ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസ് എം.പിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് അടൂർ പ്രകാശ്.
ഇരുവരും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും, ഈ ഫോൺ രേഖകൾ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ട സംഭവത്തിലും അടൂർ പ്രകാശ് വ്യക്തത വരുത്തി.
പ്രസാദം നൽകാനാണ് പോറ്റി സോണിയാ ഗാന്ധിയെ കണ്ടത്.
ഇതിനായി മുൻകൂട്ടി അനുമതി വാങ്ങിയിരുന്നു.
എന്നാൽ പോറ്റി അനുമതി വാങ്ങിയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും, ഡൽഹിയിൽ എത്തിയ ശേഷമാണ് പോറ്റി കൂടെ വരാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടറായതിനാലാണ് താൻ കൂടെപ്പോയതെന്നും, അയാൾ ഒരു കാട്ടുകള്ളനാണെന്ന് കരുതിയില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
എം.പിമാർ മത്സരരംഗത്ത് വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കും.
പി.ജെ. കുര്യനെപ്പോലുള്ള മുതിർന്ന നേതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ട്, അദ്ദേഹം കൂട്ടിചേർത്തു.



