രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന പരാതി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. പൂങ്കുഴലി ഐപിഎസിനാണ് അന്വേഷണ ചുമതല. ബംഗളൂരു സ്വദേശിനിയായ യുവതിയാണ്, രാഹുൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നൽകിയത്. കെ പി സി സിക്ക് അയച്ചു നൽകിയ പരാതി കെ പി സി സി പ്രസിഡന്‍റ് ഡിജിപിക്ക് കൈമാറുകയായിരുന്നു.
പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് ഉൾപ്പടെ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിജീവിതക്ക് പൊലീസ് നോട്ടീസ് അയച്ചു. മൊഴി നൽകാൻ തയ്യാറാണെന്ന് അവർ അറിയിക്കുകയും ചെയ്തു.
ആകെ പിടിവള്ളിയായി ഉണ്ടായിരുന്ന മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയതോടെ ഇനി കീഴടങ്ങുക എന്ന ഒറ്റവഴിയാണ് രാഹുലിന് മുന്നിലുള്ളത്. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കോൺഗ്രസിൽ നിന്നും രാഹുലിനെ പുറത്താക്കുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ അടക്കം രാഹുലിനെ തള്ളി രംഗത്തെത്തുകയും, എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.



