളയിൽ തന്നെ നിർധനരായ കായിക താരങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന പ്രഖ്യാപനത്തോട് കെ എസ് ടി എ അനുകൂലമായി പ്രതികരിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഇതടക്കം ആകെ അഞ്ച് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിൽ നടപ്പിലാക്കുന്നത്.
ബാക്കിയുള്ള അപേക്ഷകളിൽ നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അർഹരായ എല്ലാ കായിക പ്രതിഭകൾക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധ്യാപക സമൂഹം കാണിക്കുന്ന ഈ സാമൂഹിക പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.



