മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകന് അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു.
വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവില്‍ കേസെടുത്തത്.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. അതേസമയം, പമ്പയില്‍ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്.
പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എഡിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകന് അനുരാജ് മനോഹര്‍ പ്രതികരിച്ചിരുന്നു.
മകരവിളക്കിന് മുന്‍പായാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതി തേടി അനുരാജ് മനോഹര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാറിനെ സമീപിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്ക്കുന്ന സ്ഥലത്തു നിന്ന് ഷൂട്ട് ചെയ്തോട്ടെ എന്നാണ് സംവിധായകന് ചോദിച്ചത്.
സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ജയകുമാര്‍ അപ്പോള്‍ത്തന്നെ മറുപടി നല്കി. മകര വിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്ന് ചിത്രീകരിച്ചുവെന്നാണ് പരാതി.



