തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാർ ഹെല്‍മറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ ‘ഹെല്‍മെറ്റ് ഓണ്‍-സേഫ് റൈഡ്’ സ്പെഷ്യല്‍ ഡ്രൈവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈടാക്കിയത് 2.55 കോടി രൂപ പിഴ. പരിശോധനയില്‍ 50,969 നിയമലംഘനങ്ങള്‍ കണ്ടെത്തി. ആകെ 2.55 കോടിയിലേറെ രൂപ ( 2,55,97,600) പിഴ ഈടാക്കുകയും ചെയ്തു.
1,19,414 ഇരുചക്ര വാഹനങ്ങളാണ് ‘ ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ് ‘ എന്ന ഒരാഴ്ച നീണ്ട സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരി മാസം 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ് പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ ജി അറിയിച്ചു. ഗതതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 974700 1099 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കാവുന്നതാണ്.



